ADVERTISEMENT

ജനത്തിനു ഗുണമില്ലാത്ത പദ്ധതികളും ജീവനക്കാർ വെറുതേയിരിക്കുന്ന ഓഫിസുകളും നിർത്തലാക്കുമെന്നു സർക്കാർ അടിക്കടി പറയുന്നു. ബജറ്റിൽ പ്രഖ്യാപിച്ചും ഉത്തരവുകളിറക്കിയും ചെലവു നിയന്ത്രിക്കാൻ ശ്രമിക്കുന്നു.  ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കേണ്ടത്ര  പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയിട്ടും ധനനഷ്ടം തടയുന്നതിനുള്ള ഈ പ്രഖ്യാപനങ്ങളെല്ലാം വെറുംവാക്കായി തുടരുകയാണ്.  ആവശ്യം കഴിഞ്ഞും തുടരുന്ന സ്്ഥാപനങ്ങളും  ശമ്പളത്തിനായി മാത്രം തുടരുന്ന തസ്തികകളും ഒട്ടേറെയുണ്ടിവിടെ. അധികച്ചെലവിന്റെ ആ വഴികളെക്കുറിച്ച് മനോരമ ലേഖകർ നടത്തിയ അന്വേഷണം.‌..

പാറപൊട്ടിക്കാൻ തമരും വെടിമരുന്നും ഭാരം വഹിക്കാൻ ആനയും കഴുതയും പണിചെയ്യാൻ കമ്പിയും മൺവെട്ടിയും ചുറ്റികയും മാത്രം ഉണ്ടായിരുന്ന കാലം. മുക്കാൽ നൂറ്റാണ്ടു മുൻപ് നിശ്ചിത സമയത്തുതന്നെ പള്ളിവാസൽ പദ്ധതിയും മൂന്നാറിലേക്കു റോഡും നിർമിച്ചുവെന്നത് ഇന്ന് അദ്ഭുതമായി തോന്നാം. കാരണം ഇന്നു പദ്ധതികൾ നടപ്പാക്കുന്നതിന്റെ വേഗം നമുക്കറിയാമെന്നതു തന്നെ. 

ഭൂതത്താൻകെട്ട് ജല വൈദ്യുത പദ്ധതിയുടെ കാര്യം നോക്കൂ. 24 മെഗാവാട്ടിന്റെ പദ്ധതി രണ്ടര വർഷം കൊണ്ടു പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 6 വർഷവും 8 മാസവും പിന്നിടുന്നു. പൂർത്തിയായത് 90% മാത്രം. ഓരോ വർഷവും 2.56 കോടി രൂപ ഇൗ പദ്ധതിയിലെ ഉദ്യോഗസ്ഥർക്കു ശമ്പളമായി മാത്രം നൽകുകയാണു സർക്കാർ. 

3 വർഷവും 4 മാസവും കൊണ്ടു പൂർത്തിയാക്കാൻ തീരുമാനിച്ച തൊട്ടിയാർ പദ്ധതി 12 വർഷമായിട്ടും പകുതിയേ എത്തിയിട്ടുള്ളൂ. 22 ജീവനക്കാർ വർഷം 3.82 കോടി രൂപ ശമ്പളം കൈപ്പറ്റുന്നു. 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പള്ളിവാസലിൽ 13 ഉദ്യോഗസ്ഥർ, 40 മെഗാവാട്ടിന്റെ തൊട്ടിയാറിന് 20 തസ്തിക. 

2000 ജൂണിൽ നിർമാണം തുടങ്ങി 3 വർഷവും 4 മാസവുമെടുത്തു പൂർത്തിയാക്കേണ്ട ചെങ്കുളം പദ്ധതി പുതിയ ലക്ഷ്യമനുസരിച്ചു പൂർത്തിയാകാൻ 12 വർഷവും 9 മാസവും ആകും. നിലവിൽ 70% പുരോഗതി. 24 മെഗാവാട്ടിന്റെ ഭൂതത്താൻ കെട്ടിൽ 17 ജീവനക്കാരുണ്ടെങ്കിൽ ഇവിടെ 6 പേരേയുള്ളൂ എന്നതാണ് ആശ്വാസം. 

അപ്പർ കല്ലാറിന്റെ കാര്യമാണു ബഹുകേമം. ഉൽപാദന ശേഷി 2 മെഗാവാട്ട് മാത്രം. ചെലവ് 19.1 കോടി. ചെറിയ പദ്ധതിയാണെങ്കിലും ഒരു എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അസി. എക്സിക്യൂട്ടീവ് എൻജിനീയർ, 2 എഇ, 6 സബ് എൻജിനീയർമാർ. ആകെ വാർഷിക ശമ്പളം 1.31 കോടി രൂപ. 2 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇൗ വൈദ്യുതി വിറ്റാൽ പോലും ചെലവിട്ട പണം കിട്ടില്ല. 35 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വെള്ളത്തൂവൽ സ്മോൾ ഹൈഡ്രോ ഇലക്ട്രിസിറ്റി പ്രോജക്ടിൽ ഉൽപാദനം 12.17  ദശലക്ഷം യൂണിറ്റ്. 2012 ൽ തുടങ്ങി 16 ൽ പൂർത്തിയാക്കി. പക്ഷേ, 2019 മുതൽ ഉൽപാദനമില്ല. ജനങ്ങളുടെ 35 കോടി രൂപ പോയിക്കിട്ടി. 

ഇതുപോലെത്തെന്നെ ഒരു മുൻ ധാരണയുമില്ലാതെ ബ്രഹ്മപുരത്തും നല്ലളത്തും ഡീസൽ വൈദ്യുതി നിലയങ്ങൾ നിർമിച്ച് ബോർഡ് 1000 കോടിയോളം രൂപ നഷ്ടപ്പെടുത്തി. രണ്ടും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പൂന്തേനരുവി ചെറുകിട പദ്ധതിയിൽ ഉൽപാദനം 25.77 ദശലക്ഷം യൂണിറ്റ്. ചെലവ് 71.95 കോടി. ഉദ്ഘാടനം 2017 ജൂണിൽ. പക്ഷേ, ഇപ്പോഴത്തെ ഉൽപാദന ശേഷി വെറും 16.20 ദശലക്ഷം യൂണിറ്റ് മാത്രം. നിർമാണത്തിനു വേണ്ടിവന്നതാകട്ടെ 5 വർഷവും 3 മാസവും. ഇത് വൈദ്യുതി രംഗത്തെ മാത്രം കാര്യമല്ല. പദ്ധതികൾ പ്രഖ്യാപിച്ച് ആളാകാൻ എല്ലാ സർക്കാരുകൾക്കും താൽപര്യമാണ്. എന്നാൽ അവ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള  ഇച്ഛാശക്തിയില്ല. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി. 

വെള്ളത്തിലായ ചാലിയാർ വാലി, അട്ടപ്പാടി

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കൃഷി സ്ഥലങ്ങളിലേക്കു വെള്ളമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചാലിയാർ റിവർ വാലി പ്രോജക്ട്  രംഗപ്രവേശം ചെയ്യുന്നത്.  1980 ൽ ഇതിനായുള്ള ഇൻവെസ്റ്റിഗേഷൻ ടീമിനെയും ജലസേചന വകുപ്പ് നിയോഗിച്ചു. ഒരു ഡിവിഷനും മൂന്ന് സബ് ഡിവിഷനും 9 സ്റ്റേഷനുകളിലുമായി 94 ഉദ്യോഗസ്ഥരെയാണു വിന്യസിച്ചത്. എന്നാൽ പഠനവും പ്രോജക്ട് തയാറാക്കലും ‍തുടക്കത്തിൽത്തന്നെ നിശ്ചലമായി. 1986 മുതൽ 90 വരെ ഈ 94 ഉദ്യോഗസ്ഥരുടെയും പ്രധാന പണി വെറുതെയിരിപ്പായിരുന്നു. പിന്നീട് വീണ്ടും പദ്ധതിക്കു ജീവൻവച്ചു. പക്ഷേ, പഠനം പൂർത്തിയായത് 2002ൽ. ഏകദേശം രണ്ടു പതിറ്റാണ്ട് ഉദ്യോഗസ്ഥർ ‘കഠിനാധ്വാനം’ ചെയ്തിട്ടും റിസർവോയറിന്റെ സ്ഥാനം മൂന്നു തവണ മാറ്റിയിട്ടും പദ്ധതി പക്ഷേ, എങ്ങുമെത്തിയില്ല. 

2002 വരെ മാത്രം ഏകദേശം 7.7 കോടി രൂപ ചെലവഴിക്കപ്പെട്ടതായാണു നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (2007) കണ്ടെത്തിയത്. ഒരു പണിയുമെടുക്കാതെ ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നതായും ഒട്ടും ഉൽപാദനപരമല്ലാത്ത ചെലവഴിക്കലാണ് നടന്നതെന്നും കമ്മിറ്റി വിലയിരുത്തി. ആദ്യഘട്ടത്തിൽ റിസർവോയർ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു ഡിവിഷനാണ് അനുവദിച്ചതെങ്കിൽ പിന്നീട് കനാൽ നിർമാണത്തിനായി മറ്റൊരു ഡിവിഷനും കൂടി വന്നു. പല ഘട്ടങ്ങളിലായി ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചെങ്കിലും ഒരു സബ് ഡിവിഷൻമാത്രം ഇപ്പോഴും നിലമ്പൂരിൽ നിലനിർത്തിയിട്ടുണ്ട്. വലിയ റിസർവോയർ സ്വപ്നങ്ങൾ ഉപേക്ഷിച്ച് ചെറു റഗുലേറ്ററുകൾ നിർമിക്കുകയാണ് ഈ സബ് ഡിവിഷൻ ചെയ്യുന്നത്. ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു കീഴിൽ 17 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു. ഓടായിക്കൽ, പൂക്കോട്ടുമണ്ണ എന്നിവിടങ്ങളിലായി 2 റഗുലേറ്ററുകൾ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്. 

ഇപ്പോൾ പ്രളയത്തെ തടയാൻ ചാലിയാറിൽ  ഡാം പണിയാനുള്ള പദ്ധതിയാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്നത്. മറ്റൊരു വെള്ളാനയ്ക്കു കൂടി എഴുന്നള്ളാനുള്ള വഴി എന്തായാലും തെളിഞ്ഞു കിട്ടിക്കഴിഞ്ഞു. 

അട്ടപ്പാടിയിൽ തരിശുഭൂമി ജലസേചനത്തിനും ശുദ്ധജല വിതരണത്തിനുമായി അഗളി ചിറ്റൂരിൽ ശിരുവാണി പുഴയ്ക്കു കുറുകെ അണകെട്ടുകയെന്ന ലക്ഷ്യത്തോടെ 1970 ലാണ് അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജകട് തുടങ്ങിയത്. 

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ജീവനക്കാരെ നിയമിച്ചു. ഓഫിസും ക്വാർട്ടേഴ്സുകളും നിർമിച്ചു. ഭൂമിയും  ഏറ്റെടുത്തു. ഡാം നിർമാണത്തിനുള്ള യന്ത്രങ്ങൾ, വാഹനങ്ങൾ എല്ലാം വാങ്ങി. എന്നാൽ, 1989ൽ  കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന്റെ എതിർപ്പിനെ തുടർന്നു പദ്ധതി മുടങ്ങി. ഇതിനോടകം 10 കോടിയിലേറെ ചെലവഴിച്ച പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഓഫിസും ജീവനക്കാരും ഇപ്പോഴും തുടരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെത്തുടർന്ന് ആരംഭിക്കുന്ന പുതിയ ജല പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഈ ജീവനക്കാരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നതാണ് ആശ്വാസം. 

വകുപ്പുകൾ പലത്; ജോലി ഒന്ന്

സംസ്ഥാനത്തെ പല വകുപ്പുകൾ ഒരേ ജോലി ചെയ്യുന്നതു പതിവാണ്. അറിയാമെങ്കിലും ഈ ആവർത്തനം ഒഴിവാക്കാ‍ൻ പലപ്പോഴും നമുക്കു കഴിയാറില്ല. ഒരു ഉദാഹരണത്തിലൂടെ ഇതു വിശദമാക്കാം. 

സംസ്ഥാനത്തെ മഴയുടെ അളവെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രധാന ഏജൻസി ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ് (ഐഎംഡി). സംസ്ഥാനത്ത് ഐഎംഡിയുടെ ഓട്ടമാറ്റിക്കും മാനുവലുമായി നൂറോളം മഴമാപിനികളുടെ കണക്കെടുക്കുന്നത് പലപ്പോഴും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റുകളിലെയോ താലൂക്ക് ഓഫിസുകളിലെയോ ജീവനക്കാരാണ്. താലൂക്ക് ഓഫിസിൽ നിന്ന് ഇതിനുള്ള ക്രമീകരണം തടസ്സപ്പെട്ടതോടെ തിരുവല്ല, ദേവികുളം പോലെ 100 വർഷത്തിലേറെ പഴക്കമുള്ള ചില മഴമാപിനികളുടെ പ്രവർത്തനം തന്നെ നിലച്ചുപോയി.

സംസ്ഥാന തലത്തിൽ ജലസേചന വകുപ്പ്, വൈദ്യുതി ബോർഡ്, കൃഷിവകുപ്പ്, വനംവകുപ്പ്, ഭൂഗർഭ ജലവിഭാഗം തുടങ്ങി മഴയുടെ കണക്കെടുക്കുന്ന ഒട്ടേറെ ഏജൻസികളുണ്ട്. വൈദ്യുതി ബോർഡിന്റെ വൃഷ്ടി പ്രദേശത്തെ മഴയുടെ കണക്ക് പലപ്പോഴും സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഏറ്റവും കൃത്യതയോടെയും വേഗത്തിലും ലഭിക്കേണ്ട ഡേറ്റയാണ്.

പക്ഷേ, വകുപ്പുകൾ തമ്മിൽ ഇതു സംബന്ധിച്ച് യാതൊരു കൈമാറ്റ ധാരണയുമില്ലാത്തതിനാൽ ഈ കണക്കുകൾ ഒറ്റപ്പെട്ട വകുപ്പുകളുടെ വാർഷിക റിപ്പോർട്ടുകളിലെ വെറുമൊരു കണക്കു മാത്രമായി മാറുകയാണ്. കാലാവസ്ഥാ മാറ്റം പരിസ്ഥിതിയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ മഴയുടെ കൃത്യമായ ഡേറ്റ തൽസമയം ലഭിക്കുന്നതു ദുരന്തനിവാരണ മുന്നറിയിപ്പു നൽകാൻ ഏറെ സഹായകയമാണ്. പക്ഷേ, വിവിധ ഏജൻസികൾ എടുക്കുന്ന മഴക്കണക്ക് ഒരിക്കൽ പോലും സമാഹരിച്ച് ഒരു ബൃഹദ് ദൈനംദിന ഡേറ്റയാക്കാൻ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐഎംഡി കണക്കെടുക്കുന്ന രീതിയിൽ അല്ല വനം വകുപ്പ് എടുക്കുന്നത്. കെഎസ്ഇബിയുടേതു മറ്റൊരു രീതിയിലാവും. 

പൂർത്തിയായില്ലെങ്കിലെന്താ, കമ്മിഷൻ ചെയ്തില്ലേ?

വയനാട്, കോഴിക്കോട് ജില്ലകളിൽ പൂർണതോതിലുള്ള ജലസേചനം എന്ന ലക്ഷ്യത്തോടെയാണ് 1979ൽ ബാണാസുര സാഗർ അണക്കെട്ട് കമ്മിഷൻ ചെയ്തത്. എന്നാൽ, 4 പതിറ്റാണ്ടിനിപ്പുറവും പദ്ധതി പൂർണമായി നടപ്പിലായിട്ടില്ല. കനാൽ ജലസേചനത്തിന് അനുകൂലമല്ലാത്ത സർക്കാർ നയങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണു കാരണമെന്ന് ഔദ്യോഗിക വിശദീകരണം. 

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പിന്നീട് ബാണുസര മാറിയതും തടസ്സമായി. കടമാൻതോടിനു കുറുകെയായിരുന്നു ബാണാസുരയുടെ നിർമാണം. അണക്കെട്ട് ഉയർന്നതോടെ പ്രദേശത്തെ കർഷകരുടെ ജലസേചനമാർഗം അടഞ്ഞുപോയി. ഇതു പരിഹരിക്കാനാണ് 2 ജില്ലകളിലെ കൃഷിയിടങ്ങളിലേക്കു ജലമെത്തിക്കാനായി പദ്ധതിക്കു തുടക്കമിട്ടത്. എന്നാൽ, കനാൽ നിർമാണത്തിനായി ഏറ്റെടുത്ത ഹെക്ടർ കണക്കിനു ഭൂമി ഇപ്പോഴും കാടുമൂടി കിടക്കുകയാണ്. 

2017ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി വിതരണ കനാലുകളുടെ പണി പൂർത്തിയാക്കാൻ തീരുമാനമായെങ്കിലും ഇപ്പോഴും ഇഴ‍ഞ്ഞുനീങ്ങുകയാണ്. പദ്ധതിയുടെ നടത്തിപ്പിനായി എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ബാണാസുര സാഗർ പ്രോജക്ട് ഡിവിഷൻ ഓഫിസ് പടിഞ്ഞാറത്തറയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഇതുവരെ 28.83 കോടി രൂപ ചെലവഴിച്ചു. 

കോൺട്രാക്ടർമാർക്കുൾപ്പെടെ 63.99 കോടി രൂപ നൽകിയിട്ടും പദ്ധതിയുടെ 15 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പലതവണ ടെ‍ൻഡർ ക്ഷണിച്ചിട്ടും പദ്ധതി ഏറ്റെടുക്കാൻ ആളെത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കുന്നതിനായി വെള്ളമുണ്ടയിൽ പ്രവർത്തിച്ചിരുന്ന പ്രത്യേക തഹസിൽദാരുടെ ഓഫിസ് മാസങ്ങൾക്കുമുൻപു മാത്രമാണ് അടച്ചുപൂട്ടിയത്. 

ധൂർത്തിന്റെ പള്ളിവാസൽ മാതൃക

അധികച്ചെലവിന്റെ കാര്യത്തിൽ ഏറ്റവും നല്ല ഉദാഹരണമാണ് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി വിപുലീകരണം. 2011ൽ പണി പൂർത്തിയാക്കാൻ തീരുമാനിച്ച് 220 കോടി രൂപ എസ്റ്റിമേറ്റിൽ നിർമാണം തുടങ്ങിയ പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. 4 വർഷം കൊണ്ടു പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിക്ക് ഒന്നര ഇരട്ടി ചെലവും 14 വർഷവും. യുദ്ധകാലാടിസ്ഥാനത്തിൽ  ഇൗ ജോലികൾ പൂർത്തിയാക്കാൻ 13 ഉദ്യോഗസ്ഥരടങ്ങുന്ന ടീം പ്രവർത്തിക്കുന്നു. ഇവരുടെ ഒരു വർഷത്തെ ശമ്പളം 1.87 കോടി രൂപ.

വിപുലീകരണം വഴി 60 മെഗാവാട്ട് വൈദ്യുതിയാണ് അധികം ഉൽപാദിപ്പിക്കുക. പൂർത്തിയായാൽ തന്നെ പൂർണ തോതിൽ ഉൽപാദനം ഉണ്ടാവില്ല. അപ്പോൾ പദ്ധതിക്കു വേണ്ടി 14 വർഷം 13 ജീവനക്കാർക്കു നൽകിയ ശമ്പളം ഉണ്ടായിരുന്നെങ്കിൽ ഇത്രയും വൈദ്യുതി വിലയ്ക്കു വാങ്ങാമായിരുന്നു.

2016 ഡിസംബറിൽ 72.77 % പൂർത്തിയായ പദ്ധതി 82.60% ൽ എത്തിക്കാൻ 3 വർഷവും 2 മാസവും. ബാക്കിയുള്ള 18% പൂർത്തിയാക്കാൻ ഇനി വേണ്ടത് 4 വർഷവും 10 മാസവും.13 ജീവനക്കാരുടെ ഒരു വർഷത്തെ ശമ്പളം 1,87,43316 രൂപ. പദ്ധതിയുടെ നഷ്ടം കണക്കാക്കുമ്പോൾ ചെലവായ തുക മാത്രം കണ്ടാൽ പോരാ, 10 വർഷം ഉൽപാദിപ്പാക്കാനാകാതെ പോയ വൈദ്യുതിയുടെ വിലയും കണക്കാക്കണം. അതു ജല വൈദ്യുതിയുടെ നിരക്കിൽ പോരാ, പുറത്തുനിന്നു വാങ്ങിയ വൈദ്യുതിയുടെ കണക്കിൽത്തന്നെ വേണം. അങ്ങനെ കണക്കുണ്ടാക്കിയാണ് വൈദ്യുതി ബോർഡ് ചാർജ് വർധനക്കുവേണ്ടി റെഗുലേറ്ററി കമ്മിഷനിൽ അപേക്ഷ നൽകുന്നതും കമ്മിഷന്റെ അനുമതിയോടെ ജനങ്ങളിൽ നിന്നു വൈദ്യുതി ചാർജ് വാങ്ങുന്നതും. 

ഒരു പദ്ധതിയും 3 ഉത്തരങ്ങളും

1. പള്ളിവാസൽ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് 2012 ൽ വൈദ്യുതി ബോർഡ് നൽകിയ മറുപടി ഇങ്ങനെ: 157 കോടി രൂപ ഇതുവരെ ചെലവായി. ഇനി 218 കോടി കൂടി വേണം. 2015 ഡിസംബറിൽ പൂർത്തിയാക്കും. 

2. ഇതേ ചോദ്യത്തിനു 2016 ൽ നൽകിയ മറുപടി ഇതാ... 72.77% പൂർത്തിയായി. 246 കോടി ചെലവഴിച്ചു. 250 കോടി കൂടി ഇനി വേണം. 42.55 കോടി രൂപയുടെ യന്ത്രങ്ങൾ വാങ്ങി. ഇതിൽ 7.9 കോടി രൂപയുടേത് ഉപയോഗിച്ചു. അതായത് 72% പണി പൂർത്തിയാക്കാൻ 5 വർഷവും എസ്റ്റിമേറ്റിനേക്കാൾ 275 കോടി രൂപ അധികവും. 

3. 2020 ഫെബുവരിയിൽ വീണ്ടും വിവരാവകാശ നിയമപ്രകാരം ഇതേ ചോദ്യങ്ങൾ ആവർത്തിച്ചു. 82.66 % പൂർത്തിയായെന്നു മറുപടി. 345.13 കോടി ചെലവ്. ഇനി 204.87 കോടി കൂടി വേണം. 2021 ഒക്ടോബറിൽ പണി പൂർത്തിയാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com