ADVERTISEMENT

സംരംഭകരെ വേട്ടയാടുന്നതിൽ നമ്മളെന്നും മുന്നിലാണ്. ആരെങ്കിലും പത്തു പുത്തൻ മുടക്കി എന്തെങ്കിലും സംരംഭം തുടങ്ങിയാൽ പിറ്റേന്നു തുടങ്ങും സംരംഭവേട്ട. ആദ്യം കുശുകുശുപ്പാവും. പിന്നെപ്പിന്നെ അതു നാലാൾ കേൾക്കെ വിളിച്ചുചൊല്ലലാകും. ഒടുവിൽ മുറവിളി. നാലാം ദിവസം സംരംഭകൻ കുറ്റിയും പറിച്ചു വാളയാർ കടന്ന് അടുത്ത പഞ്ചായത്തിലല്ല, അടുത്ത സംസ്ഥാനത്തേക്കു തന്നെ ഓടും.

ബിനീഷ് കോടിയേരിയും ഒരു ഒന്നൊന്നര സംരംഭകനായിരുന്നു. ഉഗ്രൻ സ്റ്റാർട്ടപ്. സംരംഭകത്വം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. മാസത്തിൽ രണ്ടോ മൂന്നോ സംരംഭം തുടങ്ങിയില്ലെങ്കിൽ ഇരിപ്പുറയ്ക്കില്ല. അതു ഹോട്ടലാകാം, മാർബിൾ കച്ചവടമാകാം. അതങ്ങനെ സംസ്ഥാനം കടന്നും തഴച്ചുവളരുകയായിരുന്നു. കുട്ടിക്കാലത്തു കുട്ടിപ്പീടിക കെട്ടി ഉപ്പുമാങ്ങയും ജീരകമിഠായിയും കച്ചവടം ചെയ്താണു തുടക്കം. ഇതിലൊക്കെ എന്താണു കുഴപ്പം? അച്ഛൻ പാർട്ടി സെക്രട്ടറിയാണെന്നു കരുതി മകൻ ബിസിനസ് നടത്തരുതെന്നു പാർട്ടി ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ജ്യോതിബസുവിന്റെ മകൻ ചന്ദൻ ബസു ബിസ്കറ്റ് കമ്പനി നടത്തിയിട്ടില്ലേ? ഇക്കാലത്തു ബിസ്കറ്റിനു പഴയപോലെ ഡിമാൻഡ് ഇല്ലാത്തതു കൊണ്ടാണു ബിനീഷ് മറ്റു ചില ബിസിനസുകൾ നടത്താൻ തുനിഞ്ഞത്.

ബിനീഷ് തൊട്ടതെല്ലാം പൊന്നായി മാറിയിട്ടുണ്ട്. എന്നുവച്ച് അദ്ദേഹത്തിനു പൊന്നു കടത്തുണ്ട് എന്നൊന്നും പറയരുത്. പൊന്നിനെക്കാൾ വിലകൂടിയ സാധനങ്ങളിലാണു കമ്പം. സുഹൃത്തിനു കൈവായ്പ കൊടുത്ത 6 ലക്ഷം രൂപ 6 മാസം കൊണ്ടു മൂന്നരക്കോടിയായി എന്നാണ് എൻഫോഴ്സ്മെന്റുകാർ പറയുന്നത്. മീറ്റർ പലിശയ്ക്കു കൊടുത്താൽ പോലും മുടക്കുമുതൽ ഇങ്ങനെ വർധിക്കില്ലെന്ന് ആർക്കാണ് അറിയാത്തത്? പിന്നെ ബിനീഷിനെ ആരെങ്കിലും ബോസ് എന്നു വിളിച്ചാൽ അതിന് അദ്ദേഹം എങ്ങനെ ഉത്തരവാദിയാകും? സത്യത്തിൽ ബിഗ് ബോസ് എന്നുതന്നെ വിളിക്കാൻ മാത്രം യോഗ്യനാണ് അദ്ദേഹം.

ഈ ഇഡി ആണ് എല്ലാം തുലയ്ക്കുന്നത്. ബിനീഷിനെ അവർ കർണാടകയിലേക്കു വിളിപ്പിച്ച് അകത്താക്കി. ഇവിടെ ഭരണസിരാകേന്ദ്രത്തിൽ മുഖ്യന്റെ മൂക്കിനു താഴെയിരുന്നു പലർക്കും സ്വപ്നം കാണാൻപോലും പറ്റാത്ത ബിസിനസുകൾ ചെയ്തുവന്ന ശിവശങ്കറെ ആശുപത്രിയിൽ നിന്നിറക്കി കൊണ്ടുപോയും അകത്താക്കി. ഉഗ്രൻ സ്റ്റാർട്ടപ്പുകൾ അല്ലേ അദ്ദേഹം ചെയ്തുവന്നത്? അതിനു പിടിച്ച് അകത്താക്കുക എന്നു പറഞ്ഞാൽ! ഇവിടെ മുഖ്യന്റെ ഭാഷയിൽത്തന്നെ പറഞ്ഞാൽ, നമ്മൾ കാണേണ്ടത് എന്താണെന്നു വച്ചാൽ ഇതാണ് – ഈ ഇഡി. അതു തീരെ ശരിയല്ല. പിന്നെ ഇതുകൊണ്ടൊന്നും ബിനീഷിനെ വിരട്ടാമെന്ന് ആരും കരുതേണ്ട. അദ്ദേഹം കടലിൽ കുളിക്കുന്നവനാണ്. മഗ്ഗിൽ ഉപ്പുവെള്ളം കാണിച്ചു പേടിപ്പിക്കാൻ ശ്രമിക്കരുത്.

ഇതെപ്പറ്റിയൊക്കെ മുഖ്യനോടു ചോദിച്ച് അദ്ദേഹത്തെയൊന്നു വെള്ളം കുടിപ്പിക്കാമെന്നു വച്ചാണ് അന്നു പത്രക്കാർ ‘വൈകിട്ടെന്താ പരിപാടി’ക്കെത്തിയത്. അതു പക്ഷേ, പണ്ടു കുട്ടികൾ മാവിലെറിഞ്ഞതു പോലെയായി. മുഴുത്ത മാങ്ങ നോക്കി ആദ്യ ഏറു വന്നപ്പോഴേ മാവു പറഞ്ഞു: കുട്ടികളേ, നിങ്ങളെല്ലാവരും തുടരെ എറിഞ്ഞോളൂ. മാങ്ങയെല്ലാം കൂടി ഞാൻ ഒടുവിൽ തരാം. ഏറു കഴിഞ്ഞു കുട്ടികൾ കാത്തിരുന്നു. മാവു പിന്നെ പറയാൻ തുടങ്ങി. പറച്ചിൽ അങ്ങനെ നീണ്ടു പോയി. 20 മിനിറ്റ്. ഒടുവിൽ മാവു പറഞ്ഞു. നിങ്ങളുടെ പക്കൽ ഇനിയും കല്ലുണ്ടെന്ന് എനിക്കറിയാം. എന്റെ പക്കൽ വീഴാൻ പരുവത്തിൽ മാങ്ങയുമുണ്ട്. പക്ഷേ, എന്തു ചെയ്യാം. സമയം കണ്ടോ. രാത്രിയായില്ലേ. അപ്പോൾ പിന്നെ ആകാം. കുട്ടികളെപ്പോലെ പത്രക്കാരും അന്നു തിരിച്ചറിഞ്ഞു: എറിയാനുള്ളത് ആദ്യം തന്നെ എറിഞ്ഞു വീഴ്ത്തണം.

ഭാഗ്യമെന്നൊക്കെ പറഞ്ഞാൽ...

കമ്പപ്പുരയിലേക്കു മണ്ണെണ്ണക്കന്നാസുമായി കയറിച്ചെല്ലാൻ അസാമാന്യ ധൈര്യം വേണം. ജോസ് കെ.മാണി കാണിച്ചത് ഈ ധീരതയാണ്. ഇടതുമുന്നണിയുടെ അടിത്തറ നാൾതോറും ബലപ്പെടുത്താൻ കൺവീനർ വിജയരാഘവൻ സഖാവ് അക്ഷീണം ശ്രമിക്കുന്നതിനിടയിലാണ് ജോമോൻ എകെജി സെന്ററും എംഎൻ സ്മാരകവും സന്ദർശിച്ചത്. എകെജി സെന്ററിന്റെ വാതിൽക്കൽതന്നെ രണ്ടില കെട്ടിത്തൂക്കി അലങ്കരിച്ചതോടെ ഇടതുമുന്നണിയുടെ ഭാഗ്യജാതകം തെളിഞ്ഞു തുടങ്ങി.

ജോമോൻ എകെജി സെന്ററിൽ പ്രവേശിച്ചത് ഇടതുകാൽ വച്ചാണ്. എംഎൻ സ്മാരകത്തിൽ വലതുകാൽ വച്ചും. രണ്ടിടത്തും വലതുകാൽ വച്ചുവേണം കയറാനെന്ന് അഭ്യുദയകാംക്ഷികൾ ഉപദേശിച്ചതാണ്. പക്ഷേ, കുറെക്കാലം യുഡിഎഫ് യോഗങ്ങളിൽ വലതുകാൽ വച്ചു പ്രവേശിച്ചിട്ടും ഗുണം പിടിക്കാത്തതു കൊണ്ടാണ് എകെജി സെന്ററിൽ ഇടതുകാൽ പ്രയോഗം നടത്തിയത്. സിപിഐ വലതു കമ്യൂണിസ്റ്റ് പാർട്ടിയായതിനാൽ അവിടെ വലതുകാൽ വച്ചതിൽ ആരും തെറ്റു പറയില്ല.

രണ്ടില കിട്ടിയതോടെ എൽഡിഎഫുകാർ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന തിരക്കിലായിരുന്നു. യുഡിഎഫിനെ ആയിരം വർഷം പ്രതിപക്ഷത്തിരുത്താനുള്ള ദീർഘകാല പദ്ധതിയാണു നേതാക്കൾ തയാറാക്കിയത്. ആവശ്യമെങ്കിൽ പദ്ധതിക്കു കിഫ്ബിയിൽനിന്നു പണം തരപ്പെടുത്താമെന്ന് ഐസക് സഖാവ് വാഗ്ദാനം ചെയ്തിരുന്നു. യുഡിഎഫ് മുക്ത കേരളമെന്നതാണു പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. മോദിജിയെപ്പോലെ അതു പരസ്യമായി പറഞ്ഞില്ലെന്നു മാത്രം.

ജോമോൻ നല്ല രാശിയുള്ള യുവാവാണ്. വരിശും വർക്കത്തും വേണ്ടതിലേറെയുണ്ട്. അദ്ദേഹം വന്നതോടെ ഇടതു മുന്നണിക്കു വച്ചടിവച്ചടി കയറ്റം തുടങ്ങി. സ്വർണക്കടത്ത്, ശിവശങ്കർ, ലഹരിക്കടത്ത്, ബിനീഷ് കോടിയേരി തുടങ്ങി എന്തെല്ലാം നേട്ടങ്ങളാണു സർക്കാർ കൊയ്തുകൂട്ടിയത്. ആ കറ്റകളെല്ലാം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മെതിച്ചു ചേറ്റിപ്പാറ്റി എടുത്താൽ യുഡിഎഫ് പൊടിതൂളായി പോകുമെന്നു പ്രത്യേകം പറയേണ്ടതില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് 7 മാസം സമയമുള്ളതിനാൽ ഇതിലും വലിയ നേട്ടങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

ഈ പറഞ്ഞ സകല സംഭവങ്ങളും സർക്കാരിന്റെ തൊപ്പിയിലെ തൂവലുകളാണെന്നാണ് എ.കെ.ബാലൻ മന്ത്രി പറയുന്നത്. അങ്ങനെയാണെങ്കിൽ സർക്കാർ അഞ്ചാറു തൊപ്പി വയ്ക്കേണ്ടിവരും. എന്നാലും എല്ലാ തൂവലും വയ്ക്കാൻ സ്ഥലം മതിയാവില്ല. ഏതായാലും കഷ്ടകാലക്കാരൻ മൊട്ടയടിച്ചപ്പോൾ കന്മഴ പെയ്തു എന്നു പറഞ്ഞതു പോലെയായി ജോമോന്റെ കാര്യം.

ഈ ഷാജിയും പോരാളിയാ! 

കെ.എം.ഷാജി എംഎൽഎ പോരാളിയാണെന്നതിൽ തർക്കമില്ല. പോരാളി ഷാജിയെന്ന പേരിന്റെ പേറ്റന്റ് ഏതോ സിപിഎമ്മുകാർ കൊണ്ടുപോയില്ലായിരുന്നെങ്കിൽ അത് അഴീക്കോടൻ ഷാജിക്കു തന്നെ ലഭിക്കുമായിരുന്നു. എതിരാളി ആരാണെന്നു നോക്കാതെ അങ്കം കുറിക്കാൻ ധൈര്യം കാണിക്കുന്ന ദേഹമാണ് അദ്ദേഹം. പിണറായിയും കോടിയേരിയും എന്തിന്, മോദിജി വരെ ഈ കണിയാമ്പറ്റക്കാന്റെ മുന്നിൽ അടവു പിണങ്ങി അടിയറവു പറഞ്ഞവരാണ്. ഡോണൾഡ് ട്രംപിനെയും ഷാജി അങ്കത്തിനു വിളിച്ചതാണ്. തൽക്കാലം തിരഞ്ഞെടുപ്പിന്റെ തിരക്കാണ്, അതു കഴിഞ്ഞിട്ടാകാമെന്നാണു ട്രംപ് പറഞ്ഞത്.

എന്നാൽ, ഷാജി മികച്ച ഇഞ്ചിക്കൃഷിക്കാരനാണെന്ന രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോഴാണു നാട്ടുകാർ അറിയുന്നത്. കർണാടകയിലാണത്രെ അദ്ദേഹത്തിന്റെ ‘കൃഷി’. മുച്ചീട്ടുകളി പോലെയാണ് ഇഞ്ചിക്കൃഷി. ഒന്നുവച്ചാൽ പത്ത്, പത്തു വച്ചാൽ നൂറ് എന്ന മട്ടിലാണ് ഇഞ്ചിക്കൃഷി പൊലിക്കുക. അങ്ങനെയാണത്രെ കോഴിക്കോട് 4000 ചതുരശ്ര അടിയുള്ള വീടു വയ്ക്കാനുള്ള പണം അദ്ദേഹം കണ്ടെത്തിയത്. അതിന്റെ പേരിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ നോട്ടിസ് എന്ന പേരിൽ വല്ല കീറക്കടലാസും അയച്ചാൽ വിരളുന്ന സൈസല്ല ഷാജി. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്.

സ്റ്റോപ് പ്രസ്: പെരിയ ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ഇതുവരെ 88 ലക്ഷം രൂപ ചെലവാക്കിയെന്നു വിവരാവകാശ രേഖ.

ഇരട്ടക്കൊല എന്നു വച്ചാൽ അൽപം പണച്ചെലവുള്ള കാര്യമാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com