ADVERTISEMENT

വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്ന തലക്കെട്ടോടെ എത്തുന്ന ഏതു സമൂഹമാധ്യമ  സന്ദേശത്തിനും ക്ലിക് കിട്ടുന്ന കാലമാണിത്. കോവിഡും ലോക്ഡൗണും കാരണം തൊഴിൽ  നഷ്ടമായവരും വരുമാനം കുറഞ്ഞവരും  ഏറെയുണ്ടല്ലോ. ഈ പരസ്യം തുറന്ന്  ക്ലിക് ചെയ്യുന്നവർക്കു പണമല്ല, പണിയാണു കിട്ടുന്നത്.

‘വീട്ടിലിരുന്നു ജോലി ചെയ്ത് ദിവസവും 5,000 രൂപ സമ്പാദിക്കാൻ അവസരം’ എന്നു പറഞ്ഞാണ് ചെന്നൈ സ്വദേശിയായ സൈബർസുരക്ഷാ വിദഗ്ധൻ പ്രണവ് വെങ്കട്ടിന്റെ സുഹൃത്തിന് ഒരു എസ്എംഎസ് ലഭിക്കുന്നത്. ഒരു കൗതുകത്തിനു തുടങ്ങിയ അന്വേഷണം ഒടുവിൽ എത്തിനിന്നത് വർക് ഫ്രം ഹോമിന്റെ മറവിൽ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളെ ചൂതുകളിയിലേക്കു നയിക്കുന്ന ചൈനീസ് കുതന്ത്രത്തിൽ. വെബ് പ്ലാറ്റ്ഫോമിൽ നിശ്ചിതസമയത്തു പ്രത്യക്ഷമാകുന്ന നിറവും സംഖ്യകളും പ്രവചിച്ച് പണം നൽകി പന്തയം വയ്ക്കുന്ന കളർ–നമ്പർ പ്രെഡിക്‌ഷൻ ഗെയിമുകളിലൂടെയാണു ചൂതുകളി പുതുരൂപത്തിൽ വ്യാപകമാകുന്നത്.

പച്ച, ചുവപ്പ്, വയലറ്റ് നിറങ്ങൾക്കാണു പന്തയം. പ്രവചിച്ച നിറം ശരിയായാൽ പലയിരട്ടി പണം ലഭിക്കുമെന്നാണു വാഗ്ദാനം. നമ്മുടെ കീഴിൽ ആളുകളെ ചേർത്താൽ നിശ്ചിത തുക നമുക്കു ലഭിക്കും. അവർക്കു കളിയിൽ പണം ലഭിച്ചാൽ നമുക്കും ചെറിയൊരു വിഹിതം ലഭിച്ചുകൊണ്ടേയിരിക്കുമത്രേ.

അന്വേഷണം ചുരുളഴിഞ്ഞ വഴികളെക്കുറിച്ച് പ്രണവ് പറയുന്നു:

  സക്കർബർഗിന്റെ ചിത്രവുംജ്വല്ലറിയുടെ വെബ്സൈറ്റും

ഒരു മാധ്യമത്തിന്റെ പേരിലുള്ള വ്യാജ വെബ്സൈറ്റിലേക്കാണ് ആദ്യമെത്തുക. 3 ദിവസം കൊണ്ട് 50,000 രൂപ സമ്പാദിക്കാമെന്നാണ് ഓഫർ. ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ ചിത്രവും വർക് ഫ്രം ഹോമിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു വാചകവും വിശ്വാസ്യതയ്ക്കായി ചേർത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ സൈറ്റുകളെല്ലാം ചൈനയിൽനിന്നുള്ളതാണെന്നു കണ്ടെത്തി. എറർ മെസേജിലും സോഴ്സ് കോഡിലും വരെ ചൈനീസ് തെളിവുകൾ കണ്ടെടുത്തു. ഇതേ ഉള്ളടക്കമുള്ള 18 വെബ്‍ വിലാസങ്ങളാണു ശ്രദ്ധയിൽപെട്ടത്. മിക്കതും ജ്വല്ലറികളുടെ പേരിലുള്ളവ. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ വ്യാജപേരിൽ 4 വെബ്‍ വിലാസങ്ങളുണ്ടായിരുന്നു 

ഇവ ഡമ്മി വെബ്സൈറ്റുകളാണെന്നും ഇവയെല്ലാം നയിക്കുന്നത് കളർ പ്രെഡിക്‌ഷൻ നടത്തുന്ന ഇടങ്ങളിലേക്കാണെന്നും പിന്നീടു ബോധ്യമായി. ഈ സൈറ്റുകൾക്കെതിരെ ജ്വല്ലറി ഗ്രൂപ്പ് നിയമപോരാട്ടത്തിലുമാണ്.

ആദ്യം മധുരിക്കും; പിന്നെ കയ്ക്കും

pranav
പ്രണവ് വെങ്കട്ട്

തുടക്കക്കാർക്ക് ആദ്യ റൗണ്ടുകളിൽ പണം ലഭിക്കുന്ന തരത്തിലാണു ക്രമീകരണം. ഇതോടെ ആദ്യ റൗണ്ടുകളിൽ സമ്പാദിക്കുന്ന പണം വച്ച് വീണ്ടും പന്തയം നടത്തിക്കൊണ്ടേയിരിക്കും. കൂടുതൽ സുഹൃത്തുക്കളെ ചേർക്കും. വലിയ തുകകളിലേക്കു കടക്കുമ്പോൾ പ്രവചനം തെറ്റും. ചുരുക്കത്തിൽ പണം മൊത്തമായി വെള്ളത്തിൽ വരച്ച വരയായി മാറും.

പ്രവചനത്തിൽ നമ്മെ സഹായിക്കാനെന്ന മട്ടിൽ നൂറുകണക്കിനു ടെലിഗ്രാം, വാട്സാപ് ഗ്രൂപ്പുകളുണ്ട്. അനുഭവസമ്പത്തുള്ളവരെന്ന മട്ടിൽ ഇതിന്റെ അണിയറയിൽത്തന്നെയുള്ളവർ ഓരോ കളിയെപ്പറ്റിയും സൂചന നൽകും. ആദ്യമിതു ശരിയാകുമെങ്കിലും പിന്നീടു തെറ്റും. അല്ലെങ്കിലും, നമ്മെ സമ്പന്നരാക്കിയിട്ട് അവർക്കെന്തു കാര്യം!

വെബ്‍ വിലാസങ്ങൾ മാറിക്കൊണ്ടേയിരിക്കുമെന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. ഗെയിമിങ് പ്ലാറ്റ്ഫോമിലെ തന്നെ ഒരു വോലറ്റിലാണു പണം സൂക്ഷിക്കുന്നത്. ഒരു സുപ്രഭാതത്തിൽ സൈറ്റ് മൊത്തമായി അപ്രത്യക്ഷമാകുന്നതോടെ കാര്യം തീരുമാനമാകും. ഒരു കസ്റ്റമർ കെയർ നമ്പർ പോലും ഇല്ലാത്തതുകൊണ്ട് ആരോടു വിളിച്ചു ചോദിക്കാൻ?

പൊലീസിനു വേണം സൈബർ ആയുധം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സൈബർ ഡോം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ സൈബർ പൊലീസ് സ്റ്റേഷൻ. ഓരോ ജില്ലാ പൊലീസ് ആസ്ഥാനത്തും സൈബർ സെൽ. പരമാവധി പൊലീസുകാർക്കു സൈബർ പരിശീലനം. ഓരോ വർഷവും സൈബർ രംഗത്തെ മാറ്റങ്ങളും കുറ്റകൃത്യങ്ങളും അവലോകനം ചെയ്യുന്ന രാജ്യാന്തര സമ്മേളനമായ കൊക്കൂൺ.

പക്ഷേ, ഓൺലൈൻ ഡേറ്റ എൻട്രി ജോലിക്കു ശ്രമിച്ച്, തട്ടിപ്പിന്റെ വക്കത്തുനിന്നു രക്ഷപ്പെടുകയും തട്ടിപ്പുകാരുടെ ഭീഷണിക്കെതിരെ പരാതിപ്പെടുകയും ചെയ്തയാൾക്കു പൊലീസ് നൽകിയ മറുപടി: പണം പോയില്ലല്ലോ. പിന്നെന്താ? ഇതാണു പൊലീസിന്റെ അവസ്ഥ. ഗുരുതരമായ ഓൺലൈൻ തട്ടിപ്പുകൾ നടക്കുമ്പോഴും ഒന്നുകിൽ, പരാതി ഇല്ലെന്ന മറുപടി; അല്ലെങ്കിൽ, പണം പോയില്ലല്ലോ എന്ന നിസ്സംഗത. അതുമല്ലെങ്കിൽ, ഡാർക്‌െവബ്ബാണ്, ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിസ്സഹായത. പൊലീസ് പുതു കാലത്തിനാവശ്യമായ സൈബർ ആയുധങ്ങൾ സമ്പാദിക്കാതെ കേരളത്തിന് ഓൺലൈൻ തട്ടിപ്പിൽനിന്നു മോചനമില്ല.

‘ഡേറ്റ എൻട്രി’  തട്ടിപ്പിന്റെ  പൊതുസ്വഭാവം  ഇങ്ങനെ

∙ ഒന്നാം ദിവസം: 10 ദിവസം കൊണ്ട് 25,000 രൂപ സമ്പാദിക്കാൻ കഴിയുന്ന ഡേറ്റ എൻട്രി ജോലി വാഗ്ദാനം. ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഒപ്പിന്റെ സ്കാൻ ചെയ്ത കോപ്പി എന്നിവ വാങ്ങുന്നു.

∙ രണ്ടാം ദിവസം: ജോലി ചെയ്യാനുള്ള സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ നിർദേശം. ഒരു കംപ്യൂട്ടറിൽനിന്നു മാത്രമേ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ജോലിയിൽ 90% കൃത്യത ഉറപ്പാക്കണമെന്ന് കർശന നിർദേശം. എന്നാൽ, ഈ സോഫ്റ്റ്‌വെയർ കൃത്യമായി പ്രവർ‌ത്തിക്കില്ല എന്നതാണു സത്യം.

∙ മൂന്നാം ദിവസം: 100 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിയതെന്ന മട്ടിൽ ഒരു വ്യാജ കരാർരേഖ ഇമെയിലിൽ എത്തുന്നു. 10 ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയില്ലെങ്കിൽ 10,000 രൂപ പിടിക്കുമെന്ന നിബന്ധനയുമുണ്ട്. നിങ്ങളുടെ ഒപ്പു ചുവടെ ചേർത്തിട്ടുമുണ്ട്. 10 ദിവസം പൂർണമായി ചെയ്താലും തീരാത്ത ജോലിയാണു തന്നിരിക്കുന്നതെന്ന് നിങ്ങൾ അറിയില്ല.

∙ പത്താം ദിവസം: ജോലി പൂർത്തിയാക്കിയില്ലെന്നും കരാറിൽ പറഞ്ഞതുപോലെ 10,000 രൂപ അടയ്ക്കണമെന്നും ഫോണിലും ഇമെയിലിലും നിർദേശം.

∙ 15–ാം ദിവസം: ഇമെയിലുകൾക്കു മറുപടി അയയ്ക്കാതിരിക്കുന്നതോടെ കത്തുവഴിയോ ഇമെയിൽ ആയോ ലഭിക്കുന്നത് ഒരു വ്യാജ വക്കീൽ നോട്ടിസ്. ഇതിനു പുറമേ, നിരന്തരം ഫോൺ കോളുകളും എസ്എംഎസുകളും. മുദ്രപ്പത്രത്തിൽ കരാർ ഒപ്പിട്ടുവെന്ന ധാരണയിൽ പ്രത്യാഘാതങ്ങൾ ഭയന്ന് മിക്കവരും 10,000 രൂപ അടച്ച് തലയൂരും.

നോട്ടിസ്  പേടിക്കേണ്ട

നിങ്ങളുടെ ഒപ്പിന്റെ പകർപ്പ് ഉപയോഗിച്ചു നിങ്ങളോടുപോലും ചോദിക്കാതെ തയാറാക്കിയ വ്യാജ കരാർ രേഖയാണ് അയച്ചുനൽകുന്നത്. കരാർ പോലെ തന്നെ കമ്പനിയും വ്യാജമാണ്. കരാറിനു നിയമപരമായ സാധുതയില്ല. അതുകൊണ്ടു‌തന്നെ പേടിക്കേണ്ട കാര്യവുമില്ല.

ഡേറ്റ എന്റർ ചെയ്യൂ....

ഓൺലൈനായി േഡറ്റ എൻട്രി നടത്തുന്ന മാന്യമായ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ട്. പക്ഷേ, അതിന്റെ പതിന്മടങ്ങാണു തട്ടിപ്പുകാർ. ചില അനുഭവങ്ങൾ ചുവടെ ചേർക്കുന്നു. കോവിഡ്കാലത്തു ജോലി നഷ്ടപ്പെട്ട്, ഇന്റർനെറ്റിൽ ഡേറ്റ എൻട്രി ജോലി തിരയുന്നവർക്കുള്ള മുന്നറിയിപ്പാണിവ. ഈ തട്ടിപ്പിനു പിന്നിൽ മലയാളികളുമുണ്ട്.

∙ കണ്ണൂർ താഴെചൊവ്വ സ്വദേശി പി.വി.അനീഷ് ഏപ്രിലിലാണ് ഓൺലൈൻ വ്യാപാര ആപ്പിൽ ഡേറ്റ എൻട്രി ജോലി തിരഞ്ഞത്. 3000 രൂപ റജിസ്ട്രേഷൻ ഫീസ് വേണമെന്ന് ഒരു കമ്പനി ആവശ്യപ്പെട്ടു. ശമ്പളത്തിൽനിന്നു പിടിച്ചോളാൻ പറഞ്ഞു. പറ്റില്ലെന്ന് അവർ. പച്ചമലയാളത്തിൽ ഫോണിലാണു സംസാരം. മറ്റു ചിലർ പണമടച്ചതിന്റെ സ്ക്രീൻ ഷോട്ടുകളൊക്കെ അവർ വാട്സാപ് ചെയ്തു.

മറ്റൊരു സംഘം ആവശ്യപ്പെട്ടതു 2000 രൂപയാണ്. വിളിച്ച സ്ത്രീ നല്ല മലയാളത്തിൽ പണം ആവശ്യപ്പെട്ടു. പറ്റിക്കാനല്ലേ എന്നു ചോദിച്ചതോടെ അവർ ചൂടായി. പിന്നീടു നിരന്തരം ഭീഷണി കോൾ. ഇവർക്കു വേണ്ടി വിളിച്ചവരിലൊരാൾ, ആദ്യത്തെ ‘കമ്പനിയിൽ’നിന്നു വിളിച്ചയാൾ തന്നെ! എല്ലാം ഒരേ സംഘമാണെന്നു വ്യക്തം. ഫോൺ നമ്പർ സഹിതം പൊലീസിനു പരാതി നൽകിയെങ്കിലും നടപടിയൊന്നുമായില്ല.

∙ പേരു വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത ആലുവ സ്വദേശി, ഓൺലൈനിൽ ഡേറ്റ എൻട്രി ജോലി തിരഞ്ഞത് പ്രശസ്തമായ തൊഴിൽ വെബ്സൈറ്റിലാണ്. ദിവസം 1000 കാപ്ച (പ്രധാനപ്പെട്ട സൈറ്റുകൾ സുരക്ഷയുടെ ഭാഗമായി നൽകുന്ന അക്ഷരവും അക്കങ്ങളും ചിത്രങ്ങളും ചേർന്ന കോഡ്) തയാറാക്കി നൽകാൻ പഞ്ചാബിലുള്ള ഒരു കമ്പനിയുമായി കരാറൊപ്പിട്ടു. അവരുടെ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ആപ് ഇടയ്ക്കിടയ്ക്കു പ്രവർത്തനം നിലച്ചതോടെ 500 എണ്ണം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പറ്റിയുള്ളൂ. 

ഇതോടെ, ആപ്പുകാർ ഭീഷണിയായി. 10,000 രൂപയാണു നഷ്ടപരിഹാരമായി അവർ ആദ്യം ആവശ്യപ്പെട്ടത്. ഹിന്ദിയിലും ഇംഗ്ലിഷിലും മലയാളത്തിലും ഭീഷണിയുണ്ടായിരുന്നു. നഷ്ടപരിഹാരം പടിപടിയായി ഉയർന്നു. രക്ഷയില്ലെന്നു വന്നപ്പോൾ ‘അവൻ മരിച്ചുപോയി’ എന്ന് ഒരു സുഹൃത്തിനെക്കൊണ്ടു കള്ളം പറയിച്ചു. അതോടെയാണു ഫോൺ വിളികൾ നിലച്ചത്!

∙ ഓൺലൈനായി ലഭിച്ച ഡേറ്റ എൻട്രി ജോലി 10 ദിവസത്തിനകം പൂർത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിക്കു ലഭിച്ചത് വക്കീൽ നോട്ടിസ്! കരാർ ലംഘിച്ചുവെന്നു പറഞ്ഞ് തുടർച്ചയായി ഭീഷണി കോളുകളും എത്തിയതോടെ ആകെ പേടിയായി. നഷ്ടപരിഹാരമായി 10,000 രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഒടുവിൽ ഗതികെട്ട് ഒരു അഭിഭാഷകനെ സമീപിച്ചപ്പോഴാണ് വ്യാജ വക്കീൽ നോട്ടിസാണെന്നു തിരിച്ചറിഞ്ഞത്.

 ഇ–ജാഗ്രത

ഒരു കമ്പനിയും നമുക്കു വെറുതേ പണം തരില്ല, ചൂതുകളിയിൽ എപ്പോഴും വിജയം അതു നടത്തുന്ന കമ്പനിക്കാണ്.

  ഔദ്യോഗിക ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഗെയിമിങ് ആപ്പുകളെ പ്രത്യേകം സൂക്ഷിക്കുക.

 ഉപയോഗിക്കുന്ന ഗെയിമുകളുടെ പേര് ഗൂഗിളിൽ തിരയുക. ഇവയ്ക്കു പിന്നിൽ തട്ടിപ്പുണ്ടോ എന്നറിയാൻ ഈ തിരച്ചിൽ ഉപകരിക്കും.

 ഒട്ടേറെ യുട്യൂബ് ചാനലുകൾ ഇത്തരം ഗെയിമുകൾ മികച്ചതാണെന്ന മട്ടിൽ പ്രമോഷനൽ വിഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയെ അന്ധമായി വിശ്വസിക്കാതിരിക്കുക.

 കുട്ടികളെ കുടുക്കുന്ന ഗെയിമുകൾ

ഓൺലൈൻ ഗെയിമുകളിൽ, പ്രത്യേകിച്ചു കുട്ടികൾക്കുള്ളവയിൽ, പണം തട്ടുന്ന ചതിക്കുഴികളുണ്ട്. സമീപകാലത്ത് സൈബർ പൊലീസിൽ ഏറ്റവുമധികം പരാതി ലഭിച്ചതും ഇത്തരം ഗെയിമുകളെപ്പറ്റിയാണ്. ഗെയിമിനിടെ, അത്യാധുനിക കളിത്തോക്കുകൾ തരാമെന്നും 800 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ക്രെഡിറ്റ് കാർഡിന്റെയോ ഡെബിറ്റ് കാർഡിന്റെയോ ഇരുവശവും ഫോട്ടോ എടുത്ത് അയയ്ക്കാനാണു നിർദേശം. കുട്ടി ഇതു ചെയ്യുന്നതോടെ മാതാപിതാക്കളുടെ കാർഡിന്റെ വിശദാംശങ്ങൾ തട്ടിപ്പുകാരുടെ കയ്യിലെത്തും. പിന്നീട്, ഇതേ രീതിയിൽ ഒടിപിയും സംഘടിപ്പിച്ച്, കാർഡിൽനിന്നു വൻതോതിൽ ഓൺലൈൻ ഷോപ്പിങ് നടത്തും.

 ഒരു ഗ്രാഫല്ല ജീവിതം!

ഓഹരിവിപണിയുടെ ഭാഗമെന്ന മട്ടിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ് ആപ്പുകളുടെ ചതിക്കുഴികളിലേക്ക് വയനാട് സ്വദേശിയായ യുവാവ് വീണുപോയത് ഏതാനും മാസം മുൻപാണ്. രണ്ടുലക്ഷം രൂപ വീട്ടുകാർ പോലുമറിയാതെ നിക്ഷേപിച്ചായിരുന്നു കളി.

ഓഹരിവിപണി സൂചികയുടെ പോക്കു പ്രവചിച്ചു പണം നിക്ഷേപിക്കുന്നതാണ് ഇത്തരം ആപ്പുകളിലെ രീതി. എന്നാലിതിന് ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചുമായി ഒരു ബന്ധവുമില്ല. ആപ് തുറക്കുമ്പോൾ സ്ക്രീനിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് ദൃശ്യമാകും. നിശ്ചിത തുക നിക്ഷേപിച്ച് ഗ്രാഫ് ഉയരുമോ താഴുമോ എന്നു പ്രവചിക്കണം. നമ്മുടെ പ്രവചനം ശരിയായാൽ നിക്ഷേപിച്ചതിന്റെ ഇരട്ടിതുക ലഭിക്കുമെന്നാണു വാഗ്ദാനം.

ആപ്പിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഏകദേശം 65,000 രൂപ ഡമ്മി തുകയായി നമുക്കു കളിക്കാൻ തരും. ഇതുപയോഗിച്ച് പന്തയം വച്ചു ജയിച്ചാൽ ഇരട്ടിത്തുക ലഭിക്കും. തെറ്റിയാൽ തുക കമ്പനിക്ക്.ഡമ്മി വച്ചുകളിക്കുമ്പോൾ ഇത്രയും തുക ലഭിച്ചല്ലോ എന്ന തോന്നലിൽ ശരിക്കുമുള്ള പണം നിക്ഷേപിച്ചു കളി തുടരുമ്പോഴാണു തട്ടിപ്പു പുറത്തുവരുന്നത്.

വയനാട് സ്വദേശി ആദ്യം നിക്ഷേപിച്ചത് 10,000 രൂപ. സുഹൃത്തുക്കൾ മുന്നറിയിപ്പു നൽകിയെങ്കിലും അവർ പോലുമറിയാതെ, പണം തിരിച്ചുപിടിക്കാൻ വീണ്ടും വീണ്ടും നിക്ഷേപം നടത്തി. കൂടുതൽ നഷ്ടത്തിലേക്കു വീണു.

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, അജയ് ബെൻ,  ജിക്കു വർഗീസ് ജേക്കബ്. സങ്കലനം: എ. ജീവൻ കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com