ADVERTISEMENT

നിയമസഭാ സുവർണജൂബിലി അഭിമുഖത്തിനായി തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസി’ലെത്തിയപ്പോൾ ആദ്യം കണ്ട പേര് ഉമ്മൻ ചാണ്ടിയുടേതല്ല; രമേശ് ചെന്നിത്തലയുടേതാണ്. സ്വീകരണമുറിയിലെ മേശപ്പുറത്ത് ‘സഭയിലെ പോരാട്ടം’ എന്ന പ്രതിപക്ഷനേതാവിന്റെ അച്ചടിഗന്ധം മാറാത്ത പുതിയ പുസ്തകം.

പ്രകാശനച്ചടങ്ങിനായി ഉമ്മൻ ചാണ്ടിക്കു മുൻകൂട്ടി വായിക്കാൻ ചെന്നിത്തല എത്തിച്ചുകൊടുത്ത ആദ്യ കോപ്പിയാണത്. സഭയ്ക്കുള്ളിലും പുറത്തും ഈ രണ്ടു നേതാക്കളും കൈകോർത്തു പോരാടി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു പ്രകാശം പരത്തുമോ എന്നതാണ് ഈ ജൂബിലി വേളയിലെ ഏറ്റവും പ്രസക്തമായ ചോദ്യം. അധികാരം കിട്ടിയാൽ ആരാകും മുഖ്യമന്ത്രി എന്നതു വലിയ സസ്പെൻസും. 

 അനിവാര്യനായി ഉമ്മൻ ചാണ്ടി 

പുതുപ്പള്ളിയിൽ ഇന്ന് ഉമ്മൻ ചാണ്ടി അർധസെഞ്ചുറി കുറിക്കുമ്പോൾ അടുത്ത തിരഞ്ഞെടുപ്പു ക്രീസിലും അദ്ദേഹമുണ്ടാകുമെന്നു വ്യക്തമായിക്കഴിഞ്ഞു. ജൂബിലി അഭിമുഖങ്ങളിൽ ഉമ്മൻ ചാണ്ടി ആ സൂചനകൾ നൽകുന്നുണ്ട്. മതിയാക്കാനെങ്കിൽ ഏറ്റവും പറ്റിയ സമയമാണിതെന്ന് അടുപ്പമുള്ളവരോട് അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു. പറയുന്നതു പൂർത്തിയാക്കാൻ പക്ഷേ, അവരാരും അദ്ദേഹത്തെ അനുവദിക്കാറില്ല. 

കേരളത്തിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാവിന്റെ മത്സരരംഗത്തെ സാന്നിധ്യം യുഡിഎഫ് വിജയത്തിന് അനിവാര്യമായി എ ഗ്രൂപ്പും മിക്ക ഘടകകക്ഷി നേതാക്കളും കരുതുന്നു. അവരെ സംബന്ധിച്ച് എൽഡിഎഫിനെ മാറ്റിനി‍ർത്തുക എന്നതാണു പരമപ്രധാന ലക്ഷ്യം. ശേഷം എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കാം. അക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കും വ്യക്തമായ ധാരണകളുണ്ടാകുമെന്നു കരുതുന്നവരാണു കൂടുതൽ. 

 ഊഴം കാത്ത് ചെന്നിത്തല 

അ‍ഞ്ചു വർഷം പ്രതിപക്ഷനേതാവായി പ്രവർത്തിച്ച ശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും തന്റെ ഊഴമാണെന്നു ചെന്നിത്തല വിശ്വസിക്കുന്നു. ഒരു അട്ടിമറിനീക്കത്തിന് എ ഗ്രൂപ്പോ ഉമ്മൻ ചാണ്ടിയോ തുനിയുമെന്ന് അദ്ദേഹം ഇപ്പോൾ കരുതുന്നില്ല. 2016ൽ തോറ്റപ്പോൾ പ്രതിപക്ഷനേതാവായി ചെന്നിത്തലയെ നിർദേശിക്കാൻ മുൻകൈയെടുത്തത് ഉമ്മൻ ചാണ്ടി തന്നെ. ഗ്രൂപ്പ് വീതംവയ്പുകളിൽ അഭിപ്രായവ്യത്യാസങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിലും ഇരുവരും നല്ല വ്യക്തിബന്ധത്തിലാണ്.

മിക്ക ദിവസവും ഒന്നിൽ കൂടുതൽ തവണ ഫോണിൽ സംസാരിക്കാറുണ്ട്. പ്രധാന പ്രശ്നങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തേടിയാണു ചെന്നിത്തല നീങ്ങുന്നത്. ചെന്നിത്തലയുടെ നേതൃത്വത്തെയും പ്രതിപക്ഷനേതാവിന്റെ ആധികാരികതയെയും ദുർബലപ്പെടുത്തുന്ന ഒന്നും തന്നിൽനിന്നുണ്ടാകരുതെന്ന കരുതൽ ഉമ്മൻ ചാണ്ടിയും പുലർത്തുന്നു. 

ഇതൊക്കെയെങ്കിലും മുഖ്യമന്ത്രിപദത്തിന്റെ കാര്യത്തിൽ ഒരു നിഴൽയുദ്ധം ഇരുവർക്കുമിടയിലുണ്ടെന്നു മിക്കവരും കരുതുന്നു. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിക്കുമ്പോൾ താനുമൊരു സ്ഥാനാർഥിയാണെന്ന ധ്വനി അതിലുണ്ടെന്നു ചെന്നിത്തലയോടു ചൂടുകയറ്റുന്നവരുണ്ട്. മാധ്യമങ്ങൾ തന്നോടു ചോദിച്ചാലും അതേ മറുപടിയല്ലേ നൽകാനാകൂ എന്നു ചിരിച്ചുതള്ളുകയാണു രമേശ് ചെയ്യുന്നത്.

2011ൽ  പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ ‘മുഖ്യമന്ത്രി സ്ഥാനാർഥി’യായി കോൺഗ്രസോ യുഡിഎഫോ പ്രഖ്യാപിച്ചിരുന്നില്ല. കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയും അന്നു മത്സരിച്ചിരുന്നു. ഐ ഗ്രൂപ്പ് അദ്ദേഹത്തിനും സാധ്യത കണ്ടുവെങ്കിലും ഊഴം ഉമ്മൻ ചാണ്ടിക്കു തന്നെയായി. 

ടേം നിശ്ചയിച്ചു മുഖ്യമന്ത്രിസ്ഥാനം ഇരുവരും പങ്കുവയ്ക്കുമെന്നാണു ചിലർ പ്രവചിക്കുന്നത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കായി ഊഴം വച്ചുള്ള കരാർരീതി സർക്കാരിലേക്കു പകർത്താൻ രണ്ടു മുന്നണികളും ഇതുവരെ മുതിർന്നിട്ടില്ല. ഇരുനേതാക്കളും തമ്മിൽ മറ്റാരുമറിയാതെ ഒരു സംഭാഷണവും ധാരണയും രൂപപ്പെടുമെന്നും അതുണ്ടാക്കുന്ന പരസ്പരവിശ്വാസത്തിന്റെ ബലത്തിൽ മുന്നോട്ടുപോകുമെന്നും വിശ്വസിക്കുന്നവരുണ്ട്. 

ഏതായാലും ഉമ്മൻ ചാണ്ടി കൂടി മത്സരരംഗത്തുണ്ടാകണമെന്ന പൊതുനിർദേശത്തോടു ചെന്നിത്തലയ്ക്കു വിയോജിപ്പില്ല. 2016ൽ സിപിഎമ്മിനെ വിഎസും പിണറായിയും ഒരുമിച്ചു നയിച്ച മാതൃക കോൺഗ്രസ് അവലംബിക്കാനുള്ള സാധ്യതയാണു കൂടുതൽ. ആരാണു മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു തുറന്നുപറയാതെയുള്ള കൗശലമാണു സിപിഎമ്മും അവലംബിച്ചത്.

വരുമോ ചാണ്ടി ഉമ്മൻ? 

മകൻ ചാണ്ടി ഉമ്മനെ രാഷ്ട്രീയ പിൻഗാമിയാക്കാൻ ഈ സന്ദർഭം ഉമ്മൻ ചാണ്ടി ഉപയോഗിക്കുമോ എന്ന ചർച്ചയും കോൺഗ്രസിൽ ശക്തം. സുപ്രീം കോടതിയിലെ പ്രാക്ടീസും കോളജ് അധ്യാപകവൃത്തിയുമായി ഡൽഹിയിലുള്ള ചാണ്ടി ഉമ്മൻ നേരത്തേ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായി രാഷ്ട്രീയതാൽപര്യം പ്രകടമാക്കിയതാണ്.

പത്തനംതിട്ടയിലെ ഒരു നിയമസഭാ സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്നു പറയുന്നുവരുണ്ടെങ്കിലും ഒരേ തിരഞ്ഞെടുപ്പിൽ അച്ഛനും മകനും സ്ഥാനാർഥിയാകുന്ന കാര്യം ഉമ്മൻ ചാണ്ടിയെ അറിയാവുന്നവരെല്ലാം തള്ളുന്നു. 

‘അപ്പ’ പിൻവാങ്ങിയ ശേഷം സ്വന്തം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വന്നേക്കാം. അത് എപ്പോഴെന്ന കാര്യം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പായ അനിശ്ചിതത്വത്തിനു വിടുകയാണ് എളുപ്പം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com