വാളയാറും ഹത്രസും വളരെയടുത്താണ്; എൻ. എസ്. മാധവൻ എഴുതുന്നു

SHARE

യുപിയിലെ ഹത്രസിൽനിന്നു കേരളത്തിലെ വാളയാറിലേക്കുള്ള ദൂരം നമ്മൾ ഉദ്ദേശിക്കുന്നതിനെക്കാൾ കുറവാണ്. സ്ത്രീകൾക്കെതിരായ കുറ്റങ്ങളും അത്തരം സംഭവങ്ങളിലെ പൊലീസ് അന്വേഷണവും ആ സമൂഹത്തിലെ അധികാരസമവാക്യങ്ങളെ സൂചിപ്പിക്കുന്നു. ഹത്രസിൽ ഉയർന്ന ജാതിയിൽപെട്ടവർ ദലിത് യുവതിയെ പീഡിപ്പിച്ചപ്പോൾ പൊലീസ് മർദകരെ സംരക്ഷിക്കാനാണു ശ്രമിച്ചത്. വാളയാറിലാകട്ടെ, രാഷ്ട്രീയാധികാരം കയ്യാളുന്ന കക്ഷിയുടെ താഴെത്തട്ടിലെ പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണടയ്ക്കുകയായിരുന്നു. വാളയാർ കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള വിധിയിൽ കുറ്റവാളികൾ നിരപരാധികളാണെന്നു പറഞ്ഞിട്ടില്ല; പൊലീസും പ്രോസിക്യൂഷനും മതിയായ തെളിവുകൾ ഹാജരാക്കിയില്ല എന്നാണു പറഞ്ഞത്.

ബലാത്സംഗത്തെപ്പറ്റി പ്രതിപാദിക്കുന്ന, ഇന്ത്യയിലെ നിയമത്തിന്റെ ചരിത്രം നോക്കാം. 1860ൽ പീനൽ കോഡ് നിലവിൽ വന്നു. അതിലെ ബലാത്സംഗം സംബന്ധിച്ച വകുപ്പ് 123 വർഷം വരെ അതേപടി തുടർന്നു. 1978ൽ തുക്കാറാമും സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയും തമ്മിലുണ്ടായ കേസിൽ (മഥുര കേസ് എന്ന പേരിൽ അറിയപ്പെടുന്നു) സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിൽ, 1983ൽ ആ വകുപ്പു ഭേദഗതി ചെയ്തു. നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതികൾക്കായി. 

2012ൽ ഡൽഹിയിലെ കുപ്രസിദ്ധമായ ‘നിർഭയ’ കേസിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിന്റെ നിർവചനം വിപുലീകരിച്ചു. പീഡനമേറ്റ വ്യക്തിയുടെ മൊഴിയുടെ പേരിൽ മാത്രം ശിക്ഷ കൊടുക്കാം; ഫൊറൻസിക് തെളിവുകളുടെ പ്രാധാന്യം കുറഞ്ഞു. ചുരുക്കത്തിൽ, കേരള പൊലീസ് അൽപം മനസ്സുവച്ചെങ്കിൽ വാളയാർ കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രയാസമില്ലായിരുന്നു.

13 വയസ്സായ മൂത്ത കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അതിൽത്തന്നെ ഉറച്ചുനിന്നു; യാതൊരു അന്വേഷണത്തിനും മുതിർന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടിൽനിന്നു രണ്ടുപേർ മുഖം മറച്ച് ഇറങ്ങിപ്പോയതായി 9 വയസ്സുള്ള ഇളയകുട്ടി പറഞ്ഞത് അവഗണിച്ചു. ഇതൊരു കൊലപാതകക്കുറ്റമാണെങ്കിൽ, ഇളയകുട്ടി അതിന്റെ മുഖ്യസാക്ഷിയാകുമെന്നു കരുതി അവൾക്കു പൊലീസ് സുരക്ഷ ഒരുക്കണമായിരുന്നു. അതു ചെയ്തില്ല. ചേച്ചി മരിച്ച് 52–ാം ദിവസം, മൂന്നരയടി പൊക്കമുള്ള ഇളയകുട്ടി ഏട്ടടി പൊക്കത്തിലുള്ള ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇത്തവണ ജനരോഷം ഇരമ്പിയപ്പോൾ പൊലീസിനു കേസെടുക്കേണ്ടി വന്നു.

ആ കേസ് അന്വേഷിച്ച രീതി, അതെങ്ങനെ പ്രതികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കി ഇവയെല്ലാം കോടതിവിധിയിലും സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിലും വിശദമായി പറയുന്നുണ്ട്. രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങിയാണ് പൊലീസ് ഇത്തരമൊരു അന്വേഷണ പ്രഹസനം നടത്തിയതെന്നു തോന്നാൻ കാരണം, പ്രതികളിൽ ഒരാൾക്കു വേണ്ടി ഹാജരായ വക്കീൽ തന്നെ. പാലക്കാട് ജില്ലയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുനൽകേണ്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു അദ്ദേഹം. ഭരണകക്ഷിയോടു ദീർഘകാലം കൂറു പുലർത്തുന്നവർക്കാണ് ഇത്തരം പദവികൾ കൊടുക്കുക എന്നതു വ്യക്തമാണല്ലോ.

വാളയാർ കേസ് പൊലീസിനു തീരാക്കളങ്കമാണെങ്കിൽ, നവോത്ഥാന പാരമ്പര്യവും ഇടത്, ദേശീയ പ്രസ്ഥാനങ്ങളും പ്രബുദ്ധരാക്കി എന്നു പറയപ്പെടുന്ന മലയാളികൾ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ സർക്കാരിനും അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. സർക്കാർ തിടുക്കം കാണിക്കുന്നില്ല. മറ്റു പല കാര്യത്തിലും തിടുക്കം കാട്ടാറുള്ള സർക്കാർ, വിധി വന്ന് ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ നടപടികൾ സ്വീകരിക്കാത്തത് ഇതൊരു മുൻഗണന അർഹിക്കാത്ത വിഷയമാണെന്നു കരുതിയായിരിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസൂചികകളിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളവും അതിൽ വളരെ പിന്നിലായ യുപിയും ഈ കാര്യത്തിൽ ഏതാണ്ട് ഒരേ തട്ടിലാകുന്നു. വാളയാറിൽ തകരുന്നതു കേരള മോഡലാണ്.

ബിഹാർ ‌പറയുന്നത് 

ബിഹാറിൽ തിരഞ്ഞെടുപ്പു തുടങ്ങിക്കഴിഞ്ഞു. ഇതുവരെ പുറത്തുവന്ന മൂന്നു സർവേകളും പറയുന്നത് അവിടെ എൻഡിഎ തിരിച്ചുവരുമെന്നാണ്. അതിൽ ഒരെണ്ണം, ഇന്ത്യ ടുഡേ - ലോക്നീതി സിഎസ്ഡിഎസ് സർവേ, സുതാര്യമായ രീതിയിൽ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്.

ആ സർവേ അനുസരിച്ച് ബിജെപിയും ജെഡിയുവും രണ്ടു പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്ന എൻഡിഎക്ക് 38% വോട്ടും ആർജെഡി – കോൺഗ്രസ് – ഇടതു പാർട്ടികളുടെ മഹാസഖ്യത്തിനു 32% വോട്ടും ലഭിക്കും. എൻഡിഎക്ക് 133 - 143 സീറ്റുകളും മഹാസഖ്യത്തിന് 88 - 98 സീറ്റുകളും സർവേ പ്രവചിക്കുന്നു. ഭൂരിപക്ഷത്തിന് 122 സീറ്റുകളാണു വേണ്ടത്.

ഉപേന്ദ്ര ഖുഷ്‌വാഹയുടെയും അസദുദ്ദീൻ ഉവൈസിയുടെയും പാർട്ടികൾ ഉൾപ്പെട്ട മൂന്നാം സഖ്യത്തിന് 7% വോട്ട് ലഭിക്കുമെന്നാണു പ്രവചനം. ഇത് എൻഡിഎയെ സഹായിക്കും. കാരണം, മൂന്നാം സഖ്യം ഇല്ലായിരുന്നെങ്കിൽ ഈ വോട്ടുകൾ മഹാസഖ്യത്തിനു പോകുമായിരുന്നു. ഈ നിഗമനം ശരിയാണെന്നു തോന്നുന്നു.

എന്നാൽ, ചിരാഗ് പാസ്വാന്റെ എൽജെപിക്കു കിട്ടിയേക്കാവുന്ന 6% വോട്ടും എൻഡിഎയെ സഹായിക്കുമെന്നാണു സർവേ പറയുന്നത്. നിതീഷ് കുമാറിനോടുള്ള രാഷ്ട്രീയ വൈരാഗ്യം കാരണം ജെഡിയു സ്ഥാനാർഥികൾക്കെതിരെയാണ് എൽജെപിയുടെ മത്സരം. അതുകൊണ്ട് നഷ്ടം എൻഡിഎക്കും വരാം. നിതീഷ് കുമാറിന്റെ ജനസമ്മതി 2015ൽ 80% ആയിരുന്നത് ഇത്തവണ 52 ശതമാനമായി കുറഞ്ഞു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കണക്ക്.

ഈ സർവേയിൽ എന്നെ ആകർഷിച്ച ഒരു കണക്ക് ആർക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കാത്തവരുടെ സംഖ്യയാണ്. അത് 24% വരും. അതായത് നാലിൽ ഒരാൾ; ചില്ലറ സംഖ്യയല്ല. ഇത്രയും പേരുടെ മൗനത്തെ അവഗണിച്ചാണ് ഈ സർവേ നിഗമനങ്ങളിലെത്തുന്നത്.

ബിഹാറികൾ തികഞ്ഞ രാഷ്ട്രീയജീവികളാണ്. ആർക്കു വോട്ടു ചെയ്യണമെന്ന് എന്നേ തീരുമാനിച്ചു കഴിഞ്ഞിരിക്കാം. പക്ഷേ, പുറത്തു പറയില്ല. ‘ചുപ്ക’ (നിശ്ശബ്ദ) വോട്ടർ എന്നാണ് ഇത്തരക്കാരെ വിളിക്കുക. അവർ പലപ്പോഴും എക്സിറ്റ് പോളുകളിൽ തെറ്റായ വിവരം നൽകുകയോ ആർക്കാണു വോട്ട് ചെയ്തതെന്ന് പറയാതിരിക്കുകയോ ചെയ്യും. ഇതു ബാലറ്റിന്റെ രഹസ്യസ്വഭാവത്തോടുള്ള പ്രതിബദ്ധതയൊന്നുമല്ല; പലപ്പോഴും ഇക്കാര്യം വെളിപ്പെടുത്തുന്നത് അപകടകരമാണ്, പ്രത്യേകിച്ചും പാവങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും. അതുകൊണ്ടാണു മുൻ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ സർവേകളും എക്സിറ്റ് പോളുകളും മിക്കപ്പോഴും തെറ്റിയിരുന്നത്.

സ്കോർപ്പിയൺ കിക്ക്: വാളയാറിലെ സമരം എന്തിനാണെന്ന് അറിയില്ല. അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാം: മന്ത്രി എ.കെ.ബാലൻ. നിലപാട് ഇതാണെങ്കിൽ ജനങ്ങളിലേക്കും തെറ്റിദ്ധാരണ പടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA