ADVERTISEMENT

തകരാറിലായ അവയവങ്ങൾ മാറ്റിവച്ച് പുതുജീവിതം കൊതിക്കുന്ന സാധാരണക്കാരുടെ ഏക പ്രതീക്ഷയാണ് സർക്കാരിന്റെ ‘മൃതസഞ്ജീവനി’.‌ നല്ല രീതിയിൽ മുന്നേറിയ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയോ?

കൂട്ടുകാർ ഓടിച്ചാടി നടക്കുന്നതു കാണുമ്പോ‌ൾ പ്ലസ് വൺ വിദ്യാർഥി അഭിജിത്തിന്റെ കണ്ണുനിറയും. അവർക്കൊപ്പം ചേരാൻ ഈ പതിനേഴുകാരനു കൊതിയായെങ്കിലും വൃക്ക സമ്മതിക്കുന്നില്ല. തിരുവനന്തപുരം നെയ്യാറ്റിൻകര കാരോട് വീട്ടിൽ ബിനുവിന്റെയും അനിതകുമാരിയുടെയും 2 മക്കളിൽ മൂത്തവനാണ് ബി.അഭിജിത്. ഒന്നരവർഷം മുൻപെത്തിയ വൃക്കരോഗം അവന്റെ കൊച്ചുസന്തോഷങ്ങൾ തല്ലിക്കെടുത്തി; കുടുംബത്തിന്റെയും. 4 മണിക്കൂർ ഇടവിട്ട് ഡയാലിസിസ് ചെയ്യണം. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഇതിനായി മാത്രം കണ്ടെത്തേണ്ടത് മാസം അരലക്ഷം രൂപ. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാരുടെ നിർദേശമുണ്ടെ‌ങ്കിലും സാമ്പത്തികക്ലേശം വിലങ്ങുതടിയായി. ഏക പ്രതീക്ഷയായ ‘മൃതസഞ്ജീവനി’ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ട് വർഷം ഒന്നായെങ്കിലും വൃക്ക ലഭിച്ചിട്ടില്ല.

അവയവങ്ങൾ കിട്ടാതെ പൊലിഞ്ഞു, 700 ജീവൻ

2012ൽ ആണ് കേരളത്തിൽ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി ആരംഭിച്ചത്. ഒരടി മുന്നോട്ടെങ്കിൽ, രണ്ടടി പിന്നോട്ട് എന്നായി ഇപ്പോഴത്തെ അവസ്ഥ. ആരോഗ്യവകുപ്പിനു കീഴിലുള്ള മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നത് 2400 പേരാണ്. അനൗദ്യോഗിക കണക്കനുസരിച്ച് അരലക്ഷത്തോളം പേർ അവയവമാറ്റം പ്രതീക്ഷിച്ച് ജീവിതം തള്ളിനീക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ എഴുനൂറിലേറെപ്പേർ അവയവങ്ങൾ ലഭിക്കാതെ മരണത്തിനു കീഴടങ്ങി.

മൃതസഞ്ജീവനിയിലൂടെയുള്ള മരണാനന്തര അവയവദാനം സുതാര്യമാണ്. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങൾ ഏജന്റുമാർ മുഖേന സ്വീകരിക്കുന്ന സംഭവങ്ങളിലാണു തട്ടിപ്പു നടക്കുന്നത്. ഇതു തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതിനാലാണ്, പ്രിയപ്പെട്ടവർക്കു മസ്തിഷ്കമരണം സംഭവിച്ചാലും അവയവദാനത്തിനു ബന്ധുക്കൾ മടിക്കുന്നത്. മൃതസഞ്ജീവനി പദ്ധതി ഇല്ലാതാക്കിയാലേ അവയവക്കച്ചവടം പൊടിപൊടിക്കൂ എന്നറിയാവുന്ന മാഫിയയാകട്ടെ തെറ്റിദ്ധാരണ പരത്താൻ മുന്നിലുണ്ട്.

മറ്റു ശസ്ത്രക്രിയകൾക്ക് ആശുപത്രിയിലെത്തുന്നവരുടെ അവയവങ്ങൾ അവരറിയാതെ നീക്കുന്നു എന്ന തരത്തിലുള്ള സിനിമകളും മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളും മൃതസഞ്ജീവനിയെ ശ്വാസംമുട്ടിക്കുന്നു. 2016 വരെയേ മൃതസഞ്ജീവനിയിലൂടെ അവയവദാനം കാര്യമായി നടന്നുള്ളൂ. 2016ൽ 72 പേരുടെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്തെങ്കിൽ, ഈ വർഷം ഇതുവരെ 18 പേരുടേതു മാത്രം.

അവയവമാറ്റത്തിന്റെ വഴി; കേരളത്തിൽ അവയവദാനം നടക്കുന്നത് 2 രീതിയിൽ

മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷം

അപകടത്തിൽപെട്ടവർക്കുൾപ്പെടെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ശേഷം ബന്ധുക്കളുടെ സമ്മതത്തോടെയുള്ള അവയവദാനം. സംസ്ഥാന സർക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയിലൂടെയാണിത്.

ലൈവ്  ഡൊണേഷൻ

രോഗിക്ക് അവയവം നൽകാൻ ഏറ്റവും അടുത്ത ബന്ധുക്കളില്ലെങ്കിൽ പുറത്തുനിന്നു ദാതാവിനെ കണ്ടെത്താം. സർക്കാർ രൂപീകരിച്ച സമിതി മുൻപാകെ ദാതാവും സ്വീകർത്താവിന്റെ ബന്ധുവും ഹാജരായി അനുമതി വാങ്ങണം. ഇതിനു ‘മൃതസഞ്ജീവനി’യുമായി ബന്ധമില്ല.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് എങ്ങനെ

ആരോഗ്യവകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നതിങ്ങനെ

കേന്ദ്ര നാഡീവ്യൂഹവ്യവസ്ഥയ്ക്കു തകരാർ സംഭവിച്ചെന്നു പരിശോധനകളിലൂടെ ഉറപ്പാക്കിയ ശേഷം മാത്രമാകണം മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നടപടികൾ. പരിശോധനകൾ നടത്തേണ്ടത് 4 വിദഗ്ധ ഡോക്ടർമാരുടെ സംഘം. ഇതിൽ 2 പേർ സർക്കാർ നിർദേശിച്ച പട്ടികയിലുള്ളവരാകണം. 2 ഡോക്ടർമാർ പരിശോധന നടത്തും. മറ്റുള്ളവർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

 ഘട്ടം 1 

∙ മസ്തിഷ്കത്തിനേറ്റ ഗുരുതര ആഘാതം കാരണം രോഗി ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്നു സ്കാനിങ്ങിലൂടെ ഉറപ്പാക്കും.

∙ രക്തത്തിൽ മദ്യ – ലഹരിമരുന്ന് അംശങ്ങളില്ലെന്ന് ഉറപ്പാക്കും. ശരീരോഷ്മാവ് 32 ഡിഗ്രി സെൽഷ്യസിനു മുകളിലാകണം.

∙ ഇലക്ട്രിക് പൾസുകൾ നൽകി നാഡീ ഉത്തേജന പരിശോധന നടത്തും.

∙ ഹോർമോണുകളിലും ധാതുലവണങ്ങളിലും വ്യതിയാനമുണ്ടോയെന്നു പരിശോധിക്കും.

ഘട്ടം 2 

6 മണിക്കൂർ ഇടവിട്ടുള്ള 2 സെറ്റ് പരിശോധനക‍ൾ; 18 വയസ്സിനു താഴെയെങ്കിൽ 12 മണിക്കൂർ ഇടവിട്ട്. അവയവങ്ങളുടെ ചെറുചലനങ്ങൾപോലും പരിശോധിക്കും. ശ്വാസോച്ഛാസത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്നു പരിശോധിക്കും.

ഘട്ടം 3 

മസ്തിഷ്കം പ്രതികരിക്കുന്നില്ലെന്ന് മറ്റു പരിശോധനകളിലൂടെ ഉറപ്പാക്കിയാൽ മാത്രം അപ്നിയ പരിശോധന. വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുമോ എന്നാണു നോക്കുന്നത്. പരിശോധനയിൽ പൂർണ ബോധ്യമായാലേ മസ്തിഷ്കമരണം പ്രഖ്യാപിക്കാവൂ. 4 ഡോക്ടർമാരും ഒപ്പിട്ട റിപ്പോർട്ട് ബന്ധുക്കൾക്കു കൈമാറണം.

ലാലി, ലീനയുടെ ജീവൻ

എറണാകുളം കോതമംഗലം ഭൂതത്താൻകെട്ട് ശങ്കരത്തിൽവീട്ടിൽ പുത്തൻ പ്രതീക്ഷകളുമായി വിശ്രമത്തിലാണ് ലീന (52). ആ ശരീരത്തിൽ തുടിക്കുന്നത് തിരുവനന്തപുരം ചെമ്പഴന്തിയിലെ അധ്യാപിക ലാലിയുടെ ഹൃദയം.

‘ഹൃദയത്തിനായി മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്യുമ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, 2 മാസത്തിനുള്ളിൽ ഹൃദയം ലഭിച്ചു. മൃതസഞ്ജീവനിയാണ് എനിക്കു രണ്ടാം ജന്മം നൽകിയത്’ – ലീന പറയുന്നു.

മസ്തിഷ്കമരണം സംഭവിച്ച ലാലിയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള കുടുംബത്തിന്റെ മഹാമനസ്കതയാണു ലീനയ്ക്കു പുതിയ ജീവിതത്തിലേക്കുള്ള ‘ഹൃദയവാതിൽ’ തുറന്നത്. കഴിഞ്ഞ മേയ് 9ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. 

തിരുവനന്തപുരത്തുനിന്നു ഹൃദയം എത്തിക്കാൻ ഹെലികോപ്റ്റർ സൗജന്യമായി വിട്ടുനൽകി സർക്കാരും ഒപ്പംനിന്നു. ലീന ആശുപത്രി വിടുംമുൻപ് മക്കൾ ഷിയോണയും ബേസിലും ഒരു കയ്യൊപ്പു ചാർത്തി: മരണശേഷം അവയവങ്ങളെല്ലാം ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ!

ഉത്തരമുണ്ട്:ഇല്ല, ഇല്ല, ഇല്ല!

മാറിമാറി വന്ന സർക്കാരുകൾ അതിസങ്കീർണമായ അവയവദാന പ്രക്രിയയെ എത്ര ലാഘവത്തോടെയാണു കണ്ടതെന്നു വ്യക്തമാക്കുന്നു, കഴിഞ്ഞ മാസം വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികൾ.

മസ്തിഷ്കമരണാനന്തര അവയവദാനം ഏകോപിപ്പിക്കാൻ പദ്ധതി രൂപീകരിച്ച് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുണ്ടോ?

കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ് (മൃതസഞ്ജീവനി) എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഔദ്യോഗികമായി നാമകരണം ചെയ്തിട്ടില്ല.

മസ്തിഷ്കമരണാനന്തര അവയവദാന പദ്ധതിയുടെ സംസ്ഥാനതല അധികാരി ആരാണ്? ഉണ്ടെങ്കിൽ ഏതു സർക്കാർ ഉത്തരവിൻ പ്രകാരം?

സംസ്ഥാനതല അധികാരിയെ നിയമിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ല.

അവയവദാന പദ്ധതി സംസ്ഥാന കാര്യാലയ ഭരണത്തിന്റെ ഘടനാപരമായ വിവരങ്ങൾ ലഭ്യമാക്കാമോ?

ഘടന സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

നാളെ: അന്വേഷിക്കും, കണ്ടെത്തില്ല! 

തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ, 

എ.എസ്.ഉല്ലാസ്, എസ്.വി.രാജേഷ്, വിനോദ് ഗോപി. 

സങ്കലനം: ജയ്സൺ പാറക്കാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com