ADVERTISEMENT

ഹത്രസിലെ പെൺകുട്ടി നമ്മുടെയെല്ലാം വേദനയാണ്. അവൾക്കു നീതി ലഭിക്കണമെന്നു നമ്മളെല്ലാം ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ, ആ കുട്ടിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം നമ്മളാരും ഷെയർ ചെയ്യരുത്. രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആ ചിത്രം ഹത്രസ് പെൺകുട്ടിയുടേതല്ല. ആ ചിത്രം ആരുടേതാണെന്ന് അറിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം തന്നെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട്, പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

എന്നാൽ, നമ്മെപ്പോലെ സാധാരണക്കാർ മാത്രമല്ല, രാഷ്ട്രീയ നേതാക്കൾപോലും പെ‍ൺകുട്ടിയുടേതെന്ന പേരിൽ പുറത്തുവന്ന ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പുതുച്ചേരി മുഖ്യമന്ത്രി ഈ ചിത്രത്തിനു മുൻപിൽ ആദരാഞ്ജലി അർപ്പിക്കുക മാത്രമല്ല, ആ ചടങ്ങിന്റെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയകക്ഷികളും സംഘടനകളും അവരുടെ പ്രതിഷേധ പരിപാടികളിൽ ഈ ചിത്രം വച്ചു ഫ്ലെക്സുകളും പോസ്റ്ററുകളുമടിച്ചു.

പെൺകുട്ടികൾക്കു നേരെ അതിക്രമമുണ്ടാകുമ്പോൾ ഇത്തരം പ്രചാരണങ്ങൾ പതിവാണ്. ഡൽഹിയിലെ നിർഭയയുടെ ചിത്രമെന്ന പേരിൽ പല വ്യാജചിത്രങ്ങളും അക്കാലത്തു പ്രചരിച്ചു. ചിത്രങ്ങൾ മാത്രമല്ല, പെ‍ൺകുട്ടികളുടേതെന്ന പേരിൽ വിഡിയോകളും ഫോണുകളിലൂടെ ഷെയർ ചെയ്യപ്പെടും.

കുറ്റകൃത്യങ്ങൾക്കിരയാകുന്ന കുട്ടികളുടെയും പീഡനങ്ങൾക്കും മറ്റും ഇരകളാകുന്ന സ്ത്രീകളുടെയും ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഒരു ഏജൻസിയും അത്തരം ചിത്രങ്ങൾ പുറത്തുവിടില്ല. അപ്പോൾ, നമ്മുടെ വാട്സാപ്പിൽ വരുന്നവ വ്യാജമാണെന്ന് ഉറപ്പിക്കാം. 

ഇത് രാഹുൽ ഗാന്ധിയുമല്ല

ഹത്രസിലേക്കുള്ള യാത്രാമധ്യേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടഞ്ഞതും തുടർന്നുണ്ടായ സംഘർഷങ്ങളുമെല്ലാം മാധ്യമങ്ങളിൽ വന്നതാണല്ലോ. ഡൽഹി – യുപി അതിർത്തിയിലെ നോയിഡ‍യിൽ പൊലീസ് രാഹുലിനെ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും നമ്മൾ കണ്ടു. ഇതിനിടെ, രാഹുൽ ഗാന്ധിയെ ചില പൊലീസ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്യുന്നു എന്ന കുറിപ്പോടെ ഒരു വിഡിയോ വാട്സാപ്പിൽ പ്രചരിക്കാൻ തുടങ്ങി. പൊലീസ് ഉദ്യോഗസ്ഥരോട് ഒരാൾ സംസാരിക്കുന്നതും ഒടുവിൽ അവർ അയാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമൊക്കെയാണ് വിഡിയോയിൽ.

ഒറ്റനോട്ടത്തിൽ രാഹുൽ ഗാന്ധിയാണെന്നു തോന്നുമെങ്കിലും വിഡിയോയിലെ ആ വ്യക്തി ആം ആദ്മി പാർട്ടിയുടെ എംഎൽഎ അജയ് ദത്തയാണ്. ഡൽഹിയിലെ ആശുപത്രിയിൽ ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ പോയപ്പോൾ എംഎൽഎയെ പൊലീസ് കയ്യേറ്റം ചെയ്യുന്നതാണു വിഡിയോ.

ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ഇതുപോലെ ഒട്ടേറെ വ്യാജവിവരങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കിട്ടുന്നതെല്ലാം വിശ്വസിക്കുന്നതിനും ഷെയർ ചെയ്യുന്നതിനും മുൻപ് സത്യാവസ്ഥ പരിശോധിക്കണം.

യുഎസിലെ ടണൽ മുഖം!

കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞ മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ‘അടൽ ടണൽ’ ആണല്ലോ. പ്രധാനമന്ത്രി ടണലിലൂടെ സഞ്ചരിക്കുന്നതിന്റെയും നടക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും നമ്മൾ കണ്ടു. എന്നാൽ, അടൽ ടണലിന്റേത് എന്ന പേരിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ചിത്രങ്ങളിലൊന്ന് യുഎസിലെ കലിഫോർണിയയിലുള്ള ടോം ലാന്റോസ് ടണലിന്റേതായിരുന്നു.

ബിജെപിയുടെ ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത അടക്കം ഒട്ടേറെപ്പേർ ഇതു ട്വീറ്റ് ചെയ്തു. ഗുപ്തയുടെ ട്വീറ്റിന്റെ കമന്റിൽ തന്നെ പലരും ടണൽ അമേരിക്കയിലേതാണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

English Summary: Fake Photos, Videos Flood the Internet After Hathras Rape Victim's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com