ADVERTISEMENT

മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. വോട്ടെടുപ്പ് നാളെ. ഭരണത്തിന്റെ കരുത്തുള്ള ബിജെപി മിന്നും ജയം സ്വപ്നം കാണുമ്പോൾ 28 സീറ്റും ജയിച്ച് ഭരണം തിരിച്ചുപിടിക്കാനുള്ള കഠിന പോരാട്ടത്തിലാണു കോൺഗ്രസ്

മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നാണ് കമൽനാഥ് സർക്കാർ നിലംപതിച്ചത്. പിന്നാലെ, ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചു. തുടർന്ന് 3 എംഎൽഎമാർ കൂടി സിന്ധ്യയ്ക്കു പിന്തുണയുമായി രാജിവച്ചു. 3 എംഎൽഎമാർ (കോൺഗ്രസ് 2, ബിജെപി 1) അന്തരിച്ചു. അങ്ങനെയാണ് 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

230 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റാണ്. ബിജെപിക്കു നിലവിൽ 107 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 88. ബിഎസ്പി 2, എസ്പി 1, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് കക്ഷിനില. പത്താം തീയതിയാണു ഫലപ്രഖ്യാപനം. 

കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം എന്നതിലുപരി, നേതാക്കൾ തമ്മിലുള്ള പോരു കൂടിയാകുന്നു മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്. കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ഇരുവശത്തും പട നയിക്കുമ്പോൾ പോരിനു വീര്യം കൂടുമല്ലോ.

കോൺഗ്രസിന് കടുകട്ടി

ഉപതിരഞ്ഞെടുപ്പു നടക്കുന്ന 28 മണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാ സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതു കോൺഗ്രസാണെങ്കിലും ഇപ്പോൾ കണക്കുകൾ ബിജെപിക്ക് അനുകൂലമാണ്. 107 എംഎൽഎമാരുള്ള ബിജെപിക്കു സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ, മത്സരം നടക്കുന്ന 28 സീറ്റുകളിൽ അഞ്ചെണ്ണം മാത്രം ജയിച്ചാലും ഭരണം തുടരാം.

എന്നാൽ, കോൺഗ്രസിന് 28ഉം ജയിച്ചാലേ 116 എന്ന ലക്ഷ്യത്തിലെത്താനാകൂ. 21 എണ്ണമെങ്കിലും ജയിച്ചാൽ മറ്റു കക്ഷികളെയും (ബിഎസ്പി, എസ്പി) സ്വതന്ത്രരെയും കൂട്ടി സർക്കാരുണ്ടാക്കാം. പക്ഷേ, പണം കൊണ്ടും അധികാരം കൊണ്ടും കരുത്തരായ ബിജെപിയെ പിന്തള്ളി സ്വതന്ത്രരുടെയും മറ്റും പിന്തുണ നേടുക അത്ര എളുപ്പമല്ല.

ഗ്വാളിയർ - ചമ്പൽ

പോരാട്ടം നടക്കുന്ന 28 മണ്ഡലങ്ങളിൽ 16 എണ്ണം ഗ്വാളിയർ - ചമ്പൽ മേഖലയിലാണ്. പിന്നാക്ക വിഭാഗങ്ങൾക്കു ഗണ്യമായ സ്വാധീനമുള്ള പ്രദേശമാണിത്; ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കരുത്തുള്ള ഇടവും. തിരഞ്ഞെടുപ്പിന്റെ ഭാരം പൂർണമായും സിന്ധ്യയുടെ ചുമലിൽത്തന്നെ വച്ചിരിക്കുകയാണു ബിജെപി. മായാവതിയുമായി ധാരണയുണ്ടാക്കിയ സിന്ധ്യ, ബിഎസ്പിയുമായുള്ള മത്സരം പരമാവധി ഒഴിവാക്കുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറും സംസ്ഥാന രാഷ്ട്രീയത്തിലേക്കു കളം മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടിയില്ലെങ്കിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നില പരുങ്ങലിലായേക്കാം.

 ബിഎസ്പിയുടെ ‘റോൾ’

മധ്യപ്രദേശിലെ കിങ് മേക്കർ ബിഎസ്പി ആയിരിക്കുമെന്നാണ് അവരുടെ അവകാശവാദം. ചമ്പൽ മേഖലയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണു ബിഎസ്പി. മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ 9 എണ്ണം എസ്‌സി സംവരണ മണ്ഡലങ്ങളാണ്; രണ്ടെണ്ണം എസ്ടി മണ്ഡലങ്ങളും.

‘ചതിയുടെ’ പേരിൽ 

15 വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ ആയുസ്സ് 15 മാസം മാത്രമായിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തെ തുടർന്നായിരുന്നു സർക്കാരിന്റെ വീഴ്ച. സിന്ധ്യയെ പിന്തുണച്ച എംഎൽഎമാർ രാജിവച്ച് റിസോർട്ടുകളിൽ ഒളിച്ചുകളിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം ചതിയന്മാർക്കെതിരെ വോട്ട് ചെയ്യൂ എന്നാണ്. പണം വാങ്ങി കാലുമാറിയവരെ ഒറ്റപ്പെടുത്തണം എന്നാണ് ആഹ്വാനം.

പ്രചാരണത്തിനിടെ ബിജെപിക്കെതിരെയും സിന്ധ്യയ്ക്കെതിരെയും നിശിത വിമർശനമാണ് അവർ ഉയർത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ, ഗദ്ദാർ (ചതിയൻ), ബികാവു (വിൽപനയ്ക്കു പറ്റിയത്) എന്നൊക്കെയാണ് രാജിവച്ച എംഎൽഎമാരെ വിശേഷിപ്പിച്ചത്!സിന്ധ്യമാർ ചരിത്രപരമായി ചതിയന്മാരാണെന്നും ഝാൻസി റാണിയോടു ചെയ്തതാണ് അവർ ജനങ്ങളോടു ചെയ്തതെന്നും ഝാൻസിയിൽ നടന്ന പ്രചാരണത്തിനിടെ കമൽനാഥ് തുറന്നടിക്കുകയും ചെയ്തു.

വാഗ്ദാന വാക്സീൻ 

ഉരുളയ്ക്കുപ്പേരി മട്ടിൽ ബിജെപിയും തിരിച്ചടിച്ചു. കമൽനാഥ് വഞ്ചകനാണെന്നും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിച്ചില്ലെന്നും സിന്ധ്യ ആരോപിച്ചു. രാഷ്ട്രീയത്തിൽ സാധാരണ ആരും ഉപയോഗിക്കാത്ത മര്യാദകെട്ട ഭാഷയാണു കോൺഗ്രസിന്റേത് എന്ന ആരോപണവും ബിജെപി ഉയർത്തി. ഭരണത്തിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും സ്വന്തം എംഎൽഎമാർ രാജിവച്ചതിന്റെ യഥാർഥ കാരണം പോലും പരിശോധിച്ചില്ലെന്നും വാദിച്ചു.ബിഹാറിൽ ബിജെപി പ്രഖ്യാപിച്ചതിനു സമാനമായി, മധ്യപ്രദേശിലും കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബിജെപിയിലെ വിമതശബ്ദം 

പ്രാദേശിക വിഷയങ്ങളും നേതാക്കളുടെ ഇടപെടലുകളുമായിരിക്കും തിരഞ്ഞെടുപ്പിൽ നിർണായകമാകുക. കോൺഗ്രസിൽനിന്നു രാജിവച്ച 25 എംഎൽഎമാർക്കും പാർട്ടി സീറ്റു നൽകിയത് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപു പാർട്ടിയെ തോൽപിച്ചവർക്കു വേണ്ടി പ്രവർത്തിക്കേണ്ട ഗതികേടിലാണ് ബിജെപിയുടെ പല മുതിർന്ന നേതാക്കളും. വർഷങ്ങളായി പാർട്ടിയോടു കൂറു പുലർത്തുന്നവരെ തഴഞ്ഞ് സമീപകാലത്തു പാർട്ടിയിൽ ചേർന്നവർക്കു സീറ്റു നൽകിയതിൽ പ്രതിഷേധിച്ച് ഒട്ടേറെപ്പേർ ബിജെപി വിടുകയും ചെയ്തു.

സിന്ധ്യയ്ക്കൊപ്പം രാജിവച്ചെത്തിയ ചില എംഎൽഎമാർക്കു ബിജെപി മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടാതെ ആറു മാസത്തിലധികം തുടരാൻ കഴിയാത്തതിനാൽ, ഏപ്രിലിൽ സ്ഥാനമേറ്റ 2 മന്ത്രിമാർക്കു രാജിവയ്ക്കേണ്ടി വന്നു. ജൂലൈയിലെ രണ്ടാം മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെട്ടവർക്കു പക്ഷേ രാജിവയ്ക്കേണ്ടി വരില്ല. ഇവരെല്ലാം ഇത്തവണ ജനവിധി തേടുന്നുണ്ട്.

ശിവരാജ് സിങ് ചൗഹാൻ

അനുകൂല ഘടകങ്ങൾ

5 സീറ്റ് ജയിച്ചാലും കോൺഗ്രസ് ഇതര എംഎൽഎമാരുടെ പിന്തുണയോടെ ഭരണം നിലനിർത്താമെന്ന ആത്മവിശ്വാസം.  ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ്. ബിഎസ്പിയുമായുള്ള നല്ല ബന്ധം.

പ്രതികൂല  ഘടകങ്ങൾ

ബിജെപിയിലെ വിമത നേതാക്കൾ. സ്ഥാനാർഥി നിർണയത്തിൽ പിണങ്ങി ഒട്ടേറെപ്പേർ പാർട്ടി വിട്ടത്. പിന്നാക്ക വിഭാഗങ്ങളുടെ പൂർണ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തത്.

കമൽനാഥ്

അനുകൂല ഘടകങ്ങൾ

28ൽ 27ഉം നേരത്തേ കോൺഗ്രസ് ജയിച്ച സീറ്റുകൾ എന്ന ആത്മവിശ്വാസം. വിമത ബിജെപി നേതാക്കളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ.ബാലേന്ദു ശുക്ല ഉൾപ്പെടെയുള്ള നേതാക്കളെ തിരികെ കോൺഗ്രസിലെത്തിച്ചത്.

പ്രതികൂല ഘടകങ്ങൾ

21 സീറ്റെങ്കിലും ജയിച്ചാലേ ഭരണത്തിനു സാധ്യതയുള്ളൂ.മത്സരം നടക്കുന്ന ചമ്പൽ - ഗ്വാളിയർ മേഖല സിന്ധ്യയുടെ ശക്തികേന്ദ്രം. ബിഎസ്പിയുടെ അടവുനയം.

പ്രചാരണത്തിനിടെയുണ്ടായ നാക്കുപിഴകൾ പറഞ്ഞു കുടുങ്ങി! 

കൈപ്പത്തിക്ക് വോട്ടു ചോദിച്ച് സിന്ധ്യ

‘നവംബർ 3ന് വോട്ടു ചെയ്യുമ്പോൾ നിങ്ങൾ കൈപ്പത്തിക്കു തന്നെ വോട്ടു ചെയ്യുമെന്ന് എനിക്കും ശിവരാജ് സിങ് ചൗഹാനും ഉറപ്പു തരൂ’ എന്ന് വോട്ടഭ്യർഥിച്ചു കളഞ്ഞു ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ദബ്ര മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയും മന്ത്രിയുമായ ഇമാർതി ദേവിയുടെ പ്രചാരണത്തിനിടെയാണ് മുൻ കോൺഗ്രസ് നേതാവായ സിന്ധ്യയ്ക്കു നാക്കുപിഴച്ചത്. ഉടനെ തിരുത്തി, താമരയ്ക്കു വോട്ടു ചെയ്യണമെന്നു പറഞ്ഞെങ്കിലും പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടി. 

സിന്ധ്യയുടെ പ്രസംഗത്തിന്റെ വിഡിയോ എടുത്ത് ‘സിന്ധ്യാജി, താങ്കൾ വിഷമിക്കേണ്ട, ജനങ്ങൾ കോൺഗ്രസിനു തന്നെ വോട്ടു ചെയ്തോളും’ എന്നു മധ്യപ്രദേശ് കോൺഗ്രസ് ട്വീറ്റും ചെയ്തു. 

ഈ ‘ഐറ്റമൊക്ക’ കയ്യിൽ വച്ചാ മതി

തന്റെ സർക്കാരിൽ മന്ത്രിയായിരിക്കെ, സിന്ധ്യയോടൊപ്പം ബിജെപിയിലേക്കു പോയ ഇമാർതി ദേവിക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ കമൽനാഥ് പുലിവാലു പിടിച്ചു. ‘അത് എന്ത് ഐറ്റ’മാണ് എന്നായിരുന്നു ഡയലോഗ്. തിരഞ്ഞെടുപ്പു കമ്മിഷൻ കമൽനാഥിന്റെ താരപ്രചാരക പദവി എടുത്തുകളയുകയും ചെയ്തു. 

അസുഖം കണ്ടെത്താൻ ഡോക്ടർമാരുണ്ടല്ലോ...

പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഇമാർതി ദേവിക്കും തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കു പ്രഖ്യാപിച്ചു. കമൽനാഥിനെ പേരെടുത്തു പറയാതെ, ‘മുഖ്യമന്ത്രി സ്ഥാനം പോയതോടെ അയാൾക്കു തലയ്ക്കു സുഖമില്ലാതായി’ എന്നു പറഞ്ഞതിനാണു ‘പണികിട്ടിയത്’.

English Summary: Madhya Pradesh Bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com