ADVERTISEMENT

അക്രമരാഷ്ട്രീയം ശാന്തിയുടെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തു ചിലയിടത്തെങ്കിലും ചോരയൊഴുക്കുന്നത് അങ്ങേയറ്റം ആശങ്കയോടെയേ കാണാനാവൂ. നമ്മുടെ നാട് രാഷ്ട്രീയ വൈരത്തിന്റെയും പകപോക്കലിന്റെയും ആപത്കരമായ വെടിമരുന്നിന്റെ മുകളിലാണെന്ന വസ്തുത ഭീതിദമാണ്. 

ഈ കോവിഡ്കാലത്ത്, ലോകം മുഴുവൻ ആയുസ്സിനുവേണ്ടി പൊരുതുമ്പോൾ, കൊലക്കത്തികൊണ്ടു ജീവനെടുത്ത വാർത്തകൾ കേൾക്കേണ്ടിവരുന്നതു കേരളത്തിന്റെ ദുർവിധിയാവാം. ഏറ്റവും ഒടുവിലായി, തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷമുണ്ടായത് കണ്ണൂർ കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ്. 

കഴിഞ്ഞ നാലു വർഷത്തിനിടെ കണ്ണൂർ ജില്ലയിലും മാഹിയിലുമായുണ്ടാകുന്ന പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തുണ്ടായത്.  2018 മേയ് ഏഴിനു മാഹിയിലും തുടർച്ചയായി അന്നുതന്നെ കണ്ണൂരിലും കൊലപാതകം നടന്നശേഷമുള്ള നീണ്ട ഇടവേളയാണു ചോര ചീറ്റി മുറിഞ്ഞത്. കണ്ണൂർ രാഷ്ട്രീയം സമാധാനത്തിലേക്കു തിരിച്ചെത്തുന്നുവെന്ന തോന്നലുണ്ടായ ഘട്ടത്തിലാണ് അപ്രതീക്ഷിതമായുണ്ടായ കണ്ണവം കൊലപാതകം. 

ഒരാഴ്ച മുൻപാണു കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊന്ന്യത്തു ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. ബോംബ് നിർമാണം നടത്തിയവരിൽ മൂന്നു സിപിഎം പ്രവർത്തകർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിലൊരാൾ, ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീടു തെളിവില്ലെന്നു കണ്ട് കോടതി വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയാണ്. ബോംബ് സ്ഫോടനത്തിനു തൊട്ടുപിന്നാലെ കൊലപാതകം കൂടിയുണ്ടായതോടെ അശാന്തിയുടെ അലയൊലിയാണു കണ്ണൂർ ജില്ലയിൽ ഉയരുന്നത്. 

കൊലപാതക രാഷ്ട്രീയത്തിനു താക്കീതായി പെരിയയിലെ ഇരട്ടക്കൊലപാതകക്കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണം ശരിവച്ചിട്ട് ഏറെനാളായിട്ടില്ല. എന്നാൽ, ഒരന്വേഷണത്തെയും രാഷ്ട്രീയ കൊലപാതകികൾ ഭയപ്പെടുന്നില്ല എന്ന ആപൽക്കരമായ സൂചനയാണു ദിവസങ്ങൾക്കകമുണ്ടായ കണ്ണവം കൊലപാതകം നൽകുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ‘ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിെഎയെക്കാൾ മികവ് കേരള പൊലീസിനുണ്ട്’ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതുതന്നെ സംശയമുണർത്തുന്നു.

രാഷ്‌ട്രീയകേരളം പശ്‌ചാത്താപത്തോടെ കേൾക്കേണ്ട എത്രയോ കുരുതികൾ ഇവിടെ അങ്ങോളമിങ്ങോളം ഉണ്ടായിട്ടും അതിന് എക്കാലത്തേക്കുമായി തടയിടാൻ ദൃഢശ്രമങ്ങൾ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ഓരോ കൊലപാതകത്തിനുശേഷവും തോരാതെ പെയ്യുന്ന കണ്ണീരിന്റെ കണക്ക് ഒരു രാഷ്ട്രീയകക്ഷിയുടെ സ്കോർ ബോർഡിലുമുണ്ടാവില്ല. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയും അകാലവൈധവ്യം പേറേണ്ടിവരുന്ന യുവതികളുടെയും അനാഥരാക്കപ്പെടുന്ന കുരുന്നുകളുടെയും നഷ്ടങ്ങൾക്കു പകരംവയ്ക്കാൻ ക്രൂരരാഷ്ട്രീയത്തിന്റെ കയ്യിൽ എന്താണുള്ളത്? അക്രമതാൽപര്യം അണികളിൽനിന്നുണ്ടാവുമ്പോൾ പക്വതയുള്ള സമീപനം രാഷ്ട്രീയ പാർട്ടികളിൽനിന്നും നേതാക്കളിൽനിന്നും ജനം ആവശ്യപ്പെടുന്നു. അതിനുപകരം, പകരത്തിനു പകരമെന്ന രീതിയിലേക്കു സംഘർഷം പടരുന്നതു പ്രാകൃതമാണ്. അതാകട്ടെ, ജനാധിപത്യ സമൂഹത്തിൽ വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതും. 

പൊതുസമൂഹത്തിൽ ആശങ്കയും അസ്വസ്‌ഥതയുമുണ്ടാക്കി രക്‌തരാഷ്‌ട്രീയം ഇടയ്‌ക്കിടെ ശാന്തി കളയുന്നതിന് അവസാനമുണ്ടാകാൻ ഉള്ളുരുകി കാത്തിരിക്കുകയാണു സംസ്ഥാനം. ഈ ചോരക്കളിയിൽ മുങ്ങിത്തീരാനുള്ളതാണോ  നമ്മുടെ വികസന സ്വപ്നങ്ങളെന്നു ജനം ചോദിക്കുമ്പോൾ അതിനു പ്രതീക്ഷ തെളിയുന്ന മറുപടി ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷികളിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്. ഓരോ അക്രമസംഭവവും കേരളത്തെ ഏതോ പ്രാകൃതകാലത്തിലേക്കു മടക്കിക്കൊണ്ടുപോകുകയാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടായേതീരൂ. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം 28–ാം സ്ഥാനത്തേക്കു പിന്നോട്ടടിച്ചതിനു പിന്നിൽ നമ്മുടെ നാടിന്റെ അരക്ഷിത സാഹചര്യംകൂടി  കണ്ടെടുക്കാം. 

അക്രമ രാഷ്ട്രീയത്തിന്റെ ഉറഞ്ഞാടൽകൊണ്ട് ഇടയ്ക്കിടെ ചോര ചീറ്റുന്ന ഒരു കേരളമല്ല നമുക്കുവേണ്ടത്; എല്ലാവരും ഏതുകാലത്തും സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയുന്നൊരു കേരളമാണ്. സമാധാനകാംക്ഷയും ആത്മാർഥതയുമാണ് അക്രമരാഷ്ട്രീയത്തിനെതിരായ ആയുധങ്ങൾ. അതു തിരിച്ചറിഞ്ഞു രാഷ്ട്രീയ കക്ഷികൾ നടത്തുന്ന സമർപ്പിത ശ്രമങ്ങളിൽമാത്രമാണു കേരളത്തിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com