കോഴിക്കോട്ടുനിന്നൊരു ജനകീയ മാതൃക

HIGHLIGHTS
  • എസ്കലേറ്റർ–ലിഫ്റ്റ്–നടപ്പാലം: നഗരവികസനത്തിൽ പുതുവഴി
SHARE

സംസ്ഥാനത്താദ്യമായി ഒരു തദ്ദേശസ്ഥാപനം പൊതുസ്ഥലത്തു നിർമിച്ച യന്ത്രപ്പടി (എസ്കലേറ്റർ)–ലിഫ്റ്റ്–നടപ്പാലം സംവിധാനം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് രാജാജി റോഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ പുതിയൊരു മാതൃകകൂടി കേരളത്തിനു മുന്നിലെത്തുകയാണ്. നഗരവികസനത്തിന്റെ പൊതുമാതൃകകൾ സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗപ്രദമായ രീതിയിൽ വിഭാവനം ചെയ്തു നടപ്പാക്കുകയെന്ന ആശയമാണു യാഥാർഥ്യമായത്. അതുകൊണ്ടുതന്നെ, ഇത്തരം പുതു ആശയങ്ങൾ മറ്റു നഗരങ്ങളിൽകൂടി പകർത്തേണ്ടത് ആവശ്യവുമാണ്.

നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാൻഡായ മൊഫ്യൂസിൽ സ്റ്റാൻഡിലേക്കു കാൽനടയാത്രക്കാർക്ക് ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽനിന്നു റോഡ് മുറിച്ചുകടക്കാതെയെത്താനാണു പുതിയ നടപ്പാലവും യന്ത്രപ്പടികളും നിർമിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കുള്ള ഭാഗമാണിത്. പുതിയ നടപ്പാലം പണിത സ്ഥലത്ത് മുൻപൊരു മേൽപാലമുണ്ടായിരുന്നു. എന്നാൽ, ആ പാലത്തിനു മുകളിലെത്താൻ അൻപതോളം പടികൾ നടന്നുകയറേണ്ട അവസ്ഥയാണുണ്ടായിരുന്നത്. മേൽപാലം ഉപയോഗിക്കാതെയും ഗതാഗതത്തിരക്കു വകവയ്ക്കാതെയും ആളുകൾ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതും പതിവായി. പതിയെ പാലം ഉപയോഗശൂന്യമാവുകയും ചെയ്തു. പുതിയ പാലം നിർമിക്കാനുള്ള പദ്ധതി പരിഗണനയിൽ വന്നതോടെ മേൽപാലം പൂർണമായും പൊളിച്ചുനീക്കുകയായിരുന്നു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ യന്ത്രപ്പടി–ലിഫ്റ്റ്–നടപ്പാലം നിർമിച്ചത്. ആകെ ചെലവായ 11.35 കോടിയുടെ 50% കേന്ദ്രസർക്കാരും 30% സംസ്ഥാന സർക്കാരും 20% കോഴിക്കോട് കോർപറേഷനും മുടക്കി. റോഡിൽനിന്ന് 6.5 മീറ്റർ ഉയരത്തിലാണു നടപ്പാലം. ഇത്ര ഉയരത്തിൽ നടന്നുകയറുക പ്രയാസമാണ്. യന്ത്രപ്പടികൾ വന്നതോടെ ആയാസപ്പെടാതെ നടപ്പാലത്തിലെത്താം. ഭിന്നശേഷിക്കാർക്കും രോഗികൾക്കും വയോധികർക്കും മറ്റും ലിഫ്റ്റ് സംവിധാനവും ഉപയോഗിക്കാം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു നടപ്പാലത്തിന്റെ നിർമാണം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. ഈ വർഷം ജൂണിൽ ഉദ്ഘാടനം നടത്താനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് അതു വൈകിപ്പിച്ചു. എസ്കലേറ്റർ എത്തിക്കേണ്ടത് ഇന്ത്യൻ കമ്പനിയായിരുന്നുവെങ്കിലും ചൈനയിലെ വുഹാനിലാണു നിർമാണം. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ജൂണിൽ നിർമാണപ്രവൃത്തികൾ പതിയെ പുനരാരംഭിച്ചു. ആളുകൾ യന്ത്രപ്പടികളും മേൽപാലവും ഉപയോഗിക്കാതെ, നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ പുതിയ ഡിവൈഡറുകളും സ്ഥാപിച്ചു.

യന്ത്രപ്പടികൾക്കു പുറമേ രാജാജി റോഡിലെയും മാവൂർ റോഡിലെയും നടപ്പാതകൾ ഭിന്നശേഷിസൗഹൃദമാക്കുന്ന പദ്ധതിയും കോർപറേഷൻ പരിഗണിച്ചുവരികയാണ്. ഈ റോഡുകളുടെ വശങ്ങളിലെ നടപ്പാതകളുടെ വീതികൂട്ടി പുതിയ ടൈലുകൾ സ്ഥാപിച്ചുകഴി‍ഞ്ഞു. കാഴ്ചപരിമിതിയുള്ളവർക്കു വടിയുപയോഗിച്ചു തട്ടിനോക്കിയാൽ തിരിച്ചറിയാവുന്ന തരത്തിലുള്ള ടൈലുകളാണ് നടപ്പാതയുടെ മധ്യഭാഗത്തു സ്ഥാപിച്ചിരിക്കുന്നത്. വീൽചെയറുകൾക്കും സുഗമമായി ഫുട്പാത്തിലൂടെ നീങ്ങാം.

സംസ്ഥാനത്തെ പല പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ഇപ്പോൾത്തന്നെ എസ്കലേറ്റർ – ലിഫ്റ്റ് സംവിധാനങ്ങളുണ്ട്. കോഴിക്കോട്ട് ഇപ്പോൾ തുടങ്ങിയ പൊതുസംവിധാനം ഫലവത്താകാൻ ശ്രദ്ധയോടെയുള്ള ഉപയോഗമടക്കം ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണംകൂടി അത്യാവശ്യമാണ്. കൃത്യമായ അറ്റകുറ്റപ്പണിയടക്കമുള്ള പരിപാലനം ഉറപ്പാക്കാൻ അധികൃതർ ശ്രദ്ധ വയ്ക്കുകയും വേണം. കേരളത്തിൽ അങ്ങോളമിങ്ങോളം കൊട്ടിഘോഷിച്ചു തുടങ്ങിയ ഇ - ടോയ്‌ലറ്റുകൾക്കുണ്ടായ ദുരവസ്ഥ ഇത്തരം പൊതുസംവിധാനങ്ങളുടെ കാര്യത്തിൽ നമുക്കുള്ള പാഠമാണ്.

നമ്മുടെ നഗരങ്ങളെല്ലാം എസ്കലേറ്റർ–ലിഫ്റ്റ്–നടപ്പാലം പോലെയുള്ള ജനസൗഹൃദ സംരംഭങ്ങളിലേക്കു കണ്ണു തുറക്കേണ്ട കാലമായി. സാമ്പത്തിക വർഷാവസാനത്തിൽ പദ്ധതികൾ എങ്ങനെയെങ്കിലും തല്ലിക്കൂട്ടി വിഹിതത്തുക ചെലവഴിക്കുക എന്ന പല തദ്ദേശ സ്ഥാപനങ്ങളുടെയും പതിവു ശൈലിമൂലം നാടിനു പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായിട്ടില്ല. നമ്മുടെ പ്രാദേശികഭരണം പുതിയ സമിതികളിലേക്കു കൈമാറുന്നതു പുതിയ മാതൃകകൾ കേരളത്തിനു മുന്നിൽ വച്ചുകൊണ്ടുകൂടിയാവട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA