ADVERTISEMENT

സ്കൂളില്ല, കോളജില്ല, പലർക്കും ജോലിയില്ല... ലോക്ഡൗൺ ആകെ ‘ഡാർ‌ക് സീനാണ്’. വിരസത മാറ്റാൻ സമൂഹമാധ്യമങ്ങളിൽ സമയമേറെ ചെലവിടുന്ന ജനകോടികളെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ തട്ടിപ്പുകളേറെയും. തട്ടിപ്പുകാരുടെ ആയുധവും സമൂഹമാധ്യമങ്ങൾ തന്നെ. ഒറ്റ ദിവസംകൊണ്ടു കോടികളുണ്ടാക്കാം എന്ന വാഗ്ദാനത്തിനു പിന്നാലെ പോകുന്നവരും‘ വലിയ വില’ കൊടുക്കേണ്ടി വരുന്നു. പണം പിടുങ്ങുക എന്ന ലക്ഷ്യത്തോടെ ‘വ്യാജന്മാർ’  പല രൂപത്തിൽ വരും. അതു പൊലീസ് വേഷത്തിലാകാം, ജീവകാരുണ്യ ലേബലിലാകാം, കസ്റ്റമർ കെയറിന്റെ പേരിലാകാം,  സൗഹൃദത്തിന്റെയോ പ്രണയത്തിന്റെയോ  രൂപത്തിലുമാകാം. നമ്മുടെ കണ്ണു തുറപ്പിക്കേണ്ട ചില സംഭവങ്ങളിതാ...

‘ഡിജിപിയാണ്; 15,000 രൂപ തന്ന് സഹായിക്കണം’

‘സ്ഥലം എസ്ഐ’ വന്ന്, ‘ഒരു അത്യാവശ്യത്തിന് 1000 രൂപ വേണം’ എന്നു പറഞ്ഞാൽ നമ്മൾ കൊടുക്കാതിരിക്കുമോ? കൊടുക്കും. കാരണം ഏതോ ഒരാളല്ല, പേരും നമ്പറും സർക്കാർമുദ്രയും പതിപ്പിച്ച യൂണിഫോമിന്റെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനാണ് എസ്ഐ. 

ആ നമ്മൾ, സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയോ (ഡിജിപി) മറ്റേതെങ്കിലും ഉന്നത ഉദ്യോഗസ്ഥരോ സൈനികരോ ഫെയ്സ്ബുക്കിൽ ഒരു ഫ്രൻഡ് റിക്വസ്റ്റ് അയച്ചാൽ സ്വീകരിക്കാതിരിക്കുമോ? ഡിജിപി ഓർഡർ ഇടുകയല്ല, ‘എന്നോടു കൂട്ടുകൂടൂ’ എന്ന് അപേക്ഷിക്കുകയാണ് (റിക്വസ്റ്റ്)! എങ്ങനെ നിരസിക്കും? 

നേരിട്ടു പരിചയമുള്ളവരും നേരിയ പരിചയമുള്ളവരും ലാത്തിച്ചാർജിനിടെ കണ്ട പരിചയം പോലുമില്ലാത്തവരുമായ സാധാരണ ജനത്തിന് ‘ഫ്രൻഡ് റിക്വസ്റ്റ്’ അയയ്ക്കുകയാണ് ഇപ്പോൾ സകല ‘ഐപിഎസ് ഉദ്യോഗസ്ഥരും’! 

ഫ്രൻഡ് ആയാൽ അടുത്ത ദിവസംതന്നെ അക്കൗണ്ട് നമ്പർ അയച്ചുതരും. ‘അത്യാവശ്യമാണ്, ഒരു 10,000 രൂപ തന്നു സഹായിക്കണം...’ യൂണിഫോമിന്റെ വിശ്വാസ്യത കണക്കിലെടുത്തു നമ്മിൽ പലരും പണം നൽകി ‘സഹായിക്കുന്നു’. കേരളത്തിലുള്ള ആ ഐപിഎസ് ‘സുഹൃത്തിന്റെ’ പേരിൽ നമ്മൾ അയയ്ക്കുന്ന പണം ഉത്തരേന്ത്യയിലെ ഏതോ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടിലെത്തുന്നു. നമ്മുടെ ‘സഹായം’ കിട്ടിബോധിച്ച അവർ പുതിയ ഐപിഎസ് വിലാസത്തിൽനിന്ന് പുതിയ ആളുകൾക്കു ഫ്രൻഡ് റിക്വസ്റ്റ് അയയ്ക്കുന്നു.  

പൊലീസ് സേനയിലെ സഹപ്രവർത്തകരോടും ഈ ‘ഉദ്യോഗസ്ഥർ’ ഫെയ്സ്ബുക് മെസഞ്ചർ വഴി ‘സഹായം’ ആവശ്യപ്പെടുന്നുണ്ട്. തലസ്ഥാനത്ത് എസ്ഐ അടക്കം പല പൊലീസ് ഉദ്യോഗസ്ഥർക്കും ഇങ്ങനെ പണം നഷ്ടമായി.

madan
കെ.മദൻ ബാബു

‘അതു ഞാനല്ല, ആ ഞാനല്ല ഈ ഞാൻ, എന്റെ പേരിൽ വരുന്ന സന്ദേശങ്ങളൊന്നും വിശ്വസിക്കരുത്’ എന്ന മട്ടിൽ പ്രസ്താവന ഇറക്കേണ്ട ഗതികേടിലാണ് ഒറിജിനൽ ഉദ്യോഗസ്ഥർ.

ഇതേ വഴിയുള്ളൂ എന്നാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പോലും അനുഭവം. അദ്ദേഹത്തിന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിൽനിന്ന് തലസ്ഥാനത്തെ പല പ്രമുഖർക്കും സന്ദേശമെത്തി – 15,000 രൂപ വേണം! കാര്യമായൊന്നും ചെയ്യാൻ പൊലീസിനായില്ല. ഫോൺ നമ്പർ ട്രാക്ക് ചെയ്തപ്പോൾ അസമിലാണെന്നു വ്യക്തമായെന്നു ഋഷിരാജ് സിങ് പറഞ്ഞു. അസം പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയപ്പോൾ, ആ ഫോൺ നമ്പറിന്റെ യഥാർഥ ഉടമ മറ്റൊരാൾ! അയാൾക്കു സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഒടുവിൽ അന്വേഷണം പതിവുപോലെ ഇടിച്ചുനിന്നത് സൈബർ തട്ടിപ്പുകളുടെ വിളനിലമായ ജാർഖണ്ഡിൽ.

ഐസിയുവിലേക്ക് 10,000 രൂപ

എഴുത്തുകാരനും ധനവകുപ്പിൽ അണ്ടർ സെക്രട്ടറിയുമായ കെ.മദൻ ബാബുവിനു കഴിഞ്ഞ മാസമുണ്ടായ അനുഭവമാണിത്:

‘‘സെപ്റ്റംബർ 22. രാത്രി 11.30നു സുഹൃത്ത് രാം മോഹൻ പാലിയത്ത് ഫെയ്സ്ബുക് മെസഞ്ചറിലൂടെ ചോദിക്കുന്നു: ഫെയ്സ്ബുക്കിൽ നിങ്ങൾക്കു വേറെ ഐഡി വല്ലതുമുണ്ടോ? ഫ്രൻഡ് റിക്വസ്റ്റ് വരുന്നുണ്ടല്ലോ. ഇല്ലെന്നു മറുപടി പറഞ്ഞു. അന്നു രാത്രി രണ്ടു മണിവരെ സുഹൃത്തുക്കളിൽനിന്നു തുടരെ ഫോൺ വിളികൾ, സന്ദേശങ്ങൾ. ചിലർ ഫ്രൻഡ് റിക്വസ്റ്റ് സ്വീകരിച്ചതായി പറഞ്ഞു. അപ്പോഴാണ് എന്റെ പേരിൽ എന്റെ ചിത്രമൊക്കെ ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് ഉണ്ടായ കാര്യം ശ്രദ്ധയിൽപെടുന്നത്. 

തട്ടിപ്പുകാർ എന്റെ സുഹൃത്തുക്കൾക്കു ഫ്രൻഡ് റിക്വസ്റ്റ് അയയ്ക്കുന്നു. പിന്നാലെ, ഞാൻ ഐസിയുവിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും ആവശ്യപ്പെടുന്നു. 10,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ തിരിച്ചുതരാം എന്നും പറയുന്നു. തട്ടിപ്പുകാർ എന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയെന്നും പണം ആവശ്യപ്പെട്ടാൽ നൽകരുതെന്നും വ്യക്തമാക്കി എന്റെ യഥാർഥ ഫെയ്സ്ബുക് പേജിൽ ഞാൻ കുറിപ്പിട്ടു. 

CYBER-ATTACK/

പക്ഷേ, അതിനകം ഒരു സുഹൃത്ത് 10,000 രൂപ അയച്ചിരുന്നു. ഹരിയാന സ്വദേശിയായ മനോജ്കുമാർ എന്നയാളുടെ ഫോൺ നമ്പറും ഒരു പേയ്ടിഎം നമ്പറുമാണു തട്ടിപ്പുകാർ നൽകിയിരുന്നത്. ഫെയ്സ്ബുക്കിനെ വിവരമറിയിക്കുകയും കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പണം നഷ്ടപ്പെട്ട സുഹൃത്തും പരാതി നൽകി. പൊലീസിൽ നൽകിയ പരാതി എന്റെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ, സുഹൃത്തുക്കൾക്കു ഫ്രൻഡ് റിക്വസ്റ്റ് വരുന്നതു നിലച്ചു. നമ്മൾ സദാസമയവും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.’’

കേക്ക് വാങ്ങാൻ വിളിക്കുന്ന ‘മേജർ’

കേക്ക് നിർമിച്ചു വിൽക്കുന്ന തിരുവനന്തപുരം സ്വദേശി സൂഫിയ ഫാരിസിന്റെ ഫോണിൽ വിളിച്ച് ‘സൈനികൻ’ സഹിൽ കുമാർ 10 കിലോ റെഡ് വെൽവെറ്റ് കേക്ക് ആവശ്യപ്പെട്ടു. ഒരു മാസം മുൻപാണിത്. കന്യാകുമാരിയിൽ നിന്നാണെന്നും സുഹൃത്തുക്കളാരോ നേരിട്ടു തിരുവനന്തപുരത്തെത്തി കേക്ക് വാങ്ങുമെന്നും പറഞ്ഞു. 10 കിലോ പറ്റില്ലെന്നും 3 കിലോ ഒക്കെയാണെങ്കിൽ ചെയ്യാമെന്നും സൂഫിയ പറഞ്ഞു. എങ്കിൽ 5 കിലോ മതിയെന്നും പണം അഡ്വാൻസായി ഗൂഗിൾ പേ വഴി അയയ്ക്കാമെന്നും പറഞ്ഞു. 

ബാക്കി സൂഫിയ പറയട്ടെ: ‘‘വീണ്ടും ഇതേ നമ്പറിൽനിന്നു കോളെത്തി. ഇനി ഞങ്ങളുടെ മേജർ വിളിക്കും, അദ്ദേഹത്തോടു വിനയത്തോടെ സംസാരിക്കണം. അതുകഴിഞ്ഞേ പേയ്മെന്റ് ചെയ്യൂ എന്നാണു പറഞ്ഞത്. എന്റെ ഐഡി പ്രൂഫും ആവശ്യപ്പെട്ടു. മിലിറ്ററി ആയതുകൊണ്ടു വിശ്വാസത്തിനു വേണ്ടിയാണ് ഐഡി ചോദിച്ചതെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഭർത്താവിന് എന്തോ സംശയം തോന്നിയതിനാൽ ഓർഡർ കാൻസൽ ചെയ്യാൻ പറഞ്ഞു. ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോൾ മറുവശത്തു സ്വരം കടുത്തു. പണമടച്ചെന്നും അത് ഉടൻ തിരികെ അയയ്ക്കണമെന്നുമായി ആവശ്യം. പക്ഷേ, എന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും എത്തിയിരുന്നില്ല.

4,250 രൂപ അടച്ചെന്നാണ് അയാളുടെ വാദം. ബാങ്കിൽനിന്ന് അറിയിപ്പു കിട്ടാതെ പണം നൽകില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിയായി. പല നമ്പറുകളിൽ നിന്നു തുടരെത്തുടരെ കോളുകൾ. നിങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും പൊലീസ് ഇപ്പോൾ വീട്ടിലെത്തുമെന്നുമായി ഭീഷണി. കുറച്ചു കഴിഞ്ഞപ്പോൾ ‘മേജറും’ വിളിച്ച് ഭീഷണി തുടർന്നു. പണമയച്ചതിന്റെ തെളിവു ചോദിച്ചപ്പോൾ പേയ്ടിഎം വഴി എന്റെ നമ്പറിലേക്കു പണമയച്ചുവെന്നു ചൂണ്ടിക്കാട്ടി ഒരു സ്ക്രീൻഷോട്ടും അയച്ചു. ഒരു പൊലീസ് സുഹൃത്തിന്റെ ഇടപെടൽ വഴിയാണ് ഇതു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.’’

തിരുവനന്തപുരത്തെ ഹോം ബേക്കേഴ്സിൽ പലർക്കും ഇയാളുടെ കോൾ എത്തിയിട്ടുണ്ട്. ആദ്യം ഓർഡർ നൽകും. പിന്നീടു വിളിച്ച്, ഓർഡർ കാൻസൽ ചെയ്തെന്നും താനയച്ച പണം തിരികെ അയയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണു രീതി. 

തട്ടിപ്പിനു വഴി  അഡ്വാൻസും  ഒടിപിയും 

സഹിൽ കുമാർ എന്ന വ്യാജന്റെ വാട്സാപ് അക്കൗണ്ടിൽ കണ്ട സൈനികവേഷത്തിലുള്ള ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച് വഴി തിരഞ്ഞപ്പോൾ വെളിപ്പെട്ടത് ഈ പേരിൽ ഒഎൽഎക്സ് വഴി നടക്കുന്ന അസംഖ്യം തട്ടിപ്പുകളാണ്. സ്ഥലംമാറ്റമാണെന്നും ബൈക്കും കാറും ഉൾപ്പെടെയുള്ള വാഹനങ്ങൾ തുച്ഛമായ വിലയ്ക്കു വിൽക്കുന്നുവെന്നും അറിയിപ്പു കൊടുക്കുന്നതാണ് ആദ്യഘട്ടം.

താൽപര്യം പ്രകടിപ്പിച്ച് എത്തുന്നവരിൽനിന്ന് ഗൂഗിൾ പേ വഴി അഡ്വാൻസ് വാങ്ങും. അഡ്വാൻസ് നൽകിയാലേ കച്ചവടം നടത്തൂ എന്നായിരിക്കും ഉപാധി. സൈനികനാണല്ലോ എന്നു കരുതി പലരും ചെറിയ തുകകൾ അഡ്വാൻസായി നൽകും. അതു പോയി!

1200-faceboo-cyber-crime

ഫെയ്സ്ബുക് വഴി പണം പോകാതിരിക്കാൻ

∙ മെസഞ്ചർ വഴി ആരെങ്കിലും പണം ചോദിച്ചാൽ, ആളെ ഫോണിൽ  വിളിച്ച് ഉറപ്പുവരുത്തുക. 

∙ കടം ചോദിക്കുന്നവരുടെ പ്രൊഫൈൽ യഥാർഥമാണോ എന്ന് ഉറപ്പുവരുത്തുക.  

∙ വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപെട്ടാൽ, ഫെയ്സ്ബുക്കിന് ‘ഇംപേഴ്സണേഷൻ’ പരാതി നൽകുക. യഥാർഥ അക്കൗണ്ട് ഉടമയും കഴിയുന്നത്ര സുഹൃത്തുക്കളും പരാതി നൽകിയാൽ, വ്യാജ അക്കൗണ്ട് ഫെയ്സ്ബുക് തന്നെ നീക്കം ചെയ്യും. 

∙ ജില്ലാ പൊലീസ് മേധാവിക്കോ അതതു പൊലീസ് സ്റ്റേഷനുകളിലോ പരാതി നൽകുക. 

തയാറാക്കിയത്: കെ.ജയപ്രകാശ് ബാബു, അജയ് ബെൻ, ജിക്കു വർഗീസ് ജേക്കബ്. സങ്കലനം: എ.ജീവൻ കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com