ADVERTISEMENT

പി.എഫ്. മാത്യൂസ്: എഴുത്തുകാർ എഴുതിവച്ച ധ്വനികളും കാഴ്ചപ്പാടുകളും ഏറ്റെടുക്കാതെ അയാളുടെ കഥയിലെ ചില അംശങ്ങൾ മാത്രം സ്വീകരിച്ച് സ്വന്തം ആശയഗതി പ്രതിഫലിപ്പിക്കുന്ന സിനിമ ചെയ്യുന്ന സംവിധായകർ സ്വാഭാവികമായും എഴുത്തുകാരുടെ ശത്രുവായിത്തീരും. തന്റെ വാക്കുകൾ മാറ്റാൻ പാടില്ലെന്ന വാശിയുള്ള എഴുത്തുകാർ അമിതമായി മുഴുകിയതുകൊണ്ടാകും മലയാള സിനിമ വാക്കുകൾ കൊണ്ടു കഥ വിവരിക്കുന്ന കലാരൂപമായും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യാവുന്ന ശബ്ദരേഖയായും മാറിയത്.

ടി.ജെ.എസ്. ജോർജ്: ‘ഡോക്ടർ’ പദവിക്കുവേണ്ടി എത്രയോ പേർ എന്തെല്ലാം ഭോഷത്തരങ്ങളാണു ചെയ്യുന്നത്. ചിലർക്ക് ‘ഡോക്ടർ’ ചേരും, ചിലർക്കു ചേരില്ല. ഗായകൻ യേശുദാസിന് അണ്ണാമലൈ യൂണിവേഴ്സിറ്റി ഡോക്ടർ ബിരുദം നൽകി. പക്ഷേ, ഡോക്ടർ യേശുദാസ് എന്നു പറഞ്ഞാൽ അദ്ദേഹത്തെ അവഹേളിക്കുന്നതു പോലെ തോന്നും. ഗാനഗന്ധർവൻ എന്ന പദവി എത്രയോ ഉചിതം.

സന്തോഷ് ഏച്ചിക്കാനം: മാസ്ക് വയ്ക്കാൻ വിസമ്മതിച്ചവനാണു ട്രംപ്. കൊറോണയോടുള്ള പരസ്യമായ വെല്ലുവിളി. എന്നിട്ടെന്തായി? ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കു കൂടി ചികിത്സ കിട്ടുന്ന രീതിയിൽ അമേരിക്കയുടെ നിയമസംവിധാനം തന്നെ പൊളിച്ചെഴുതി ട്രംപിനെ വരച്ചവരയിൽ നിർത്താൻ കോവിഡിനു സാധിച്ചു.

സി.എസ്.ചന്ദ്രിക: ഓരോ പുരുഷനിലും ഏറിയും കുറഞ്ഞും അധികാര മനോഭാവം വളർത്തിയെടുക്കാനും നിലനിർത്താനും നമ്മുടെ സമൂഹത്തിനു വലിയ ജാഗ്രതയും സാമർഥ്യവുമാണ്. സ്ത്രീകളെ അടക്കിയൊതുക്കി വരുതിയിൽ നിർത്തുക എന്നതിലാണ് വലിയ കയ്യടിയും സമ്മതിയും കിട്ടുന്നത്. ഇങ്ങനെ കയ്യടിക്കാൻ, തങ്ങളുടെ വരുതിയിൽ വരുന്ന സ്ത്രീകളെത്തന്നെയും ലഭിക്കുന്നു എന്നതാണ് പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയാഹ്ലാദം.

രമേഷ് പിഷാരടി: ബാല്യം നിഷ്കളങ്കവും സുന്ദരവും ആകുന്നതിനു പ്രധാന കാരണം ലോൺ ഇല്ലാത്തതാണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും കുട്ടികളോട് മൊറട്ടോറിയം എന്നു പറഞ്ഞുനോക്കൂ. അവർക്കതു മനസ്സിലാവുക പോലുമില്ല!

ജീത്തു ജോസഫ്: കെട്ടിടം, കുഴി, അസ്ഥികൂടം, ചാക്ക്, മൊബൈൽ ഫോൺ... ഇവയിലൊന്ന് കൊലപാതകവുമായി ബന്ധപ്പെട്ടാൽ പഴി ‘ദൃശ്യം’ സിനിമയ്ക്കാകും. ആദ്യമൊക്കെ കൗതുകവും അമ്പരപ്പും ആയിരുന്നു. പിന്നെ ശ്രദ്ധിക്കാതായി.

ലിജോ ജോസ് പെല്ലിശേരി: നമ്മൾ വിചാരിക്കുന്ന രീതിയിൽത്തന്നെ പ്രേക്ഷകൻ സിനിമ കണ്ടോളണമെന്നു വാശി പിടിക്കുന്നതിൽ അർഥമില്ല. നമ്മൾ പറയാനുദ്ദേശിക്കുന്നതിനെ മോശമായി കാണുന്നവരുണ്ട്, നമ്മൾ ചിന്തിക്കുന്നതിനു സമാനമായി കാണുന്നവരുണ്ട്. നമ്മളെക്കാൾ മികച്ച രീതിയിൽ ആ സിനിമയെ കാണുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com