ഇതു ധർമയുദ്ധമാണ് മന്ത്രിയോടൊന്നും തോന്നല്ലേ...

jaleel
SHARE

ജനറൽ ജലീൽ യുദ്ധമുഖത്താണ്. വെറും യുദ്ധമായിരുന്നെങ്കിൽ അദ്ദേഹം ഇടതുകൈ മാത്രം ഉപയോഗിച്ച് എതിരാളികളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാൽ, ജനറൽ ജലീൽ നയിക്കുന്നതു ധർമയുദ്ധമാണ്. ധർമക്ഷേത്രേ, കുരുക്ഷേത്രേ എന്ന മട്ടിലും മാതിരിയിലുമാണ് അദ്ദേഹത്തിന്റെ നിൽപും ഭാവവും.

ധർമയുദ്ധങ്ങൾ നയിക്കുമ്പോൾ പല കാര്യങ്ങളും മാധ്യമങ്ങളിൽനിന്നും ജനങ്ങളിൽനിന്നും മറച്ചുവയ്ക്കേണ്ടി വരും. അല്ലെങ്കിലും, കൗശലക്കാരായ പടനായകർ യുദ്ധതന്ത്രങ്ങൾ വെളിപ്പെടുത്താറില്ല‌. എൻഐഎ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ വമ്പന്മാരാണു യുദ്ധത്തിൽ ജനറൽ ജലീലിന്റെ എതിർപക്ഷത്ത്. എന്നാലും അദ്ദേഹം തോൽവി സമ്മതിക്കില്ല.

ധർമയുദ്ധങ്ങളേ ജനറൽ ജലീൽ നയിച്ചിട്ടുള്ളൂ. കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ ശീലം അതാണ്. പടയിൽ പന്തികേടു കാണിക്കുന്ന സ്വഭാവം പണ്ടേ അദ്ദേഹത്തിനില്ല. ചൈനയുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ നേതൃത്വം ജനറൽ ജലീലിനായിരുന്നെങ്കിൽ ചൈനയുടെ നട്ടെല്ലു തകർന്നേനെ. ജനറൽ ഇതിനകം ഫീൽഡ് മാർഷലുമായേനെ.

ധർമയുദ്ധങ്ങളാകുമ്പോൾ പടനായകരുടെ ഉത്തരവാദിത്തം പതിന്മടങ്ങു വർധിക്കും. ചില പോരാളികൾക്ക് ഇടയ്ക്കിടെ വിഷാദയോഗം വരും. അവരുടെ മനസ്സു പതറും, ശരീരം തളരും, കൈകാലുകൾ വിറയ്ക്കും, ഗാണ്ഡീവം പോലുള്ള ദിവ്യായുധങ്ങൾ കയ്യിൽ ഉറയ്ക്കില്ല. അപ്പോഴെല്ലാം പടത്തലവൻ തന്നെ വേണം ഉപദേശനിർദേശങ്ങൾ നൽകി പോരാളികളെ ഉഷാറാക്കാൻ. അക്കാര്യത്തിൽ ജനറൽ ജലീൽ അഗ്രഗണ്യനാണെന്ന് എതിരാളികൾ പോലും സമ്മതിക്കും.

ധർമയുദ്ധത്തിലായാലും ചിലപ്പോൾ ഒളിപ്പോർ പ്രയോഗിക്കേണ്ടി വരും. ഗറില യുദ്ധമുറകളെക്കുറിച്ചു മാധ്യമങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ല. ജനറൽ ജലീൽ ചിലപ്പോൾ കമുഫ്ലാഷ് യൂണിഫോം ധരിക്കും. ചിലപ്പോൾ ലുങ്കിയും ബനിയനുമായിരിക്കും വേഷം. ബംഗ്ലദേശ് യുദ്ധകാലത്ത് ഇന്ത്യൻ ഓഫിസർമാർ ആ വേഷത്തിൽ പൊരുതിയതായി കേട്ടിട്ടില്ലേ? ധർമയുദ്ധകാലത്ത് അദ്ദേഹത്തിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ട് –  മൂന്നു നേരവും ഈന്തപ്പഴം മാത്രമേ കഴിക്കൂ എന്നതിൽ. 

ചോദ്യം ചെയ്യാൻ ഇഡിയോ കസ്റ്റംസോ എൻഐഎയോ വിളിപ്പിച്ചാൽ മന്ത്രി ഐഡി കാർഡും കഴുത്തിലിട്ട് പൊലീസ് അകമ്പടിയോടെ കൊടിവച്ച കാറിൽ ഹാജരാകണമെന്ന് എവിടെയും നിയമമില്ല. മന്ത്രിക്കു വേണമെങ്കിൽ തലയിൽ മുണ്ടിട്ടോ മുണ്ടിടാതെയോ പോകാം. മാധ്യമങ്ങളെ പറ്റിക്കുക എന്നതാണു ധർമയുദ്ധത്തിലെ പരമപ്രധാന തന്ത്രം. അക്കാര്യത്തിൽ ജനറൽ ജലീലിനെ വെല്ലാൻ സാം മനേക് ഷായ്ക്കോ കരിയപ്പയ്ക്കോ കഴിയില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും അദ്ദേഹത്തിനു ഫീൽഡ് മാർഷൽ പദവി നൽകാൻ വൈകരുത്.

സെക്രട്ടറിമാർ ഇനിയും ആയിക്കോട്ടെ

പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ എന്നു പറഞ്ഞതുപോലെ കെപിസിസിയുടെ പ്രവർത്തനം ഇനി കാണാ‍ൻ പോകുന്നതേയുള്ളൂ. 10 ജനറൽ സെക്രട്ടറിമാരെയും 96 സെക്രട്ടറിമാരെയും കൂടി നിയമിച്ചതോടെ കെപിസിസിയെ ഇനി പിടിച്ചാൽ കിട്ടുമെന്നു തോന്നുന്നില്ല. ഇതോടെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 44 ആയെന്നാണു തോന്നുന്നത്. എത്രയാണെന്നു ചോദിച്ചാൽ മുല്ലപ്പള്ളി രാമചന്ദ്രനു പോലും കൃത്യമായി മറുപടി പറയാൻ കഴിയുമെന്നു തോന്നുന്നില്ല.

നെയ്യ് കൂടിപ്പോയതുകൊണ്ട് അപ്പം മോശമാകാറില്ല. അതുപോലെ ഭാരവാഹികളുടെ എണ്ണം കൂടിയതുകൊണ്ടു കെപിസിസിയുടെ പ്രവർത്തനവും മോശമാകില്ല. സത്യത്തിൽ 44 ജനറൽ സെക്രട്ടറിമാരെയും 96 സെക്രട്ടറിമാരെയും വച്ചാലും കെപിസിസി കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ മുഴുവൻ യഥോചിതം കൈകാര്യം ചെയ്യാനാവില്ല. 

ഒരുകാലത്തു ഭൂമിക്കു മുകളിലും സൂര്യനു താഴെയുമുള്ള വിഷയങ്ങൾ മാത്രം കെപിസിസി കൈകാര്യം ചെയ്താൽ മതിയായിരുന്നു. എന്നാൽ, കോൺഗ്രസിന്റെ ശക്തി വല്ലാതെ വർധിച്ചതോടെ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളിലെയും കാര്യങ്ങൾ കെപിസിസി തന്നെ നോക്കണമെന്നതാണു സ്ഥിതി. ആകാശഗംഗയിലെ നക്ഷത്രങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളിലും കെപിസിസിയുടെ ഇടപെടൽ അനിവാര്യമാണ്. ഇതിനു പുറമേയാണു സ്വർഗം, നരകം തുടങ്ങിയ അയൽരാജ്യങ്ങൾ. എല്ലായിടത്തും ഒരു കണ്ണു വേണമെങ്കിൽ ചുരുങ്ങിയത് ആയിരം ജനറൽ സെക്രട്ടറിമാരും കാക്കത്തൊള്ളായിരം സെക്രട്ടറിമാരും വേണം. ഇക്കാര്യം ഹൈക്കമാൻഡ് ഗൗരവപൂർവം പരിഗണിച്ചു നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കാം.

അരുതേ, എഴുത്തുകാരെ ദ്രോഹിക്കരുതേ...

എഴുത്തുകാർ പലതരക്കാരുണ്ട്. കഥയെഴുത്തുകാർ, നോവലെഴുത്തുകാർ, കവിതയെഴുത്തുകാർ... ആധാരമെഴുത്തുകാർ വരെ എണ്ണിയാലൊടുങ്ങാത്ത ഇനങ്ങൾ ഇക്കൂട്ടത്തിൽ വരും. ഈയിടെയായി പാട്ടെഴുത്തുകാർ, കേട്ടെഴുത്തുകാർ, കണ്ടെഴുത്തുകാർ തുടങ്ങിയ പുതിയ ഐറ്റങ്ങളും പെരുകിയിട്ടുണ്ട്. കോൺഗ്രസിലാണെങ്കിൽ ഇപ്പോൾ കത്തെഴുത്തുകാരുടെ കാലമാണ്. എഴുത്തുകാരെ അധികാരിവർഗത്തിന് എക്കാലത്തും പേടിയാണ്. ‘എഴുത്തോ നിന്റെ കഴുത്തോ/ഏറെക്കൂറേതിനോട്’ എന്ന ചോദ്യവുമായി അധികാരികൾ എഴുത്തുകാരുടെ മുന്നിൽ പ്രത്യക്ഷപ്പെടും.

കോൺഗ്രസിലും അതുതന്നെയാണു സംഭവിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനു കത്തെഴുതിയ 23 ഒപ്പിയാൻമാർ ഇപ്പോൾ ഇതേ ഭീഷണിയാണു നേരിടുന്നത്. ഒപ്പിയാൻമാരിൽ ചിലർക്കെല്ലാം കസേര നഷ്ടപ്പെട്ടുകഴിഞ്ഞു. ബാക്കിയുള്ളവരുടെ കാര്യവും ത്രിശങ്കുവിലാണ്. ഈ നിലയ്ക്കു പോയാൽ എഴുത്താളന്മാരുടെ വംശം തന്നെ കുറ്റിയറ്റുപോകുന്ന ലക്ഷണമാണ്. അതു വിശ്വസാഹിത്യത്തിനു തന്നെ ദോഷം ചെയ്യും.

കത്തെഴുത്ത് എന്ന സാഹിത്യശാഖ അന്യംനിന്നാൽ അതിന്റെ നഷ്ടം വരുംതലമുറകൾക്കാണ്. ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ പോലെ മനോഹരമായ കൃതികൾ ഭാവിയിൽ ഇല്ലാതാകും. ഇക്കാര്യം പരിഗണിച്ചെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് എഴുത്താളരെയും ഒപ്പിയാൻമാരെയും പ്രോത്സാഹിപ്പിക്കണം. അവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കുന്ന കാര്യവും ആലോചിക്കേണ്ടതാണ്.

സ്റ്റോപ് പ്രസ്:  ജനങ്ങൾക്കു വിശ്വാസം പത്രങ്ങളെയാണെന്ന് സർവേ ഫലം.

അതുകൊണ്ടാണല്ലോ, നമ്മുടെ മുഖ്യമന്ത്രി ഒരു പത്രവുമായി സന്ധ്യാപ്രഭാഷണത്തിനു വരുന്നതും തുടർച്ചയായി പത്രങ്ങളെ  ചീത്ത പറയുന്നതും.

English summary: K.T. Jaleel 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA