കരകയറാൻ പഴവർഗക്കൃഷി; വിളയാൻ വിടാതെ നിയമക്കുരുക്ക്

1200 fruits
മാങ്കോസ്റ്റിൻ, ദുരിയാൻ
SHARE

പാടേ ‍തകർന്നുപോയ സമ്പദ്‍വ്യവസ്ഥയിൽനിന്ന്  മെക്സിക്കോയും വിയറ്റ്നാമും തായ്‍ലൻഡുമെല്ലാം കരകയറിയത് കൃഷി വൈവിധ്യവൽക്കരണം വഴിയാണ്. എന്നാൽ, കേരളത്തിലോ? കർഷകർ നിരാശരും നിസ്സഹായരുമാണ്. കടക്കെണിയിലാണ്ട്  ജീവിതമൊടുക്കുന്ന ചെറുകിട കർഷകർ മുതൽ പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോൾ  തകർന്നുപോകുന്ന വൻകിട കർഷകർവരെയുണ്ട് ഇക്കൂട്ടത്തിൽ. എല്ലാ മേഖലകളിലും നിയമങ്ങൾ മാറിയിട്ടും കൃഷിയുടെ കാര്യത്തിൽ മാത്രം അതു ഗുണപ്രദമായില്ല. കൃഷി വൈവിധ്യവൽക്കരണം  കടലാസിലൊതുങ്ങി...

കൃഷി വൈവിധ്യവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ് – കൂടുതൽ ആദായം, തൊഴിലവസരങ്ങൾ, വിപണന സാധ്യത, വിദേശനാണ്യ ലഭ്യത, ഭക്ഷ്യസുരക്ഷ, ഭക്ഷ്യസംസ്കരണവും മൂല്യവർധിത ഉൽപാദനവും പോലുള്ള കൃഷി അധിഷ്ഠിത വ്യവസായങ്ങൾ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പറയുമ്പോൾ അതു പുതിയ ജീവിതങ്ങൾക്കു വഴിതുറക്കുന്നവയാകണം. എന്നാൽ, തോട്ടം മേഖലയുടെ തരംതിരിക്കലിനുള്ള നിയമക്കുരുക്കുകൾ കൃഷി വൈവിധ്യവൽക്കരണ സാധ്യതകൾക്കു കൂടിയാണു വഴിയടയ്ക്കുന്നത്.

സംസ്ഥാനത്ത് ഒരു കുടുംബത്തിനു കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തിയപ്പോൾ ഏലം, കാപ്പി, റബർ, തേയില, കറുവാപ്പട്ട, കൊക്കോ എന്നിവ കൃഷി ചെയ്യുന്ന തോട്ടങ്ങളെ ഒഴിവാക്കിയിരുന്നു. 2012ൽ കശുവണ്ടികൂടി തോട്ടവിളയായി അംഗീകരിച്ചു.

നാണ്യവിളകൾ കൃഷി ചെയ്യുന്ന ഭൂമിയിൽ മറിച്ചൊരു കൃഷിക്കു നിയമം അനുവദിക്കുന്നില്ല. പഴവർഗക്കൃഷിപോലുള്ള ലാഭകരമായ മറ്റൊന്നിലേക്കു തിരിയാനുള്ള സ്വാതന്ത്ര്യം തോട്ടം ഉടമയ്ക്ക് ഇല്ലെന്ന നില. തീരെ വില ലഭിക്കാത്ത നാണ്യവിളയാണെങ്കിൽപോലും നഷ്ടം സഹിച്ചു കൃഷി ചെയ്യേണ്ട ഗതികേട്. കൃഷിച്ചെലവിലും മറ്റും കുറവുണ്ടാകുകയുമില്ല. 

എന്തുകൊണ്ടു വലിയ വില കിട്ടുന്ന ഉൽപന്നങ്ങൾ കൃഷി ചെയ്യാൻ അനുമതി നൽകിക്കൂടാ എന്നാണു തോട്ടമുടമകളുടെ ചോദ്യം. ഭൂപരിഷ്കരണ നിയമത്തിലെ 44 (2), 81 (1ഇ), 82,83 തുടങ്ങിയ നിയമങ്ങളാണ് ഇവിടെ കുരുക്കാകുന്നത്.

വിസ്മയ സാധ്യതകളുമായി ഫലവർഗക്കൃഷി

ലോകത്തു കൃഷിമേഖലയിൽ ഇന്നു വിസ്മയകരമായ മാറ്റങ്ങളുണ്ടാക്കുകയാണു ഫലവർഗക്കൃഷി. ഏറ്റവുമധികം പഴങ്ങൾ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന രാജ്യം യുഎസ് ആണ്. യൂറോപ്യൻ യൂണിയനും ഇസ്രയേലും മികച്ച രീതിയിൽ കയറ്റുമതി ചെയ്യുന്നുണ്ട്.

വിയറ്റ്നാം, തായ്‌ലൻഡ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ വരെ പഴവർഗക്കൃഷിയിലൂടെയും കയറ്റുമതിയിലൂടെയും മികച്ച സാമ്പത്തികനേട്ടം ഉണ്ടാക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ലോക ഭക്ഷ്യ – കൃഷി സംഘടനയുടെ (എഫ്എഒ) കണക്കു പ്രകാരം ലോക പഴം–പച്ചക്കറി വിപണി അടുത്ത വർഷം 2.9% വളരും. 2030 ആകുമ്പോഴേക്കും ലോക പഴവർഗ ഉൽപാദനത്തിൽ 70% വർധന പ്രതീക്ഷിക്കുന്നു.

വിയറ്റ്നാം വീരഗാഥ

വിയറ്റ്നാമിൽ ഇപ്പോൾ 20 ലക്ഷം ഏക്കറിൽ പഴക്കൃഷി മാത്രമായി. മാങ്ങ, വാഴപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, ദുരിയാൻ, ഓറഞ്ച്, മുന്തിരി, ലോങ്ങൻ, പൈനാപ്പിൾ, റമ്പുട്ടാൻ, ചക്ക, അവക്കാഡോ, പാഷൻ ഫ്രൂട്ട് എന്നിവയെല്ലാം കൃഷി ചെയ്യുന്നു. അര ലക്ഷം ഹെക്ടറിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽനിന്ന് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 6% ലഭിക്കുന്നു. ഇതിന്റെ 70 ശതമാനവും ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നു.

ഈ ദശകത്തിന്റെ തുടക്കത്തിലാണു വിയറ്റ്നാം പഴവർഗങ്ങളുടെ കയറ്റുമതി തുടങ്ങിയത്. അറുപതോളം രാജ്യങ്ങളിലേക്കാണ് ഇപ്പോൾ കയറ്റുമതി. 2017ലെ കയറ്റുമതി 390 കോടി ഡോളറിന്റേതായിരുന്നു. 2013ലേതിൽനിന്ന് 89.8% വളർച്ച. തായ്‌ലൻഡിന്റെ ഇതേ കാലയളവിലെ വളർച്ച 114.1% ആയിരുന്നു. 2.3 ശതകോടി യുഎസ് ഡോളറിന്റെ പഴവർഗ കയറ്റുമതിയാണ് ആ രാജ്യം നടത്തുന്നത്.

മുൻപ് അരിയായിരുന്നു വിയറ്റ്നാമിന്റെ പ്രധാന കയറ്റുമതിയെങ്കിൽ ഇന്നതു പഴങ്ങളായി. അരിയുടെ ആഗോള ശരാശരി വിപണി 3500–3600 കോടി ഡോളറിന്റേതാണെങ്കിൽ പഴങ്ങളുടേത് 24,000 കോടി ഡോളറിന്റേതാണ്. 5 വർഷത്തിനകം അരിയിൽനിന്നുള്ള കയറ്റുമതി വരുമാനത്തിന്റെ 8 – 9 ഇരട്ടി പഴവർഗ കയറ്റുമതിയിൽനിന്നു വിയറ്റ്നാം പ്രതീക്ഷിക്കുന്നു.

മെക്സിക്കൻ അപാരത

ലോകവിപണിയിൽ ഏറ്റവും ഡിമാൻഡുള്ളതും പോഷകസമ്പന്നവുമായ അവക്കാഡോ പോലുള്ള പഴങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട് മെക്സിക്കോ. 64 ലക്ഷം ടണ്ണാണു വാർഷിക കയറ്റുമതി. 2013 മുതൽ 2017 വരെ 95.6% കയറ്റുമതി വളർച്ച; ഇപ്പോൾ വരുമാനം 670 കോടി ഡോളർ.

ആശ്രയിക്കാവുന്ന ഫലങ്ങൾ

ഫലവൃക്ഷങ്ങളിലേറെയും നൂറിലേറെ വർഷം ആയുസ്സുള്ളവയാണ്. അതുകൊണ്ടുതന്നെ കൃഷിച്ചെലവു കുറയും. റമ്പുട്ടാൻ 100 വർഷവും മാങ്കോസ്റ്റിൻ ഇനങ്ങൾ 200 വർഷവും ഫലം തരും. മാവും പ്ലാവുമെല്ലാം സമാനമായ ആയുർദൈർഘ്യത്തോടെ ഫലം തരും.

പഴങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ലോകത്തുതന്നെ മുൻനിരയിലുണ്ട് ഇന്ത്യ. അതിൽ മാങ്ങ, ഓറഞ്ച്, ആപ്പിൾ, മുന്തിരി, ചക്കപ്പഴം തുടങ്ങിയവയാണു പ്രധാനമായുമുള്ളത്. റമ്പുട്ടാനും ഡ്രാഗൺ ഫ്രൂട്ടും ദുരിയാനും മാങ്കോസ്റ്റിനും അവക്കാഡോയുമെല്ലാം കൃഷി ചെയ്യാനുള്ള അനുകൂല കാലാവസ്ഥ ഇന്ത്യയുടെ ആകെ വിസ്തൃതിയിൽ 2% ഭാഗത്തേയുള്ളൂ. ആ 2% ഏറെക്കുറെ മുഴുവനും കേരളത്തിലും കേരളത്തോടു ചേർന്നുകിടക്കുന്ന കർണാടക ഭാഗങ്ങളിലുമാണ്. ഇതിനെ കേരളം അവസരമായി കാണുകയാണു വേണ്ടതെന്നു വിദഗ്ധർ പറയുന്നു.

നമ്മുടെ നാട്ടിൽ 1500 ഹെക്ടറിൽ മാത്രമാണു റമ്പുട്ടാൻ കൃഷി. ഉൽപാദനം 8500 മെട്രിക് ടൺ മാത്രം. അനുമതി ലഭിച്ചാൽ ഇതു കുത്തനെ കൂട്ടാം.

shaji
ഷാജി കൊച്ചുകുടിയിൽ

രണ്ടു മലയാളി ഉദാഹരണങ്ങൾ

ഷാജി കൊച്ചുകുടിയിൽ കലൂർ, തൊടുപുഴ

11 വർഷം മുൻപു തെങ്ങിൻതോപ്പിൽ ഇടവിളയായി 100 മാങ്കോസ്റ്റിൻ തൈകൾ നട്ടായിരുന്നു തുടക്കം. പിന്നീട് ആറേക്കറിൽ 400 തൈകൾകൂടി നട്ടു. ഇപ്പോൾ ഒരേക്കറിൽനിന്ന് മൂന്നു ലക്ഷത്തിലേറെ രൂപ വാർഷിക ആദായമായി ലഭിക്കുന്നുണ്ട്. തൊടുപുഴയിൽനിന്നു കോതമംഗലം ഊന്നുകല്ലിലേക്കു കലൂർ വഴി പോകുമ്പോൾ ഷാജിയുടെ മാങ്കോസ്റ്റിൻ തോട്ടം കാണാം.

2019ൽ ഒരു കിലോ മാങ്കോസ്റ്റിന് 170 രൂപ വരെ വില ലഭിച്ചു. റമ്പുട്ടാൻ, കടപ്ലാവ്, പ്ലാവ്, ലോങ്ങൻ, ദുരിയാൻ തുടങ്ങിയ ഫലങ്ങളും തോട്ടത്തിലുണ്ട്. ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ സന്ദർശിച്ചു വിപണിസാധ്യതകളും മൂല്യവർധന സാധ്യതകളും മനസ്സിലാക്കിയിട്ടുണ്ട് ഷാജി.

ജോസ് ജേക്കബ് കാഞ്ഞിരപ്പള്ളി, കോട്ടയം

പഴക്കൃഷിയുടെ ആധുനിക വിപണനസാധ്യത ശാസ്ത്രീയമായി പഠിച്ച് കേരളത്തെ പരിചയപ്പെടുത്തിയ ഹോം ഗ്രൗൺ ബയോടെക് മാനേജിങ് ഡയറക്ടറാണ് ജോസ് ജേക്കബ്. കേരളത്തിലെ ഏറ്റവും വലിയ നഴ്സറിയാണു ഹോം ഗ്രോൺ ബയോടെക്.

jos
ജോസ് ജേക്കബ്

വിയറ്റ്നാമും തായ്‍ലൻഡുമെല്ലാം സന്ദർശിച്ചു റമ്പുട്ടാൻ അടക്കമുള്ള പഴങ്ങളുടെ വിപണിസാധ്യത മനസ്സിലാക്കി അതിവിടെ നടപ്പാക്കുന്നു. ലാഭകരമായ വിധത്തിലാണു ജോസ് ജേക്കബ് പഴവർഗക്കൃഷിയും ആധുനിക നഴ്സറിയും വിപണനവും നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA