ബിപ്ലവിനെതിരെ വിമതവിപ്ലവം

Biplab Kumar Deb
ബിപ്ലവ് കുമാർ ദേബ്
SHARE

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെതിരെ കലാപമുണ്ടാക്കിയ പാർട്ടിവിമതരുടെ കൂസലില്ലായ്മ ബിജെപി ഹൈക്കമാൻഡിനെ അമ്പരപ്പിച്ചു. കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ 9 എംഎൽഎമാരാണു പരാതിയുമായി ഡൽഹിയിലെത്തിയത്. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് വിമതർക്കു മുന്നറിയിപ്പു നൽകി മടക്കി അയയ്ക്കാൻ നോക്കിയെങ്കിലും ഉന്നത നേതൃത്വത്തെ നേരിട്ടു കാണാതെ മടങ്ങില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയാക്കിയതു നരേന്ദ്ര മോദി നേരിട്ടാണെന്നും വിമതപ്രവർത്തനം കേന്ദ്രനേതൃത്വം അംഗീകരിക്കില്ലെന്നും സന്തോഷ് പറഞ്ഞുനോക്കിയെങ്കിലും മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലുള്ള സംഘം പിന്മാറാൻ കൂട്ടാക്കിയില്ല. 

2014ൽ നരേന്ദ്ര മോദി പരമോന്നത നേതാവാകുകയും പാർട്ടിക്കാര്യങ്ങൾ അമിത് ഷാ ഏറ്റെടുക്കുകയും ചെയ്ത ശേഷം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിമതപ്രവർത്തനങ്ങളെ കർശനമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളും ജനതാൽപര്യങ്ങളും വിലയിരുത്താൻ തങ്ങൾക്കാവുമെന്ന സന്ദേശമാണു പാർട്ടി നേതൃത്വം വിമതർക്കു നൽകുന്നത്. 

ഒടുവിൽ, ത്രിപുര വിമതരുടെ കാര്യത്തിൽ ഒത്തുതീർപ്പു നടപടികളുണ്ടായി. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ വിമതരിൽ നാലുപേർക്കു മാത്രം കൂടിക്കാഴ്ച അനുവദിച്ചു. നല്ല പ്രസംഗകനാണെങ്കിലും ഭരണപരിചയം തീരെയില്ലാത്ത നേതാവാണു ബിപ്ലവെന്ന് വിമതർ പറഞ്ഞു. അദ്ദേഹത്തിനു സംഭവിച്ച ഭരണപരമായ ഒട്ടേറെ പിഴവുകളും അവർ ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സ്വാധീനവലയത്തിലാണു മുഖ്യമന്ത്രിയെന്നും അവർ പരാതിപ്പെട്ടു. 

2016ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ ബിപ്ലവ് കുമാർ രണ്ടു വർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഉജ്വല വിജയത്തിലേക്കു നയിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിലിരുന്ന സിപിഎമ്മിനെ പുറത്താക്കാൻ ബിപ്ലവ് നടത്തിയ വിപ്ലവത്തെ മോദി തുറന്നു പ്രശംസിച്ചു. അമിത് ഷായുടെ വിശ്വസ്തനായ സാഹ കഴിഞ്ഞ ജനുവരിയിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും വരെ ത്രിപുരയിൽ പാർട്ടിയുടെയും ഭരണത്തിന്റെയും സമ്പൂർണ നിയന്ത്രണം ബിപ്ലവിനായിരുന്നു.

ഒരു ഗോത്രവിഭാഗ പാർട്ടിയുമായി സഖ്യമുണ്ടാക്കിയും കോൺഗ്രസിൽനിന്നു നേതാക്കളെ അടർത്തിയെടുത്തുമാണ് അദ്ദേഹം സിപിഎമ്മിനെതിരെ ചരിത്രവിജയം നേടിയത്. എന്നാൽ, സാഹ വന്നതോടെ പ്രവർത്തനരീതി മാറി. പ്രത്യയശാസ്ത്ര ശുദ്ധിയിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. വിമതരുടെ താൽപര്യം നേതൃമാറ്റമല്ല, ഒഴിഞ്ഞുകിടക്കുന്ന 4 മന്ത്രിസ്ഥാനങ്ങളാണ് എന്നാണ് ഡൽഹിയിലെ മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. നവരാത്രി ഉത്സവം കഴിഞ്ഞാലുടൻ ബിപ്ലവ് മന്ത്രിസഭാ പുനഃസംഘടനയ്ക്കു തയാറാകുമെന്നാണു സൂചന. 

വടക്കുകിഴക്കൻ മേഖലയിലേക്കു ബിജെപി പടർന്നുകയറിയത് 2014നു ശേഷമാണ്. അതുവരെ കോൺഗ്രസിനും പ്രാദേശിക കക്ഷികൾക്കുമായിരുന്നു മേധാവിത്തം. ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിലെ 8 സംസ്ഥാനങ്ങളിൽ ഏഴിലും ബിജെപി നേരിട്ടോ അല്ലാതെയോ ഭരണം നിയന്ത്രിക്കുന്നു. അസം, മണിപ്പുർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരാണ്. സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയുടെ മുന്നണിയിലെ ചെറിയ കക്ഷിയാണു ബിജെപി; നാഗാലാൻഡിൽ നാഗാ പീപ്പിൾസ് പാർട്ടിയുമായി സഖ്യത്തിലും. 

മേഘാലയയിൽ കഴിഞ്ഞയാഴ്ചയാണു കൊൺറാഡ് സാങ്മയുടെ സർക്കാരിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം ഗുരുതരമായ അഴിമതിയാരോപണം ഉന്നയിച്ചത്. ഇതു സാങ്മയ്ക്കും അദ്ദേഹത്തിന്റെ നാഷനൽ പീപ്പിൾസ് പാർട്ടിക്കും (എൻപിപി) വലിയ തലവേദനയുണ്ടാക്കി. ലോക്സഭാ മുൻ സ്പീക്കറും മേഘാലയ മുൻ മുഖ്യമന്ത്രിയുമായ പി.എ. സാങ്മയുടെ മകനാണു കൊൺറാഡ്. 1999ൽ സോണിയ ഗാന്ധിക്കെതിരെ കലാപം നയിച്ച് കോൺഗ്രസ് വിട്ട് എൻസിപിയുണ്ടാക്കിയതു സാങ്മയും ശരദ് പവാറും ചേർന്നാണ്. സാങ്മ പിന്നീട് എൻസിപി വിട്ടു സ്വന്തം കക്ഷിയായ എൻപിപിയുണ്ടാക്കി. 

മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടിനു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബിജെപിയെ ആശ്രയിക്കാതെയാണു ഭരണം. ത്രിപുര, മേഘാലയ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആക്രമണോത്സുകമായ രാഷ്ട്രീയനീക്കങ്ങളുമായി കോൺഗ്രസ് സജീവമാണെന്നു ബിജെപിക്കു ബോധ്യമുണ്ട്. കഴിഞ്ഞ മാസം മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി എൻ. ബീരേൻ സിങ് വിമതരുടെ അട്ടിമറി നീക്കത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 

വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള പ്രധാന ബിജെപി നേതാവ് റാം മാധവാണ്. മേഖലയിൽ ബിജെപി ഒന്നിനു പിറകെ മറ്റൊന്നായി നേടിയ വിജയങ്ങൾക്കു പിന്നിൽ അദ്ദേഹമാണ്. ജമ്മു കശ്മീരിൽ പിഡിപി - ബിജെപി സഖ്യസർക്കാർ ഉണ്ടാക്കിയതിനു പിന്നിലും റാം മാധവിന്റെ ഇടപെടലുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞമാസം നടത്തിയ പുനഃസംഘടനയിൽ റാം മാധവിനെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. വടക്കുകിഴക്കൻ മേഖലയുടെ ചുമതലയുള്ള പുതിയ ജനറൽ സെക്രട്ടറിയെ നഡ്ഡ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

മുഖ്യമന്ത്രിമാരിൽ വിശ്വാസമുറപ്പിക്കുന്ന നരേന്ദ്ര മോദി, വിമതർ ഡൽഹിയിൽ വന്നു തമ്പടിക്കുന്നതു ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. 2014ൽ മോദി പ്രധാനമന്ത്രിയായശേഷം പ്രധാന നേതൃമാറ്റമുണ്ടായ ഒരു സംസ്ഥാനം ഗുജറാത്താണ്. അവിടെ മോദിയുടെ പിൻഗാമിയായത് ആനന്ദിബെൻ പട്ടേലാണ്. പക്ഷേ, ആനന്ദിബെന്നിനോട് അപ്രിയം വർധിച്ചതോടെ രണ്ടു വർഷത്തിനുശേഷം വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി. മോദിയുടെ മതിപ്പു നേടാതെപോയ മറ്റൊരു മുഖ്യമന്ത്രി ഗോവയിലെ ലക്ഷ്മികാന്ത് പർസേക്കറാണ്. 2017ൽ അദ്ദേഹത്തെ മാറ്റി, പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറെ വീണ്ടും ഗോവയിലേക്ക് അയച്ചു. പരീക്കറെ ഡൽഹിയിലേക്കു കൊണ്ടുവന്നതു മോദിയാണെങ്കിലും, രോഗബാധിതനായപ്പോൾ അദ്ദേഹത്തിനു ഗോവയിലേക്കു തന്നെ മടങ്ങാനായിരുന്നു താൽപര്യം. 2019ൽ പരീക്കർ അന്തരിച്ചപ്പോൾ പകരം മോദി കണ്ടെത്തിയത് പ്രമോദ് സാവന്തിനെയാണ്. 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെയും പ്രവർത്തനശൈലിക്കെതിരെ ചോദ്യങ്ങളുയരുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വത്തിന് ഇരുവരോടും അതൃപ്തിയില്ല. കമൽനാഥിന്റെയും എച്ച്.ഡി.കുമാരസ്വാമിയുടെയും സർക്കാരുകളെ താഴെയിറക്കി, ബിജെപിയെ അധികാരത്തിലേറ്റാൻ അവർക്കു കഴിഞ്ഞുവെന്നതുതന്നെ കാരണം. 

English Summary: Rebel revolution against Biplab Kumar Dev

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA