ADVERTISEMENT

സ്കൂളിനോടു ചിരിക്കാതെ അരക്കൊല്ലം

നൈന ഫെബിൻ (പ്ലസ് വൺ, നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂൾ പട്ടാമ്പി, പാലക്കാട്), വനമിത്ര പുരസ്കാര ജേതാവ്. 

വെറും കെട്ടിടമല്ല, കുട്ടികൾ ചിരിക്കുന്ന ഇടമാണു വിദ്യാലയം. 6 മാസമായി, കൂട്ടുകാരോടൊത്തു വിദ്യാലയത്തോടു മിണ്ടാതെയും ചിരിക്കാതെയും വീട്ടിലൊതുങ്ങിക്കൂടിയിട്ട്. ഞാനൊരു പ്ലസ് വൺ വിദ്യാർഥിനിയാണ്. പുതിയ വിദ്യാലയം, അധ്യാപകർ, കൂട്ടുകാർ, കളിചിരികൾ... ഒന്നും ആസ്വദിക്കാനാകാതെ വരിക എന്നതു സങ്കടകരമാണ്. സ്കൂൾ എന്നു തുറക്കുമെന്ന കാത്തിരിപ്പിനുത്തരം ‘ഓൺലൈൻ ക്ലാസേ ശരണം’ എന്നായിരിക്കുമെന്നാണ് ഈ കാലം അറിയിക്കുന്നത്. സ്കൂൾ ഓർമകൾ പെറുക്കുമ്പോഴാണു സങ്കടം. മഴയോർമകളും കളിയോർമകളും പാട്ടോർമകളും കുളിരേകുന്നു.

വീട്ടിൽനിന്നു കിഴക്കോട്ടിറങ്ങി പാടവരമ്പിലൂടെ നടന്നു റോഡിലേക്കെത്തി 20 മിനിറ്റ് നടത്തദൂരമുണ്ട് സ്കൂളിലെത്താൻ. പെരുമഴക്കാലമല്ലേ; കുടയൊക്കെ ചൂടിയാണു വീട്ടിൽനിന്നിറങ്ങുക. പക്ഷേ, പലപ്പോഴും കുട തലയ്ക്കുമീതെ ഉണ്ടാകാറില്ല എന്നതാണു വാസ്തവം. പാടത്തു വെള്ളം കയറി അതു നിലംപതി വഴി റോഡിലേക്കെത്തും. പിന്നെ ആഘോഷമാണ്. ബാഗും ബുക്കും യൂണിഫോമും ഒന്നും ഒരു പ്രശ്നമേയല്ല. വെള്ളത്തിലേക്ക് എടുത്തുചാടി കാലുകൊണ്ടു തെറിപ്പിക്കും. സൈക്കിളിലാണേൽ പിന്നെ ചിന്ത വേണ്ട; വെള്ളം മറ്റുള്ളവരുടെ ദേഹത്താകെ തെറിപ്പിക്കും. ഇത്തരം എല്ലാ വേലത്തരങ്ങൾക്കും ശേഷമാണു സ്കൂളിലെത്തുന്നത്. 

സ്കൂളിലെത്തിയാൽ പിന്നെ അടുത്ത മഴയധ്യായം തുടങ്ങുകയായി. വെറുതേ, മഴയത്തു സ്കൂൾ മുറ്റത്തുകൂടി ഓടിനടക്കും. ഓടിലൂടെ ഒലിച്ചിറങ്ങുന്ന നൂൽവെള്ളത്തുള്ളികൾ കൂട്ടുകാരിയുടെ മുഖത്തേക്കു തൂക്കും. അപ്പോ മനസ്സിനു വല്ലാത്ത സന്തോഷമാണ്! സ്റ്റാഫ്‌ റൂം വരെ പോയി എത്തിനോക്കുക ഞങ്ങളുടെ പതിവാണ്; ഏതെങ്കിലും പീരിയഡ് ഒഴിവുണ്ടോന്ന് അറിയാൻ. പല കളിതമാശകളുടെയും ആസൂത്രണഭാഗമാണത്. പക്ഷേ, മിക്ക എത്തിനോട്ടശ്രമങ്ങളും പരാജയപ്പെടാറാണു പതിവ്. കാരണം സ്റ്റാഫ് റൂമിന്റെ വാതുക്കൽ എത്തുമ്പോഴേക്കും അച്ചടക്കക്കമ്മിഷൻ ആയുധങ്ങളോടെ ഇൻവെസ്റ്റിഗേഷനെത്തിയിട്ടുണ്ടാവും. അന്നേരം ആ വിദ്യാലയത്തിൽ അത്രയും സത്യസന്ധരായ വിദ്യാർഥികൾ വേറെ ഉണ്ടാകില്ല.

ഓർമകൾക്കു മധുരമേറെയാണ്. ഈ ഓർമകൾക്കു നിറഭംഗി കൂട്ടാൻ ഇനി ഒരു സ്കൂൾ കാലം എന്നാണെന്നറിയില്ല. വിരൽത്തുമ്പിലെ വിവരസാങ്കേതികവിദ്യ ആശ്വാസകരമാകുന്നുവെങ്കിലും കട്ടിക്കണ്ണടകളിലൂടെ മൊബൈൽ ഫോണുകളിലേക്കു മണിക്കൂറുകളോളം നീളുന്ന തുറിച്ചുനോട്ടം കാഴ്ചകൾക്കു മങ്ങലേൽപിക്കുന്നു. ഈ കോവിഡ് നമുക്കിടയിൽനിന്ന് ഓടിയകലും വരെ നമുക്ക് അകന്നിരിക്കാം...

കാത്തിരിപ്പൂ, പ്രകാശദിനങ്ങൾ

സന റഹ്മാൻ (ഒൻപതാം ക്ലാസ്, ഐയുഎച്ച്എസ്എസ്, പറപ്പൂർ, മലപ്പുറം)

(പ്രളയബാധിതർക്കു സഹായം ആവശ്യപ്പെട്ട് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു കത്തയച്ചതിലൂടെ ശ്രദ്ധേയ. രാജ്ഞിയുടെ മറുപടിയും ലഭിച്ചു)

കൊറോണയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് 6 മാസം മുൻപാണ്. 2 മാസത്തെ വേനലവധിയുടെ പ്ലാനിങ്ങിലായിരുന്നു ഞങ്ങൾ. പരീക്ഷ ഇല്ലാതാകുന്നതും സ്കൂൾ അടയ്ക്കുന്നതും മിക്ക കുട്ടികളുടെയും സ്വപ്നമാണല്ലോ. മാർച്ചിൽ ലോക്‌ഡൗൺ തുടങ്ങിയതോടെ ഞാനും സന്തോഷിച്ചു.

ആദ്യത്തെ ഒരു മാസം സന്തോഷക്കാലമായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും വീടിനുള്ളിൽ ശ്വാസംമുട്ടിത്തുടങ്ങി. വീട്ടിലെ വസ്തുക്കളെല്ലാം നൂറ്റാണ്ടുകളായി കാണുന്നതുപോലുള്ള മടുപ്പ്. മുറ്റത്തെ മരങ്ങൾക്ക് എന്താണ് എന്നും ഒരേ നിറം? കുയിലിനു മറ്റൊരു ശബ്ദത്തിൽ പാടിക്കൂടെ?... വിരസത ഇത്രയും ഭീകരമായി മറ്റൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. സ്കൂളിൽ പോകുന്നതും കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നതുമായി എന്റെ സ്വപ്നങ്ങൾ. 

സ്കൂൾ തുറക്കൽ നീണ്ടുപോയതോടെ വീടായി വിദ്യാലയം. ടിവി ഓഫാക്കി പോയിരുന്നു പഠിക്കെന്ന് പറഞ്ഞിരുന്ന മാതാപിതാക്കൾ ഒന്നുപോയി ടിവിയുടെ മുൻപിലിരിക്കൂ എന്നു പറഞ്ഞുതുടങ്ങി. പുസ്തകങ്ങൾക്കൊപ്പം മൊബൈൽ ഫോണും ഹാജർ പറഞ്ഞുതുടങ്ങിയതോടെ പഠനം ഡിജിറ്റലായി. കോവിഡ് കൊണ്ടുവന്ന നല്ല മാറ്റങ്ങൾ ഓർക്കാനാണ് എനിക്കിഷ്ടം. കൈകഴുകിയും മാസ്ക് ധരിച്ചും അകലം പാലിച്ചും ഈ ദിവസങ്ങളിൽ കൊറോണയ്ക്കെതിരെ ഞാനുമൊരു പോരാളിയായി. ‘പുറത്തേക്കുള്ള’ വാതിൽ പൂട്ടിയ കൊറോണ എനിക്കു വായനയിലേക്ക് മറ്റൊരു വാതിൽ തുറന്നുതന്നു. അകന്നിരുന്നും അടുപ്പം സൂക്ഷിക്കാമെന്നും പരീക്ഷയെക്കാൾ വലിയ പരീക്ഷണങ്ങൾ ജീവിതത്തിലുണ്ടെന്നും കൊറോണക്കാലം പഠിപ്പിച്ചു. പ്രകാശമുള്ള ദിനങ്ങൾക്കായി ഞങ്ങൾ കുട്ടികൾ കാത്തിരിക്കുന്നു.

ലോക്ഡൗണിനെ സിനിമയിലെടുത്തേ...

ഗൗരി കൃഷ്ണ (ഏഴാം ക്ലാസ്, ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മരട്, കൊച്ചി)

ഞാനൊരു സിനിമ പിടിച്ചു കേട്ടോ. കോവിഡ്കാലം എന്നെക്കൊണ്ടതു ചെയ്യിച്ചു. ഒരു ഷോർട് ഫിലിം. സ്കൂളിൽനിന്നു പറഞ്ഞു, ‘മൈ ലോക്ഡൗൺ എക്സ്പീരിയൻസസ്’ എന്ന പേരിൽ ഒരു ഹ്രസ്വചിത്രം ചെയ്യാൻ. ഞാൻ തന്നെ എഴുതി സംവിധാനം ചെയ്തു. 

എന്റെ അമ്മയുടെ നാട് ചോറ്റാനിക്കരയാണ്. അവിടെയാണ് അപ്പൂപ്പനും അമ്മൂമ്മയും. ലോക്ഡൗണിൽ ആ വീട്ടിലേക്കാണു പോയത്. അമ്മവീട്ടിലെ വിശേഷങ്ങളാണ് എന്റെ ലോക്ഡൗൺ സിനിമയിലുള്ളത്. അച്ഛന്റെ മൊബൈലിന്റെ ക്യാമറയിലാണു സിനിമ പിടിച്ചത്. അമ്മയും അനിയനും അഭിനയിച്ചു. അമ്മയുടെ വീടിനോടു ചേർന്നു പറമ്പുണ്ടെന്നൊക്കെ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയി. പച്ചക്കറിക്കൃഷിയിൽ അമ്മൂമ്മയെ സഹായിക്കാൻ തുടങ്ങി. ചീരയും വെണ്ടയുമൊക്കെ കൺമുന്നിൽ വളർന്നു വലുതായി. വെണ്ടക്ക മൊട്ടിട്ടപ്പോൾ എന്തു സന്തോഷമായിരുന്നെന്നോ? പിന്നെ, അടുക്കളയിലെ പരീക്ഷണങ്ങൾ. കടയിൽനിന്നുമാത്രം കിട്ടിയിരുന്ന പൊറോട്ടയും പഫ്സും വീട്ടിലുണ്ടാക്കി. 

പക്ഷേ, കോവിഡ് മായ്ച്ചുകളഞ്ഞ സന്തോഷങ്ങളാണു കൂടുതൽ. സ്കൂൾ എന്നത് എത്ര ആഹ്ലാദകരമായ അനുഭവമാണെന്ന് കോവിഡ് ഓർമപ്പെടുത്തുന്നു. പിന്നെ, അവധിക്കാലത്തെ ഏറ്റവും വലിയ ആവേശം യാത്രകളായിരുന്നു. അതും മിസ്സായി. വേനലവധി ക്യാംപുകളാണു മറ്റൊരു നഷ്ടം. പുതിയ കൂട്ടുകാരെ കിട്ടുമായിരുന്നു അവിടെ. സിനിമ എനിക്കു പ്രിയപ്പെട്ടതാണ്. തിയറ്ററിൽപ്പോയി പോപ്കോണൊക്കെ കൊറിച്ചു സിനിമ കാണുന്നതിന്റെ രസമൊന്നു വേറെ. ടിവിയിലും ഫോണിലും കാണുമ്പോൾ ആ രസമില്ല. എന്തായാലും എന്റെ ആദ്യ ഫിലിം ഞാൻ ഓർമയുടെ ചെപ്പിലടച്ചു സൂക്ഷിച്ചുവയ്ക്കും. കാരണം, അതിലൊരു ലോക്ഡൗൺ ഉണ്ടല്ലോ.

ജഹാൻ ജോബി (രണ്ടാം ക്ലാസ്, കോഴിക്കോട് വേദവ്യാസ വിദ്യാലയ)

Jahan-Joby
ജഹാൻ ജോബി

‘നമ്മളെല്ലാവരും ഇപ്പോ വീടിന്റെ അകത്താണ്, മുറ്റത്തു വരെയേ ഇറങ്ങാൻ പറ്റൂ. ജീവികളും ലോക്ഡൗണിലാണ്. എന്റെ മീനുകളാണിത്. അതും ലോക്ഡൗണിലാണ്. ഇതെന്റെ ലോക്ഡൗൺ ചിത്രമാണ്.’

English Summary: Students activities during holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com