ADVERTISEMENT

പാർട്ടി അംഗസംഖ്യയിലും സ്വാധീനത്തിലും രാജ്യത്ത് സിപിഐയുടെ ഏറ്റവും ശക്തമായ ജില്ലാ ഘടകമാണു കൊല്ലം. നാല് എംഎൽഎമാർ പാർട്ടിക്കുള്ള മറ്റൊരു ദേശമില്ല; കൊല്ലത്ത് അല്ലാതെ സിപിഐക്കു വേറെ മേയറില്ല. പക്ഷേ, ആ ശക്തികേന്ദ്രത്തിൽ ഏഴു മാസമായി ജില്ലാ നേതൃയോഗം വിളിച്ചുചേർക്കാൻ പാർട്ടിക്കു കഴിയുന്നില്ല. അതു കോവിഡ് മൂലമല്ല; കലഹം മൂലമാണ്.

സിപിഐക്കു കൊല്ലം എന്താണോ, അതിലപ്പുറമാണു സിപിഎമ്മിനു കണ്ണൂർ. പക്ഷേ, കണ്ണൂരിൽനിന്ന് ഉദിച്ചുയർന്നു കേരളത്തിൽ പാർട്ടിയെ നയിക്കുന്ന നേതാക്കൾ ഓരോരുത്തരായി വൻ പ്രതിസന്ധി നേരിടുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ അവരെ ചൂഴ്ന്നുനിൽക്കുന്ന കാറും കോളും കണ്ണൂരിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെയും മേഘാവൃതമാക്കുന്നു. ഇന്ത്യൻ ഇടതുപക്ഷത്തെ നയിക്കുന്ന രണ്ടു പാർട്ടികളുടെ ആത്മാവെന്നു വിശേഷിപ്പിക്കാവുന്ന ഇടങ്ങളെ ഒരു ആധി ബാധിച്ചിരിക്കുന്നു.

കൊല്ലം സൃഷ്ടിക്കുന്ന ചലനങ്ങൾ

കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽ ചേർന്ന സിപിഐ ജില്ലാ നിർവാഹകസമിതി യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രതിനിധികളെ നിർദേശിച്ചതിലെ ഭിന്നതയുടെ പേരിൽ കാനം രാജേന്ദ്രൻ – കെ.ഇ.ഇസ്മായിൽ പക്ഷങ്ങൾ ഏറ്റുമുട്ടി; അസഭ്യപദങ്ങൾ വിളയാടി. നേരത്തേ ജില്ലാ സെക്രട്ടറിയെയും അസി.സെക്രട്ടറിമാരെയും നിശ്ചയിക്കാനായി വിളിച്ച യോഗങ്ങളും വിഭാഗീയതയുടെ പ്രദർശനവേദികളായി മാറിയിരുന്നു. അടിപിടിയിലേക്കെത്തുന്ന സ്ഥിതിയായതോടെ നേതൃയോഗം പിന്നീടു വിളിക്കാനാകാതെ വന്നു. പ്രശ്നപരിഹാരത്തിനായി ആദ്യം ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്നാകരനെയും അദ്ദേഹത്തിനു വയ്യാതായപ്പോൾ കെ.ആർ.ചന്ദ്രമോഹനെയും നിയോഗിച്ചുവെങ്കിലും രണ്ടു മുതിർന്ന നേതാക്കൾക്കും ഇതുവരെ ഒരു യോഗം വിളിച്ചു ചേർക്കാനുള്ള ഭാഗ്യമുണ്ടായില്ല.

ഇതേ കൊല്ലത്താണ് സിപിഐയുടെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്നത്. ആ ദേശീയ സമ്മേളനത്തിന് ആതിഥേയനായ എൻ.അനിരുദ്ധനു പകരം, കാനം പക്ഷം ആർ.രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ ശ്രമിച്ചതോടെ വിഭാഗീയതയുടെ അടിയൊഴുക്കുകൾ അലയടിച്ചുയർന്നു. അതുവരെ കാനത്തിന്റെ വിശ്വസ്തനായിരുന്ന സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ്ബാബു കളം മാറിച്ചവിട്ടി. ഇസ്മായിലും പ്രകാശ്ബാബുവും കാനത്തിന്റെ നോമിനിക്കെതിരെ കൈകോർക്കുന്ന അസാധാരണ കാഴ്ചയുണ്ടായി. ശക്തമായ ജില്ലയിൽ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ മാറ്റം സംസ്ഥാനതലത്തിലും പ്രതിഫലിച്ചു. കഴിഞ്ഞ നിർവാഹകസമിതി ‘കൊല്ലം’ ചർച്ച ചെയ്തപ്പോൾ കാനവും ഇസ്മായിലും പ്രകാശ്ബാബുവും വ്യത്യസ്ത നിലപാടുകളെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ ദൗർബല്യമാണിതെന്നു മുൻമന്ത്രി സി.ദിവാകരനും തൃശൂരിലെ എ.കെ.ചന്ദ്രനും തുറന്നടിച്ചു. ഇതിനു കാനം രൂക്ഷമായി മറുപടി നൽകി.

യഥാർഥത്തിൽ, സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനു വേണ്ടിയുള്ള പടയൊരുക്കം കൂടിയാണു സിപിഐയിൽ ആരംഭിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ മൂന്നാം തവണയും സെക്രട്ടറിയായി തുടരാൻ കഴിയുമെന്നു കാനം കരുതുന്നു. ഒരുതവണ സിപിഐ സംസ്ഥാന സെക്രട്ടറിയാകാനുള്ള അർഹത തനിക്കുണ്ടെന്ന് കെ.ഇ.ഇസ്മായിൽ വിശ്വസിക്കുന്നു. ഇസ്മായിൽ പക്ഷത്തിന്റെകൂടി പിന്തുണ ലഭിച്ചാൽ തനിക്കു സാധ്യതയുണ്ടെന്നു പ്രകാശ്ബാബു വിചാരിക്കുന്നു. കാനത്തിന്റെ പിൻഗാമിയാകാൻ കഴിയുമെന്ന് ആ വിഭാഗത്തിലെ ബിനോയ് വിശ്വവും കെ.പി.രാജേന്ദ്രനും ഒരേസമയം പ്രതീക്ഷിക്കുന്നു. ആരു സെക്രട്ടറിയാകണമെങ്കിലും കൊല്ലം ഘടകത്തിന്റെ പിന്തുണ അനിവാര്യം. അതുകൊണ്ടുതന്നെ ജില്ലയിലെ പാർട്ടിയെ ‘നന്നാക്കാനായി’ അടുത്ത സംസ്ഥാന നേതൃയോഗം എടുക്കുന്ന തീരുമാനങ്ങൾ സിപിഐ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

കണ്ണൂരിൽ പടരുന്ന അവിശ്വാസങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ, വടകര സീറ്റുകൾ ഒരുമിച്ച് അടിയറ വച്ചതിന്റെ ഞെട്ടലിൽനിന്നു കരകയറാൻ തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചുവരവ് കണ്ണൂരിൽ സിപിഎമ്മിന് അനിവാര്യമാണ്. സ്വർണക്കടത്തും കേസുകളും അനുബന്ധ വിവാദങ്ങളും പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ഇ.പി.ജയരാജനെയും വേട്ടയാടുമ്പോൾ പ്രതിരോധകവചം തീർക്കാനും കണ്ണൂരിലെ സിപിഎമ്മിനു മുന്നിട്ടിറങ്ങിയേ തീരൂ. പാർട്ടി സെക്രട്ടറിയായ കോടിയേരിയും മന്ത്രിസഭയിലെ രണ്ടാമനായ ജയരാജനും കുറെനാളായി അദൃശ്യമായ ഒരു രണാങ്കണത്തിലാണ്. മന്ത്രിസഭയിൽനിന്നുള്ള ജയരാജന്റെ രാജി മുതൽ ബിനീഷ്, മന്ത്രിപുത്രൻ വിവാദങ്ങൾ വരെ അതു കൊഴുപ്പിച്ചു. അടുത്ത സംസ്ഥാന സമ്മേളനത്തിൽ മാറേണ്ടിവന്നാൽ കോടിയേരി പകരം എം.വി.ഗോവിന്ദനെ നിർദേശിച്ചേക്കാം. എന്നാൽ, സംസ്ഥാന സെക്രട്ടറിയാകാൻ ഇനി കണ്ണൂരിൽനിന്നു തനിക്കാണ് അർഹതയെന്നു ജയരാജൻ വിശ്വസിക്കുന്നു.

ജില്ലാ സെക്രട്ടറിപദം ഒഴിഞ്ഞശേഷം ജില്ലയിലോ സംസ്ഥാനത്തോ അല്ലാതെ ത്രിശങ്കുവിലായതിന്റെ അസ്വസ്ഥതയിലാണു പി.ജയരാജൻ. ഒരു അഭിമുഖത്തിലെ ജയരാജന്റെ വാദഗതികളിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ലെങ്കിലും അസംതൃപ്തരുടെ ഐക്യം ഉന്നമിടുന്നോ എന്ന തോന്നൽ അതു നേതൃത്വത്തിൽ ജനിപ്പിച്ചു.കണ്ണൂരിൽ നിന്നുള്ള കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായപ്രകടനങ്ങളാണു ചിലരുടെ ഉറക്കം കെടുത്തുന്നത്. ഇതെല്ലാം നേതൃനിരയിൽ സൃഷ്ടിച്ച അവിശ്വാസവും അണികളിലെ ആശയക്കുഴപ്പവും മാറ്റാനുള്ള സൈബർ ‘കാപ്സ്യൂൾ’ കൂടി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയാറാക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com