മനസ്സുകൾ തൊട്ട്...

subhadinam
SHARE

മനസ്സറിയുന്നവർക്കു മാത്രമേ, മറ്റുള്ളവരുടെ ഇഷ്ടങ്ങളിലൂടെ അവർപോലും അറിയാതെ സഞ്ചരിക്കാൻ കഴിയൂ. ഒരാളെ മനസ്സിലാക്കാനുള്ള എളുപ്പമാർഗം അയാളുടെ മനസ്സറിയുക എന്നതാണ്. കണ്ടുമുട്ടുന്നവരുടെ വേഷവും പ്രത്യക്ഷഭാവങ്ങളും മാത്രം വിലയിരുത്തി അവരുടെ സഞ്ചാരപഥങ്ങളെക്കുറിച്ചു മുൻവിധികൾ രൂപപ്പെടുത്തിയാൽ ബന്ധങ്ങൾ മുന്നോട്ടു നീങ്ങില്ല. 

ചിരിക്കുന്ന എല്ലാവരും സന്തോഷിക്കുന്നവരല്ല; കരയാതിരിക്കുന്ന എല്ലാവരും കരുത്തുള്ളവരല്ല; ഒറ്റയ്ക്കു നടക്കുന്നവരെല്ലാം ധൈര്യശാലികളല്ല; മൗനം പാലിക്കുന്നവരെല്ലാം നിർവികാരരല്ല; ആർത്തട്ടഹസിക്കുന്നവരിൽ പലരും ആത്മവിശ്വാസം ചോർന്നവരാകാം. പുറമേ പ്രകടിപ്പിക്കുന്ന ആഹ്ലാദാനുഭവങ്ങൾക്കു പിന്നിൽ ഭിത്തി കെട്ടി തടഞ്ഞുനിർത്തിയിരിക്കുന്ന മുറിവനുഭവങ്ങളെ മനസ്സിലാക്കുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ചിരകാല ബന്ധങ്ങൾ.

എല്ലാ പാഠങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടും മറ്റുള്ളവരുടെ മനസ്സറിയാനുള്ള ബാലപാഠങ്ങളിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ മറ്റെല്ലാ പാഠങ്ങളും നിരർഥകമാകില്ലേ? കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്യുന്ന പലരും മുൻപൊരിക്കലെങ്കിലും കല്ലേറു കൊണ്ടവരാകും. സുഖാനുഭവങ്ങളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ള ഒരാൾക്കും മനസ്സിന്റെ മറുഭാവങ്ങൾ മനസ്സിലാകില്ല. 

കരുത്തു തെളിയിക്കേണ്ട അവസരങ്ങളിലൂടെ കടന്നുപോയവർക്കെല്ലാം കരുതലിന്റെ കരസ്പർശം ഉണ്ടാകും. ഒരാളുടെ ദുരവസ്ഥയെ അയാൾപോലുമറിയാതെ കണ്ടെത്താനും കരുതാനുമുള്ള ശേഷിയാണ് മാനസിക വളർച്ചയുടെ അളവുകോൽ. സന്തതസഹചാരികളുടെ മനസ്സു തൊടാൻ സാധിക്കുന്നവർക്ക് അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയും. മനസ്സുകൾ ഇഴചേരുമ്പോൾ മാത്രം രൂപപ്പെടുന്നതാണ് മനപ്പൊരുത്തം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA