കയറ്റുമതിയുടെ ചിറകൊടിയുന്നു

HIGHLIGHTS
  • വിദേശ ചരക്കുവിമാനങ്ങൾക്കുള്ള വിലക്കിൽ കേരളം വലയുന്നു
SHARE

വിദേശ ചരക്കുവിമാനങ്ങൾക്കു സർവീസ് നടത്താനുള്ള അനുമതി ഇന്ത്യയിലെ 6 വിമാനത്താവളങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയതു കേരളത്തിലെ കയറ്റുമതി മേഖലയ്ക്കു കനത്ത ആഘാതമായിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതി നാലിലൊന്നായി കുറഞ്ഞുകഴിഞ്ഞു. ഈ സ്ഥിതി കാർഷിക മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നതിൽ സംശയമില്ല. കേരളത്തിന്റെ കാർഷികോൽപന്ന, സുഗന്ധവ്യഞ്ജന വിപണിയെ കാര്യമായി ബാധിക്കുന്ന നയം എത്രയും വേഗം തിരുത്തിയില്ലെങ്കിൽ കോവിഡ്കാല പ്രതിസന്ധികളിൽപെട്ടു വലയുന്ന നമ്മുടെ കർഷകർ വല്ലാത്ത പ്രതിസന്ധിയിലാകും.

വിദേശ രാജ്യങ്ങളിൽനിന്നുള്ള അഡ്ഹോക്, നോൺ ഷെഡ്യൂൾഡ് ചാർട്ടർ ചരക്കുവിമാനങ്ങൾ ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങളിൽനിന്നു മാത്രം സർവീസ് നടത്തിയാൽ മതിയെന്നാണ് വ്യോമയാന മന്ത്രാലയം കഴിഞ്ഞ മാസം 15ന് ഉത്തരവിറക്കിയത്. ഇന്ത്യയിൽനിന്നുള്ള ചരക്കുവിമാന സർവീസുകൾക്കും തുല്യ അവസരം ലഭ്യമാക്കാനെന്ന പേരിലാണ് ‘ഓപ്പൺ സ്കൈ പോളിസി’യിൽ മാറ്റം വരുത്തിയത്. എന്നാൽ, ഇന്ത്യൻ ചരക്കുവിമാനങ്ങളൊന്നും കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു സർവീസ് നടത്തുന്നില്ല.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ 6 ദിവസവും സർവീസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് ചരക്കുവിമാനങ്ങൾ സിവിൽ ഏവിയേഷന്റെ തീരുമാനം വന്നതോടെ നിർത്തിയിരിക്കുകയാണ്. എമിറേറ്റ്സും ഖത്തർ എയർവേയ്സും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ചരക്കുവിമാനങ്ങൾ ലോക്ഡൗൺ കാലത്തുപോലും ഇവിടെ എത്തിയിരുന്നുവെന്നതു കൂടി ഓർമിക്കേണ്ടതുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾക്കു ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കണക്‌ഷൻ വിമാനങ്ങളില്ലാത്തതിനാൽ അധികം ചരക്ക് എടുക്കാൻ കഴിയില്ല. വിദേശ വിമാനങ്ങൾക്കാകട്ടെ മിക്ക രാജ്യങ്ങളിലേക്കും കണക്‌ഷൻ വിമാനങ്ങൾ ഉള്ളതിനാൽ ഇവിടെനിന്ന് അയയ്ക്കുന്ന ചരക്ക് ലോകമാകെ എത്തും.

യാത്രാവിമാനങ്ങളിൽ ചരക്കു കയറ്റാനായി നീക്കിവച്ചിരിക്കുന്ന ഭാഗം ഉപയോഗിച്ചാണ് ഇപ്പോൾ പേരിനെങ്കിലും കയറ്റുമതി. കാർഗോ വിമാനത്തിൽ 50 ടൺ ചരക്കു കയറുമ്പോൾ യാത്രാവിമാനത്തിൽ 15 ടൺ വരെയേ കയറ്റൂ. ഇവിടെനിന്നുള്ള ഉൽപന്നങ്ങൾ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ചു കയറ്റി അയയ്ക്കുന്നതു ചെലവു കൂട്ടുമെന്നു കയറ്റുമതി ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. കപ്പലിൽ ചരക്ക് അയയ്ക്കാമെന്നു വച്ചാൽ ദുബായിലെത്താൻ 7 ദിവസം വേണ്ടി വരും. കേന്ദ്രസർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കേരളത്തിൽനിന്നുള്ള കയറ്റുമതി പേരിനു മാത്രമാകും.

കേരളത്തിൽനിന്നു പ്രതിദിനം 150 ടൺ ചരക്കാണു ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റി അയയ്ക്കുന്നത്. ഇതിൽ ഭൂരിഭാഗവും പച്ചക്കറിയും പഴവർഗങ്ങളുമാണ്. പുതിയ സാഹചര്യത്തിൽ കയറ്റുമതി വല്ലാതെ കുറഞ്ഞത് ഗൾഫിലും മറ്റും പച്ചക്കറിക്കും പഴവർഗങ്ങൾക്കും വില വർധിക്കാൻ കാരണമാകുമെന്നും ആശങ്കയുണ്ട്. ഇതു പ്രവാസി മലയാളികൾക്ക് ആഘാതമാകുകയും ചെയ്യും.

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലിനെത്തന്നെ ഒരളവുവരെ തളർത്തുന്ന വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം വിവിധ തലങ്ങളിൽ ഉയർന്നുകഴിഞ്ഞു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്.

നമ്മുടെ ചില പാർലമെന്റ് അംഗങ്ങളും ഈ വിഷയത്തിൽ അടിയന്തര പരിഹാരം തേടി കേന്ദ്ര മന്ത്രാലയത്തിനു കത്തയച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാരിനോടൊപ്പം, കക്ഷിഭേദമില്ലാതെ കേരളത്തിൽനിന്നുള്ള എല്ലാ ജനപ്രതിനിധികളും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിയേ തീരൂ. നമ്മുടെ കയറ്റുമതിയുടെ നട്ടെല്ലൊടിയാൻ ഒരു കാരണവശാലും ഇടവന്നുകൂടാ. 

English Summary: Setback for export - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA