തുരങ്കപാതകൾക്ക് ജീവൻ വയ്ക്കണം

SHARE

കുതിരാനിൽ കേരളത്തിലെ ആദ്യ തുരങ്കപാതയുടെ നിർമാണവും മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതാ വികസനവും വൈകുന്നതു കേരളത്തിന്റെയാകെ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. ദുരന്തങ്ങളെ വിളിച്ചുവരുത്തി, ദേശീയപാതയിലെ കുതിരാൻ ഭാഗം അനാസ്ഥയുടെ കൊടിയടയാളമായി ഇങ്ങനെ തുടരുമ്പോൾ നമ്മുടെ വികസന കാഴ്ചപ്പാടുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കുതിരാന്റെ കാര്യത്തിൽ പാഴായിപ്പോയ ഉറപ്പുകളാണു നാടിന്റെ മുന്നിലുള്ളതെന്നിരിക്കെ, പുതിയ ഉറപ്പുകളെ എത്രത്തോളം വിശ്വസിക്കാമെന്ന ചോദ്യവുമുണ്ട്.

കുതിരാനിൽ അപകടങ്ങളും വാഹനക്കുരുക്കും തുടർക്കഥയാകുന്നതു കണ്ടിരിക്കാനുള്ളതല്ല. വെള്ളിയാഴ്ച 4 ചരക്കുലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 3 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിനു പിന്നാലെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കാണുണ്ടായത്. ദേശീയപാതയിൽ അടിപ്പാത നിർമിക്കാനെടുത്ത കുഴിയിലേക്കു ലോറി മറിഞ്ഞ് ഡ്രൈവർക്കു ദാരുണാന്ത്യമുണ്ടായതു വ്യാഴാഴ്ചയാണ്.

കഴിഞ്ഞ 11 വർഷത്തിനിടെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 242 പേർക്കാണെന്നതു ഞെട്ടലോടെ മാത്രമേ കേരളത്തിനു കേൾക്കാനാവൂ. പീച്ചി സ്റ്റേഷന്റെ പരിധിയിൽ മാത്രം ദേശീയപാതയിൽ 105 പേർ അപകടത്തിൽ മരിച്ചു. കുതിരാൻ മേഖലയിലായിരുന്നു ഇതിലേറെയും. ഗതാഗതക്കുരുക്കിൽപെട്ട്, സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ആംബുലൻസിൽ ജീവൻ പൊലിഞ്ഞവരുമുണ്ട്.

വടക്കഞ്ചേരി – മണ്ണുത്തി വഴിയിൽ, കുതിരാനിലെ ഇരട്ടത്തുരങ്കങ്ങളടക്കം 28.5 കിലോമീറ്ററുള്ള ദേശീയപാതയുടെ നിർമാണ നടപടികൾ വർഷങ്ങളായി ഇഴയുന്നത് ആശങ്കയോടെ കണ്ടുനിൽക്കുകയാണു കേരളം. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണു നിർമാണം ഇങ്ങനെ നീളാൻ കാരണം. റോഡിലെ കുഴികളടയ്ക്കാനും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നടപടിയെടുക്കുന്നില്ല. അപകടങ്ങളിൽപെട്ട മിക്കവർക്കും നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.

ഇതിനിടെ പ്രതീക്ഷ പകർന്ന്, കുതിരാനിലെ ഒരു തുരങ്കം ജനുവരിയിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാൻ നിർദേശിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. രണ്ടാം തുരങ്കത്തിന്റെ നിർമാണം ഇതോടൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുകയുണ്ടായി. തുടർന്ന്, കുതിരാൻ ഉൾപ്പെടുന്ന മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ ഈ മാസം പത്തിനകം നിർമാണം പുനരാരംഭിക്കുമെന്നു നിർമാണക്കമ്പനിയുടെ പുതിയ ഉറപ്പുമുണ്ടായി. നിർമാണത്തിനു തടസ്സമായ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ നടപടിയായെന്നും അവർ അറിയിച്ചിട്ടുണ്ട്. കമ്പനി പലപ്പോഴായി നൽകിയ ഉറപ്പുകൾ പാലിക്കാത്തത് ഇതിനിടെ ജനരോഷത്തിനു കാരണമായിരുന്നു.

കുതിരാൻ തുരങ്കപാതയ്ക്കു ജീവൻ വയ്ക്കുമെന്നു കേന്ദ്രമന്ത്രിയും നിർമാണക്കമ്പനിയും പറയുന്നുണ്ടെങ്കിലും ഇനിയും കടമ്പകളേറെയുണ്ടെന്നതാണു വാസ്തവം. ഇടതു തുരങ്കത്തിന്റെ നിർമാണം 90% പൂർത്തിയായതായി കമ്പനി പറയുമ്പോഴും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു തുരങ്കത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ നടപടിയായിട്ടില്ല. കുതിരാൻ തുരങ്കത്തിന് ഉപകരാർ നൽകിയ കമ്പനിയും പ്രധാന നിർമാണക്കമ്പനിയും തമ്മിൽ പണമിടപാടു സംബന്ധിച്ചു തർക്കം നിലനിൽക്കുന്നുണ്ട്. തൊഴിലാളികളുടെ കൂലി ഇതുവരെ കൊടുത്തു തീർക്കാത്തതിനാൽ സമരവും പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ജനുവരിയിൽ തുറക്കണമെങ്കിൽ കമ്പനിക്കു ബാങ്കുകളുടെ കൺസോർഷ്യം കടം നൽകണം. ഇതു നൽകാനാകില്ലെന്ന നിലപാടാണു ബാങ്കുകൾക്കുള്ളതെന്നാണു സൂചന.

തുരങ്കം തുറക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വങ്ങളൊക്കെ എത്രയുംവേഗം പരിഹരിക്കേണ്ടതുണ്ട്. ഉറപ്പുകൾകൊണ്ടു നാടിനെ കബളിപ്പിക്കാമെന്നു ബന്ധപ്പെട്ടവർ ഇനിയും കരുതിക്കൂടാ. ഉടൻ തുറക്കുമെന്ന് എംപിമാർക്ക് 6 മാസം മുൻപു ദേശീയപാതാ അതോറിറ്റി വാക്കാൽ ഉറപ്പുനൽകിയിരുന്നു. റോഡിൽ മതിയായ സിഗ്നൽ സ്ഥാപിക്കണമെന്ന ഹൈക്കോടതി നിർദേശംപോലും പാലിക്കപ്പെട്ടില്ല. ഇനിയും ദുരന്തങ്ങളെ വിളിച്ചുവരുത്തി കുതിരാൻ തുരങ്കത്തിന്റെ നിർമാണം അനന്തമായി വൈകിക്കുന്നതു കേരളത്തോടുതന്നെയുള്ള വെല്ലുവിളിയാണെന്ന് ആരും മറന്നുകൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA