‘തുടങ്ങിവച്ചവ തുടരുക തന്നെ ചെയ്യും; നട്ടെല്ലു വളയ്ക്കില്ല’

Dr. Kafeel Khan
ഡോ. കഫീൽ ഖാൻ
SHARE

ഡോ. കഫീൽ ഖാൻ – യുപിയിൽ ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017 ഓഗസ്റ്റിൽ ഓക്സിജൻ കിട്ടാതെ എഴുപതിലേറെ കുട്ടികൾ മരിച്ചപ്പോൾ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടറുകൾ വരുത്തി മരണത്തിനു തടയിട്ട ശിശുരോഗ വിദഗ്ധൻ. കൂട്ടമരണത്തിനു പിന്നിലെ സർക്കാർ അനാസ്ഥ പുറംലോകം അറിയാൻ കാരണമായതിന്റെ പേരിൽ യുപി സർക്കാരിന്റെ കണ്ണിലെ കരടായി മാറിയതോടെ ഒന്നിനു പിറകെ ഒന്നായി കേസുകൾ, ജയിൽവാസം...ഏറ്റവുമൊടുവിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തിനിടെ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന പേരിൽ ജാമ്യമില്ലാതെ 9 മാസത്തോളം മഥുര ജയിലിൽ. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു കണ്ടെത്തി അലഹാബാദ് ഹൈക്കോടതി ഈ മാസം ഒന്നിനു വിട്ടയച്ചു. ഡോ.കഫീൽ ഖാൻ മനോരമയോട്..

ജയിൽമോചിതനായി എന്തുകൊണ്ടു ജയ്പുരിലേക്ക്; യുപിയിൽനിന്നു മാറാൻ പദ്ധതിയുണ്ടോ? 

മൂന്നു കാര്യങ്ങൾ ഞാൻ വ്യക്തമാക്കട്ടെ. ഒന്ന്, പേടിച്ചോടിയിട്ടില്ല, നട്ടെല്ലു വളച്ചിട്ടുമില്ല. യുപിയിലേക്ക്, ഗോരഖ്പുരിലേക്കു മടങ്ങും. 

രണ്ടാമത്തേത്, രാഷ്ട്രീയത്തിൽ ചേർന്നോ കോൺഗ്രസിൽ അംഗമായോ എന്നൊക്കെയുള്ള സംശയങ്ങളാണ്. എനിക്ക് ഏറ്റവും ആവശ്യമായിരുന്ന സമയത്തു പ്രിയങ്ക ഗാന്ധി സഹായവുമായി എത്തുകയായിരുന്നു. മഥുരയിൽനിന്ന് 600 കിലോമീറ്ററിലേറെ സഞ്ചരിച്ചു ഗോരഖ്പുരിലേക്കു മടങ്ങുന്ന കാര്യത്തിൽ എന്റെ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ ആശങ്കകളുണ്ടായിരുന്നു. അവരുമായി സംസാരിച്ച പ്രിയങ്ക ഗാന്ധിയാണു രാജസ്ഥാനിലേക്കു പോകാമെന്നു പറഞ്ഞതും സൗകര്യങ്ങൾ ഏർപ്പാടാക്കിയതും. പക്ഷേ, രാഷ്ട്രീയത്തിൽ ചേരുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല. ഞാനൊരു ഡോക്ടറാണ്; ആ നിലയിൽത്തന്നെ സാമൂഹിക സേവനം തുടരും.  

മൂന്നാമത്, തിരികെ ജോലിയിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു വീണ്ടും മുഖ്യമന്ത്രിക്കു കത്തയയ്ക്കും. കേസുകളിൽ കഴമ്പില്ലെന്നു കോടതി വ്യക്തമാക്കിയ സ്ഥിതിക്കു ജോലിയിൽ പ്രവേശിക്കാൻ തടസ്സമില്ലെന്നാണു നിയമോപദേശം. എനിക്കെന്റെ ജോലി തുടരണം. 

തുടർച്ചയായി ജയിലിൽ അടയ്ക്കപ്പെട്ടതിനു പിന്നിലെ യഥാർഥ കാരണം? 

ഗോരഖ്പുർ മെഡിക്കൽ കോളജിൽ എഴുപതിലേറെ കുട്ടികൾ അധികൃതരുടെ അനാസ്ഥമൂലം കുരുതികൊടുക്കപ്പെട്ട സംഭവത്തിലെ പ്രതികളെ രക്ഷിക്കുക എന്ന ചിലരുടെ ലക്ഷ്യമാണ് അതിനു പിന്നിൽ. കുട്ടികൾ മരിക്കുകയായിരുന്നില്ല; അതൊരു മനുഷ്യനിർമിത കൂട്ടക്കുരുതിയായിരുന്നു. ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നതോടെയാണ് എനിക്കെതിരായ നീക്കങ്ങൾ തുടങ്ങിയത്.

വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്നു കരുതുന്നുണ്ടോ?

തീർച്ചയായും. അലഹാബാദ് ഹൈക്കോടതി വിട്ടയച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിട്ടും അവർ അതിനു തയാറായില്ല. എന്റെ കുടുംബം കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ടു പോയപ്പോൾ മാത്രമാണ് വിട്ടയയ്ക്കാൻ തയാറായത്. അല്ലായിരുന്നെങ്കിൽ, പുതിയൊരു കേസെടുത്ത് അവരെന്നെ ജയിലിൽത്തന്നെ പാർപ്പിക്കുമായിരുന്നു. 

യുപി സർക്കാർ താങ്കൾക്കെതിരെയുള്ള പരാതികൾ അന്വേഷിക്കുന്നതിനായി അന്വേഷണ സമിതികളെ നിയോഗിച്ചിരുന്നല്ലോ. അവയുടെ റിപ്പോർട്ടുകൾ എന്തായി? 

9 അന്വേഷണ സമിതികളെയാണു നിയോഗിച്ചത്. ഈ സമിതികളെല്ലാം എന്റെ ഭാഗത്തു വീഴ്ചയില്ലെന്നു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നു മുഖ്യമന്ത്രിക്കുള്ള കത്തിൽ ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

ബിആർഡി മെഡിക്കൽ കോളജിലെ ദാരുണ സംഭവങ്ങൾക്കു ശേഷം യുപിയിലെ ആരോഗ്യരംഗത്ത് എന്തെങ്കിലും പുരോഗതി ഉണ്ടായോ? 

കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അധികാരികൾ ഇക്കാര്യത്തെക്കുറിച്ചു പറയാൻ മടിക്കുകയാണ്. ഇന്ത്യയിലെ 76% ജനങ്ങൾക്കു ചികിത്സാ സൗകര്യങ്ങൾ അപ്രാപ്യമാണ്. തെക്കേ ഇന്ത്യയിൽ സ്ഥിതി കുറച്ചു മെച്ചമാണ്, കേരളത്തിലാകട്ടെ, പഞ്ചായത്ത് – താലൂക്ക് തലം മുതൽ മികച്ച ആശുപത്രി സേവനങ്ങൾ ലഭ്യമാണെന്നു നേരിട്ടറിഞ്ഞിട്ടുണ്ട്. 

ജോലി തിരികെ നൽകുന്നില്ലെങ്കിൽ ഭാവിപരിപാടികൾ?

‘എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആലോചിക്കുന്നത്. 2019 ജൂലൈയിൽ സർക്കാരിന് ഒരു പദ്ധതി സമർപ്പിച്ചിരുന്നു. ആരോഗ്യം അവകാശമാക്കുന്ന നിയമം പാർലമെന്റ് എത്രയും വേഗം പാസാക്കി, ആരോഗ്യസംരക്ഷണം സർക്കാരിന്റെ കടമയാക്കി നടപ്പാക്കുകയാണു വേണ്ടത്. 

ഇപ്പോൾ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും പണമുള്ളവർക്കു മാത്രമായി ഒതുങ്ങുകയാണ്. ഇതെക്കുറിച്ചു രാജ്യത്തു ചർച്ച പോലും നടക്കുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. 

താങ്കൾ രൂപീകരിച്ച ഡോ.കഫീൽ ഖാൻ മിഷൻ സ്മൈൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ?

നൂറിലേറെ ക്യാംപുകളിലായി അമ്പതിനായിരത്തിലേറെ കുട്ടികൾക്കു ചികിത്സയും മരുന്നും മറ്റും സൗജന്യമായി നൽകാൻ കഴിഞ്ഞു. യുപി – ബിഹാർ അതിർത്തിയിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നിൽ 500 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുക എന്നതു പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ, സർക്കാർ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കഫീൽ എന്ന പേരു കേട്ടാലുടൻ തടസ്സങ്ങളാകുന്ന സ്ഥിതിയാണ്. 

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിന്റെ പേരിലായിരുന്നുവല്ലോ ഒടുവിൽ ജയിലിൽ അടയ്ക്കപ്പെട്ടത്. 

ഭരണഘനയുടെ അന്തഃസത്ത ഇല്ലാതാക്കുന്നതാണ് ഈ നിയമഭേദഗതി. എല്ലാവരും തുല്യർ എന്ന അടിസ്ഥാന തത്വമാണ് അട്ടിമറിക്കപ്പെടുന്നത്. മാത്രമല്ല, ഇതിന്റെ തുടർച്ചയായി സർക്കാർ ലക്ഷ്യമിടുന്ന നടപടികൾകൂടി ഇതോടൊപ്പം ചേർത്തു വായിക്കപ്പെടേണ്ടതുണ്ട്. 

ജയിലുകളുടെ ശോച്യാവസ്ഥയെക്കുറിച്ചു പറഞ്ഞിരുന്നുവല്ലോ.

മനുഷ്യത്വരഹിതമായ അവസ്ഥയാണു രാജ്യത്തെ ജയിലുകളിലുള്ളത്. 550 പേരെ താമസിപ്പിക്കേണ്ട മഥുര ജയിലിൽ 1600 പേരാണുള്ളത്. 800 പേർക്കുള്ള ഗോരഖ്പുർ ജയിലിൽ രണ്ടായിരത്തിലേറെ പേരും. മറ്റൊന്ന്, ജയിലിൽ അടയ്ക്കപ്പെട്ടവരിൽ 86% പേരും വിചാരണത്തടവുകാർ ആണെന്നതാണ്. പൊലീസ് കെട്ടിച്ചമച്ച കേസുകളിൽപെട്ടവർപോലും കഴിയേണ്ടത് ഈ പരിതാപകരമായ അവസ്ഥയിലാണ്.

കോടതി കുറ്റക്കാരെന്നു കണ്ടെത്താതെ, ഇത്തരത്തിൽ തടവിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ദലിതരും പിന്നാക്കക്കാരുമായ ദരിദ്രരാണ്. ഈ അവസ്ഥയ്ക്കു പരിഹാരം തേടി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകാനുള്ള തയാറെടുപ്പിലാണ്. 

ജയ്പുരിൽനിന്ന് എന്നാണു മടക്കം?

വൈകില്ല. എന്നാൽ, എപ്പോഴെന്നതു തീരുമാനിച്ചില്ല. ഇളയ മകന് എട്ടു മാസം പ്രായമുള്ളപ്പോഴാണു ജയിലിൽ അടയ്ക്കപ്പെട്ടത്. തിരികെ വന്നപ്പോൾ അവനെന്നെ തിരിച്ചറിയുന്നില്ലായിരുന്നു. കുട്ടികളുടെ ഡോക്ടറായ എനിക്ക് എന്റെ കുട്ടികൾ വളരുന്നതു കാണാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്. 

കുറച്ചു ദിവസം കുടുംബത്തോടൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ‌, തുടങ്ങിവച്ച സാമൂഹിക പ്രവർത്തനങ്ങൾ തുടരുകതന്നെ ചെയ്യും.  

കേരളത്തിൽ താമസമാക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നല്ലോ.

ഒരു വർഷത്തിനിടെ 5 തവണ കേരളത്തിൽ വന്നിരുന്നു. സ്വന്തം വീടുപോലെയാണ് അനുഭവപ്പെട്ടത്. കേരളത്തിലെ ജനം എനിക്കു നൽകിയ സ്നേഹവും പിന്തുണയും വലുതാണ്. കേരളത്തിൽ വീണ്ടും വരാനും താമസമാക്കാനും സന്തോഷമാണ്. എന്നാൽ വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ചു യുപിയിലെയും ബിഹാറിലെയും പാവപ്പെട്ടവർക്കാണ് എന്നെക്കൊണ്ട് കൂടുതൽ ആവശ്യം. അതുകൊണ്ട് ഇവിടംതന്നെ പ്രവർത്തന മേഖലയാക്കാനാണ് ആഗ്രഹം. 

English Summary: Dr Kafeel Khan Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA