ADVERTISEMENT

അയാൾ നഗരത്തിലൂടെ നടക്കുന്നതിനിടയിലാണ് ഒരു സ്‌ത്രീയുടെ നിലവിളി കേട്ടത്. സഹായത്തിനായുള്ള മുറവിളി. എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്നു മനസ്സിലായി. സഹായിക്കാൻ തുനിഞ്ഞെങ്കിലും ചില ചിന്തകൾ പിന്നോട്ടു വലിച്ചു. എന്താണു സംഭവം എന്നറിയില്ല, സ്‌ത്രീ ആരെന്നറിയില്ല, ഇടപെട്ടാൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാലോ, സൽപേരിനു കളങ്കം വരുമോ.. ഇങ്ങനെയെല്ലാം ചിന്തിച്ച് നിൽക്കുന്നതിനിടെ ആ ശബ്‌ദം നേർത്തു നേർത്ത് ഇല്ലാതായി. താൻ സഹായിക്കാതിരുന്നതിനു സ്വയം ന്യായീകരണങ്ങൾ കണ്ടെത്തി ഒന്നും സംഭവിക്കാത്തമട്ടിൽ നിസംഗതയോടെ തിരിഞ്ഞു നടന്നു. 

അംഗീകാരങ്ങൾക്കുവേണ്ടി മാത്രം നടത്തുന്ന ഇടപെടലുകളാണ് അനുകമ്പയുടെയും ആർദ്രതയുടെയും അർഥം പോലും നഷ്‌ടമാക്കുന്നത്. തിരിച്ചുതരാൻ ഒന്നുമില്ലാത്തവരായിരിക്കും പലപ്പോഴും നിസ്സഹായതയുടെ വരമ്പത്തുനിന്ന് കേഴുന്നത്. ആലോചിച്ച് പ്രതികരിക്കാൻ പോലും സമയമുണ്ടാകില്ല. സ്വഭാവിക നന്മയുള്ളവരുടെ ആശങ്കകളില്ലാത്ത പ്രത്യുത്തരങ്ങളിലൂടെ മാത്രമേ അത്തരക്കാർ രക്ഷപ്പെടൂ. 

ഒരു വിരലനക്കിയാൽ രക്ഷപ്പെടുന്ന ജീവിതങ്ങളെ എന്തിനാണു വഴിയിൽ തള്ളുന്നത്. കൈനീട്ടുന്നവർക്കു മാത്രമേ സഹായങ്ങൾ ലഭിക്കുകയുള്ളൂ എങ്കിൽ നീട്ടാൻ കൈകൾ ഇല്ലാത്തവർ എന്തു ചെയ്യും. 

ആരാണ് സഹായിച്ചതെന്നോ ആർക്കാണു സഹായം ചെയ്‌തെന്നോ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിൽ ചെയ്‌തു തീർത്ത കർമങ്ങളെക്കാൾ വിശുദ്ധമായി മറ്റെന്തുണ്ട്.

നിസംഗതയേക്കാൾ വലിയ തെറ്റുണ്ടാകില്ല. അലംഭാവത്തെ ന്യായീകരിക്കുന്നതിനേക്കാൾ വലിയ അപരാധവുമുണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com