കോളജ് അധ്യാപക പരീക്ഷയും ഉദ്യോഗാർഥികളുടെ ആശങ്കകളും

Teacher
SHARE

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് പിഎസ്‌സി വിവരണാത്മക പരീക്ഷ നടത്താൻ തീരുമാനിച്ചത് ഉദ്യോഗാർഥികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. 2019ലാണ് പിഎസ്‌സി ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഈ വർഷം നവംബർ മുതൽ പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

2011ലെ വിജ്ഞാപനപ്രകാരം ഇതേ തസ്തികകളിലേക്കു വിവരണാത്മക പരീക്ഷ നടത്താനുള്ള തീരുമാനം, മൂല്യനിർണയം സംബന്ധിച്ചു കടുത്ത എതിർപ്പുയർന്നതിനെ തുടർന്നു പിൻവലിച്ചിരുന്നു. വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയം എത്രത്തോളം ശാസ്ത്രീയവും സുതാര്യവുമാകും എന്നതു സംശയകരമാണ്. 

ഒരേ ഉത്തരക്കടലാസ് പലർ നോക്കിയാൽ ഓരോരുത്തരും വ്യത്യസ്ത മാർക്കാവും നൽകാൻ പോകുന്നത്. കാൽ മാർക്കിനു പോലും അതീവ പ്രാധാന്യമുള്ള ഒരു മത്സരപ്പരീക്ഷയിൽ ഇത്തരം ഏറ്റക്കുറച്ചിലുകൾ വലിയതോതിൽ റാങ്കുകൾ മാറ്റിമറിക്കും. മുൻ വർഷങ്ങളിൽ ഭൂരിഭാഗം ലിസ്റ്റുകളിൽ നിന്നും പതിനഞ്ചിൽ താഴെ നിയമനങ്ങളേ നടന്നിട്ടുള്ളൂ.

വിവരണാത്മക പരീക്ഷയിൽ മൂല്യനിർണയം നടത്തുന്നയാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളും മാർക്കിടലിനെ കാര്യമായി സ്വാധീനിച്ചേക്കാം. ഇത് ഒട്ടേറെപ്പേരുടെ ഭാവിയും സ്വപ്നങ്ങളും തകർത്തേക്കാം. ഒഎംആർ പരീക്ഷയെപ്പോലെയല്ല, അവിഹിത ഇടപെടലുകൾക്കും സാധ്യത കൂടുതലാണെന്ന് ഉദ്യോഗാർഥികൾ സംശയിക്കുന്നു. പിഴവുകളില്ലാത്ത രീതിയിൽ ഒബ്ജക്ടീവ് പരീക്ഷ തന്നെ നടത്തണം.

ഷിബി ജോൺസൻ നിലമ്പൂർ, മലപ്പുറം

ശുചിത്വപദവി: പ്രഖ്യാപനം മാത്രം പോരാ

കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളും ശുചിത്വപദവി വാങ്ങുന്ന തിരക്കിലാണ്. ഖരമാലിന്യ സംസ്കരണത്തിൽ 60% പ്രവർത്തനം പൂർത്തിയാക്കണം, ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിനു വേണ്ട സംവിധാനമൊരുക്കണം, അജൈവമാലിന്യങ്ങൾ ഹരിതകർമസേന വഴി ശേഖരിച്ച് സംസ്കരിക്കുന്നതിനു കൈമാറണം. പ്രാഥമികമായി ഇത്രയുമെങ്കിലും ചെയ്യാൻ പഞ്ചായത്തുകൾ തയാറാകണം. ശുചിത്വ സർട്ടിഫിക്കറ്റുകൾ ചില്ലിട്ടു വച്ചതുകൊണ്ട് നാടിനു പ്രയോജനമില്ലല്ലോ!

കലയപുരം മോനച്ചൻ കൊട്ടാരക്കര, കൊല്ലം 

കർഷകരെ വിശ്വാസത്തിലെടുക്കണം 

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും അതിലുള്ള ആശങ്കകൾ ഒഴിയുന്നില്ല; പ്രത്യേകിച്ച് കരാർക്കൃഷി നിയമത്തിൽ. 

കോർപറേറ്റ് അനുകൂല നിയമങ്ങളാണ് ഇവയെന്നാരോപിച്ച് കർഷകർ തെരുവിലിറങ്ങിക്കഴിഞ്ഞു. കൃഷി സംബന്ധിച്ച് പുതിയ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുമ്പോൾ ആദ്യം വിശ്വാസത്തിലെടുക്കേണ്ടത് കർഷകനെത്തന്നെയല്ലേ? അവരുടെ ആശങ്കകൾ നീക്കി വേണ്ടേ, അതു നടപ്പാക്കാൻ? 

ടി.പ്രഭാകരൻ, തൃശൂർ

English summary: College teacher exam concerns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA