നമ്മുടെ നാട്ടിലും അവയവക്കച്ചവട മാഫിയ സജീവം; പറ്റിക്കരുത്, പ്രാണനാണ്

organ-trade
SHARE

അവയവദാനത്തിന്റെ മഹത്തായ എത്രയോ കഥകൾ പറയാനുണ്ട് നമ്മുടെ കേരളത്തിന്. പക്ഷേ, നമ്മുടെ നാട്ടിലും  അവയവക്കച്ചവട മാഫിയ സജീവമാണെന്നു  കണ്ടെത്തിയിരിക്കുന്നു.  കൂടുതൽ അന്വേഷണവുമായി ക്രൈംബ്രാഞ്ച്  മുന്നോട്ടുപോകുകയാണ്.  മാഫിയ സാധാരണക്കാരെ  വഞ്ചിക്കുന്നത് എങ്ങനെ ? 

2019 ജനുവരി. തലേവർഷത്തെ പ്രളയമുണ്ടാക്കിയ സാമ്പത്തികക്ലേശങ്ങളിൽ മുങ്ങിനിൽക്കുകയാണ് തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഫയർ സ്റ്റേഷൻ കോളനി. കൊച്ചി മരട് സ്വദേശിയെന്നു പരിചയപ്പെടുത്തി ഒരാളെത്തി; അവയവ മാഫിയ ഏജന്റ്. കേസുകളും കടബാധ്യതയുമുള്ള ഒരു കോളനിനിവാസിക്കു ‘കരകയറാൻ’ മാർഗം ഉപദേശിച്ചു കൊടുത്തു– വൃക്ക വിൽക്കുക! സ്വന്തം വൃക്ക വിറ്റ കോളനിനിവാസി ഭാര്യയെയും അതിനു നിർബന്ധിച്ചു. ഏജന്റ് വീണ്ടുമെത്തി കച്ചവടമുറപ്പിച്ചു. കേരളത്തെ ഞെട്ടിച്ച വൃക്കത്തട്ടിപ്പിന്റെ തുടക്കമായിരുന്നു അത്. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടാണു തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നത്.

ഏജന്റ് പിന്നെയും കോളനിയിൽ വന്നുപോയി; ഓരോ വരവും ഓരോ വൃക്കയിലേക്കുള്ള വഴിയായിരുന്നു. ആദ്യം വൃക്ക വിറ്റയാളും പിന്നെ ഏജന്റായി മാറി. കടബാധ്യതയിൽ അടിതെറ്റിയവർ, പ്രത്യേകിച്ച് സ്ത്രീകൾ, ആയിരുന്നു പ്രധാന ഇരകൾ. ‘ഇഷ്ടം പോലെ പണം കിട്ടും. അതു പലിശയ്ക്കു കൊടുത്തു സുഖമായി ജീവിക്കാം. പണം എന്നെയേൽപിച്ചാൽ മാസംതോറും പലിശ വാങ്ങിത്തരാം’ – മോഹനവാഗ്ദാനങ്ങളിങ്ങനെ.

പുല്ലൂറ്റ് കോളനിക്കു പുറമേ, കൊടുങ്ങല്ലൂർ അഴീക്കോട് സൂനാമി കോളനിയിലും എറിയാട് നീതിവിലാസം കോളനിയിലും ഏജന്റുമാർ കയറിയിറങ്ങി. മൂന്നിടത്തുനിന്നുമായി 26 വൃക്കകൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി രോഗികളിൽ വച്ചുപിടിപ്പിച്ചെന്നാണു പൊലീസിനു ലഭിച്ച വിവരം.

പുല്ലൂറ്റ് കോളനിയിൽ ആദ്യം വൃക്ക കൊടുത്ത 2 പേർക്ക് 10 ലക്ഷം രൂപ വീതം കിട്ടിയെന്നാണു പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. കൂടുതൽ ആളുകളെ പിടിക്കാനുള്ള മാഫിയയുടെ ‘ഇൻവെസ്റ്റ്മെന്റ്’. പക്ഷേ, പിന്നീടു വൃക്ക നൽകിയ പാവപ്പെട്ട സ്ത്രീകൾക്കും മറ്റും കിട്ടിയത് പരമാവധി 3 ലക്ഷം രൂപ. ആശുപത്രിവാസത്തിന്റെയും മറ്റും ചെലവുകളും അതിൽപെടും. തുക കിട്ടിയില്ലെങ്കിൽ ബഹളംവയ്ക്കാനോ മറ്റാരോടെങ്കിലും പറയാനോ പറ്റില്ല. കാരണം, നാട്ടുകാരുടെ അറിവിൽ ഈ സ്ത്രീകളിൽ പലരും ആശുപത്രിയിൽ പോയത് ഗർഭപാത്രത്തിലെ മുഴ നീക്കാനാണ്!

ചിരിക്കു പിന്നിലെ കെണി

എറണാകുളം സ്പെഷൽ ബ്രാഞ്ചിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന അൻപതുകാരന്റെ അനുഭവം സഹപ്രവർത്തകനാണു വെളിപ്പെടുത്തിയത്: പച്ചാളം സ്വദേശിയായ പൊലീസുകാരനെ കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ മാറ്റിവയ്ക്കൽ മാത്രമാണു പോംവഴി. കരൾ പകുത്തു നൽകാൻ ബന്ധുക്കൾ തയാറായെങ്കിലും യോജിക്കാതെ വന്നു.

പൊലീസുകാരന്റെ ഭാര്യ എന്തുചെയ്യണമെന്നറിയാതെ ആശുപത്രിബെഞ്ചിൽ ഇരിക്കുമ്പോൾ ഒരാൾ കുശലാന്വേഷണവുമായി അരികിലെത്തി. തന്റെ സുഹൃത്തിനു സമാന ശസ്ത്രക്രിയ വേണ്ടിവന്നെന്നും മറ്റൊരാൾ മുഖേനയാണു കരൾ സംഘടിപ്പിച്ചതെന്നും പറഞ്ഞു. അയാളോട് അന്വേഷിക്കാമെന്നു വാഗ്ദാനവും.

ഒടുവിൽ ആ വഴിക്കുതന്നെ കാര്യങ്ങൾ നീങ്ങി. 25 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 22 ലക്ഷത്തിന് ഉറപ്പിച്ചു. 5 ലക്ഷം മുൻകൂറായി നൽകി. ആലപ്പുഴയിൽനിന്നുള്ള സ്ത്രീയാണു ദാതാവായി വന്നത്. നടപടിക്രമങ്ങൾ നീണ്ടതോടെ ശസ്ത്രക്രിയ വൈകി. ഇതിനിടെ രോഗി കോവിഡ് ബാധിതനായി. ശസ്ത്രക്രിയ നടക്കുംമുൻപ് ഒക്ടോബർ‌ 4ന് അദ്ദേഹം മരിച്ചു. കരളിന് അഡ്വാൻസ് നൽകിയ 5 ലക്ഷം പോയതു മിച്ചം. ചികിത്സയ്ക്കു ചെലവായ തുക വേറെ.

അന്വേഷണത്തിന് തടസ്സം മനുഷ്യസ്നേഹം

മനുഷ്യസ്നേഹം എന്ന വലിയ മതിലാണ് അവയവക്കച്ചവട പരാതി വന്നാൽ അന്വേഷിക്കുന്നതിൽ പൊലീസിനു പ്രതിസന്ധിയാകുന്നത്. അവയവമാറ്റത്തിലൂടെ പുതുജീവൻ ലഭിച്ചവരെയും അതിനായി അവയവം നൽകിയവരെയും പ്രതിചേർത്താലേ ഏജന്റുമാരിലേക്ക് അന്വേഷണം എത്തൂ. നിയമപരമായി സാധൂകരിക്കാനാകട്ടെ, ഒരു രേഖയുമുണ്ടാകില്ല. പിന്നെ എന്തിനാണ് ജീവൻ കിട്ടിയയാളെയും കൊടുത്തയാളെയും ദ്രോഹിക്കുന്നതെന്ന ചോദ്യത്തിനു മുന്നിൽ അന്വേഷണം നിലയ്ക്കും.

ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണ നീക്കവും ഇൗ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഏജന്റുമാരുടെ പിടിച്ചുപറി മാത്രം തേടിപ്പിടിക്കാനാണ് ആലോചന. വൃക്കദാതാവിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ 5 ലക്ഷത്തിൽ താഴെ മാത്രം നൽകിയ സംഭവങ്ങളുണ്ട്. എന്നാൽ, സ്വീകർത്താവിൽനിന്ന് ഏജന്റുമാർ 25 ലക്ഷം വാങ്ങുകയും ചെയ്തു.

വൃക്കത്തട്ടിപ്പിന്റെ വഴികൾ

അവയവ വിപണിയിൽ ഏറ്റവും ആവശ്യമുള്ളതു വൃക്കയാണ്. ഏറ്റവും കൂടുതൽ തട്ടിപ്പു നടക്കുന്നതും ഇതുമായി ബന്ധപ്പെട്ടുതന്നെ. വൃക്ക മാഫിയയുടെ 

പ്രവർത്തനമിങ്ങനെ. 

1 വലവിരിക്കൽ: 

ആശുപത്രികളിലെ  വൃക്കരോഗ വിഭാഗത്തിലും ഡയാലിസിസ് യൂണിറ്റിനു സമീപവും മാഫിയ അംഗങ്ങൾ ചുറ്റിക്കറങ്ങും; മിക്കവാറും സ്ത്രീകൾ. ഡയാലിസിസ് ചെയ്യുന്നവരോടും ബന്ധുക്കളോടും അടുപ്പം സ്ഥാപിക്കും. തുടർന്നാണു വൃക്കവാഗ്ദാനം. രോഗികളുടെ ജീവൻ രക്ഷിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളും കടം വാങ്ങിയായാലും പണമുണ്ടാക്കും. അടിയന്തരമായി വൃക്ക ആവശ്യമുള്ളവരുടെ വിവരങ്ങൾ ആശുപത്രിയിൽനിന്നു ചോർത്താറുമുണ്ട്. അവരെ കാൻവാസ് ചെയ്യേണ്ടതില്ല. വിലപേശൽ മാത്രം.

2 ഇരതേടൽ

ചേരികളിലും കോളനികളിലും താമസിക്കുന്ന പാവപ്പെട്ടവരെ വൃക്കവിൽപനയ്ക്കു പ്രേരിപ്പിക്കും. കോളനിയിലെ ഒരാൾ വൃക്ക നൽകി പണം കൈപ്പറ്റിയാൽ വിവരം അതിവേഗം പരക്കും. പണമില്ലാതെ പാടുപെടുന്ന കൂടുതൽപേർ മാഫിയയുടെ വാഗ്ദാനങ്ങൾ കേട്ട് അവയവ വിൽപനയ്ക്കു തയാറാകും. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ലക്ഷം രൂപ മാഫിയ മുൻകൂർ നൽകും.

3 പരിശോധന

ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കു ‘ദാതാവിനെയും’ കൂട്ടി ഏജന്റ് എത്തും. ആവശ്യക്കാരനു വൃക്ക യോജിക്കുമോ എന്നറിയാൻ ക്രോസ് മാച്ചിങ്. ഫലം അനുകൂലമെങ്കിൽ ഫുൾ ബോഡി ടെസ്റ്റ്. അല്ലെങ്കിൽ അടുത്ത ആവശ്യക്കാരനുമായി ക്രോസ് മാച്ചിങ്.

4 കടലാസൊരുക്കൽ

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി കിട്ടാൻ ഇരുപതോളം രേഖകൾ വേണം. ദാതാവിനു ക്രിമിനൽ പശ്ചാത്തലമില്ലെന്നും പാരിതോഷികങ്ങൾ സ്വീകരിക്കാതെയാണ് അവയവദാനമെന്നും വ്യക്തമാക്കി ഡിവൈഎസ്പി ഓഫിസിലെ സർട്ടിഫിക്കറ്റ്, ദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധം കാണിച്ച് ജനപ്രതിനിധിയുടെ സർട്ടിഫിക്കറ്റ് എന്നിങ്ങനെ. 

‘വ്യാജ ബന്ധുക്കളെ’ വരെ അവതരിപ്പിച്ച് രേഖകൾ സംഘടിപ്പിക്കാനുള്ള വഴി ഏജന്റിനറിയാം.

5 അനുമതി തേടൽ

മെഡിക്കൽ കോളജുകളിലെ മെഡിക്കൽ ബോർഡിനു മുന്നിൽ ദാതാവ്, അടുത്ത 2 ബന്ധുക്കൾ, സ്വീകർത്താവ്, ബന്ധു എന്നിവർ ഹാജരാകണം. ചികിത്സാ കാരണങ്ങളാൽ സ്വീകർത്താവ് പലപ്പോഴും ഹാജരാകില്ല. ബോർഡിനു മുന്നിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് ഏജന്റ് കൃത്യമായി പഠിപ്പിക്കും. രേഖകളിൽ കാര്യമായ സംശയമില്ലാത്ത കേസുകളിൽ അനുമതി കിട്ടും.

6 ശസ്ത്രക്രിയ

അനുമതി ലഭിച്ചാൽ വൈകാതെ ശസ്ത്രക്രിയ നടക്കും. അഡ്വാൻസിനു ശേഷമുള്ള തുക ദാതാവിന് ഏജന്റ് നൽകും. പണം ബാങ്ക് അക്കൗണ്ടിലൂടെ നൽകില്ല. കേസ് വന്നാൽ തെളിവാകാതിരിക്കാനാണിത്. അതുവരെ ഒപ്പമുള്ള ഏജന്റ് പിന്നീടു മുങ്ങും. ശസ്ത്രക്രിയയ്ക്കു‌ ശേഷം എന്തു സംഭവിച്ചാലും ദാതാവിന്റെ മാത്രം ഉത്തരവാദിത്തം.

KOMB JOHNSON
പോൾ കൊമ്പനും അനുജൻ ജോൺസണും.

അവയവ മാഫിയയുടെ വേരറുക്കാൻ ഇതാ വഴി; ഉറ്റവർ മടിക്കരുതേ...അവയവം നൽകാൻ

32 വർഷമായി അനുജന്റെ വൃക്കയുമായി ജീവിക്കുന്ന തൃശൂർ പാങ്ങ് കൊമ്പൻവീട്ടിൽ പോൾ പറയും, വൃക്കത്തട്ടിപ്പ് തടയാനുള്ള വഴി. സാധ്യമാകുമെങ്കിൽ വൃക്കരോഗിക്ക് ഉറ്റവർതന്നെ വൃക്ക നൽകുക.

1989 ജനുവരിയിലാണ് പോളിന്റെ വൃക്ക മാറ്റിവച്ചത്. വൃക്ക തകരാറിലാണെന്ന് അറിഞ്ഞപ്പോൾ അനുജൻ ജോൺസൺ, സഹോദരി, ഭാര്യാമാതാവ് എന്നിവർ ഒരേ സ്വരത്തിൽ പറഞ്ഞു: ‘ഞങ്ങളുടെ വൃക്ക എടുത്തോളൂ...’

കേരളത്തിൽ അന്നു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ അപൂർവം. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു ക്രോസ് മാച്ചിങ് പരിശോധനയും ശസ്ത്രക്രിയയും. ജോൺസന്റെ വൃക്ക യോജിക്കുമെന്നു കണ്ടെത്തിയതോടെ സ്വീകരിച്ചു.

–രണ്ടുപേരും ഇപ്പോഴും തോളിൽ കയ്യിട്ടു കൂളായി നടക്കുന്നു. ഇത്രയും കാലം കാര്യമായ ആരോഗ്യപ്രശ്നമില്ലാതെ ജീവിക്കാൻ കഴിഞ്ഞതിന്റെ കാരണം ‘സ്വന്തം ചോരയിലുള്ള’ വൃക്ക കിട്ടിയതാണെന്നു പോളിന്റെ വിശ്വാസം.

∙ ബീയാർ പ്രസാദ്, ഗാനരചയിതാവ് (2019 ഒക്ടോബർ 31ന് ആണു ബീയാർ പ്രസാദിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്)

beeyar
ബീയാർ പ്രസാദ്.

തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ,  എ.എസ്.ഉല്ലാസ്, എസ്.വി.രാജേഷ്, വിനോദ് ഗോപി.  സങ്കലനം: ജയ്സൺ പാറക്കാട്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA