ADVERTISEMENT

ബിഹാറിൽ എൻഡിഎക്കും ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും പുറമേ, മൂന്നാമതൊരു മുന്നണി കൂടി തിരഞ്ഞെടുപ്പിലുണ്ട് – അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം, ഉപേന്ദ്ര ഖുഷ്‌വാഹയുടെ നേതൃത്വത്തിലുള്ള ആർഎൽഎസ്പി, ദേവേന്ദ്ര പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി ജനതാദൾ (ഡമോക്രാറ്റിക്) ബിഎസ്പി എന്നീ കക്ഷികൾ ചേർന്നു രൂപീകരിച്ചിട്ടുള്ള മുന്നണി, തിരഞ്ഞെടുപ്പിൽ നിർണായക പങ്കു വഹിക്കുമെന്നു കരുതുന്നു. ഇവർക്കു കാര്യമായി സീറ്റുകൾ കിട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഇവർ ആരുടെ വോട്ടുകളാണു ഭിന്നിപ്പിക്കുക എന്നത് തിരഞ്ഞെടുപ്പുവിധിയെ ബാധിച്ചേക്കാം.

ബിഹാറിലെ മുസ്‌ലിംകൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ആർജെഡിക്കാണു വോട്ട് ചെയ്യുന്നത്. 2005ൽ ഭരണത്തിൽ കയറിയശേഷം നിതീഷ്കുമാർ തന്ത്രപൂർവം നടത്തിയ വോട്ട് ബാങ്കുകളുടെ വിഭജനത്തിൽ മുസ്‌ലിംകളും ഉൾപ്പെട്ടിരുന്നു. അവരിൽ പിന്നാക്കക്കാരെ - ‘പസ്മണ്ഡകൾ’ എന്നു വിളിക്കും - വേർതിരിച്ച് അദ്ദേഹം പ്രത്യേക ആനുകൂല്യങ്ങൾ നൽകി. ഇതായിരിക്കാം, 2010ലെ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു മുസ്‌ലിം വോട്ടുകൾ ലഭിക്കാനുള്ള കാരണം. 2015ൽ മുസ്‌ലിം വോട്ട് മുഴുവനായിത്തന്നെ ജെഡിയു - ആർജെഡി - കോൺഗ്രസ് സഖ്യത്തിനു ലഭിച്ചു. അത്തവണ ഉവൈസി ഒറ്റയ്ക്കു ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ‘വോട്ട് കട്ട്‌വ’ അഥവാ, വോട്ട് ഭിന്നിപ്പിക്കുന്ന ആളായാണ് അദ്ദേഹത്തെ ബിഹാറികൾ കണ്ടത്. ആ തിരഞ്ഞെടുപ്പിൽ ഉവൈസിക്കു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഉവൈസി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മുസ്‌ലിം ജനസംഖ്യ അധികമുള്ള, നേപ്പാൾ അതിർത്തിയിലെ സീമാഞ്ചൽ ജില്ലകളിലാണ്. 2019ൽ കിഷൻഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ എഐഎംഐഎം വിജയിച്ചു. പൗരത്വനിയമ പ്രക്ഷോഭങ്ങൾക്കു ശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ മുസ്‌ലിം വോട്ടുകൾ പ്രതീക്ഷിക്കേണ്ടതില്ല. ബിജെപിയെ തോൽപിക്കാനുള്ള കഴിവില്ലാത്തതിനാൽ മുസ്‌ലിംകൾ ഉവൈസിക്കു വോട്ട് ചെയ്യാനും സാധ്യതയില്ല. പക്ഷേ, സീമാഞ്ചലിൽ ഉവൈസിയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിംകൾക്കു സ്വന്തമായ രാഷ്ട്രീയനേതൃത്വമില്ല. അവർക്ക്, ലാലുപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്നിൽ അണിനിരക്കുന്ന ചരിത്രമാണുള്ളത്. മുസ്‌ലിം ചെറുപ്പക്കാർ ഇതിൽ അസന്തുഷ്ടരാണ്. ഇവിടെയാണ് ഉവൈസിയുടെ സാധ്യത.

മൂന്നാം മുന്നണിയിലെ ഏറ്റവും വലിയ പാർട്ടി ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആർഎൽഎസ്‌പിയാണ്. അദ്ദേഹം തന്നെയാണു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും. നിതീഷ്‌കുമാറുമായി സീറ്റു വിഭജനചർച്ചയ്ക്കു പോയ ഉപേന്ദ്ര ഖുഷ്‌വാഹയെ പത്രപ്രവർത്തകർ കാത്തിരുന്നു. തിരിച്ചെത്തിയ അദ്ദേഹം, അവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട്, പറഞ്ഞത് എൻഡിഎ വിടുന്നുവെന്നും സ്വന്തമായി മുന്നണി രൂപീകരിക്കുമെന്നുമാണ്. ഇതു പട്നയിൽ വലിയ സംസാരമായി.

എല്ലായ്പ്പോഴും തനിക്കു വോട്ട് ചെയ്തിട്ടുള്ള ഖുഷ്‌വാഹകൾ ഇത്തവണയും പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിൽ ആർഎൽഎസ്‌പിയെ നിതീഷ്കുമാർ അടുപ്പിക്കാത്തതാകാം. മറ്റൊരു സാധ്യത കൂടിയുണ്ട്. ഖുഷ്‌വാഹ വോട്ടുകളിൽ വല്ല ചോർച്ചയും ഉണ്ടാകുകയാണെങ്കിൽ, അത് ആർജെഡി സഖ്യത്തിനു പോകുന്നതിനു പകരം മൂന്നാം മുന്നണിക്കു പോകട്ടെ എന്ന ലക്ഷ്യത്തോടെ നിതീഷ് തന്നെയാകാം, മൂന്നാം മുന്നണിയുടെ രഹസ്യ സംഘാടകൻ. പ്രതിപക്ഷ വോട്ടുകളെ ഏറ്റവും കൂടുതൽ ഭിന്നിപ്പിക്കുക എന്നതു പഴയ രാഷ്ട്രീയതന്ത്രമാണ്.

ദേവേന്ദ്ര പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി ജനതാദൾ (ഡമോക്രാറ്റിക്) പാർട്ടിക്ക് വടക്കൻ ബിഹാറിലെ ചുരുക്കം ചില പോക്കറ്റുകളിൽ യാദവ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ട്. ബിഎസ്പിക്കു ബിഹാറിൽ കാര്യമായ സാന്നിധ്യമില്ല. മൂന്നാം മുന്നണിക്കു ലഭിക്കുന്ന ഓരോ വോട്ടും മഹാസഖ്യത്തെയാകും ക്ഷീണിപ്പിക്കുക.

ജനപ്രീതിക്കായി പല വഴികൾ! 

ചാനലുകളുടെ ജനപ്രീതി അളക്കുന്ന ടിആർപിയിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച്, മുംബൈ പൊലീസ് ഈയിടെ മൂന്നു ടിവി ചാനലുകൾക്കെതിരെ കേസെടുത്തു. ടിആർപി റേറ്റിങ്സ് ആണു ടിവി ചാനലുകളുടെ ജീവവായു. അതു നിശ്ചയിക്കുന്നത് ടിവികളിൽ ഘടിപ്പിച്ച ബാർ ഒ മീറ്ററുകളിലൂടെയാണ്. ഇത്തരം മീറ്ററുകൾ തങ്ങളുടെ ടിവിയിൽ പിടിപ്പിക്കുന്നതിനോട് പൊതുവേ ആളുകൾക്കു വിമുഖതയുണ്ട്. അതുകൊണ്ടുതന്നെ, ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ടിആർപി നിശ്ചയിക്കുന്നത് വെറും 44,000 മീറ്ററുകൾ വച്ചാണ്.

channel-rating

തട്ടിപ്പു നടത്തിയെന്നു പറയപ്പെടുന്ന ചാനലുകൾക്കറിയാം, കുറച്ചു മീറ്ററുകളിൽ കളവു നടത്തിയാൽ ടിആർപിയിൽ വലിയ മാറ്റം സംഭവിക്കുമെന്ന്. ഈ ചാനലുകൾ ആദ്യം ചെയ്തത് പ്രലോഭനത്തിനു വശംവദരാകാൻ സാധ്യതയുള്ള പ്രേക്ഷകരെ കണ്ടെത്തി അവരെ പ്രീതിപ്പെടുത്തുകയാണ്. പ്രേക്ഷകന്റെ വീട്ടിൽ ഒരിടത്ത് മീറ്റർ പിടിപ്പിച്ച ടിവി ഒരേ ചാനൽ തന്നെ 24 മണിക്കൂറും കാണിക്കുമ്പോൾ, മറ്റൊരിടത്ത് പ്രേക്ഷകനും കുടുംബവും സമ്മാനമായി കിട്ടിയ 50 ഇഞ്ച് ടിവിയിൽ അവർക്ക് ഇഷ്ടമുള്ള പരിപാടികൾ കാണുന്നു! മുംബൈയിൽ വെറും 2000 വീടുകളിലാണ് ഇത്തരം തട്ടിപ്പു നടന്നിട്ടുള്ളത്. ഇന്ത്യയിലെ വാർത്താ ചാനലുകളിൽ വലിയ റേറ്റിങ്ങുള്ള റിപ്പബ്ലിക് ടിവിയെയാണു മുംബൈ പൊലീസ് മുഖ്യപ്രതി ആക്കിയിട്ടുള്ളത്.

ഇന്ത്യയിൽ ടിവി പരസ്യങ്ങൾക്കായി ഒരു വർഷം ചെലവഴിക്കപ്പെടുന്ന തുക ഏതാണ്ട് 27,000 കോടി രൂപയാണ്. ഇതു ചാനലുകൾക്കിടയിൽ ന്യായമായും സത്യസന്ധമായും വീതംവയ്ക്കാനാണു ടിആർപി, മീറ്ററുകളിലൂടെ രേഖപ്പെടുത്താൻ തുടങ്ങിയത്. 

ഇപ്പോഴത്തെ തട്ടിപ്പിന്റെ സാമ്പത്തികവും നൈതികവുമായ വശങ്ങളെപ്പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അവയോടൊപ്പം തന്നെ, രാജ്യത്തെ ബാധിക്കുന്ന ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാനുണ്ട്: റിപ്പബ്ലിക് ടിവിയുടെ ഉയർന്ന റേറ്റിങ്, ആ ചാനലിനെയും അതിന്റെ മുഖ്യ അവതാരകൻ അർണബ് ഗോസ്വാമിയെയും പൂർണമായോ ഭാഗികമായോ അനുകരിക്കാൻ പല ചാനലുകളെയും പ്രേരിപ്പിച്ചു. വാർത്താ അവതരണം കൂടുതൽ ആക്രമണോത്സുകവും പക്ഷംചേരുന്നതുമായി. പെരുമാറ്റത്തിൽ മിതത്വം പാലിക്കാത്തവരെയും ഒച്ചയിടുന്നവരെയും ഇന്ത്യക്കാർ പൊതുവേ കൂടുതൽ ഇഷ്ടപ്പെടുന്നു എന്നൊരു ധാരണ എമ്പാടും പടരാൻ, തെറ്റാണെന്നു പറയപ്പെടുന്ന ടിആർപി റേറ്റിങ്ങുകൾ കാരണമായി.

സ്കോർപ്പിയൺ കിക്ക്: വെറുമൊരു വേദനസംഹാരി കൊണ്ടു മാറാവുന്നതേയുള്ളൂ എം.ശിവശങ്കറിന്റെ നടുവേദന - ഹൈക്കോടതിയിൽ കസ്റ്റംസ് പറഞ്ഞത്.

ചുങ്കം പിരിവിനു പുറമേ, വൈദ്യവും ഉണ്ടെന്ന് ഇപ്പോഴാണറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com