ADVERTISEMENT

ജീവശാസ്ത്രപരമായും താത്വികമായും ശാസ്ത്രീയമായതു കൊണ്ടാണ്  100 വർഷം കഴിഞ്ഞിട്ടും ഗുരുദർശനം  കാലാതിവർത്തിയാകുന്നത്

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദർശനത്തിന്റെ പ്രസക്തി നമ്മൾ ഊഹിക്കുന്നതിനും അപ്പുറമാണ്. ‘ഒരു ദൈവം’ എന്ന സങ്കൽപത്തിന് ‘ദൈവദശക’ത്തിലൂടെ ഗുരു നൽകുന്ന നിർവചനം ‘നീ സത്യം ജ്ഞാനം ആനന്ദം’ എന്നാണ്. നമുക്കിതു മനസ്സിലാകാതെ പോയത് മനസ്സിൽ ‘കാമക്രോധലോഭമോഹമദമാത്സര്യാദി’കൾ അത്രമാത്രം നിറഞ്ഞതു കൊണ്ടാവാം. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിച്ചു പോരുന്ന ഇന്ദ്രിയഗോചരമല്ലാത്ത ആ ശക്തി നാശമില്ലാത്തതായതു കൊണ്ടു ‘സത്യ’മാണ്. ഇതിനെക്കുറിച്ചുള്ള അറിവാണു ‘ജ്ഞാനം.’ ഇതിന്റെ സ്വരൂപമാണ് ‘ആനന്ദം’. ഇതു മനുഷ്യന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന സാക്ഷിസ്വരൂപമാണെന്നു തിരിച്ചറിയുക. ജീവശാസ്ത്രപരമായും താത്വികമായും ശാസ്ത്രീയമായതു കൊണ്ടാണ് 100 വർഷം കഴിഞ്ഞിട്ടും ഈ ദർശനം കാലാതിവർത്തിയാകുന്നത്. 

ജീവശാസ്ത്രപരമായി ഗുരു പറയുന്നത് ‘പുണർന്നു പെറും ഒരിനം’ എന്നാണ്. ഇതിനു പ്രത്യേകിച്ചു വിശദീകരണം ആവശ്യമില്ല. താത്വികമായി പറയുന്നത് ‘പ്രിയമൊരുജാതി’ എന്നും. അതായത് നമുക്കോരോരുത്തർക്കും പ്രിയമായിരിക്കുന്നത് ആനന്ദമാണ് അഥവാ ആത്മസുഖമാണ്. ഈ തരത്തിൽ ഏകജാതിയായിരിക്കുന്നത് ആനന്ദമാണ്. 

മനുഷ്യന് ഈ തിരിച്ചറിവില്ലാത്തതാണ് ഭിന്നജാതികളുണ്ടെന്നു തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കാനും കാരണം. ജാതിക്കോമരങ്ങൾ അന്നുമിന്നും ഒരേപോലെ താണ്ഡവമാടുന്നതു തിരിച്ചറിയാൻ പറ്റാത്ത ദയനീയ അവസ്ഥയിലാണു സമകാലീനർ. വളർന്നുവരുന്ന കുഞ്ഞുങ്ങൾക്കെങ്കിലും ഈ അറിവു പകർന്നുകൊടുക്കാനാകുമോ എന്നാണ് ആലോചിക്കേണ്ടത്. 

‘അഖിലരുമാത്മസുഖത്തിനായ് പ്രയത്നം 

സകലവുമിങ്ങു സദാപി ചെയ്തിടുന്നു

ജഗതിയിലിമ്മതമേകമെന്നുചിന്തി-

ച്ചഘമണയാതകതാരമർത്തിടേണം.’ 

ഗുരു ആത്മോപദേശ ശതകത്തിലൂടെ മതത്തിന്റെ ലക്ഷണം പറഞ്ഞിരിക്കുന്നതിങ്ങനെ. നശിക്കാത്തതും നഷ്ടപ്പെടാത്തതുമായ ആത്മസുഖമാണ് എല്ലാവരും തേടുന്നത്. മറ്റു മതങ്ങളിലും തേടുന്നത് ഈ ആത്മസുഖത്തെയാണ്. ലോകത്തെവിടെ എങ്ങനെയൊക്കെ അന്വേഷിച്ചുപോയാലും എല്ലാവരും അവരവരുടെ പ്രയത്നംകൊണ്ടു തേടുന്നത് ഉള്ളിലിരിക്കുന്ന ഈ ആനന്ദത്തെയാണ്. ഇതു തിരിച്ചറിയുമ്പോൾ ബാഹ്യമായ അകലങ്ങൾ എന്നെന്നേക്കുമായി അവസാനിക്കുകയാണ്.

(ലേഖകൻ ശിവഗിരി ധർമസംഘം ട്രസ്റ്റ്,  ജനറൽ സെക്രട്ടറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com