ഗുരു മൊഴിയും വഴിയും; ഗാന്ധിജിയും ടഗോറും മുതൽ കുമാരനാശാൻ വരെ

1200 sree narayana guru new
SHARE

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ’– കേരളം ഏറ്റെടുത്ത നവോത്ഥാന മുദ്രാവാക്യത്തിന് 100 വയസ്സ്

ശ്രീനാരായണ ഗുരുവിനെ കാണുകയും അറിയുകയുംഅദ്ദേഹത്തിന്റെ   പ്രബോധനങ്ങളിൽനിന്ന് സ്വന്തം കർമപാതകളിലേക്ക് ഊർജവും വെളിച്ചവും  സ്വീകരിക്കുകയും ചെയ്ത  മഹദ്‌വ്യക്തികളിൽനിന്ന് എട്ടുപേർ....

രവീന്ദ്രനാഥ ടഗോർ

വിശ്വഭാരതി സർവകലാശാലയ്ക്കു വേണ്ടിയുള്ള ധനസമാഹരണാർഥം നടത്തിയ യാത്രയുടെ ഭാഗമായാണ് 1922 നവംബറിൽ മഹാകവി രവീന്ദ്രനാഥ ടഗോർ കേരളത്തിലെത്തിയത്. നവംബർ 15ന് അദ്ദേഹം ശിവഗിരിയിലെത്തി. ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്ന ബ്രിട്ടിഷ് ക്രിസ്ത്യൻ മിഷനറി സി.എഫ്.ആൻഡ്രൂസും ഒപ്പമുണ്ടായിരുന്നു.

ഘോഷയാത്രയുടെ അകമ്പടിയോടെ പല്ലക്കിലാണു കവിയെ ഗുരുസന്നിധിയിൽ എത്തിച്ചത്. വൈദികമഠത്തിന്റെ വരാന്തയിൽ ഗുരുവും ടഗോറും ആൻഡ്രൂസും അരമണിക്കൂറിലേറെ സംഭാഷണം നടത്തി. കുമാരനാശാനായിരുന്നു ദ്വിഭാഷി.

‘ശ്രീനാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാൾ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദർശിക്കാൻ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരുകാലത്തും മറക്കുകയില്ല’ എന്ന് മഹാകവി സന്ദർശക ഡയറിയിൽ കുറിച്ചു. 

മഹാത്മാ ഗാന്ധി 

1925 മാർച്ച് 12നു മഹാത്മാ ഗാന്ധി ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ സന്ദർശിച്ചു സംഭാഷണം നടത്തി. ഗാന്ധി ആശ്രമം എന്നു പിന്നീട് അറിയപ്പെട്ട, എ.കെ.ഗോവിന്ദദാസിന്റെ കെട്ടിടത്തിലായിരുന്നു കൂടിക്കാഴ്ച. എൻ.കുമാരനായിരുന്നു പരിഭാഷകൻ. വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള മാർഗം തുടങ്ങിയവയെപ്പറ്റി സംഭാഷണം നീണ്ടു. സമാനതകൾ ഏറെയുണ്ടായിരുന്ന രണ്ടു ചിന്താധാരകളുടെ ഇണക്കവും വഴിത്തിരിവും ആ സംഭാഷണത്തിലുണ്ടായി. 

അയിത്തത്തിന് എതിരാണെങ്കിലും വർണവ്യവസ്ഥ നിലനിൽക്കണമെന്ന അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്. എന്നാൽ, ജാതിയുടെ അതിർവരമ്പ് ഇല്ലാതാക്കാൻ ജാതിലക്ഷണങ്ങളെത്തന്നെ മായ്ച്ചുകളയണമെന്ന് ഗുരു ഗാന്ധിജിയെ ബോധ്യപ്പെടുത്തി. 

മതം ഒന്നേയുള്ളൂ എന്ന വാദത്തോടു വിയോജിച്ച ഗാന്ധിജി, വിഭിന്ന മനുഷ്യരുള്ളിടത്തോളം വിഭിന്ന മതങ്ങളുമുണ്ടാകുമെന്നും സഹിഷ്ണുതയാണു വേണ്ടതെന്നും വാദിച്ചു. മാവിൽനിന്ന് ഇലകൾ പറിച്ചു ഗാന്ധിജി പറഞ്ഞു, ‘നോക്കൂ, ഈ ഇലകളുടെ രൂപം പരസ്പരം ഭിന്നമല്ലേ?’. ‘ഇലകൾ വ്യത്യസ്തമായിരുന്നാലും അവയിൽ അടങ്ങിയിരിക്കുന്ന നീരിന്റെ രുചി ഒന്നുതന്നെയാണ്’ എന്ന പ്രതിവാദത്തോടെ, തന്റെ പക്ഷം ഗുരു വ്യക്തമാക്കി.

ഗാന്ധിജിക്കു വേണ്ടി ഗുരുവിന്റെ  പ്രാർഥന

1924 സെപ്റ്റംബർ 27ന് വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിക്കാൻ ശ്രീനാരായണഗുരു വന്നു. സത്യഗ്രഹാശ്രമം ചുറ്റിനടന്നു കണ്ട്, അവിടത്തെ ഖദർ നൂൽനൂൽപിനെക്കുറിച്ചു സംതൃപ്തിയോടെ സംസാരിച്ചു. അടുത്ത ദിവസം മഹാത്മാഗാന്ധിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർഥിക്കാൻ കൂടിയ മഹാസമ്മേളനത്തിന്റെ അധ്യക്ഷനും ഗുരുവായിരുന്നു. പൊതുപ്രാർഥനയിലും ഗുരു പങ്കെടുത്തു.

‘‘നമുക്കു ധ്യാനിക്കാൻ ശക്തിയില്ലെങ്കിലും കഴിയുന്ന വിധത്തിൽ മഹാത്മജിയുടെ ശ്രമത്തിനായി പ്രാർഥിക്കാം’’ എന്നു പറഞ്ഞ് ശ്രീനാരായണഗുരു രണ്ടു മിനിറ്റു നേരം പ്രാർഥിച്ചു. പരസ്യമായ സ്ഥലത്ത് ആൾക്കൂട്ടത്തിനിടയിൽവച്ച് ഗുരു പ്രാർഥിച്ചത് അപൂർവമാണെന്ന്  ജീവചരിത്രകാരൻ കോട്ടുകോയിക്കൽ വേലായുധൻ എഴുതുന്നു.

1200 Chattambi Swamikal GURU
അപൂർവ ചിത്രം: ചട്ടമ്പിസ്വാമിയും (നടുവിൽ) തീർഥപാദപരമഹംസ സ്വാമിയും ശ്രീനാരായണ ഗുരുവിനോടൊത്ത് കുമ്പളത്തു ശങ്കുപ്പിള്ളയുടെ കുടുംബവീട്ടിൽ (1924). ഏതാനും ദിവസത്തിനു ശേഷം ചട്ടമ്പിസ്വാമികൾ സമാധിയായി.

ചട്ടമ്പിസ്വാമികൾ

ജ്ഞാനാന്വേഷണത്തിന്റെ ആദ്യ നാളുകളിൽ സഹയാത്രികരായിരുന്നു ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും. പരസ്പരബഹുമാനവും ആദരവും പങ്കുവച്ചിരുന്നവർ. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഇരുവരും സന്ധിയില്ലാസമരം നടത്തി. സഞ്ചാരങ്ങൾക്കിടെ പലയിടങ്ങളിൽ വച്ചും ഇരുവരും കാണാറുണ്ടായിരുന്നു.

അവസാന സമാഗമം കൊല്ലം പ്രാക്കുളത്ത് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സഹോദരൻ പ്രാക്കുളം പരമേശ്വരൻപിള്ളയുടെ തോട്ടുവയൽ വീട്ടിലായിരുന്നു. ശിവഗിരിയിൽ ഒരു മാതൃകാ പാഠശാല സ്‌ഥാപിക്കാൻ സംഭാവന വാങ്ങാനുള്ള യാത്രയ്ക്കിടെയാണു ഗുരു അവിടെ എത്തിയത്. ചട്ടമ്പിസ്വാമി അസുഖംമൂലം അവിടെ വിശ്രമിക്കുകയായിരുന്നു. ഗുരുവിനെ ചട്ടമ്പിസ്വാമി തന്റെ കിടക്കയിലിരുത്തി. ഹൃദയസ്പർശിയായ കൂടിക്കാഴ്ചയായിരുന്നു അത്. ഇരുവരും ഒന്നിച്ച് ഫോട്ടോ എടുത്താണു പിരിഞ്ഞത്. ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ ഗുരു ചരമശ്ലോകം രചിച്ചിരുന്നു. 

രമണ മഹർഷി

1916ൽ ഗുരുവും ചില ശിഷ്യന്മാരും രമണ മഹർഷിയെ സന്ദർശിക്കാൻ തിരുവണ്ണാമലയിൽ എത്തി. ഗുരുവിന്റെ ആഗമനമറിഞ്ഞ് സ്വീകരിക്കാനായി മഹർഷി അടിവാരത്തേക്കു പുറപ്പെടാൻ ഒരുങ്ങിയപ്പോഴേക്കും ഗുരു സ്കന്ദാശ്രമത്തിലെത്തിയിരുന്നു. മരത്തണലിൽ മാറിയിരുന്ന് ഗുരു എന്തോ എഴുതാനാരംഭിച്ചു.

ശിഷ്യന്മാർ രമണ മഹർഷിയുടെ അനുഗ്രഹം വാങ്ങാനുളള തിരക്കിലായി. ഗുരുവിന്റെ മുനിചര്യാപഞ്ചകം, ബ്രഹ്മവിദ്യാപഞ്ചകം എന്നീ കവിതകൾ അച്യുതാന്ദ സ്വാമി രമണ മഹർഷിയെ വായിച്ചു കേൾപ്പിച്ചു. ഊണിനുള്ള സമയമായപ്പോൾ മഹർഷി ഗുരുവിനോട് ‘ഊണ് കഴിക്കാൻ വരാമല്ലോ’ എന്നു പറയുകയും ഗുരു എഴുത്തു മതിയാക്കി ഊണിനെത്തുകയും ചെയ്തു. ഇരുവരും തമ്മിൽ സംസാരിച്ചത് എന്തായിരുന്നുവെന്ന മംഗളാനന്ദ സ്വാമിയുടെ ചോദ്യത്തിന്, ‘എന്നോടു വേറൊന്നും സംസാരിച്ചില്ല. എല്ലാം അറിഞ്ഞവരായതുകൊണ്ട് അവർക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല’ എന്നു മഹർഷി പറഞ്ഞു. അവിടെ വച്ചു ഗുരു എഴുതിയതാണ് ‘നിർവൃതിപഞ്ചകം’ എന്ന കവിത. 

ഡോ. പൽപു

ഡോ. പൽപുവിന്റെ കർമപദ്ധതികൾ സാക്ഷാത്കരിക്കപ്പെട്ടതു ഗുരുവിലൂടെയാണ്. അരുവിപ്പുറം പ്രതിഷ്ഠയോടെ ഗുരുവിലേക്ക് അദ്ദേഹം ആകർഷിക്കപ്പെട്ടു. അവശ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കിടെ പലതവണ ഗുരുവിനെ കണ്ടു.

അത്തരമൊരു കൂടിക്കാഴ്ചയിലാണ് സമർഥരായ ചെറുപ്പക്കാരുണ്ടെങ്കിൽ കൂടെ വിട്ടാൽ വിദ്യാഭ്യാസം നൽകാൻ തയാറാണെന്ന് ഡോ. പൽപു അറിയിച്ചതും ഗുരു കുമാരനാശാനെ അയച്ചതും. സാമൂഹിക അനീതികൾക്കെതിരായ പോരാട്ടങ്ങൾക്കായി ഒരു ആത്മീയപുരുഷനെ കേന്ദ്രീകരിച്ചു സംഘടനയുണ്ടാക്കുക എന്ന വിവേകാനന്ദനിർദേശം കേട്ടപ്പോൾ ഡോ. പൽപുവിന്റെ മനസ്സിൽ തെളിഞ്ഞതു ഗുരുവിന്റെ മുഖം തന്നെ. ഗുരുവും ഡോ. പൽപുവും കുമാരനാശാനും നടത്തിയ കൂടിയാലോചന എസ്എൻഡിപി യോഗത്തിന്റെ പിറവിയിലേക്കു വഴി തുറക്കുകയും ചെയ്തു. 

സഹോദരൻ അയ്യപ്പൻ 

ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ പോരാട്ടത്തിൽ സഹോദരൻ അയ്യപ്പനു മാർഗദീപമായത് ഗുരുവായിരുന്നു. ‘വിദ്യകൊണ്ടു പ്രബുദ്ധരാവുക, സംഘടനകൊണ്ടു ശക്തരാകുക’ എന്ന ഗുരുസന്ദേശമാണ് ‘സഹോദര പ്രസ്ഥാന’ത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ ‘മിശ്രഭോജന’ത്തിന്റെ പ്രചോദനകേന്ദ്രം ഗുരുവായിരുന്നുവെന്ന് അയ്യപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. 

അയ്യപ്പന്റെ നിരീശ്വര – മതനിഷേധ വാദങ്ങളെപ്പറ്റി പരാതിപ്പെട്ട ടി.കെ.മാധവനോട് ഗുരു പറഞ്ഞു: ‘അങ്ങനെയും ഒരു പദ്ധതിയുണ്ടല്ലോ.’ ഗുരുവിനു സഹോദരൻ അയ്യപ്പനോട് നിറഞ്ഞ സ്നേഹവാത്സല്യങ്ങളായിരുന്നു.

കുമാരനാശാൻ

പ്രിയശിഷ്യനായിരുന്ന കുമാരനാശാനുമായി സവിശേഷമായ ആത്മബന്ധമാണു ഗുരുവിനുണ്ടായിരുന്നത്. ഗൃഹസ്ഥാശ്രമ ശിഷ്യനായിരുന്ന ‘കുമാരു’വിന്റെ അച്ഛനോട് ‘കുമാരു നുമുക്കിരിക്കട്ടെ’ എന്നു ഗുരു അഭിപ്രായപ്പെട്ടിരുന്നു. ഉപരിപഠനത്തിനായി ഡോ. പൽപുവിനെ ഏൽപിക്കുന്ന കാലം വരെ, രണ്ടു വർഷത്തോളം ഇരുവരും ഒന്നിച്ച് അരുവിപ്പുറത്തു താമസിച്ചു. 

പിന്നീട്, ‘ചിന്നസ്വാമി’യിൽനിന്നു കവിയിലേക്കു പരിണമിച്ച ഘട്ടത്തിൽ, ശൃംഗാര കവിതകൾ എഴുതരുതെന്നു ഗുരു കുമാരനാശാനോടു നിർദേശിച്ചു. സ്നേഹം പ്രമേയമാക്കിയ കവിതകളിൽ പോലും ആശാൻ ശൃംഗാരം ഒഴിവാക്കി. 

എസ്എൻഡിപി യോഗത്തിന്റെ രൂപീകരണവും സെക്രട്ടറിയുടെ ചുമതലയും ആശാന്റെ പ്രവർത്തനങ്ങൾക്ക് ഉത്തേജനമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA