ADVERTISEMENT

ഹൈക്കമാൻഡിനെതിരെയുള്ള ‘വിമത’നീക്കത്തോടു വ്യക്തമായ അകലം പാലിക്കാനും സോണിയ ഗാന്ധിക്കും രാഹുലിനും പിന്നിൽ അണിനിരക്കാനുമാണ് ചൊവ്വാഴ്ച രാത്രി ചേർന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചത്. വിവാദമായ ആ കത്തിൽ ഒപ്പിട്ട ഒരാളും ആ യോഗത്തിലുണ്ടായിരുന്നു: രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. 

കേരളത്തിൽനിന്നു ഭിന്നസ്വരം ഉയർന്നതിലെ വിയോജിപ്പ് ഭൂരിപക്ഷം പേരും കുര്യനോടു വ്യക്തമാക്കി. സംഭവിച്ചതിലെ ഖേദം പ്രകടിപ്പിക്കുന്ന തരത്തിലാണു കുര്യൻ സംസാരിച്ചത് എന്നതിനാൽ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ല. താനടക്കം 23 പേരുടെ ആ കത്ത് വിമതനീക്കമായി കുര്യൻ കരുതുന്നില്ല. ദേശീയ നേതൃത്വത്തെ ഗ്രസിച്ച അനിശ്ചിതത്വം മാറ്റാൻ സമയമായെന്ന വികാരം പങ്കിടുകയാണു ചെയ്തതെന്നും പ്രവർത്തകസമിതിയുടെ തലേന്നു മാധ്യമങ്ങളിലൂടെ അതു പുറത്തുവരുമെന്നു പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.  

കത്തെഴുത്തുകാർക്കു മാനസികപിന്തുണയെങ്കിലും നൽകുമോ എന്നു നേതൃത്വം സന്ദേഹിച്ച ഒരാൾ പി.സി.ചാക്കോ ആയിരുന്നു. സോണിയയും രാഹുലും ഇല്ലാതുള്ള നേതൃത്വത്തെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ലെന്നു ചാക്കോയും ചൂണ്ടിക്കാട്ടി. ഇതോടെ സോണിയ തുടരണമെന്ന പ്രവർത്തകസമിതി തീരുമാനത്തിനു പൂർണ പിന്തുണ വ്യക്തമാക്കുന്ന പ്രമേയം രാഷ്ട്രീയകാര്യസമിതി അംഗീകരിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ‘വിമതർക്കൊപ്പം’ കത്തിൽ ഒപ്പിട്ടിട്ടുണ്ടാകാം. എന്നാൽ, പ്രവർത്തകസമിതിയിൽ ആ നീക്കത്തെ തള്ളിപ്പറഞ്ഞ എ.കെ.ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനും ഒപ്പമാണു സംസ്ഥാന നേതൃത്വം. 

 ഉമ്മൻ ചാണ്ടി പറഞ്ഞതെന്ത്? 

നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ച കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ സമയം കണ്ടെത്തിയാണ് ആ ഓൺലൈൻ പ്രവർത്തകസമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തത്. ഉന്നത നേതൃത്വത്തിന്റെ ഭാഗമായവർ ഒഴിവാക്കേണ്ടിയിരുന്ന നടപടിയായി വിമതനീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചു; പ്രത്യേകിച്ചു കത്തു പുറത്തുവിട്ടത്.

രാഹുൽ സ്ഥാനമൊഴി‍ഞ്ഞപ്പോൾ പ്രവർത്തകസമിതിയിലെ മുഴുവൻ പേരും അഭ്യർഥിച്ചതു പ്രകാരമാണു സോണിയ വീണ്ടും അധ്യക്ഷപദമേറ്റെടുത്തത്. അങ്ങനെയിരിക്കെ, സോണിയയെ പ്രയാസത്തിലാക്കിയതു വേദനയുളവാക്കി. രാഹുൽ തിരിച്ചുവരുന്നതുവരെ സോണിയ തുടരണമെന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശത്തിനൊപ്പമാണു രാഷ്ട്രീയകാര്യസമിതിയും. ഒരു ഗ്രൂപ്പിനും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമില്ല. 

കത്തിൽ ഒപ്പിട്ട കേരളത്തിൽനിന്നുള്ള രണ്ടാമത്തെ നേതാവായ ശശി തരൂർ തിരുവനന്തപുരം എംപിയാണെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി കെപിസിസി അദ്ദേഹത്തെ കണക്കാക്കുന്നില്ല. തരൂരിന്റെ ബൗദ്ധിക ഉയരം അവർ അംഗീകരിക്കുന്നു; പക്ഷേ, രാഷ്ട്രീയക്കാരനായ തരൂരിനോട് ആ ബഹുമാനമില്ല. കത്തു വിവാദമായപ്പോൾ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പി.ജെ.കുര്യനോടു സംസാരിച്ചുവെങ്കിൽ തരൂരിനോട് അതിനു തുനിഞ്ഞതുമില്ല. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണ നീക്കത്തിൽ പാർട്ടി നിലപാടിനെ തള്ളിപ്പറഞ്ഞിട്ടും അദ്ദേഹത്തെ അവർ‍ ‘വിട്ടയയ്ക്കുകയാണ്’. അച്ചടക്കശാസനകൾ കൊണ്ടു വരുതിയിൽ നിർത്താവുന്നയാളായി തരൂരിനെ കാണുന്നില്ല എന്നതുതന്നെ കാരണം. 

എല്ലാവരുടെയും ഉള്ളിലെന്ത് ? 

ഇതൊക്കെയെങ്കിലും ‍ഡൽഹിയിൽ ശക്തമായ ഒരു നേതൃത്വം ആവശ്യമല്ലേ എന്ന ചോദ്യത്തിന് ഉള്ളുതുറന്നു മറുപടി ആവശ്യപ്പെട്ടാൽ രാഷ്ട്രീയകാര്യസമിതിയിലെ ഭൂരിഭാഗം പേരുടെയും ഉത്തരം ‘എത്രയും വേഗം’ എന്നു തന്നെയാകും. ഹൈക്കമാൻഡിനെതിരെ ഒരു കലാപത്തിനു കേരളനേതൃത്വത്തിന്റെ പിന്തുണ പ്രതീക്ഷിക്കേണ്ട. പക്ഷേ, അനാരോഗ്യം അലട്ടുന്ന സോണിയയ്ക്കു പകരം രാഹുൽ സ്ഥാനമേൽക്കുന്നതു വൈകരുതെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈയിടെ കത്തയച്ചുവെങ്കിലും മറുപടി പോലും ഉണ്ടായില്ല. 

ഉപേക്ഷിച്ച കസേരയിലേക്കു മടങ്ങില്ലെന്ന കടുംപിടിത്തം രാഹുലിനു പഴയതുപോലെ ഇല്ലെന്ന വ്യാഖ്യാനങ്ങളുണ്ടെങ്കിലും കേരളത്തിലെ ഉന്നത നേതാക്കൾക്കൊന്നും അക്കാര്യത്തിൽ ഉറപ്പില്ല. രാഹുൽ തയാറല്ലെങ്കിൽ പ്രിയങ്കയാണ് അവരുടെ ‘ചോയ്സ്’. അതും സാധ്യമാകാതെ, നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്തേണ്ടി വന്നാൽ അറ്റകൈയ്ക്ക് അതും പരിഗണിക്കണമെന്നു മിക്ക നേതാക്കളും വിചാരിക്കുന്നു. 

നരേന്ദ്ര മോദിയെ നേരിടാൻ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം അശക്തമാണെന്ന പ്രതീതി മാറ്റാൻ  സമയമായിരിക്കുന്നുവെന്ന് കേരളനേതൃത്വം കരുതുന്നു. മോദിക്കു ബദൽ രാഹുൽ എന്ന പ്രതീക്ഷയും അദ്ദേഹത്തിന്റെ ‘വയനാടൻ വരവു’മാണ് ലോക്സഭാ തിരഞ്ഞെടുപ്പു തൂത്തുവാരാൻ സഹായിച്ചതെന്ന് അവർക്കറിയാം. ബിജെപിയുടെ ‘ബി’ ടീമായി കോൺഗ്രസിനെ ചിത്രീകരിക്കാൻ അവിശ്വാസപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി കാണിച്ച വ്യഗ്രതയ്ക്കു പിന്നിലെ ലാക്കും പാർട്ടി തിരിച്ചറിയുന്നു. സഖ്യകക്ഷിയായ മുസ്‌ലിം ലീഗിനെയും അണികളെയും ചേർത്തുനിർത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിജയരഥം ഓടിക്കണമെങ്കിൽ രാജ്യത്തു ശക്തമായ പ്രതിപക്ഷവും അതിനു ഫലപ്രദമായ നേതൃത്വം നൽകുന്ന കോൺഗ്രസ് അധ്യക്ഷനും കൂടിയേ തീരൂ. കത്തും അതു സൃഷ്ടിച്ച കുലുക്കങ്ങളും അതിലേക്കാണു നയിക്കുന്നതെങ്കിൽ ഏറ്റവും സന്തോഷിക്കുന്നതും കത്തിനെ ഇപ്പോൾ തള്ളിപ്പറയുന്ന കേരളനേതൃത്വം തന്നെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com