ചിന്ന മത്സ്യ ചിന്താമണി

tharangangalil
SHARE

കൃഷിഭൂമി സന്ദർശനത്തിനെത്തുന്ന കാട്ടുപന്നിയെ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ അതിനു ഗർഭമുണ്ടോ എന്നു നോക്കുന്ന ജോലി കർഷകനു നൽകിയിരുന്നു സർക്കാർ, മുൻപ്. അതിനുള്ള സാങ്കേതികവിദ്യ കർഷകരുടെ കൈവശമില്ലെന്ന് വളരെ വൈകിയാണെങ്കിലും സർക്കാർ കണ്ടെത്തി.

അതുപോലെതന്നെ പ്രായോഗികമായ ഒരു നിയമം ഉൾനാടൻ മത്സ്യബന്ധനത്തിൽ വരികയാണ്. എന്നുവച്ചാൽ, പുഴകളിലും മറ്റും വലവീശിയും ചൂണ്ടയിട്ടും മീൻപിടിക്കുന്ന ചെറുകിടക്കാർ നിശ്ചിത വലുപ്പമുള്ള മത്സ്യങ്ങളെ മാത്രമേ പിടിക്കാവൂ.

അപ്പുക്കുട്ടൻ ചൂണ്ടയിടാൻ പോയാൽ, ചൂണ്ടയിൽ ഒരു ബോർഡ് തൂക്കേണ്ടിവരും:

സർക്കാർ നിശ്ചയിച്ച വലുപ്പമില്ലാത്ത ചിന്ന ചിന്ന മത്സ്യങ്ങൾ ദയവായി ചൂണ്ടയിൽ കൊത്തരുത്. കൊത്താനിടയാകുന്ന പക്ഷം അതു സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമായിരിക്കും.

2010ലെ കേരള ഉൾനാടൻ ഫിഷറീസ് – അക്വാകൾചർ നിയമം ഭേദഗതി ചെയ്താണ് കേരള സർക്കാർ ഇതു നടപ്പാക്കാൻ പോകുന്നത്.

ചൂണ്ടയിൽ കൊത്താൻ, അല്ലെങ്കിൽ വലയിൽ കയറാൻ വരുന്ന മത്സ്യങ്ങൾ സ്വന്തം വലുപ്പവും തൂക്കവും രേഖപ്പെടുത്തിയ രേഖ കൈവശം വച്ചിരിക്കണം എന്നൊരു വ്യവസ്ഥ ഇതിന്റെ ഭാഗമായി വരുമോ എന്നറിയില്ല. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റും ചിലപ്പോൾ സർക്കാർ ചോദിച്ചെന്നു വരും.

അകലെനിന്നുതന്നെ മത്സ്യത്തിന്റെ വലുപ്പം നിർണയിക്കുന്ന യന്ത്രം സർക്കാർ വികസിപ്പിച്ചെടുത്ത് ഉൾനാടൻ മീൻപിടിത്തക്കാർക്കു നൽകുമോ എന്നറിയില്ല.

വേണ്ടത്ര വലുപ്പമില്ലാത്തതും പ്രായപൂർത്തിയാകാത്തതുമായ ന്യൂജൻ മീനുകൾ മത്സ്യബന്ധനോപകരണങ്ങളിൽനിന്നു സാമൂഹിക അകലം പാലിക്കണം എന്നു വ്യവസ്ഥ വയ്ക്കാനും സർക്കാരിന് അവകാശമുണ്ട്.

കാട്ടുപന്നിയുടെ കാര്യത്തിലെന്നതുപോലെ ഉൾനാടൻ മത്സ്യങ്ങൾക്കും പൊട്ടിച്ചിരിക്കാനുള്ള സ്വാതന്ത്ര്യം സർക്കാർ നിഷേധിക്കുമെന്നു തോന്നുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA