ADVERTISEMENT

ഇന്ത്യൻ രാഷ്ട്രീയത്തിൽ രാമജന്മഭൂമി പ്രസ്ഥാനവും 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബറി മസ്ജിദിന്റെ പതനവും സൃഷ്ടിച്ച സ്വാധീനം എത്രയോ ആഴമേറിയതായിരുന്നു. അത് രാഷ്ട്രീയത്തിൽ മാത്രമല്ല നമ്മുടെ സംസ്കാരത്തിലും സമൂഹത്തിലും പുതിയൊരു പ്രതിഭാസത്തിന് വഴി തുറന്നു–മെജോറിറ്റേറിയനിസം. ഭൂരിപക്ഷചിന്താആധിപത്യം എന്നോ മറ്റോ ഇതിനെ പറയേണ്ടി വരും. പിന്നീടിങ്ങോട്ട് ഇന്ത്യൻ രാഷ്ട്രീയം ഇതിന്റെ ചുവടുപിടിച്ചാണ് നീങ്ങിയത്. അതുവരെ നിലനിന്ന ആശയപരമായ ദേശീയതയുടെ സ്ഥാനത്ത് സാംസ്കാരികമായ ദേശീയതയ്ക്കായി പ്രാമുഖ്യം.

1984–ൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണം എന്ന ആവശ്യവുമായി രാമജന്മഭൂമി മുക്തിയ‍ജ്ഞ സമിതി രൂപം കൊണ്ടപ്പോൾ ആരും അതിനെ ഗൗരവമായെടുത്തില്ല. അന്ന് ലോക്സഭയിൽ ബിജെപിയുടെ അംഗങ്ങൾ വെറും രണ്ട് ആണെന്ന് ഒാർക്കണം. 1989 ൽ ബിജെപി എംപിമാരുടെ എണ്ണം 85 ആയി ഉയർന്നു. എന്നാൽ 1990 ൽ എൽ.കെ. അഡ്വാനി സോമനാഥിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങിയതോടെയാണ് അയോധ്യ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത്. 1991 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ ക്ഷേത്രനിർമാണം സ്ഥാനം പിടിച്ചു. 120 സീറ്റാണ് അന്നു ബിജെപി നേടിയത്.

ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു ശേഷം 1996 ൽ 161 സീറ്റുമായി ബിജെപി ലോക്സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അടൽ ബിഹാരി വാജ്പേയി ആദ്യമായി പ്രധാനമന്ത്രിയായി. 13 ദിവസമേ ആ ഭരണം നിലനിന്നുള്ളൂവെങ്കിലും അത് ബിജെപിക്ക് കേന്ദ്രത്തിൽ ഭരണത്തിൽ വരാവുന്ന കക്ഷി എന്ന പ്രതിച്ഛായ നൽകി. കോൺഗ്രസും മറ്റു കക്ഷികളുമൊക്കെ ഒരു മതേതരമുന്നണി എന്ന ആശയത്തിനു പിന്നാലെ പോയപ്പോൾ ബിജെപി വളരെ കരുതലോടെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് കക്ഷികളെ കൂട്ടിച്ചേർക്കുന്ന തിരക്കിലായിരുന്നു. 1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 182 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലേക്ക് –വാജ്പേയി വീണ്ടും പ്രധാനമന്ത്രി . 13 മാസം ഈ സർക്കാർ നിലനിന്നു.

1999 ൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി 182 സീറ്റ് തന്നെ നിലനിർത്തി. എന്നാൽ ഇത്തവണ അവരുടെ ദേശീയ ജനാധിപത്യ സഖ്യം 20 കക്ഷികളുമായി ഏറെ ശക്തമായിരുന്നു. എൻഡിഎ അങ്ങനെ 269 സീറ്റുമായി അധികാരത്തിലെത്തി. എന്നാൽ 1999 ലെ ബിജെപിയുടെ പ്രകടന പത്രികയിൽ അയോധ്യയിലെ രാമക്ഷേത്രനിർമാണം ഉണ്ടായിരുന്നില്ല.

രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ബിജെപി തങ്ങളുടെ വോട്ടിങ് ശതമാനം എത്ര വർധിപ്പിച്ചു എന്നറിയാൻ ഈ കണക്കുകൾ സഹായിക്കും. 1984 –7 %, 1989–11.4 %, 1991-20 %, 1996-28.8 %, 1998-25.6 %, 1999-23.75 %.

എന്നാൽ രാമജന്മഭൂമിയും അയോധ്യയും ബാബറി മസ്ജിദിന്റെ തകർച്ചയുമെക്കെ ഉണ്ടായിട്ടും 2004 മുതൽ പത്തു വർഷം ബിജെപിക്ക് ഭരണത്തിനു വെളിയിൽ നിൽക്കേണ്ടി വന്നു. വാജ്പേയി അധികാരത്തിലിരുന്ന സമയത്ത് ക്ഷേത്രനിർമാണം ഗൗരവമായി എടുത്തതേയില്ല.

2014 ൽ ബിജെപിയെ വീണ്ടും അധികാരത്തിലേക്കു കൊണ്ടുവന്നത് അയോധ്യയോ രാമക്ഷേത്രമോ ആയിരുന്നില്ല, നരേന്ദ്ര മോദിയും വികസന അജൻഡയുമായിരുന്നു. 2014 ൽ 282 സീറ്റും 31 ശതമാനം വോട്ടുമാണ് ബിജെപിക്കു ലഭിച്ചത്. വീണ്ടും 2019 ൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേക്ക് വരുന്നത് 303 സീറ്റും 37.4 ശതമാനം വോട്ടുമായാണ്.

ബിജെപിയുടെ ഈ വളർച്ചയോടെ തകർന്നത് കോൺഗ്രസാണ്. ഉത്തരേന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിനു പുറത്തായി. അയോധ്യ കോൺഗ്രസ് മറക്കാൻ ആഗ്രഹിക്കുന്ന ഒരു വിഷയമായി. ബിജെപിയുടെ ഹിന്ദുത്വയ്ക്കു പകരം വയ്ക്കാൻ ഒരു സമർഥമായ ബദൽ കോൺഗ്രസിന് ഇല്ലാതെ പോയി. മതേതര രാഷ്ട്രീയത്തിന്റെ വലിയൊരു പാരമ്പര്യം കൈമുതലുണ്ടായിട്ടും അവർക്ക് വിശ്വാസയോഗ്യമായ മറ്റൊരു ദേശീയ സഖ്യം കെട്ടിപ്പടുക്കാൻ കഴിഞ്ഞില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതിയുടെ സ്ഥനത്തേക്ക് മതം കടന്നു വരുന്നതും ഇക്കാലത്തു കാണേണ്ടി വന്നു. പരസ്യമായ ഹിന്ദു, മുസ്‌ലിം പ്രീണനം ഒരു മറയുമില്ലാതെ പുറത്തു വന്നു. ഹിന്ദു ദേശീയതയുടെ അതിരു കടന്ന മുന്നേറ്റവും മതേതരത്വത്തിന്റെ ആശയറ്റ പിൻവാങ്ങലും ചരിത്രത്തിന്റെ യാഥാർഥ്യമായി.

ബാബറി മസ്ജിദ് സംഭവത്തിന്റെ മറ്റൊരു വലിയ പ്രത്യാഘാതം തീവ്രവാദത്തിന്റെ വളർച്ചയാണ്. അതിന്റെ തൊട്ടടുത്ത വർഷം 1993 ൽ മുംബൈ തീവ്രവാദി ആക്രമണമുണ്ടായി. 257 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപം, 2006 ലെ വാരാണസി ആക്രമണം, അക്ഷർധാം ആക്രമണം, പുൽവാമ സംഭവം, പത്താൻകോട്ട് ആക്രമണം എന്നിങ്ങനെ തീവ്രവാദികളുടെ പ്രവർത്തനം തുടരുക തന്നെയാണ്.

ബാബറി മസ്ജിദ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വേർതിരിവ് സൃഷ്ടിച്ചു. അതിനെ അനുകൂലിക്കുന്നവരും ഒരു വിധത്തിലും അനുകൂലിക്കാൻ കഴിയാത്തവരുമായി ജനങ്ങൾ നിലപാടെടുത്തു. 28 വർഷത്തിനു ശേഷവും ആ വേർതിരിവ് നിലനിൽക്കുന്നു ജനമനസ്സുകളിൽ.

കേസിന്റെ നാള്‍വഴി

1992 ഡിസംബർ 6: ബാബറി മസ്ജിദ് തകർക്കപ്പെടുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആർ യുപി പൊലീസ് റജിസ്റ്റർ ചെയ്തു:
ക്രൈം നമ്പർ 197: ആരാധനാസ്ഥലം നശിപ്പിക്കൽ, മതാടിസ്ഥാനത്തിൽ ശത്രുത വളർത്തൽ, കൊള്ള, പരുക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ലക്ഷക്കണക്കായ കർസേവകർക്കെതിരെ.
∙ ക്രൈം നമ്പർ 198: എൽ.കെ.അഡ്വാനി, അശോക് സിംഗൾ, വിനയ് കട്യാർ, ഉമാഭാരതി, സാധ്വി ഋതംബര, മുരളി മനോഹർ ജോഷി, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ഡാൽമിയ എന്നിവർ വർഗീയ പ്രസംഗങ്ങളിലൂടെ മതസ്പർധയുണ്ടാക്കി.
∙ 1992 ഡിസംബർ 16: രാമജന്മഭൂമി – ബാബറി മസ്ജിദ് തകർക്കൽ, സംഭവപരമ്പരകൾ, യുപി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്ക്, സുരക്ഷാവീഴ്ചകൾ തുടങ്ങിയവ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന മൻമോഹൻ സിങ് ലിബറാനെ നിയോഗിച്ചു.

1992 ഡിസംബർ 16: രാമജന്മഭൂമി – ബാബറി മസ്ജിദ് തകർക്കൽ, സംഭവപരമ്പരകൾ, യുപി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്ക്, സുരക്ഷാവീഴ്ചകൾ തുടങ്ങിയവ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന മൻമോഹൻ സിങ് ലിബറാനെ നിയോഗിച്ചു.

1993 ഒക്ടോബർ: ഉന്നത ബിജെപി, ശിവസേനാ നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റമുൾപ്പെടെ ചുമത്തി സിബിഐ കേസ്. 2 എഫ്ഐആറിന്റെയും അടിസ്ഥാനത്തിൽ പൊതു കുറ്റപത്രം. കുറ്റപത്രത്തിൽ മൊത്തം 49 പേർ. 

1994 ഓഗസ്റ്റ് 27: കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിലുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സ്പെഷൽ ജുഡീഷ്യൽ മജിസ്ട്രേട്ട്. കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്കു കൈമാറി. 

1997 സെപ്റ്റംബർ 9: കേസിലെ 49 പ്രതികളും കുറ്റം ചുമത്തുന്നതിനായി 1997 ഒക്ടോബർ 17നു ഹാജരാകാൻ സെഷൻസ് കോടതി നിർദേശിച്ചു. ഇതിൽ, വിജയരാജെ സിന്ധ്യ അന്തരിച്ചു. കുറ്റപത്രത്തിലുണ്ടായിരുന്ന ലക്ഷ്മി നാരായൺ മഹാത്യാഗിയുടെ പേര് കോടതിയുടെ ഉത്തരവിൽ ഉൾപ്പെട്ടില്ല. ഇയാൾ പിന്നീട് ഹൈക്കോടതിയിൽനിന്ന് സ്റ്റേ നേടി. തുടർന്ന് പ്രതിപ്പട്ടികയിൽ 47 പേർ. എല്ലാവർക്കുമെതിരെ പ്രഥമദൃഷ്ട്യാ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് കോടതി. 

2001 മേയ് 4: ബാൽ താക്കറെ, എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം 21 പേരെ സെഷൻസ് കോടതി ഒഴിവാക്കി. ബാക്കി 26 പേർക്കെതിരെ തുടർനടപടികൾക്കു നിർദേശം (നടപടികളിലെ ചില പിഴവുകൾ തിരുത്താൻ സർക്കാരിനു കോടതി അവസരം നൽകി). മസ്ജിദ് തകർക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നവർ, തകർത്ത കർസേവകർ എന്നിങ്ങനെ വേർതിരിച്ചാണ്, ആദ്യ ഗണമായ 21 പേരെ ഒഴിവാക്കിയത്. 

2002 നവംബർ 29: അഡ്വാനിയും മറ്റും റായ്ബറേലിയിലെ പ്രത്യേക കോടതിയിൽ വിചാരണ നേരിടുമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

2003 സെപ്റ്റംബർ 19: കേസിൽനിന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനിയെ ഒഴിവാക്കിയ പ്രത്യേക കോടതി, കേന്ദ്ര മാനവശേഷി മന്ത്രി മുരളി മനോഹർ  ജോഷിയടക്കം 7 പേർക്കു കുറ്റപത്രം നൽകാൻ ഉത്തരവിട്ടു. 

2005 ജൂലൈ 5 : എൽ.കെ.അഡ്വാനിയെ ഒഴിവാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. 

2005 ജൂലൈ 28: എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ, അശോക് സിംഗൾ, ഗിരിരാജ് കിഷോർ, വിഷ്‌ണുഹരി ഡാൽമിയ, സാധ്വി ഋതംബര എന്നീ എട്ടുപേർക്കെതിരെ സിബിഐ പ്രത്യേക കോടതി കുറ്റം ചുമത്തി. െഎപിസി 147 (കലാപമുണ്ടാക്കൽ), 149 (ആസൂത്രിത കുറ്റകൃത്യം), 153 എ - ബി (വർഗീയവിദ്വേഷം പ്രചരിപ്പിക്കൽ), 505 (ആരാധനാസ്‌ഥലത്തു പരസ്‌പര വിദ്വേഷമുണ്ടാക്കൽ) എന്നിവയനുസരിച്ചാണു കുറ്റം ചുമത്തിയിട്ടുള്ളത് 

2005 ഓഗസ്റ്റ് 30: വിചാരണ ആരംഭിച്ചു.

2009 ജൂൺ 30: ബാബറി മസ്ജിദ് തകർത്തതിന് എ.ബി.വാജ്പേയിയും എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുള്ള ബിജെപി നേതാക്കൾ ഉത്തരവാദികളാണെന്ന ലിബറാൻ കമ്മിഷൻ റിപ്പോർട്ട് പ്രധാനമന്ത്രിക്കു നൽകി. റിപ്പോർട്ടിൽ, കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം, ഇന്റലിജൻസ് പിഴവിൽ ഒതുങ്ങി.

2010 മേയ് 20: ഗൂഢാലോചനാക്കുറ്റത്തിൽനിന്ന് അഡ്വാനി അടക്കമുള്ളവരെ ഒഴിവാക്കിയ പ്രത്യേക കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചു.

2013 ഫെബ്രുവരി: എൽ.കെ.അഡ്വാനിയെയും മറ്റും ഗൂഢാലോചനക്കുറ്റങ്ങളിൽനിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. 

2017 ഏപ്രിൽ 19: എൽ.കെ.അഡ്വാനി ഉൾപ്പെടെ 13 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവ്. നേരത്തേ ഒഴിവാക്കപ്പെട്ട 21 പേരിലെ ബാക്കി 8 പേർ മരണമടഞ്ഞിരുന്നു (13 പേരിൽ, വിഷ്ണു ഹരി ഡാൽമിയ കഴിഞ്ഞ വർഷം അന്തരിച്ചു). കോടതി നടപടി സിബിഐയുടെയും ഹാജി മഹ്മൂദ് അഹമ്മദിന്റെയും ഹർജികളിൽ. 25 വർഷം പഴക്കമുള്ള കേസിൽ ഒരു കാരണവശാലും വിചാരണ നീളരുതെന്നും തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയണമെന്നും അതുവരെ ജഡ്ജിയെ മാറ്റരുതെന്നും നിർദേശം

2017 മേയ് 30: എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ വിടുതൽ ഹർജി തള്ളിയ സിബിഐ പ്രത്യേക കോടതി, ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. 

2020 സെപ്റ്റംബർ 30: പ്രത്യേക കോടതിയുടെ വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com