കേന്ദ്രം കൊരുക്കുന്ന വല

pinarayi
SHARE

ഒന്നും രണ്ടുമല്ല, ആറു കേന്ദ്ര ഏജൻസികളാണു സെക്രട്ടേറിയറ്റിനും കേരളത്തിനും ചുറ്റും വട്ടമിട്ടു കറങ്ങുന്നത്. ‘നേരറിയാൻ സിബിഐ’ വരാനിരിക്കുന്നു. രാജ്യത്തുതന്നെ അത്യസാധാരണ സാഹചര്യമാണു പിണറായി സർക്കാർ അഭിമുഖീകരിക്കുന്നത്; കേരളചരിത്രത്തിൽ മുൻപുണ്ടാകാത്തതും.

സ്വതസിദ്ധമായ ആത്മവിശ്വാസം പിണറായി വിജയൻ കൈവിടുന്നില്ല. പക്ഷേ, ലാവ്‌ലിൻ കേസിലെ ഒരേയൊരു സിബിഐ അന്വേഷണത്തിന്റെ കെടുതി ഇനിയും പിന്തുടരുന്ന അദ്ദേഹത്തിനും പാർട്ടിക്കും ഇതിനെ നിസ്സാരമായി കാണാനാകില്ല. അക്കാര്യം ഏറ്റവും ബോധ്യമുള്ളതു സിപിഎമ്മിനു തന്നെ. കേന്ദ്ര ഏജൻസികൾ‍ എത്രവേണമെങ്കിലും വരികയും അന്വേഷിക്കുകയും ചെയ്യട്ടേ എന്നു വെല്ലുവിളിക്കുന്ന പാർട്ടി തന്നെയാണ് പെരിയ ഇരട്ടക്കൊലപാതകം സിബിഐ ഏറ്റെടുക്കാതിരിക്കാൻ പതിനെട്ടടവും പയറ്റുന്നത്; വെഞ്ഞാറമൂട്ടിൽ വീണ സ്വന്തം ചോര സിബിഐക്കു വിടൂ എന്ന കോൺഗ്രസിന്റെ വെല്ലുവിളി ഏറ്റെടുക്കാത്തത്. കേന്ദ്ര അന്വേഷണങ്ങളോടുള്ള അനിഷ്ടവും അകൽച്ചയും പഴയതുപോലെയെന്നു വ്യക്തം. എൻഐഎ അടക്കം വല കൊരുക്കുന്നതിലെ ആശങ്ക മനസ്സിലാകണമെങ്കിൽ സിബിഐയെ അകറ്റിനിർത്താനുള്ള ഈ ശ്രമംകൂടി അക്കൂട്ടത്തിൽ ഓർമിക്കണം.

സ്വർണക്കടത്തും തീവ്രവാദ – ഹവാല ബന്ധവും അന്വേഷിച്ച് എൻഐഎ, വിദേശനാണ്യ വിനിമയ വീഴ്ചകളും കള്ളപ്പണ ഇടപാടും പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സ്വർണക്കടത്തു ബന്ധമുള്ള ലഹരിമരുന്നു വേട്ടയ്ക്കായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, നികുതിവെട്ടിപ്പും സാമ്പത്തിക ഇടപാടുകളും തേടി ആദായനികുതി വകുപ്പ്, സ്വർണക്കടത്ത്, മതഗ്രന്ഥം, ഈന്തപ്പഴ വിതരണം എന്നിവയെക്കുറിച്ചു കേസെടുത്ത് കസ്റ്റംസ്. ഈ അഞ്ച് ഏജൻസികളെയും സഹായിച്ചും ഏകോപിപ്പിച്ചും ഇന്റലിജൻസ് ബ്യൂറോയും (ഐബി). ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും സിബിഐ വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അപ്പോൾ അന്വേഷണ ഏജൻസികൾ ഏഴാകും!

വെട്ടിലായി സർക്കാരും പാർട്ടിയും

മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം തുടങ്ങിയതെങ്കിൽ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തതോടെ പാർട്ടി നേതൃത്വവും പ്രതിസന്ധിയിലായി. സർക്കാരിനെയും പാർട്ടിയെയും നയിക്കുന്ന രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങൾക്കാണു കേന്ദ്ര ഏജൻസികൾ അലോസരം സൃഷ്ടിക്കുന്നത്.

ഇഡി – എൻഐഎ ചോദ്യം ചെയ്യലിനു വിധേയനായ കേരളത്തിലെ ആദ്യ മന്ത്രി എന്ന വിശേഷണം കെ.ടി.ജലീലിനു സിദ്ധിച്ചുകഴിഞ്ഞു. സ്വപ്ന സുരേഷുമായുള്ള മുഴുവൻ വാട്സാപ് സന്ദേശങ്ങളും ചോദ്യം ചെയ്യൽ മുറിയിലെ സ്ക്രീനിൽ മന്ത്രിക്കു കാണേണ്ടിയും വിശദീകരിക്കേണ്ടിയും വന്നു. അവരുമായി ചാറ്റ് ബന്ധമുണ്ടായിരുന്ന രണ്ടാമതൊരു മന്ത്രിയെ ഏതു സമയത്തും ചോദ്യം ചെയ്യലിനു വിളിപ്പിക്കാമെന്നതാണു സ്ഥിതി.

സംസ്ഥാന വികസനത്തിനുള്ള മാന്ത്രികവടിയായി സർക്കാർ വിശേഷിപ്പിക്കുന്ന കിഫ്ബിയും നിനച്ചിരിക്കാതെ ഇഡി അന്വേഷണത്തിനു വിധേയമായിരിക്കുന്നു. പൊളിഞ്ഞുപോയ യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപ പെട്ടെന്നു പിൻവലിക്കുകയും ബാങ്ക് ഡയറക്ടറായിരുന്ന ടി.എസ്.വിജയൻ വൈകാതെ കിഫ്ബി ഡയറക്ടറാകുകയും ചെയ്തതാണ് അന്വേഷണത്തിന് ആധാരമെന്നാണു റിപ്പോർട്ടുകൾ.

നിരന്തരം പ്രതിരോധിക്കുക എന്നതല്ലാതെ മറ്റൊരു മാർഗം സർക്കാരിനും പാർട്ടിക്കും മുന്നിലില്ല. പ്രതിരോധത്തിനു പകരം രാഷ്ട്രീയലക്ഷ്യങ്ങൾ തുറന്നുകാട്ടുന്ന പ്രത്യാക്രമണത്തിലേക്കാണു നീങ്ങേണ്ടതെന്നു സിപിഐ നിർദേശിച്ചുവെങ്കിലും സിപിഎം യോജിച്ചിട്ടില്ല. അന്വേഷണത്തിലെ ശരിയും തെറ്റും ഒരുപോലെ ചൂണ്ടിക്കാട്ടുകയെന്ന നയമാണ് അവർ സ്വീകരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയം അന്വേഷണത്തിൽ കലരാനുള്ള സാധ്യത സിപിഎം തള്ളുന്നില്ല. പക്ഷേ, അതു പറഞ്ഞു നിശിതമായി തിരിയാനുള്ള സമയമായതായി ഇനിയും കരുതുന്നില്ല. കേന്ദ്രനീക്കങ്ങളെ തുറന്നെതിർക്കാൻ സിപിഎം മടിക്കുന്നത് എന്തുകൊണ്ടാകും? കേന്ദ്ര ഏജൻസികളുടെ കക്ഷത്തിൽ രാജ്യത്തെ ഏക സിപിഎം സർക്കാരിന്റെ തലയിരിക്കുമ്പോൾ മോദിക്കെതിരെ ഇടതുപക്ഷത്തിന് എത്രകണ്ടു ശബ്ദിക്കാനാകും?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA