ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ ചർച്ച ചെയ്ത 2019 ഡിസംബർ 21, 22 തീയതികളിലെ സിപിഎം സംസ്ഥാനകമ്മിറ്റി യോഗം രണ്ടു കാര്യങ്ങൾ അതീവ ഗൗരവത്തോടെ കണക്കിലെടുക്കണമെന്നു നിർദേശിച്ചിരുന്നു. തൊട്ടുമുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 35.1% വോട്ട് എന്ന ദയനീയമായ സ്ഥിതിയായിരുന്നു എൽഡിഎഫിന്റേത് എന്നത് ആദ്യത്തെ കാര്യം. തദ്ദേശ ബലപരീക്ഷണം കഴിഞ്ഞാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമാണുള്ളതെന്നും ഓർമിക്കണം.

പഞ്ചായത്തിലെ പോരാട്ടം, തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലിനെ കാര്യമായി സ്വാധീനിക്കുന്നതാണു കേരളത്തിന്റെ ചരിത്രം. വ്യത്യസ്തമായ ‘പാറ്റേൺ’ ഉണ്ടായിട്ടുണ്ടെങ്കിലും സെമിയിൽ മേൽക്കൈ നേടുന്നവരാണ് അധികാരത്തേരോട്ടത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കുതിക്കുന്നത്. അതുകൊണ്ടു തന്നെ നവംബർ ആദ്യം നടക്കാനിടയുള്ള ജനവിധി മുന്നണികൾക്കു നിർണായകം.

കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വം പൂർണമായി ഇനിയും നീങ്ങിയിട്ടില്ലെങ്കിലും സർക്കാർ, സിപിഎം, തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത് തിരഞ്ഞെടുപ്പു നീട്ടിവയ്ക്കില്ല എന്നു തന്നെ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കൃത്യമായി നടക്കുന്നതിനു ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടിവന്നിരുന്നു. എന്നിട്ടും സെപ്റ്റംബർ – ഒക്ടോബറിനു പകരം നവംബർ രണ്ട്, അഞ്ച് തീയതികളിലായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ടു തന്നെ എല്ലാം വ്യക്തമാകാൻ ഇനിയും സമയമുണ്ട്.

മുന്നണികളുടെ മനസ്സിലെന്ത്?

രാജ്യാന്തര സ്വർണക്കടത്തു വിവാദം സംസ്ഥാന രാഷ്ട്രീയത്തെ ഗ്രസിച്ചതോടെ കോവിഡ്കാലത്തും തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്നതാണു രാഷ്ട്രീയമായി നല്ലതെന്ന് എൽഡിഎഫ് കരുതുന്നു. ഏതു സാഹചര്യത്തിലും ആകെ അടിതെറ്റുന്ന ഫലം അവർ പ്രതീക്ഷിക്കുന്നില്ല. ഭേദപ്പെട്ട ഒരു പ്രകടനത്തെ അഗ്നിശുദ്ധിയായി അവർക്കു ചൂണ്ടിക്കാട്ടാം. അതല്ല, തോറ്റുവെന്നിരിക്കട്ടെ, വോട്ടർമാരുടെ വാശി അങ്ങനെ അവിടെ തീരുന്നതാണു ഭേദമെന്നു വിചാരിക്കാം. രോഷമുള്ളവർ ബാലറ്റ് യന്ത്രത്തിൽ കുത്തിത്തീർക്കുന്നതു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണെങ്കിൽ അതാകും നല്ലതെന്നാണു ചിന്ത. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ആ സെമിഫൈനൽ, ഫൈനലിനുള്ള ഇന്ധനമാകുമെന്നു കരുതുന്ന യുഡിഎഫും തിരഞ്ഞെടുപ്പ് യഥാസമയം നടക്കുന്നതിനെ അനുകൂലിക്കുന്നു. കഴിഞ്ഞതവണ 1200 വാർഡുകളിൽ നേടിയ വിജയം ഇരട്ടിയാക്കി ആ കുതിപ്പ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പകർത്തുകയാണു ബിജെപിയുടെ മോഹം. തിരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ വിളിച്ചുചേർക്കാനിടയുള്ള രാഷ്ട്രീയകക്ഷികളുടെ യോഗത്തിൽ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നവംബറിൽ തിരഞ്ഞെടുപ്പ് എന്ന നിർദേശമായിരിക്കും മൂന്നു മുന്നണികളുടേതുമെന്ന് ഇതു വ്യക്തമാക്കുന്നു.

 കണക്കുകൾ പറയുന്നതെന്ത്?

അടുത്ത പോരാട്ടത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ഉയരുന്ന പശ്ചാത്തലത്തിൽ 2015ലെ ഫലം ചുരുക്കത്തിൽ ഓർമിക്കാം.

∙ ജില്ലാ പഞ്ചായത്ത് (14): യുഡിഎഫ് – 7,  എൽഡിഎഫ് – 7

∙ ബ്ലോക്ക് പഞ്ചായത്ത് (152): എൽഡിഎഫ് – 92, യുഡിഎഫ് – 60

∙ ഗ്രാമപഞ്ചായത്ത് (941): എൽഡിഎഫ് – 577, യുഡിഎഫ് – 347, ബിജെപി – 12, മറ്റുള്ളവർ – 5

∙ മുനിസിപ്പാലിറ്റി(86): എൽഡിഎഫ് – 45, യുഡിഎഫ് – 40

∙ കോർപറേഷൻ(6): എൽഡിഎഫ് – 5, യുഡിഎഫ് – 1.

യുഡിഎഫ് തകർന്നടിഞ്ഞില്ലെങ്കിലും 2010ലെ വൻ തോൽവിയിൽനിന്നു തിരിച്ചുവന്ന എൽഡിഎഫിനായിരുന്നു മേധാവിത്തം. വോട്ടിങ് ശതമാനം: എൽഡിഎഫ് – 41.85%, യുഡിഎഫ് – 40.23%, ബിജെപി – 14.21%. 2010ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതിനു പിന്നാലെ, 2011ൽ ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2015ൽ എൽഡിഎഫ് പിടിച്ചപ്പോൾ 2016ൽ പിണറായി വിജയനായി ഊഴം. അപ്പോൾ 2020ലെ ജേതാവിന് 2021ലും പ്രതീക്ഷ പുലർത്താമെങ്കിലും കേരളം അങ്ങനെ പ്രവചനങ്ങൾക്കു വഴങ്ങുന്നതല്ലെന്ന് ഒരു ഉദാഹരണം വ്യക്തമാക്കും.

2015 ജൂണിൽ നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ 10,128 വോട്ടിനു യുഡിഎഫിലെ കെ.എസ്.ശബരീനാഥൻ ജയിച്ചുവെങ്കിൽ, തൊട്ടുപിന്നാലെ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 54,323 വോട്ടുനേടി എൽഡിഎഫാണു മണ്ഡലത്തിൽ മുന്നിലെത്തിയത്. ആ പ്രതീക്ഷയിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിൽ വീണ്ടും ഒരു കൈനോക്കിയ എൽഡിഎഫ് 21,314 വോട്ടിനു തോറ്റു. എന്തും എങ്ങനെയും സംഭവിക്കാം.

 ഒരുക്കങ്ങൾ എവിടെ വരെ?

പത്തു വീടിന്റെ ചുമതലക്കാരനായി ഒരു പാർട്ടി അംഗത്തെ വീതം തീരുമാനിച്ചു ശാസ്ത്രീയമായ തയാറെടുപ്പുകൾ ഡിസംബറിൽ സിപിഎം ആരംഭിച്ചുവെങ്കിലും കോവിഡ് ആ താളംതെറ്റിച്ചു. അലംഭാവം അരുതെന്നു വ്യക്തമാക്കിയ ഇക്കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പാർട്ടി ശക്തമായ പ്രവർത്തനങ്ങളിലേർപ്പെട്ടുവരുന്നു.

സിപിഎമ്മിനെപ്പോലെ സജീവമാണു ബിജെപിയും. ഒപ്പത്തിനൊപ്പമായി ആർഎസ്എസിന്റെ പരിശ്രമങ്ങൾ വേറെ. കെപിസിസിയിൽനിന്നുള്ള സർക്കുലറുകൾക്കും തദ്ദേശ ഭരണനേതൃത്വത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവരുടെ വ്യക്തിപരമായ ശ്രമങ്ങൾക്കും അപ്പുറം, ആസൂത്രിതവും ചിട്ടയോടെയുമുള്ള കൂട്ടായ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സാധിക്കുന്നുണ്ടോ എന്ന ചോദ്യം യുഡിഎഫ് കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com