ADVERTISEMENT

വ്യവസായസൗഹൃദ സംസ്ഥാനങ്ങളിൽ കേരളം ദേശീയതലത്തിൽ അവസാനനിരയിലേക്കു പിന്തള്ളപ്പെട്ടത് തീർത്തും നിർഭാഗ്യകരമാണ്. വ്യവസായം തുടങ്ങാനുള്ള അനുമതികൾ എളുപ്പത്തിലാക്കാൻ കെ–സ്വിഫ്റ്റ് പോർട്ടൽ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും ഇപ്പോഴും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ചുവപ്പുനാടക്കുരുക്കുണ്ടെന്നു നിക്ഷേപകർ കരുതുന്നു എന്നാണ് റാങ്കിങ്ങിലെ 28–ാം സ്ഥാനത്തിൽ നിന്നു വ്യക്തമാകുന്നത്. റാങ്കിങ് മാനദണ്ഡങ്ങളെക്കുറിച്ചു പരാതിപ്പെടുന്നതിനു പകരം പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനും അടുത്തവർഷങ്ങളിൽ റാങ്കിങ് മെച്ചപ്പെടുത്താനുമാണു സർക്കാർ ശ്രമിക്കേണ്ടത്. 

സിംഗിൾ വിൻഡോ സംവിധാനമുണ്ടെന്നു നമ്മൾ അവകാശപ്പെടുന്നുണ്ടെങ്കിലും പല ജനലുകളും വാതിലുകളും മുട്ടിയാലും തുറക്കപ്പെടാത്ത അവസ്ഥയുണ്ട്. സർക്കാരിന്റെ നടപടികൾ താഴെത്തട്ടിൽ എത്രത്തോളം നടപ്പാകുന്നുണ്ടെന്നു വിലയിരുത്തുകയും കുറവുകൾ തിരുത്തുകയും വേണം. ഇതിനു പ്രഫഷനൽ ആയ സമീപനം വേണം. രാഷ്ട്രീയ ഇടപെടലുകൾ പരമാവധി കുറച്ച് നിക്ഷേപകർക്കു പൂർണപിന്തുണ നൽകുന്ന ഉദ്യോഗസ്ഥ സംവിധാനം വേണം. 

കഴിഞ്ഞ 30 വർഷമായി കേരളത്തിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ എനിക്കു തോന്നുന്നത് കാഴ്ചപ്പാടിലാണു മാറ്റം വരേണ്ടത് എന്നാണ്. കേരളത്തിൽ പണം നിക്ഷേപിക്കാനെത്തുന്നവർ നമ്മുടെ ശത്രുക്കളാണ് എന്ന സമീപനം മാറണം. എങ്ങനെയെങ്കിലും ബുദ്ധിമുട്ടിച്ച് വരുതിക്കു നിർത്താം എന്ന സമീപനം മാറ്റി നിക്ഷേപകനെ കഴിയാവുന്ന വിധത്തിലെല്ലാം സഹായിക്കുക എന്ന ലക്ഷ്യത്തോടെയാകണം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത്. എന്റെ സുഹൃത്തായ വിദേശമലയാളി സ്വന്തം കമ്പനിയുടെ സാമൂഹികസേവന ഫണ്ട് ഉപയോഗിച്ചു കേരളത്തിൽ ഒരു ഇന്നവേഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ച് 5 വർഷമാണ് അനുമതിക്കായി വിവിധ ഓഫിസുകൾ കയറിയിറങ്ങിയത്. അവസാനം മടുത്ത് അദ്ദേഹം ആ പദ്ധതി തന്നെ ഉപേക്ഷിച്ചു. 

ഭരണത്തിലിരിക്കുന്ന നേതാക്കൾ മാത്രമല്ല, സർക്കാർ ഓഫിസിലെ എല്ലാ തലങ്ങളിലും സമീപനം മാറ്റണം. കേരളം നിക്ഷേപത്തിന് അനുയോജ്യമാണെന്ന പ്രതിച്ഛായ വളർത്തിയെടുക്കണം. ഹർത്താലുകളും ബന്ദുകളും കുറഞ്ഞെങ്കിലും അക്കാര്യം നിക്ഷേപകർക്കിടയിൽ എത്തിക്കാനായിട്ടില്ല. ഈ വർഷം സർക്കാർ കൊച്ചിയിൽ നടത്തിയ നിക്ഷേപകസംഗമത്തിനു തൊട്ടുമുൻപും ഹർത്താൽ നടന്നു.  

സാമൂഹികരംഗത്തുണ്ടാകുന്ന നിർഭാഗ്യകരമായ സംഭവങ്ങളും നിക്ഷേപസൗഹൃദ പ്രതിച്ഛായയെ ബാധിക്കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ആശങ്കയുയർത്തുന്ന കാര്യങ്ങളാണ്.  

തിരുവനന്തപുരം വിമാനത്താവള വികസനത്തിൽ സർക്കാരും പ്രതിപക്ഷവും എടുക്കുന്ന സമീപനം ശരിയല്ല. നിക്ഷേപകരെ സ്വാഗതം ചെയ്യുമ്പോൾ തന്നെ കേന്ദ്ര സർക്കാരിന്റെ ടെൻഡർ വഴി വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം നേടിയ അദാനി എന്റർപ്രൈസസിനെ എതിർക്കുന്നതിൽ വൈരുധ്യമുണ്ട്. ഇതു ലോകം മുഴുവൻ കാണുന്നുണ്ടെന്ന് ഓർക്കണം. ഇതു കേരളത്തെക്കുറിച്ചു നിക്ഷേപകർക്കു നൽകുന്നതു നല്ല സന്ദേശമല്ല.   

കോവിഡ് പ്രതിസന്ധി കേരളത്തിന് ഒട്ടേറെ അവസരങ്ങൾ ഒരുക്കുന്നുണ്ട്. ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണു കേരളം എന്നു ലോകത്തിനു മുന്നിൽ ബോധ്യപ്പെടുത്താൻ നമുക്കു കഴിയണം. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനം ലോകമാധ്യമങ്ങളിൽ പ്രകീർത്തിക്കപ്പെട്ടതു ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയണം. അതിനു രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധരിൽനിന്നു നിർദേശങ്ങൾ തേടാനും അവ സമയബന്ധിതമായും പ്രഫഷനൽ ആയും നടപ്പാക്കാനുമുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. 

(രാജ്യാന്തര ഐടി സ്ഥാപനമായ സൺടെക് ബിസിനസ് സൊലൂഷൻസ് സിഇഒയാണു ലേഖകൻ)   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com