ADVERTISEMENT

മഹനീയലക്ഷ്യങ്ങൾ തീർച്ചയായും ലോകാദരം അർഹിക്കുന്നു. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ പോരാടുന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്‌മയിലേക്കു സമാധാനത്തിനുള്ള നൊബേൽ വന്നെത്തുകയാണ്. പട്ടിണിക്കെതിരെയുള്ള കഠിനവും സങ്കീർണവുമായ ഒരു ലോകയുദ്ധത്തിലെ പടയാളികൾക്കുള്ള ആദരം തന്നെയാകുന്നു ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിനുള്ള (ഡബ്ല്യുഎഫ്പി – ലോക ഭക്ഷ്യ പദ്ധതി) നൊബേൽ പുരസ്കാരം.

അന്നത്തിന് ആനന്ദം എന്നൊരു അർഥം കൂടിയുണ്ട്. വിശക്കുന്ന മനുഷ്യർ നമുക്കിടയിലുണ്ടെങ്കിൽ ആനന്ദം എങ്ങനെ ഉണ്ടാകും? ലോകത്ത് ഒൻപതിലൊരാൾ പട്ടിണി കിടക്കുന്നുണ്ടെന്നാണു കണക്ക്. പട്ടിണി മാറ്റുക എന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിലൊന്നായി മാറിയതു കാലം ആവശ്യപ്പെട്ടതുകൊണ്ടു തന്നെയാണ്. ഭക്ഷ്യസുരക്ഷയ്ക്കായി സമർപ്പിക്കപ്പെട്ട പ്രധാന യുഎൻ സമിതികളിലൊന്നായ ഡബ്ല്യുഎഫ്പിയുടെ കുടക്കീഴിലുള്ള പതിനേഴായിരത്തിലേറെ പ്രവർത്തകരും ഈ നൊബേലിലൂടെ ആദരിക്കപ്പെടുകയാണ്. സംഘർഷങ്ങളും ദുരിതങ്ങളും നിറഞ്ഞ മേഖലകളിൽ ഭക്ഷ്യസുരക്ഷയ്ക്കുള്ള ശ്രമങ്ങൾക്കാണു പുരസ്കാരം.

അടുത്ത വർഷം അറുപതാം വയസ്സിലെത്തുന്ന ലോക ഭക്ഷ്യ പദ്ധതി, കഴിഞ്ഞവർഷം മാത്രം 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങൾക്കു ഭക്ഷ്യസഹായം നൽകി എന്നതിന്റെ അർഥം, അത്രയും പേരെ പട്ടിണിയിൽനിന്നു മോചിപ്പിച്ചു എന്നുതന്നെയാണ്. ഈ കോവിഡ് കാലത്താകട്ടെ, ലോകരാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ പട്ടിണിയുടെ പിടിയിലായിക്കഴിഞ്ഞു. ഈ വേളയിൽ പ്രഖ്യാപിക്കപ്പെട്ട നൊബേൽ സമ്മാനത്തിന് അതുകൊണ്ടുതന്നെ സവിശേഷപ്രസക്തിയുണ്ട്. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമായി ഉപയോഗിക്കുന്നതു തടയുന്നതിൽ നിർണായക പങ്കാണ് ഡബ്ല്യുഎഫ്പി വഹിക്കുന്നതെന്നും പുരസ്കാരനിർണയ സമിതി വിലയിരുത്തുകയുണ്ടായി.

യുഎൻ വികസന പദ്ധതിയും (യുഎൻഡിപി) ഓക്സ്ഫഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും (ഒപിഎച്ച്ഐ) ചേർന്ന് 75 രാജ്യങ്ങളിൽ നടത്തിയ പഠനം, കോവിഡ് മഹാമാരി രാജ്യങ്ങളുടെ വികസനത്തിൽ കനത്ത ആഘാതമുണ്ടാക്കുമെന്നു മുന്നറിയിപ്പു നൽകുന്നുണ്ട്. 70 വികസ്വരരാജ്യങ്ങളിൽ ഇപ്പോഴത്തെ സാഹചര്യം വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും പോഷകാഹാരം, സ്കൂൾ ഹാജർ എന്നിവയിൽ കഴിഞ്ഞ 36 വർഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാകാനിടയുണ്ടെന്നും ആ റിപ്പോർട്ട് പറയുന്നു. ലോകത്തെ 130 കോടി ദരിദ്രരിൽ 64.4 കോടിയും 18 വയസ്സിൽ താഴെയും 10.7 കോടി 60നു മുകളിലും ഉള്ളവരാണ്. കോവിഡ് ഭീഷണി ഏറ്റവും കൂടുതൽ ഇവർക്കാണ്. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചമുരടിപ്പ്, ആഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന ആഗോള പട്ടിണി സൂചികയിൽ ‘ഗുരുതരമായ പട്ടിണി’ നിലനിൽക്കുന്ന 45 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ എന്നതുകൂടി ഓർമിക്കാം.

ലോകരാജ്യങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിച്ചാലേ പട്ടിണിരഹിത സമൂഹം എന്ന ലക്ഷ്യം നേടിയെടുക്കാനാകൂ. ഒരുവശത്ത് ആളുകൾ പട്ടിണിമൂലം മരിക്കുമ്പോൾ മറുവശത്ത് ദിവസവും ടൺ കണക്കിനു ഭക്ഷണം പാഴാകുന്നു. ഭക്ഷ്യവസ്തുക്കളുടെ സമതുലിതമായ വിതരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. 2030 ആകുമ്പോഴേക്ക് ലോകത്തുനിന്നു പട്ടിണി പൂർണമായി തുടച്ചുനീക്കാൻ 2012ൽ ഐക്യരാഷ്ട്ര സംഘടനയുടെ അന്നത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആവിഷ്കരിച്ച പദ്ധതിയാണ് സീറോ ഹംഗർ ചാലഞ്ച്. ലോകത്തോളം വലുപ്പമുള്ള ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ഊർജം പകരാൻ ഈ നൊബേൽ സമ്മാനത്തിനു സാധിക്കുമെന്നു കരുതാം. കോവിഡ്കാലം ദാരിദ്ര്യവും പട്ടിണിയും വർധിപ്പിച്ച സാഹചര്യത്തിൽ ഈ ലക്ഷ്യത്തിലേക്കുള്ള പാത അത്യധികം കഠിനമാണെന്നതും യാഥാർഥ്യം.

കോവിഡിന് മെഡിക്കൽ വാക്സീൻ കണ്ടെത്തും വരെ, ഭക്ഷണമാണ് ഏറ്റവും നല്ല വാക്സീൻ എന്നാണ്, ലോക ഭക്ഷ്യ പദ്ധതിയുടെ മഹദ്സേവനത്തെ പ്രകീർത്തിച്ച നൊബേൽ സമിതി വിലയിരുത്തിയത്. ലോകത്തിന്റെ പട്ടിണി മാറ്റുകയെന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാൻ ഈ വലിയ പുരസ്കാരം കരുത്തു നൽകുമെന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ പ്രതീക്ഷ. നൊബേൽ പുരസ്കാരസമിതി പ്രത്യാശിക്കുന്നതും ഇതുതന്നെ: പട്ടിണി അനുഭവിക്കുന്ന കോടിക്കണക്കിനാളുകളിലേക്കു ലോകശ്രദ്ധയെത്താൻ ഈ പുരസ്കാരത്തിലൂടെ കഴിയട്ടെ.

English Summary: Nobel peace prize - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com