ആ ഇരട്ടക്കുഞ്ഞുങ്ങൾ നമ്മോടു പറയുന്നത്

HIGHLIGHTS
  • ആരോഗ്യസംവിധാനങ്ങൾ മനുഷ്യത്വം മറന്നുകൂടാ
SHARE

പതിനാലു മണിക്കൂർ ചികിത്സ തേടിയലഞ്ഞ പൂർണ ഗർഭിണിയായ യുവതിക്ക് ഒടുവിൽ ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായതു കേരളത്തിന്റെ മുഴുവൻ ദുഃഖമാവുകയാണിപ്പോൾ. പ്രസവവേദന കൊണ്ടു പുളയുമ്പോഴും 14 മണിക്കൂർ ചികിത്സതേടി അലയേണ്ടിവന്നതും നാല് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതും ബാക്കിയാക്കിയത് ഒരായുഷ്കാലത്തിന്റെ മുഴുവൻ സങ്കടമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വ്യക്തിയെ വീട്ടുകാർക്കു തിരികെക്കിട്ടിയതു ശരീരമാസകലം പുഴുവരിച്ച നിലയിലാണെന്നതു നമ്മെ ഞെട്ടിച്ച മറ്റൊരു വാർത്തയുമായി.

സമാനതകളില്ലാത്ത ക്രൂരതയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഷഹ്‌ലയ്ക്കും കുടുംബത്തിനും നേരിടേണ്ടിവന്നത്. ശനിയാഴ്ച പുലർച്ചെ നാലരയ്ക്കു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവതിക്കു ചികിത്സ ലഭിക്കുന്നതു വൈകിട്ട് ആറരയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജിലാണ്. ഇതിനിടെ സമീപിച്ച മറ്റു മൂന്ന് ആശുപത്രികളും ഇവരെ കയ്യൊഴിയുകയായിരുന്നു. പിറ്റേന്നു വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തെങ്കിലും ജീവന്റെ മിടിപ്പുകൾ അതിനുമുൻപേ നിലച്ചിരുന്നു.

സാങ്കേതികതടസ്സങ്ങളുടെ പേരു പറഞ്ഞു മനുഷ്യത്വം മറന്നപ്പോഴുണ്ടായ ദുരന്തമാണ് ഇതെന്നതിൽ സംശയമില്ല. നേരത്തേ കോവിഡ് പോസിറ്റീവ് ആയിരുന്ന യുവതി ചികിത്സയ്ക്കുശേഷം കഴിഞ്ഞ 15ന് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായി. തുടർന്ന് നിശ്ചിത ദിവസം ക്വാറന്റീനും പൂർത്തിയാക്കിയിരുന്നു. എന്നിട്ടും, പ്രസവചികിത്സയ്ക്ക് ആന്റിജൻ പരിശോധനാ ഫലം പോരെന്നും പിസിആർ ഫലം വേണമെന്നും ഒരു സ്വകാര്യ ആശുപത്രി നിർബന്ധം പിടിച്ചതായി കുടുംബം ആരോപിക്കുന്നു. പിസിആർ ഫലം ലഭിക്കുന്നതുവരെ അതീവ ഗുരുതരാവസ്ഥയിലുള്ള ആ പൂർണഗർഭിണി കാത്തിരിക്കണമായിരുന്നോ? നെഗറ്റീവ് ആയെന്ന ആന്റിജൻ പരിശോധനാഫലം ആശുപത്രികൾതന്നെ അംഗീകരിക്കില്ലെന്നു വന്നാൽ സർക്കാർ ഇതുവരെ പറഞ്ഞുവന്നതിന് എന്ത് അർഥമാണുള്ളത്?

ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായ നിർഭാഗ്യവാനായ പിതാവ് സംഭവത്തെക്കുറിച്ചു ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘പ്രസവവേദനയാൽ കരയുന്ന പ്രിയതമയ്ക്കു ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും നിനക്കു കോവിഡാണെന്നു പറഞ്ഞ് അവളെ ചികിത്സിക്കാൻ തയാറാകാത്ത ആശുപത്രികളെ ഒന്നു സങ്കൽപിച്ചു നോക്കൂ...’ നാം ഏറെ പെരുമയോടെ കൊണ്ടാടുന്ന ‘ആരോഗ്യ കേരളം’ എന്ന സങ്കൽപം ഹൃദയമുറിവുകൾ കൊണ്ടെഴുതിയ ഈ വരികൾക്കു മുൻപിൽ കുറ്റബോധത്തോടെ തലകുനിച്ചു നിൽക്കുന്നു. ഈ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിക്കപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞു തിരിച്ചയച്ച വയോധിക മരിച്ചതു ദിവസങ്ങൾക്കു മുൻപാണ്. സ്വകാര്യ ആശുപത്രി റഫർ ചെയ്ത കോവിഡ് രോഗി മെഡിക്കൽ കോളജിൽ എത്തിയതായി രേഖകളിൽ കാണാനില്ലെന്നാണ് അന്ന് അധികൃതർ വിശദീകരണം നൽകിയത്. അതു രേഖപ്പെടുത്തേണ്ടത് ആരുടെ ചുമതലയാണ്?

ശരീരമാസകലം പുഴുവരിച്ച നിലയിൽ ആശുപത്രിയിൽനിന്നു വീട്ടിലെത്തിയ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആർ. അനിൽകുമാറും നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ നിരുത്തരവാദിത്തത്തിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഇരയായെന്നാണ് ആരോപണം. വീണു ഗുരുതരമായി പരുക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അനിൽകുമാർ ഇതിനിടെ കോവിഡ് പോസിറ്റീവ് ആയി. നെഗറ്റീവായെന്നും തിരികെ കൊണ്ടുപോകാമെന്നും നിർദേശിച്ചതിനെത്തുടർന്ന്, ഞായറാഴ്ച വീട്ടിലെത്തിച്ചപ്പോഴാണ് അനിൽകുമാറിന്റെ തലയുടെ പിൻഭാഗം വരെ പുഴുവരിച്ച നിലയിലാണെന്നു കണ്ടെത്തിയത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കോവിഡ് പോരാട്ടത്തിൽ മഹത്തായ സേവനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രതിഛായ തന്നെ നഷ്ടമാക്കുന്നതാണ് ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ. ഇനിയെങ്കിലും ഇത്തരം പിഴവുകൾ ആവർത്തിക്കരുത്. ഇങ്ങനെയുള്ള സംഭവങ്ങൾ സംബന്ധിച്ച അന്വേഷണം പ്രഹസനമാകാനും പാടില്ല. ആരോഗ്യസംവിധാനങ്ങളുടെ അനാസ്ഥകൊണ്ട് ഇനിയും ഇവിടെ ദുരന്തമുണ്ടാകില്ലെന്നു സർക്കാർ ഉറപ്പാക്കിയേതീരൂ.

English Summary: Twin infants death - Editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA