ADVERTISEMENT

∙ ഷാജി എൻ.കരുൺ: സോഷ്യൽ മീഡിയ നമ്മളെ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു; ഒറ്റയ്ക്കാകുന്ന ആളെ പറഞ്ഞു പറ്റിക്കുക. ഓരോ വ്യക്തിയെയും പറഞ്ഞു പറ്റിക്കുക എന്നു പറഞ്ഞാൽ സമൂഹത്തെ പറ്റിക്കുക എന്നു തന്നെ. നമ്മുടെ അറിവു കൂടാതെയാണ് അതു ചെയ്തുകൊണ്ടിരിക്കുന്നത്. വ്യക്തികളെ ഒറ്റപ്പെടുത്തി സമൂഹത്തെ നശിപ്പിക്കുക എന്നതാണ് ക്യാപ്പിറ്റലിസത്തിന്റെ വിജയം.

∙ സക്കറിയ: കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവേയിൽ ഏറ്റവും പിന്നിലാണു കേരളത്തിന്റെ സ്ഥാനം. സാക്ഷരതയുടെ കാര്യത്തിൽ ഏറെ മുന്നിലായ നമ്മൾ വൃത്തിയുടെ കാര്യത്തിൽ എന്തുകൊണ്ടാണു പിന്നിലാകുന്നത്? മൂന്നേകാൽ കോടി മനുഷ്യർ അമേധ്യത്തിൽ കഴിയുകയാണ്. മാലിന്യക്കൂമ്പാരത്തിന്റെ നടുവിൽ ജീവിക്കുകയാണ്. പക്ഷേ, ഭരിക്കുന്നവർക്കും ജീവിക്കുന്നവർക്കും അതു പ്രശ്‌നമല്ല.

∙ അരുന്ധതി റോയ്: നോട്ടുനിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വ പരീക്ഷണമായിരുന്നു. മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ, എന്തൊക്കെ വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിന്റെയൊക്കെ പരീക്ഷണം. വർണച്ചിറകു വിരിച്ച് നാം നമ്മുടെ സ്നേഹാതിരേകം പ്രകടിപ്പിച്ചു. നോട്ടുനിരോധനത്തെ കൈനീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തിനിന്നു.

∙ പെരുമ്പടവം ശ്രീധരൻ: ‘ചെമ്മീൻ’ മാത്രം മതി രാമു കാര്യാട്ടിനെ ഓർമിക്കാൻ. അതിനു ശേഷം ഒരു സിനിമ പോലും വിജയിപ്പിക്കാൻ രാമു കാര്യാട്ടിനു സാധിച്ചിട്ടില്ല. ഒരു വലിയ ഹിമാലയം കീഴടക്കിക്കഴിയുമ്പോൾ തോന്നുന്ന ഒരു അഹങ്കാരമുണ്ടല്ലോ; അതാണു കാര്യാട്ടിനും സംഭവിച്ചത്. ആ അഹങ്കാരം കൊണ്ട് എല്ലാം നിസ്സാരവൽക്കരിക്കുകയായിരുന്നു അദ്ദേഹം.

∙ സാറാ ജോസഫ്: ടെക്നോളജി അപ്രാപ്യമായ മനുഷ്യരും ജീവിക്കുന്നില്ലേ? അവരെക്കുറിച്ചു നമുക്കൊന്നും അറിയണ്ടേ? ലോകം ചലിക്കുന്ന വേഗത്തിനൊപ്പം ചലിക്കാൻ അവർക്കാവുന്നില്ല. അവരുടെ ജീവിതം തമസ്കരിക്കപ്പെടുകയാണ്. സത്യം പറഞ്ഞാൽ അവരെക്കുറിച്ചോ നമുക്കും അവർക്കും ഇടയിലുള്ള വിടവിനെക്കുറിച്ചോ മുൻപും നാം അറിഞ്ഞിരുന്നില്ല എന്നതാണു വാസ്തവം. ആ വിടവ് അറിയിക്കുക കൂടിയായിരുന്നു കോവിഡ് കാലഘട്ടം.

∙ അഡ്വ. കാളീശ്വരം രാജ്: പെരിയ ഇരട്ടക്കൊലപാതകക്കേസ് വിധി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സന്തുലിതമായ വിധിയായിരുന്നു ഡിവിഷൻ ബെഞ്ചിൽനിന്നു വന്നത്. രാഷ്ട്രീയ കൊലപാതകം എന്ന ആരോപണം ഉയർന്നാൽ എന്തിനാണ് സ്വതന്ത്ര അന്വേഷണത്തെ സർക്കാർ എതിർക്കുന്നത്? 

‍∙ ഡോ. പി.കെ.പോക്കർ: പുതിയ വിദ്യാഭ്യാസരേഖയിലെ മൗലികമായ നിർദേശം ദേശീയതയെ സംബന്ധിക്കുന്നതാണ്. ലോകത്തെ മുഴുവൻ നയിക്കുന്ന ‘ജ്ഞാനഗുരു’സ്ഥാനം രാജ്യത്തിനു ലക്ഷ്യമിടുന്നതും തികച്ചും ഹിറ്റ്ലറെ ഓർമിപ്പിക്കുന്നതുമായ സങ്കൽപച്ചരടിലാണ് മൊത്തം കാര്യങ്ങൾ കോർത്തിണക്കിയിട്ടുള്ളത്. 

∙ ജി.വേണുഗോപാൽ: ഒരുപാടു പാട്ടുകൾ പലരും പാടി. പക്ഷേ, ഇന്നു പല പാട്ടുകളും പാടിയതാരാണെന്നു ചോദിച്ചാൽ പലർക്കുമറിയില്ല. എന്നാൽ, എനിക്ക് അത്തരമൊരു അവസ്ഥ വന്നില്ല. ഞാൻ പാടിയ ഇരുപത്തിയഞ്ചോ അൻപതോ പാട്ടുകൾ ഇന്നും ആൾക്കാർക്കറിയാം. ഇത്രയും ഭാവതീവ്രത ഒരുപാടു പാട്ടുകൾ പാടിയിരുന്നെങ്കിൽ ഓരോ പാട്ടിനും കൊടുക്കാൻ പറ്റുമായിരുന്നില്ലെന്ന് എനിക്കു തോന്നുന്നു.

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com