പ്രശ്നം നിയമമല്ല, മനസ്സ്

vijay-p-nair
SHARE

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും അശ്ലീല യുട്യൂബർ വിജയ് പി.നായരിൽനിന്നു നേരിടേണ്ടി വന്നതിനു സമാനമായ അവഹേളനം, ദിവസംപ്രതി ഒട്ടേറെ സ്ത്രീകൾ സമൂഹമാധ്യമങ്ങളിൽ ഏറ്റുവാങ്ങുന്നു. ഇതിനെ ശക്തമായി കൈകാര്യം ചെയ്യാൻ പൊലീസിന് എന്തുകൊണ്ടു കഴിയുന്നില്ല? അവർ സൃഷ്ടിച്ചിട്ടുള്ള പൊതുധാരണ, ആവിഷ്കാരസ്വാതന്ത്ര്യത്തെ ബാധിക്കുന്നതുകൊണ്ട് സുപ്രീം കോടതി റദ്ദാക്കിയ ഐടി ആക്ട് 66എയുടെ അഭാവം പൊലീസിന്റെ കരങ്ങളെ ദുർബലമാക്കി എന്നാണ്.

പ്രശ്നം നിയമത്തിന്റേതല്ല, അതു നടപ്പാക്കുന്നവരുടെ മനസ്സിന്റേതാണ്. അതിൽ സ്ത്രീവിരുദ്ധത എവിടെയോ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നു തോന്നുന്നു. ഈ കേസ് കൈകാര്യം ചെയ്ത രീതി തന്നെ നോക്കുക: അശ്ലീല വിഡിയോയ്ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും പലതവണ പൊലീസിനു പരാതി നൽകിയിരുന്നു. നടപടിയൊന്നും ഉണ്ടായില്ല. വൈറലായ വിഡിയോ വഴി അനുനിമിഷം അവരുടെ സ്വഭാവഹത്യ നടക്കുകയായിരുന്നു. ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്തതിനു കാരണം, നിയമപാലകരുടെ നിഷ്ക്രിയത്വമാണ്.

ഇതുകൊണ്ടും തീരുന്നില്ല, ഈ കേസിൽ പൊലീസ് കാണിച്ച സ്ത്രീവിരുദ്ധത. വിജയ് പി.നായരെക്കൊണ്ടു മാപ്പു പറയിച്ചതിനു ശേഷം ഭാഗ്യലക്ഷ്മിയും കൂട്ടരും അയാളുടെ ലാപ്ടോപ്പും മൊബൈലും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എൽപിച്ചു. നശിപ്പിക്കാനിടയുള്ള വിലയേറിയ തെളിവുകളാണ് ആ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ളത്. എന്നാൽ, കേസിനാസ്പദമായ തൊണ്ടിമുതൽ കൊണ്ടുവന്നവരെ പൊലീസ് കളവുകാരാക്കി. ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മേൽ ജാമ്യമില്ലാ വകുപ്പായ മോഷണക്കുറ്റം ചുമത്തി.

പൊലീസ് സ്ത്രീപ്രശ്നങ്ങളെ ഗൗരവമായി സമീപിക്കാത്തതിന്റെ പ്രധാന കാരണം, അതു പുരുഷന്മാരുടെ സേനയാണ് എന്നതാണ്. കേരള പൊലീസിൽ വെറും 6.3% മാത്രമേ സ്ത്രീകളുള്ളൂ. ടാറ്റ ട്രസ്റ്റിന്റെ ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്’ (2019) പ്രകാരം, നിയമം നടപ്പാക്കുന്ന കാര്യത്തിൽ രാജ്യത്തെ 18 വലിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം 13 ആണ്. ഈ ദയനീയാവസ്ഥയുടെ ഒരു പ്രധാന കാരണം, പൊലീസിൽ സ്ത്രീകളുടെ പരിമിതമായ സാന്നിധ്യം തന്നെയാണ്. സ്ത്രീകൾക്കെതിരായ കുറ്റങ്ങൾ കുറയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളനുസരിച്ച്, പൊലീസിൽ ചുരുങ്ങിയതു 33% സ്ത്രീകൾ വേണം. ഇപ്പോഴത്തെ നിയമനങ്ങളുടെ കണക്കു നോക്കിയാൽ, കേരളം ഈ ലക്ഷ്യം പൂർത്തീകരിക്കാൻ 30 വർഷം പിടിക്കും. സ്പെഷൽ റിക്രൂട്മെന്റ് വഴി സ്ത്രീകളെ കൂടുതൽ നിയമിക്കുകയാണ് ഒരു പോംവഴി. സിവിൽ സർവീസിലും മറ്റും ചെയ്യുന്നപോലെ, ലിംഗഭേദമില്ലാതെ പൊലീസിലേക്കു നിയമനം സാധ്യമാകുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യുകയാണ് ആത്യന്തിക പരിഹാരമാർഗം.

യുഎസിൽ വരാനിരിക്കുന്നത്...

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. അവിടെ അന്തരീക്ഷം തികച്ചും കലുഷിതമാണ്. തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ റഷ്യയെപ്പോലുള്ള വിദേശശക്തികൾ ഇന്റർനെറ്റ് വഴി വലിയ തോതിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന സംശയം നിലനിൽക്കുന്നു. ലോകത്തു കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ പ്രഹരിച്ചത് യുഎസിനെയാണ്. അതിനു പുറമേയാണ് വംശീയ അതിക്രമങ്ങൾക്കെതിരായി അവിടത്തെ പട്ടണങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ. സായുധരായ ട്രംപ് അനുകൂലികൾ തെരുവുകളിൽ പ്രക്ഷോഭകരുമായി ഏറ്റുമുട്ടുന്നു.

സംഘർഷഭരിതമായ അന്തരീക്ഷത്തിൽ, കൂനിന്മേൽകുരു എന്ന മട്ടിൽ മറ്റൊരു പ്രശ്നം കയറിവന്നിരിക്കുന്നു. നവംബർ മൂന്നാം തീയതിയിലെ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ സമാധാനപരമായ ഭരണമാറ്റം നടക്കുമോ? കുറച്ചു നാളുകൾക്കു മുൻപ് ഈ ചോദ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു ചില പത്രപ്രവർത്തകർ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി, ‘തീർച്ചയായും അതു നടക്കും; ഞാനല്ലേ വിജയിക്കുന്നത്.’ ട്രംപ് വിജയിച്ചില്ലെങ്കിൽ? അഭിപ്രായ വോട്ടെടുപ്പുകളിൽ ഇപ്പോൾ അദ്ദേഹത്തിന്റെ എതിരാളി ജോ ബൈഡൻ മുൻപിലാണ്.

joe-biden-donald-trump

തിരഞ്ഞെടുപ്പിനു മുൻപ് ഇരു സ്ഥാനാർഥികളും തമ്മിൽ മൂന്നു സംവാദങ്ങൾ പതിവാണ്. അതിൽ ആദ്യത്തേത് സെപ്റ്റംബർ 29നു നടന്നു. ചർച്ചയുടെ അവസാനം അതു നിയന്ത്രിച്ചിരുന്ന ആൾ ട്രംപിനോടും ബൈഡനോടും ഭരണമാറ്റത്തെക്കുറിച്ചു ചോദിച്ചു. ട്രംപിന്റെ മറുപടി, പോസ്റ്റൽ ബാലറ്റുകളിൽ വൻതോതിലുള്ള തിരിമറി നടക്കുന്നുവെന്നാണ്. ഇതിനു മുൻപൊരിക്കൽ ഇതേ ചോദ്യത്തിനു ട്രംപിന്റെ ഉത്തരം, തിരഞ്ഞെടുപ്പു ഫലം സുപ്രീം കോടതി നിശ്ചയിക്കുമെന്നായിരുന്നു. ട്രംപ് തോൽക്കുകയാണെങ്കിൽ, വല്ലാത്ത അനിശ്ചിതത്വം യുഎസിനെ കാത്തിരിക്കുന്നു. അതിനൊരു കാരണം, അവിടത്തെ ദീർഘദർശികളായ ഭരണഘടനാ പിതാക്കന്മാർ ട്രംപിനെപ്പോലെ ഒരാൾ പ്രസിഡന്റാകുമെന്നു മുൻകൂട്ടി കണ്ടിരുന്നില്ല എന്നതാണ്. അവർ സമാധാനപരമായ ഭരണമാറ്റത്തിനപ്പുറത്തേക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല; അതിനായി ചട്ടങ്ങൾ ഉണ്ടാക്കിയില്ല.

കാണികളില്ലെങ്കിൽ മാറുന്ന കളി 

യുഎഇയിലെ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുകയാണ്. വീടുകളിൽ ടിവിയിൽ കളി കാണുമ്പോൾ കേൾക്കുന്ന ആരവം മുൻകൂട്ടി റിക്കോർഡ് ചെയ്ത സൗണ്ട് ട്രാക്കാണ്. അതു കേൾക്കുന്നതു നമ്മൾ മാത്രം. സ്റ്റേഡിയങ്ങളിൽ മൂകതയാണ്. ഇതെങ്ങനെയാണു കളിക്കാരെ ബാധിക്കുക?

ചില കളിക്കാർ നാട്ടുകാരായ ആൾക്കൂട്ടങ്ങളിൽനിന്നു വലിയ ഊർജം കൈവരിക്കാറുണ്ട്. അതിന് ഉദാഹരണമാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ഇന്ത്യയുടെയും ക്യാപ്റ്റനായ വിരാട് കോലി. ഇന്ത്യയിലെ നിറഞ്ഞ സ്റ്റേഡിയങ്ങളിൽ ആരവം വർധിപ്പിക്കാൻ അദ്ദേഹം എപ്പോഴും കാണികളെ ആംഗ്യം കാണിച്ചു പ്രോത്സാഹിപ്പിക്കുന്നതു നമ്മൾ കണ്ടിട്ടുണ്ട്. കാണികളുടെ അഭാവം അദ്ദേഹത്തിന്റെ കളിയെ ബാധിച്ചതായി തോന്നുന്നു. കോവിഡ്കാലത്തെ ക്രിക്കറ്റുമായി കോലി സമരസപ്പെട്ടു വരുന്നതേയുള്ളൂ. ഈ പറഞ്ഞത് ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള, ആൾക്കൂട്ടങ്ങളുമായി സംവദിക്കുന്ന പല കളിക്കാർക്കും ബാധകമാണെന്നു തോന്നുന്നു. എന്നാൽ, യുഎഇയിൽ തിളങ്ങിയ സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ തുടങ്ങിയ കളിക്കാർ ആളൊഴിഞ്ഞ രഞ്ജി ട്രോഫി മത്സരങ്ങളാണു കൂടുതൽ കളിച്ചിട്ടുള്ളത്.

ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ കോവിഡ്കാലത്ത് ആദ്യം കളിക്കാൻ തുടങ്ങിയതു ഫുട്ബോളാണ്. ഫുട്ബോൾ മേഖലയിൽ നടന്ന പഠനങ്ങൾ കണ്ടെത്തിയത്, ഇപ്പോൾ കളിരീതി മാറിയിട്ടുണ്ടെന്നാണ്. കളിക്കാർ ഇപ്പോൾ കയ്യടി വാങ്ങാനുള്ള നാടകീയ നീക്കങ്ങൾക്കു പകരം, കൂടുതൽ പാസുകൾ നൽകുന്നു. ഒരു കളിക്കാരൻ നൽകുന്ന പാസുകൾ ശരാശരി 16 എണ്ണം കൂടിയിട്ടുണ്ട്. ഐപിഎലിലും കളികൾ ശാന്തമാണ്. ഫാസ്റ്റ് ബോളർമാർ കണ്ണുരുട്ടിക്കാണിക്കുന്നില്ല, ആവർത്തിച്ച് അപ്പീലുകളില്ല. ചുരുക്കത്തിൽ, കാണികളില്ലെങ്കിൽ കളി മാറും! 

സ്കോർപ്പിയൺ കിക്ക്‌: കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

രാഹുൽ ഗാന്ധിയും ഉൾപ്പെടുമോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA