ADVERTISEMENT

∙ എം.ടി.വാസുദേവൻ നായർ: പണ്ടത്തെക്കാൾ അധികം മതാധിപത്യം വന്നിട്ടുണ്ട്. അത് എവിടേക്കാണു കൊണ്ടുപോകുകയെന്ന് നമുക്കു പറയാൻ കഴിയില്ല. എന്റെ ഗ്രാമത്തിലൊക്കെ വളരെ ഐക്യത്തിൽ കഴിഞ്ഞവരാണ്. ഒക്കെ ഇപ്പോൾ ഞാൻ, അവര് എന്ന നിലയിൽ നമ്മൾ പിരിഞ്ഞു. എന്തുചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ല. പക്ഷേ, അതു വിപത്തുകളിലൊന്നായി നമ്മൾ കാണണം.

∙ സുനിൽ പി.ഇളയിടം: ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയ ധാർമികതയ്ക്കും തീർത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടി. ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയാറാവണം.

∙ ടി.പത്മനാഭൻ: വാക്കുകളുടെ സവിശേഷമായ ലയവിന്യാസം കൊണ്ട് ബോധപൂർവമല്ലാതെ തന്നെ എഴുത്തിലേക്കു സംഗീതം കടന്നുവരും. ഇത് എന്റെ അനുഭവമാണ്. വാക്കുകൾ - അർഥശൂന്യമായ വാക്കുകൾ - വായനക്കാരന്റെ മൂർധാവിലേക്കുള്ള ഇരുമ്പുദണ്ഡ് പ്രഹരങ്ങളാക്കുന്ന ഇക്കാലത്ത് എന്റെ ഈ അനുഭവകഥനങ്ങൾ പുച്ഛത്തോടെയായിരിക്കും ന്യൂജനറേഷൻ എഴുത്തുകാർ സ്വീകരിക്കുക. എനിക്കൊരു വിരോധവുമില്ല.

∙ നമ്പൂതിരി: പേരിന്റെ കൂടെ ആർട്ടിസ്റ്റ് എന്നൊരു പദവി വേണോ? ജോബ് ടൈറ്റിൽ കൊണ്ടല്ല, മറിച്ച് തന്റെ സർഗസൃഷ്ടിയാലാണ് ഒരു കലാകാരൻ അറിയപ്പെടേണ്ടത്. ആർട്ടിസ്റ്റ് പിക്കാസോ എന്നോ ആർട്ടിസ്റ്റ് രവിവർമയെന്നോ നാം പറയാറുണ്ടോ? ഒരു വര, അവസാനംവരെ അതു കണ്ടയാളുടെ സ്മരണയിലുണ്ടെങ്കിൽ അതാണ് ആ വര വരച്ച ആൾക്കുള്ള അംഗീകാരം.

∙ എം.മുകുന്ദൻ: അൽപം സമയം കിട്ടിയിരുന്നെങ്കിൽ എഴുതാമായിരുന്നുവെന്ന് ആശിച്ച കാലമുണ്ടായിരുന്നു. പക്ഷേ, സമയം കാലമായിട്ടു കൊണ്ടുതന്ന് വീട്ടിൽ അടക്കിയിരുത്തിയപ്പോൾ ഒരക്ഷരം പോലും എഴുതാൻ വരുന്നില്ല എന്നു തുറന്നു പറയേണ്ടിയിരിക്കുന്നു. എഴുത്തും വായനയും പരസ്പരപൂരകങ്ങളാണല്ലോ. വായനയുടെ മേൽക്കയ്യാണ് ഇപ്പോൾ നടക്കുന്നത്.

∙ എം.ഡി.രാജേന്ദ്രൻ: നാലു പതിറ്റാണ്ടോളമായി ‘ഹിമശൈല സൈകത ഭൂമിയിൽ...’ പിറന്നുവീണിട്ട്. ഇന്നും ആ പാട്ടിന്റെ ആരാധകരെ ദിനംപ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട്. കവികളും രാഷ്ട്രീയക്കാരും സിനിമക്കാരും ബിസിനസുകാരും തൊട്ട് സാധാരണക്കാരായ തൊഴിലാളികൾ വരെ ‘ഹിമശൈല’ത്തെക്കുറിച്ച് സ്നേഹവാത്സല്യങ്ങളോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ ആഹ്ലാദം തോന്നും. ആ ഒരൊറ്റ ഗാനത്തോടുള്ള സ്നേഹംകൊണ്ടു മാത്രം എന്നെ സ്വന്തം പടത്തിൽ വിളിച്ചു പാട്ടെഴുതിച്ച നിർമാതാക്കൾ വരെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com