‘അതു പച്ചക്കള്ളം; ഒപ്പം ആരുണ്ടെന്നു നോക്കിയല്ല ഒരു പോരാട്ടവും തുടങ്ങുന്നത്’

1200 sitaram yechury
സീതാറാം യച്ചൂരി
SHARE

കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിനു പിന്നിലെ ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യച്ചൂരിക്കും പങ്കുണ്ടെന്ന്  ഡൽഹി പൊലീസ്. അനുബന്ധ കുറ്റപത്രത്തിൽ യച്ചൂരിയുടെ  പേരും ഉൾപ്പെടുത്തിയതിനെതിരെ  പ്രതിഷേധമുയർന്നു. പൗരത്വ  നിയമഭേദഗതിക്കെതിരെ ശബ്ദിച്ചവരെ  കുടുക്കാനുള്ള കേന്ദ്ര സർക്കാർ  നീക്കമാണിതെന്നു വിലയിരുത്തപ്പെട്ടു.സീതാറാം യച്ചൂരി മനോരമയോട്... 

വടക്കൻ ഡൽഹി കലാപക്കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിൽ താങ്കളുടെ പേരും പരാമർശിക്കുന്നു – ആൾക്കൂട്ടത്തെ ഇളക്കിവിട്ട നേതാക്കളുടെ ഗണത്തിൽ...

എന്തടിസ്ഥാനത്തിലാണ് അതെന്ന് എനിക്കറിയില്ല. കഴിഞ്ഞ ദിവസം പൊലീസ് വിശദീകരിച്ചു, അതു പ്രതികളിലൊരാളുടെ മൊഴിയിലെ പരാമർശമാണെന്ന്. അത്തരം വിശദാംശങ്ങളിൽ കാര്യമില്ല. എന്താണു ഡൽഹി പൊലീസ് അന്വേഷിക്കുന്നത്? വർഗീയ ആക്രമണങ്ങളാണോ? എങ്കിൽ, അക്രമങ്ങളിൽ കൊല്ലപ്പെട്ട 53 പേരെക്കുറിച്ചു പറയണ്ടേ? അവർ എങ്ങനെ കൊല്ലപ്പെട്ടുവെന്ന്. വിദ്വേഷപ്രസംഗങ്ങളെക്കുറിച്ച്, അങ്ങനെ പ്രസംഗിച്ച കേന്ദ്ര മന്ത്രിയെയും ഡൽഹിയിലെ ബിജെപി നേതാക്കളെയും കുറിച്ചു പറയണ്ടേ? ആ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ എത്തിയതാണല്ലോ?

അന്വേഷണം കലാപത്തെക്കുറിച്ചല്ല  എന്നാണോ.

വിദേഷ്വപ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജി നിർദേശിച്ചു. അന്നു രാത്രിതന്നെ അദ്ദേഹത്തെ സ്ഥലംമാറ്റി. കേസെടുക്കാനുള്ള ഉത്തരവും പിൻവലിച്ചു. കേസിന്റെ അന്വേഷണമല്ല നടക്കുന്നത്. പകരം, പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരവും കലാപവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ്. അതിനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനാണു ശ്രമം.

പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിൽ താങ്കളും സജീവ പങ്കാളിയാണ്.

സ്വാഭാവികമായും. നിയമം ഭരണഘടനയ്ക്കെതിരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ജനത്തെ സംഘടിപ്പിക്കുക എന്റെ അവകാശമാണ്. അവകാശം മാത്രമല്ല, ഉത്തരവാദിത്തവുമാണ്. അതിനെ എങ്ങനെ വർഗീയകലാപവുമായി ബന്ധിപ്പിക്കും? അങ്ങനെ ബന്ധിപ്പിക്കാനാണു ഡൽഹി പൊലീസ് ശ്രമിക്കുന്നത്. അതു ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയാണ്. പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിർദേശാനുസരണം പ്രവർത്തിക്കുന്നു.ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ക്രമസമാധാനവുമായോ നിയമസംവിധാനവുമായോ ബന്ധമില്ല.

പൗരത്വ നിയമം മുസ്‌ലിം വിരുദ്ധമെന്നു പറഞ്ഞ് ആളുകളെ ഇളക്കിവിട്ടുവെന്നാണ് താങ്കൾക്കും മറ്റുമെതിരെയുള്ള ആരോപണം.

അതു പച്ചക്കള്ളം. കലാപസമയത്തു ഞാൻ വടക്കൻ ഡൽഹിയിലെ ജാഫറാബാദിൽ പോയിട്ടില്ല. സമാധാനപരമായി സമരം നടക്കുമ്പോൾ പോയിരുന്നു. ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ ശബ്ദമുയർത്താനാണു ഞാൻ ആവശ്യപ്പെട്ടത്. പൗരത്വ നിയമം രാജ്യവിരുദ്ധമാണ്. അതിൽ വർഗ, മത, ജാതി, ലിംഗ വ്യത്യാസങ്ങളില്ല. മുസ്‌ലിംകളെ വേർതിരിച്ചു പറയേണ്ടതില്ല. അവരും ഇന്ത്യൻ പൗരന്മാർതന്നെയാണ്; മറ്റാർക്കുമുള്ള അവകാശങ്ങളുള്ളവർ.

രാഷ്ട്രീയക്കാർക്കൊപ്പം, പ്രഫസർമാരെയും ഉന്നംവയ്ക്കുന്നതു രീതിയായി...

ഡൽഹി പൊലീസിന്റെ രീതി മനസ്സിലാക്കണം: കുറ്റാരോപിതരെക്കൊണ്ടു പലരുടെയും പേരുകൾ പറയിക്കും. ഈ പേരുകാർക്കെതിരെയും കുറ്റം ചുമത്താൻ കീഴ്ക്കോടതിയിൽനിന്ന് ഉത്തരവു വാങ്ങും. എന്നിട്ടു പറയും, കോടതി നിർദേശാനുസരണമാണു തങ്ങൾ നീങ്ങുന്നതെന്ന്. എന്നിട്ടു നടപടിയെടുക്കും. ഇതേ രീതിയിലാണ് ഭീമ കൊറേഗാവ് കേസിലും ചെയ്തത്.

ഹർഷ് മന്ദറിനെതിരെയുള്ള കേസിലും ഇങ്ങനെതന്നെ. ഇപ്പോൾ, പൊലീസ് നൽകിയിട്ടുള്ള കുറ്റപത്രത്തിലെ മൊഴികളിൽ ഒപ്പുവയ്ക്കാൻ കുറ്റാരോപിതരിൽ മൂന്നുപേർ തയാറായില്ല. നല്ല വിദ്യാഭ്യാസമുള്ള മൂന്നു യുവതികൾ. കുറ്റപത്രത്തിലെ ഭാഷയോ? അത്തരം ഇംഗ്ലിഷ് ഇവരുടേതാണോ? സംശയമുണ്ട്.

മുൻകൂർ ജാമ്യമെടുക്കുന്നുണ്ടോ.

എനിക്കെതിരെ കുറ്റം ചുമത്താൻ ശ്രമിക്കട്ടെ, അപ്പോൾ നോക്കാം. ഇപ്പോഴുള്ളത് സർക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ്. കമ്യൂണിസ്റ്റുകാർക്ക് അത്തരം ഗൂഢാലോചനകൾ നേരിട്ടു വേണ്ടത്ര പരിചയമുണ്ട് – മീററ്റിലും കാൺപുരിലും പെഷവാറിലുമൊക്കെ. ഞങ്ങളുടെ തലമുറ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരാണ്. ജനാധിപത്യം തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾക്കു സാധിച്ചു. അതിന്റെ ഫലം അനുഭവിച്ചാണല്ലോ ഇപ്പോഴുള്ളവരും ഭരിക്കുന്നത്. എന്നാൽ, അതേ ജനാധിപത്യത്തെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്.

നിങ്ങൾ ഒരുമിച്ചാണല്ലോ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയത്.

കൂട്ടുമുന്നണിയായല്ല, വെവ്വേറെ. ലക്ഷ്യം ഒന്നുതന്നെയായിരുന്നു.

ഡൽഹി പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത് കോവിഡ്കാലത്താണ്; പൗരത്വ നിയമത്തിനു പുതിയ ചട്ടങ്ങളുണ്ടാക്കിയിട്ടുമില്ല.

അതു ശ്രദ്ധേയമാണ്. കോവിഡ് ബാധിതരുടെയും അതുമൂലം മരിക്കുന്നവരുടെയും എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്കു നീങ്ങുകയാണ് ഇന്ത്യ. കോവിഡിനു മുൻപും തുടർന്നുമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജിഡിപിയിൽ 24% കുറവു വന്നു.

കോടിക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടമായി. അതൊന്നും സർക്കാരിനു പ്രശ്നമല്ല. ഡൽഹി പൊലീസും പൗരത്വനിയമത്തെ എതിർക്കുന്നവർക്കെതിരെയുള്ള ഗൂഢാലോചനയുടെ തിരക്കിലാണ്. ഹിന്ദുത്വ വർഗീയതയ്ക്കപ്പുറം, ഭരണത്തിന്റെ വിശദാംശങ്ങളിൽ സർക്കാരിനു താൽപര്യമില്ലാത്തതു കൊണ്ടാണല്ലോ, നിയമത്തിനു ചട്ടമുണ്ടാക്കാനൊന്നും സമയമില്ലാത്തത്.

ഇപ്പോഴത്തെ പോരാട്ടത്തിൽ ആരൊക്കെ കൂടെയുണ്ട്.

ഒപ്പം ആരുണ്ടെന്നു നോക്കിയല്ല ഒരു പോരാട്ടവും തുടങ്ങുന്നത്. ചിലർ വരും, പോകും, പിന്നെയും വരും. ജനം ഒപ്പമുണ്ടോ എന്നതാണു പ്രസക്തം. 

ആർഎസ്എസ് – ബിജെപി ശ്രമം ഭരണഘടന നശിപ്പിക്കാനും വർഗീയത പ്രയോഗിച്ച് മതാധിഷ്ഠിത രാഷ്ട്രമുണ്ടാക്കാനുമാണ്. അതിനു മതനിരപേക്ഷമായ ജനാധിപത്യ ഭരണഘടനയും ഭരണഘടനാക്രമവും ഇല്ലാതാക്കേണ്ടതുണ്ട്. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. എന്നാലിപ്പോൾ, യഥാർഥ സ്വാതന്ത്ര്യദിനമായി പറയുന്നത് ഓഗസ്റ്റ് 5 ആണ് – 2019ലെയും 2020ലെയും ഓഗസ്റ്റ് 5. ജമ്മു കശ്മീരിനെ തകർത്ത ദിവസവും, അയോധ്യയിൽ ക്ഷേത്രനിർമാണം തുടങ്ങിയ ദിവസവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA