'കോവിഡ്: സർക്കാർ നടപടികൾ സുതാര്യമല്ല'

TOPSHOT-US-HEALTH-VIRUS
ഡോ. എസ്.എസ്.ലാൽ
SHARE

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതനെ പുഴുവരിച്ച സംഭവം വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചു. സംഭവത്തിൽ അന്വേഷണം നടത്താതെ ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ, ‘പുഴുവരിക്കുന്നത്  ആരോഗ്യവകുപ്പിനെയാണ് ’ എന്ന ആരോപണവുമായി ഐഎംഎ ഉൾപ്പെടെ രംഗത്തെത്തി. മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടിയും നൽകി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലോ? വ്യത്യസ്ത അഭിപ്രായങ്ങളുമായി ആരോഗ്യരംഗത്തെ വിദഗ്ധർ....

കോവിഡ് മൂലമുള്ള മരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ആരോഗ്യപ്രവർത്തകനും ജോലി ചെയ്യുന്നത്. ആ ലക്ഷ്യത്തോടെയാണ് പരിഹരിക്കപ്പെടേണ്ട പോരായ്മകൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമിക്കുന്നത്. വിമർശിക്കുന്നവരെല്ലാം ശത്രുക്കളാണെന്ന മനോഭാവം നമ്മെ മുന്നോട്ടു നയിക്കില്ല. തുടക്കം മുതൽ, ഉപദേശങ്ങൾ മറികടന്ന് ഒരു പ്രസ്ഥാനത്തെയും പങ്കാളിയാക്കാതെ, എല്ലാ കാര്യങ്ങളും ആരോഗ്യവകുപ്പ് ഒറ്റയ്ക്കു ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സർക്കാരിന്റെ സാങ്കേതികസമിതി രൂപവൽക്കരിച്ച് ആദ്യ ആഴ്ചയിൽത്തന്നെ ഐഎംഎ പ്രതിനിധിയെ അതിൽനിന്നു പുറത്താക്കി.

കോവിഡ് ഇതര രോഗികൾക്കു പരിശോധനയും ചികിത്സയും കിട്ടാൻ സംവിധാനങ്ങൾ ഉണ്ടാക്കിയിരുന്നില്ല. ഗവ.മെഡിക്കൽ കോളജുകൾ കോവിഡ് ആശുപത്രികളാക്കി മാറ്റിയപ്പോൾ പകരം സംവിധാനങ്ങൾ ഏർപ്പെടുത്താത്തതുമൂലമാണ് പല അകാലമരണങ്ങളും ഉണ്ടായത്. ഉദാഹരണത്തിന്, 47 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയായി മാറ്റിയ ശേഷം ജില്ലയിൽ പകരം സംവിധാനങ്ങളൊന്നും ആവശ്യാനുസരണം ഇനിയും ഉണ്ടാക്കിയിട്ടില്ല.

കോവിഡിനോടുള്ള പോരാട്ടം തുടങ്ങി 10 മാസത്തോളമായിട്ടും രോഗനിയന്ത്രണത്തിൽ സർക്കാരിനു കൃത്യമായ പ്രതിരോധതന്ത്രമില്ല. ചികിത്സയോ പ്രതിരോധ മരുന്നോ ഇല്ലാത്ത രോഗങ്ങൾ നിയന്ത്രിക്കാൻ ‘കമ്യൂണിക്കേഷൻ സ്ട്രാറ്റജി’ (സർക്കാർ ജനങ്ങൾക്കു നൽകേണ്ട പൊതുസന്ദേശം) ആണു വേണ്ടത്. നമുക്ക് അതില്ല.

ആരോഗ്യവകുപ്പ് ഡയറക്ടറെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ഇരുവരുടെയും സാങ്കേതിക ടീമിനെയും എല്ലാ കാര്യങ്ങളിൽനിന്നും സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. സാങ്കേതിക ചോദ്യങ്ങൾക്കു മറുപടി അറിയില്ല എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറയുന്നത്. അത് അറിയാവുന്നവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ അനുവദിക്കണം.

സംസ്ഥാനത്ത് ഇപ്പോഴും പരിശോധനകളുടെ എണ്ണം കുറവാണ്. അതുകാരണം രോഗം കണ്ടുപിടിക്കപ്പെടാത്തവരുണ്ട്. അവർ വഴി സമൂഹത്തിൽ രോഗം കൂടുതൽ പകരുന്നുണ്ട്.

ടെസ്റ്റുകൾ ആവശ്യത്തിനു ചെയ്യുന്നുവെന്നു കാണിക്കാൻ കണക്കുകൾ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. സർക്കാരിന്റെ കോവിഡ് ആശുപത്രികൾ രോഗികളാൽ നിറയുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആവശ്യത്തിനു തികയില്ല. സ്വകാര്യമേഖലയിലെ സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള നടപടികൾ ഇപ്പോഴും കാര്യക്ഷമമല്ല.

ആരോഗ്യപ്രവർത്തകർക്കു സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുന്ന കാര്യത്തിൽ ഇപ്പോഴും പോരായ്മകളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്യുന്നില്ല. ആരോഗ്യരംഗത്തെ വിദഗ്ധർക്കു ഗവേഷണത്തിന് ഈ വിവരങ്ങൾ നൽകുന്നില്ല.

രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ വയ്ക്കാൻ സർക്കാർ ശ്രമിച്ചത് രോഗം കുറ്റമാണെന്ന ധാരണ സമൂഹത്തിൽ പടരാൻ കാരണമായി. സർക്കാർ നടപടികൾ സുതാര്യമല്ല. ജൂലൈ 3നു ശേഷം വിദഗ്ധസമിതിയുടെ യോഗതീരുമാനങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ജൂൺ 8നു 14 ജില്ലകളിലും നടത്തിയ റാപിഡ് ആന്റിബോഡി ടെസ്റ്റ് ഫലങ്ങൾ പുറത്തുവിടാൻ 3 മാസം വൈകിയതും മേയ് മാസം ഒരു ലക്ഷം പേർക്ക് അസുഖം വന്നുപോയി എന്ന റിപ്പോർട്ട് പൂഴ്ത്തിവച്ചതും എന്തുകൊണ്ട്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.

(ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ വിഭാഗം മേധാവിയാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA