ADVERTISEMENT

കോവിഡ് കൂടുതൽ സംഹാരശേഷിയോടെ കേരളത്തിൽ വേരുപടർത്തുകയാണ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെടുന്നതിനോടൊപ്പമാണു കോവിഡ് വ്യാപനം ശക്തമാകുന്നതെന്നതു സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അതീവഭീഷണമായ ഈ അവസ്ഥ കേരളത്തിന്റെ ഇതുവരെയുള്ള ജാഗ്രത – പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ആത്മപരിശോധന അനിവാര്യമാക്കുകയും ചെയ്യുന്നു.

രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രതിദിന കേസുകൾ പതിനായിരം കടന്നുവെന്നു മാത്രമല്ല, ഔദ്യോഗിക കണക്കിൽത്തന്നെ മരണം ആയിരം പിന്നിടുകയും ചെയ്തുകഴിഞ്ഞു. സമ്പർക്കവ്യാപനം പെരുകുന്നതിനോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിച്ചുവരികയാണ്. വാക്സീൻ ഇപ്പോഴും വിദൂരസ്വപ്നമായി തുടരുമ്പോൾ ജീവിതത്തിലെ ഏറ്റവും സങ്കീർണ പ്രതിസന്ധിയെ ഒന്നിച്ച് അഭിമുഖീകരിക്കുകയാണു നാമോരോരുത്തരും.

സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ആരോഗ്യ അടിയന്തരാവസ്ഥയായി പരിഗണിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രതിദിന പരിശോധന ഒരു ലക്ഷത്തിലെത്തിച്ച് വൈറസ് ബാധിതരെ നിരീക്ഷണത്തിലാക്കുക മാത്രമാണു സമ്പർക്ക വ്യാപനം നിയന്ത്രിക്കാനുള്ള മാർഗമെന്നും അവർ പറയുന്നുണ്ട്. പരിശോധന കുറവായിട്ടു പോലും പോസിറ്റീവ് ആകുന്നവരുടെ കണക്കിൽ കേരളം രാജ്യ ശരാശരിയെക്കാൾ മുന്നിലാണെന്നതു സാഹചര്യത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നു. ശാസ്ത്രീയമായ ഏകോപനമില്ലായ്മയാണ് കോവിഡ് സ്ഥിതി ഗുരുതരമാക്കിയതെന്നും ആരോഗ്യവിദഗ്ധരുടെ സംഘടനകളെ ഉൾപ്പെടുത്താതെയും അവരുടെ നിർദേശങ്ങൾക്കും തീരുമാനങ്ങൾക്കും മുൻതൂക്കം നൽകാതെയും നടത്തിയ നീക്കങ്ങളാണു പ്രതിസന്ധിക്കു കാരണമായതെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നുണ്ട്.

സർക്കാരിന്റെ എതിർവാദങ്ങളും ഇതോടൊപ്പമുണ്ട്. അപായമുനമ്പിൽ കേരളം അങ്ങേയറ്റം ആശങ്കകളോടെ നിൽക്കുന്ന ഈ വേളയിൽ തർക്കിച്ചുനിൽക്കാൻ ഒട്ടും സമയമില്ലെന്നതാണു വാസ്തവം. ലക്ഷ്യം മറക്കുന്ന ഓരോ നിമിഷത്തിനും പല ജീവന്റെ വിലയുണ്ടെന്നതു മറന്നുകൂടാ. കോവിഡ് ഏറെ മുന്നേറിക്കഴിഞ്ഞ സാഹചര്യത്തിൽ, വിനാശകാരിയായ ആ ശത്രുവിനെ കൃത്യവും വ്യക്തവുമായ മുന്നേറ്റത്തിലൂടെ കീഴ്പ്പെടുത്തുക മാത്രമാവണം നമ്മുടെ ലക്ഷ്യം. കോവിഡ് വ്യാപനം ജനങ്ങളെ അറിയിക്കാൻ വേണ്ടിയെന്ന പേരിൽ തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രതിദിന മാധ്യമസമ്മേളനം തന്നെ പ്രാരംഭ കോവിഡ് കണക്കുകൾക്കുശേഷം, ആരോപണമറുപടികളിലേക്കും അവകാശവാദങ്ങളിലേക്കും രാഷ്ട്രീയ വെല്ലുവിളികളിലേക്കുമൊക്കെ പതിവായി നീളുന്നതും കേരളം കണ്ടുപോരുന്നുണ്ട്.

ലോകം ഇപ്പോൾ പ്രഥമപരിഗണന നൽകുന്നതു കോവിഡിനു മാത്രമാണെന്നതു മറക്കാതിരിക്കാം. ഏകോപിത പ്രവർത്തനങ്ങളിലൂടെയും സൂക്ഷ്മമായ ജാഗ്രത കൊണ്ടും കോവിഡിനെ വരുതിയിൽ നിർത്തുന്ന രാജ്യങ്ങളുമുണ്ട്. ഈ ദിശയിൽ പ്രചോദനപാഠങ്ങൾ നൽകുന്ന വിയറ്റ്നാം നല്ലൊരു ഉദാഹരണമാണ്. 9.7 കോടി ജനങ്ങളുള്ള വിയറ്റ്നാമിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 35 പേർ മാത്രമാണ്. അവിടെ ഇതുവരെ കോവിഡ് ബാധിച്ചതാകട്ടെ, വെറും 1110 പേർക്കു മാത്രം. ജനുവരി 23നാണ് വിയറ്റ്നാമിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിന്റെ പിറ്റേന്നു മുതൽ വിയറ്റ്നാം ആസൂത്രിതമായി നടപ്പാക്കിയ കോവിഡ് പ്രതിരോധം ഫലം കണ്ടുവെന്നു വേണം കരുതാൻ. രാജ്യം ഏകദേശം പഴയ സ്ഥിതിയിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. ആ രാജ്യത്തെ 11,000 പ്രാദേശിക സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, 700 ജില്ലാതല ആരോഗ്യകേന്ദ്രങ്ങൾ, 63 പ്രവിശ്യാതല പ്രതിരോധകേന്ദ്രങ്ങൾ എന്നിവയുടെ ശക്തമായ ശൃംഖല ഉപയോഗപ്പെടുത്തിയായിരുന്നു സർക്കാർ പ്രവർത്തനം.

സുരക്ഷിത അകലംകൊണ്ടും ശുചിത്വം കൊണ്ടും കേരളം ജാഗ്രതയുടെ ആയുധത്തിനു പരമാവധി മൂർച്ച കൂട്ടേണ്ടതുണ്ട്. പുറംലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ടത് ആഘോഷിക്കാനല്ല, അത്യാവശ്യങ്ങൾ സുഗമമായി നിർവഹിക്കാൻ വേണ്ടിയാണെന്നതു മറക്കാതിരിക്കാം. ആരോഗ്യരംഗത്തെ എല്ലാവരെയും വിശ്വാസത്തിലെടുത്തു വേണം കോവിഡ് പ്രതിരോധം സർക്കാർ മുന്നോട്ടു കൊണ്ടുപോകാൻ. പരിശോധന പരമാവധി വർധിപ്പിച്ചും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയും സമൂഹവ്യാപനത്തോതനുസരിച്ചു സജ്ജീകരണങ്ങൾ വർധിപ്പിച്ചും സർക്കാർ ഈ കഠിനസന്ധി നേരിടേണ്ടതുണ്ട്. ആരോഗ്യമേഖലയിലെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചും സംസ്ഥാനത്തു പ്രവർത്തിക്കുന്ന നൂറുകണക്കിനു സന്നദ്ധ സംഘടനകളുമായി സഹകരിച്ചും നമുക്കു കോവിഡിനെ ജയിച്ചേതീരൂ.

Content Highlights: Kerala's fight against Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com