‘ആശങ്കയുണ്ടാകുന്നത് ചൂഷകർക്ക്; മീനിന് അർഹമായ വില ഉറപ്പുവരുത്തും’

mercikutty
ജെ. മേഴ്സിക്കുട്ടിയമ്മ
SHARE

മത്സ്യലേലവും വിപണനവും ഗുണനിലവാരവും സംബന്ധിച്ച ഓർഡിനൻസ് ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു മത്സ്യത്തൊഴിലാളികളെ രക്ഷിക്കുമെന്നും മീനിന് അർഹമായ വില ഉറപ്പുവരുത്തുമെന്നും സർക്കാർ. എന്നാൽ, തൊഴിലാളിവിരുദ്ധമായ ഒട്ടേറെക്കാര്യങ്ങൾ  ഓർഡിനൻസിലുണ്ടെന്ന്  വിമർശനമുയരുന്നു. ഈ വിഷയത്തിലെ വാദവും മറുവാദവും... 

മത്സ്യബന്ധന മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുക, മീനിന്റെ ആദ്യ വിൽപനാവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുക എന്നിവയാണ് ‘മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ ഓർഡിനൻസിന്റെ മുഖ്യ ലക്ഷ്യം. ലേലക്കാർ, തരകന്മാർ, കമ്മിഷൻ ഏജന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ മീൻപിടിത്ത തുറമുഖങ്ങളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും നടക്കുന്ന ലേലം വഴിയാണ്, തൊഴിലാളി പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ വില ഇപ്പോൾ നിശ്ചയിക്കുന്നത്. 

മീൻ പിടിച്ചു കൊണ്ടുവരുന്ന തൊഴിലാളികൾക്കോ മീൻപിടിത്ത വള്ളങ്ങളുടെ/ ബോട്ടുകളുടെ ഉടമകൾക്കോ ഇതിൽ സ്വാധീനമോ നിയന്ത്രണമോ ചെലുത്താനാകില്ല. ലേലക്കാരും കമ്മിഷൻ ഏജന്റുമാരും ഒത്തുകളിച്ച്, ഒരേ മത്സ്യത്തിനു ദിവസത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന വില പിന്നീടുള്ള സമയങ്ങളിൽ കിട്ടാതാക്കുന്നു. തങ്ങൾക്കു മൂലധന പങ്കാളിത്തമോ, തങ്ങൾ വായ്പ നൽകിയതോ ആയ യാനങ്ങളിലെ മീനിനു മികച്ച വിലയും അല്ലാത്തവയ്ക്കു കുറഞ്ഞ വിലയും ലഭിക്കുന്ന തരത്തിൽ അധാർമിക ഇടപെടലുകളും ഇവർ നടത്താറുണ്ട്. യാനങ്ങളുടെ ഉടമകളിൽനിന്നും മത്സ്യത്തൊഴിലാളികളിൽനിന്നും ലേല കമ്മിഷൻ ഇനത്തിൽ ഇടനിലക്കാർ ഈടാക്കുന്നത് 5% മുതൽ 15% വരെ തുകയാണ്. മൊത്തക്കച്ചവടക്കാരും കമ്മിഷൻ ഏജന്റുമാരും ചേർന്ന് ലേലക്കിഴിവ് എന്ന പേരിൽ 15% വരെ തുക ഈടാക്കുന്ന രീതിയുമുണ്ട്.

നിലവിൽ മീനിന്റെ വിപണിവിലയുടെ 70% തൊഴിലാളികളല്ലാത്ത മറ്റു പലർക്കുമായി വിഭജിക്കപ്പെടുന്നു. ഇത്തരം ചോർച്ച കുറച്ച് തൊഴിലാളിക്കു കൂടുതൽ വരുമാനം ഉറപ്പുവരുത്താൻ ഓർഡിനൻസ് സഹായിക്കും.

ഇനിമുതൽ ലേല കമ്മിഷനായി പരമാവധി 5% തുകയേ ഈടാക്കാവൂ. സർക്കാർ നിശ്ചയിക്കുന്നതിൽ കൂടുതൽ തുക എന്തിന്റെ പേരിൽ ഈടാക്കിയാലും ക്രിമിനൽ കുറ്റമാണ്. ലേല കമ്മിഷനു പുറമേ, വേറൊരു തുകയും തൊഴിലാളികളിൽനിന്ന് ഈടാക്കാൻ പാടില്ല. പരമാവധി ലേല കമ്മിഷൻ തുകയായി നിശ്ചയിച്ചിരിക്കുന്ന 5 ശതമാനത്തിൽ 1% തുകയ്ക്കേ ലേലക്കാരന് അർഹതയുള്ളൂ.

മാത്രമല്ല, ലേല കമ്മിഷൻ വിഹിതത്തിൽനിന്ന് നിശ്ചിതഭാഗം തൊഴിലാളിക്കു തന്നെ ഉത്സവകാല ബോണസായും പ്രകൃതിക്ഷോഭം മൂലം തൊഴിലില്ലാത്ത സമയത്തു ബത്തയായും തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. മീൻപിടിത്ത തുറമുഖങ്ങളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും രൂപീകരിക്കുന്ന സൊസൈറ്റികളിൽ അവിടെ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾക്കാണു പങ്കാളിത്തം നൽകുന്നത്. 

തൊഴിലാളി സംഘടനകൾ പറയുന്നവരെ മാത്രമേ, സർക്കാർ നാമനിർദേശം ചെയ്യൂ. സംസ്ഥാനത്തെ 25 മീൻപിടിത്ത തുറമുഖങ്ങളിൽ 19 ഇടത്തും ഇതിനകം രൂപീകരിച്ച ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളിൽ അവിടത്തെ തൊഴിലാളി സംഘടനകൾ നൽകിയ പ്രതിനിധികളെ മാത്രമാണ് ഉൾപ്പെടുത്തിയത്. സർക്കാരിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് ഇത്തരം സൊസൈറ്റികൾ രൂപീകരിക്കുന്നത് എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ഇത് ഉന്നയിക്കുന്നവർ സ്വന്തം തൊഴിലാളി സംഘടനാ നേതാക്കളോടു ചോദിച്ചാൽ കാര്യം വ്യക്തമാകും.

മീനിന്റെ ഉറവിടം, പിടിക്കുന്ന മാർഗം എന്നിവ വെളിപ്പെടുത്തേണ്ടത് വിദേശത്തേക്കു മീൻ കയറ്റുമതി നടത്തുന്നതിൽ ഒരു നിബന്ധനയായി വയ്ക്കാറുണ്ട്. അതിനുള്ള വ്യവസ്ഥാപിത സംവിധാനമാണ് ഈ നിയമത്തിലൂടെ ഉണ്ടാക്കുന്നത്. ഇതു കയറ്റുമതി പ്രോത്സാഹനത്തിന് ആവശ്യമാണ്. ജിപിഎസ് സൗകര്യമുള്ള ആഴക്കടൽ യാനങ്ങൾക്ക് ഇതു ലഭ്യമാക്കാനാകും. മത്സ്യമേഖല ഏറെ ആധുനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തൊഴിലാളികൾക്കും യാനം ഉടമകൾക്കും ഇത്തരം വിവരങ്ങൾ നൽകാനാകുമെന്ന യാഥാർഥ്യം തിരിച്ചറിയണം.

ചരിത്രപരമായ ഈ നിയമനിർമാണം പതിറ്റാണ്ടുകളായി ചൂഷണം നടത്തുന്ന നിക്ഷിപ്ത താൽപര്യക്കാർക്കു ബുദ്ധിമുട്ടാകും എന്നതാണു വസ്തുത. തൊഴിലാളികൾക്കു ഗുണകരവും കയറ്റുമതി ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്ന ഓർഡിനൻസിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുമായി വരുന്നവരുടെ യഥാർഥ ലക്ഷ്യമെന്തെന്നു തൊഴിലാളികൾ തിരിച്ചറിയും.

മത്സ്യമേഖലയിലെ തൊഴിലാളി സംഘടനകൾ, യാനം ഉടമകളുടെ പ്രതിനിധികൾ, മീൻകച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തിയ മേഖലാതല ചർച്ചകളും അതിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനതല ശിൽപശാലയും നടത്തിയ ശേഷമാണ് നിയമം അന്തിമരൂപത്തിലാക്കിയത്. സർക്കാർ ഏറെ സുതാര്യമായി നടത്തിയ ഈ നിയമനിർമാണത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കപ്പെടാനുള്ള ഒന്നും തന്നെയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA