ദൈവത്തിനും മനുഷ്യനുമൊപ്പം

SHARE

മനുഷ്യന്റെ ഭൗതിക ജീവിതത്തിലും ദൈവികമുഖം വെളിപ്പെടണമെന്നു കർമംകൊണ്ട് ആഗ്രഹിച്ച ആധ്യാത്മിക ഗുരുവിന്റെ വിയോഗമാണിത്. നിലപാടിലെ കൃത്യതയും മനസ്സിലെ ആർദ്രതയുംകൊണ്ടു സമൂഹത്തിൽ ഇടംനേടിയ ജീവിതമാണ് വിടപറഞ്ഞ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടേത്.

ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ചുകൊണ്ടാണ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്ന നിലയിൽ പരമ്പര്യത്തനിമയോടെ അദ്ദേഹം മാർത്തോമ്മാ സഭയെ 21–ാം നൂറ്റാണ്ടിനായി രൂപപ്പെടുത്തിയത്. വെല്ലുവിളികളെ സാധ്യതകളാക്കി മുന്നേറിയപ്പോൾ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായി. മനുഷ്യനെപ്പോലെതന്നെ മെത്രാപ്പൊലീത്ത പ്രകൃതിയെയും സ്നേഹിച്ചു. പമ്പാനദി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ എന്നും ഒഴുകിയിരുന്നു. നദിയുടെ അക്കരെ ഇക്കരെ നീന്തിയിരുന്ന മെത്രാപ്പൊലീത്ത, കണ്ടുശീലിച്ച മേൽപ്പട്ടക്കാരിൽനിന്നു വ്യത്യസ്തനായി. പമ്പാനദിയുമായുള്ള അഭേദ്യബന്ധമാണ് അദ്ദേഹത്തെ തികഞ്ഞ പ്രകൃതിസ്നേഹിയാക്കിയത്. പമ്പാനദി മലിനമാകുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

ആഗോളതാപനത്തിനെതിരെ സന്ദേശമുയർത്തി മാരാമൺ കൺവൻഷനിൽ ഒരുലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്ത മഹനീയദൗത്യത്തിൽ മെത്രാപ്പൊലീത്തയുടെ ഹരിതാഭമായ ഇടപെടൽ കാണാം. അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർക്ക് അദ്ദേഹത്തിന്റെ കരുതൽ ലഭിച്ചു. പ്രളയദുരിതം നേരിട്ടവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതി അദ്ദേഹത്തിന്റെ സ്നേഹമുദ്രയാണ്. മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്കു നീക്കിയ ചരിത്രപ്രഖ്യാപനവും മെത്രാപ്പൊലീത്തയുടേതായിരുന്നു.

സഭയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങളൊന്നും മതപരിവർത്തനത്തിനു വഴിയൊരുക്കേണ്ടതില്ലെന്നു നിർബന്ധം പിടിച്ചിരുന്ന മെത്രാപ്പൊലീത്ത, അന്തേവാസികൾ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വേർതിരിക്കപ്പെടരുതെന്നും ശഠിച്ചു. സഭകൾക്കിടയിൽ മധ്യസ്ഥന്റെ വേഷമണിഞ്ഞ അദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നതു സഭകൾക്കിടയിലെ തർക്കങ്ങളായിരുന്നു. ലോകത്തിലെ പ്രമുഖ ആധ്യാത്മിക നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ജോസഫ് മാർത്തോമ്മാ, രാഷ്ട്ര – രാഷ്ട്രീയ നേതൃത്വത്തോടും അടുപ്പം പാലിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജോസഫ് മാർത്തോമ്മാ പ്രത്യേക ക്ഷണിതാവായതും അദ്ദേഹത്തിന്റെ നവതി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതുമൊക്കെ അദ്ദേഹം കാത്തുസൂക്ഷിച്ച വ്യക്തിബന്ധങ്ങളുടെ ഉദാഹരണമാണ്.

സംഘാടനത്തിന്റെയും നേതൃത്വത്തിന്റെയും മികവു തെളിയിച്ചാണ് അദ്ദേഹം യാത്രയാവുന്നത്. മൂന്നുതവണ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അധ്യക്ഷനായിരുന്നു. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെയും ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്‌ഷന്റെയും (കാസാ) ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെയും അധ്യക്ഷ പദവികളിലും അദ്ദേഹം ശോഭിച്ചു. നാഗാലാൻഡ്, മണിപ്പുർ, ഈസ്റ്റ് ടിമോർ മേഖലകളിലെ സംഘർഷകാലത്ത് സമാധാന ദൗത്യസംഘങ്ങളിൽ അംഗമായി. മഹാരാഷ്ട്രയിലെ ലാത്തൂർ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലെ പ്രകൃതിക്ഷോഭങ്ങളിലും ദക്ഷിണേന്ത്യൻ തീരദേശങ്ങളിലെ സൂനാമിയിലും 2018ലെ മഹാപ്രളയത്തിലും ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കു മാതൃകാപരമായിരുന്നു മെത്രാപ്പൊലീത്തയുടെ നേതൃത്വം. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത ലോക മതസമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തതും അദ്ദേഹത്തിന്റെ സ്വീകാര്യത അറിയിക്കുന്നു.

സമർപ്പിതജീവിതത്തിന്റെ സവിശേഷമുദ്രകൾ ശേഷിപ്പിച്ചാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത യാത്രയാകുന്നത്. 1957 ഒക്ടോബർ 18ന് ആണ് പി.ടി.ജോസഫ് എന്ന പേരിൽ അദ്ദേഹം വൈദികനായത്. 63 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഒക്ടോബർ 18ന് സഭയുടെ പരമാധ്യക്ഷ പദവിയിലെ ദൗത്യം പൂർത്തിയാക്കിയാണു മടക്കം. അദ്ദേഹത്തിന് മലയാള മനോരമയുടെ ആദരാഞ്ജലികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA