ADVERTISEMENT

ആമയും മുയലും കൂടി യാത്രയ്ക്കിറങ്ങിയതാണ്. കുറെ ദൂരം നടന്നുകഴിഞ്ഞപ്പോൾ അകലേക്കു നോക്കി ആമ സങ്കടത്തോടെ പറഞ്ഞു: ഇനി എത്രയധികം ദൂരം കൂടി നടക്കണം! അതുകേട്ട മുയൽ പിറകോട്ടു നോക്കി അഭിമാനത്തോടെ പറഞ്ഞു: നമ്മൾ എത്രയധികം ദൂരം സഞ്ചരിച്ചുകഴിഞ്ഞു. 

രണ്ടേ രണ്ടു വഴികളേയുള്ളൂ – ഇതുവരെ സഞ്ചരിച്ച വഴിയും ഇനി സഞ്ചരിക്കാനുള്ള വഴിയും. സഞ്ചരിച്ച വഴികൾ അനുഭവങ്ങളും സഞ്ചരിക്കാനുള്ള വഴികൾ ഭാവനകളും നൽകും. നടന്ന വഴികളിലൂടെ ലഭിച്ച തഴക്കമാണ് നടക്കാനുള്ള വഴികളുടെ ഊർജം. കഴിഞ്ഞുപോയ ഒരനുഭവവും പാഴാകില്ല. ഓരോന്നും പിന്നീടുള്ള വഴികളിൽ അനുയോജ്യ സമയത്തു മുതൽക്കൂട്ടാകും. 

സഞ്ചാരികൾക്കെല്ലാം ക്ലേശവഴികളുണ്ടാകും. അവയൊന്നും പിറകോട്ടു വലിക്കാനുള്ളതല്ല, മുന്നോട്ടു നയിക്കാനുള്ളതാണ്. ഓരോ യാത്രയിലും സുഖാനുഭൂതികളുമുണ്ടാകും. അവയൊന്നും പ്രലോഭനത്തിനുള്ളതല്ല, പ്രചോദനത്തിനുള്ളതാണ്. മുന്നോട്ടും പിറകോട്ടുമുള്ള അവലോകനം ഓരോ യാത്രയ്ക്കും അത്യാവശ്യമാണ്. പിറകോട്ടുള്ള അവലോകനങ്ങൾ തിരുത്തലിനും മുന്നോട്ടുള്ള പദ്ധതികൾ മുന്നൊരുക്കങ്ങൾക്കും വഴിയൊരുക്കും. 

യാത്ര ചെയ്ത വഴികളെക്കുറിച്ചും ചെയ്യാനുള്ള വഴികളെക്കുറിച്ചുമുള്ള സങ്കടങ്ങളും ആകുലതകളും ആരെയും എങ്ങുമെത്തിക്കില്ല. ഒരു യാത്രയും പാതിവഴിയിൽ അവസാനിക്കാനുള്ളതല്ല; പൂർണ സംതൃപ്തിയോടെ പൂർത്തിയാക്കാനുള്ളതാണ്. യാത്രയ്ക്കിറങ്ങുമ്പോൾത്തന്നെ അപ്രതീക്ഷിതവും ആകസ്മികവുമായവയെ പ്രതീക്ഷിക്കണം. ചുവടുവച്ചാൽ പിന്നെ ചുവടുകളെ വിശ്വസിച്ചു മുന്നോട്ടു തന്നെ... 

English Summary: Subhadhinam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com