ADVERTISEMENT

ബിഹാറിൽ നാളെ വോട്ടെടുപ്പു പൂർത്തിയാകുന്നു. രണ്ടുമാസം മുൻപ് ഈ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് ആർക്കും വലിയ സംശയമൊന്നും ഇല്ലായിരുന്നു – എൻഡിഎ നിഷ്പ്രയാസം ജയിക്കും. ബിഹാറിലെ പതിവനുസരിച്ച് ജാതിക്കണക്കുകൾ കൂട്ടിക്കിഴിച്ചാലും എൻഡിഎക്കു തന്നെയായിരുന്നു മുൻതൂക്കം. തിരഞ്ഞെടുപ്പ് അടുക്കുംതോറും ഒരു പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം നിലവിൽവരും; അതിനെ ‘മഹോൾ’ എന്നാണു ബിഹാറിൽ പറയുക. ഈ മഹോളിൽ നിന്നാണ് പ്രബലമായ വോട്ടിങ് വികാരം ആളുകൾ ഊഹിച്ചെടുക്കുക. ഏതെങ്കിലും മുന്നണിക്കു വ്യക്തമായ മേൽക്കൈ ഉണ്ടെങ്കിൽ, ‘ഹവാ’ (കാറ്റ്) അവർക്ക് അനുകൂലമാണെന്നു പറയും. ആദ്യത്തെ രണ്ടു റൗണ്ടുകൾ പൂർത്തിയായപ്പോൾ ഈ ഹവായെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചുതുടങ്ങി.

നിതീഷ് കുമാറിനെ ബിഹാറിലെ സ്ത്രീകൾ ജാതിമതഭേദമെന്യേ പിന്തുണച്ചിരുന്നു. ഇതിന്റെ ഫലമാണെന്നു തോന്നുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അവിടെ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം പുരുഷ വോട്ടർമാരെക്കാൾ കൂടുതലായിരുന്നു. ഉദാഹരണത്തിന് 2015ൽ ആകെ സ്ത്രീവോട്ടർമാരിൽ 60.48% പേർ വോട്ട് രേഖപ്പെടുത്തിയെങ്കിൽ, പുരുഷ വോട്ടർമാരിൽ 53.32% മാത്രമേ വോട്ട് ചെയ്തുള്ളൂ. എന്നാൽ, ഈ തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ സ്ത്രീകൾ കൂടുതലായി വീട്ടിലിരുന്നു; ആകെ സ്ത്രീവോട്ടർമാരിൽ 54.41% മാത്രമേ വോട്ട് ചെയ്തുള്ളൂ. 2010നു ശേഷം ബിഹാറിൽ ആദ്യമായി സ്ത്രീവോട്ടർമാർ പിന്നോട്ടു പോയി.

സ്ത്രീകളെ ലാക്കാക്കിയാണു നിതീഷ് കുമാർ മദ്യനിരോധനം തുടങ്ങിയതെങ്കിലും, അതു നടപ്പാക്കുന്നതിലെ ഭീകരമായ പിഴവുകളും അഴിമതിയും അദ്ദേഹത്തിന്റെ ജനസമ്മതി ഇടിച്ചു. കൃഷിപ്പണിയില്ലാത്ത മാസങ്ങളിൽ ‘മുസഹറുകൾ’ തുടങ്ങിയ മഹാദലിത് വിഭാഗത്തിൽപെട്ടവർ വാറ്റ് നടത്തിയാണു ജീവിച്ചിരുന്നത് എന്ന കാര്യം ബിഹാറിൽ രഹസ്യമല്ല. ഇത്തരം വിഭാഗങ്ങളിൽപെട്ടവരുടെ ഗ്രാമങ്ങൾ പൊലീസും എക്സൈസും വളഞ്ഞിട്ട് ആക്രമിച്ചു. മഹാദലിതുകൾക്കിടയിൽ നിതീഷിനുണ്ടായിരുന്ന വോട്ട് ബാങ്കിൽ വിള്ളൽ വീണു.

ഈ തിരഞ്ഞെടുപ്പു പോരാട്ടം ബിഹാർ ജനതയും നിതീഷ് കുമാറും തമ്മിലാണെന്ന് അവിടത്തെ ഒരു രാഷ്ട്രീയ നിരീക്ഷകൻ പകുതി തമാശയായി പറഞ്ഞതിൽ കുറെയൊക്കെ കാര്യമുണ്ട്. 2015ൽ നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ വോട്ട് വാങ്ങി ജയിച്ച ശേഷം, നിതീഷ് 2017ൽ മറുകണ്ടം ചാടിയത് ബിഹാറുകാരുടെ ശക്തമായ ന്യായബോധത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടാകാം എന്നാണ് എനിക്കു തോന്നുന്നത്.

കോവിഡ് ഒട്ടേറെ ബിഹാറുകാരുടെ തൊഴിലവസരം നഷ്ടമാക്കി. മറ്റു സംസ്ഥാനങ്ങളിൽ പോയി അവിടത്തെ ചെറുകിട ജോലികൾ ചെയ്യുക എന്നത് എക്കാലത്തും അവരുടെ പ്രധാന ജീവിതോപാധിയായിരുന്നു. കോവിഡ് പലയിടങ്ങളിലും ആ വാതിലടച്ചു. ലോക്ഡൗൺ കാലത്ത് ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർക്കെതിരെ പൊലീസും ജനങ്ങളും തിരിഞ്ഞു. നിതീഷ് കുമാർ അവരെ തിരിച്ചുവരാൻ അനുവദിച്ചതുമില്ല. അങ്ങനെ ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന കോവിഡ് അനുഭവം ബിഹാറുകാരുടേതായി. പഞ്ചാബ്, ഹരിയാന തുടങ്ങി അവരോടു സൗഹൃദം കാണിച്ച ചില സംസ്ഥാനങ്ങളിലേക്കൊഴികെ, ബിഹാറി തൊഴിലാളികൾ തിരിച്ചു‌പോകാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ ഫലമായി ഗ്രാമങ്ങളെയും പട്ടണങ്ങളെയും തൊഴിലില്ലായ്മ വേട്ടയാടുന്നു.

ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രഖ്യാപനമുണ്ടായത് ഈ സാഹചര്യത്തിലാണ് – 10 ലക്ഷം പേരെ സർക്കാർ ജോലികളിൽ നിയമിക്കും. ഇപ്പോൾ ബിഹാറിൽ ഏകദേശം 46% ആളുകൾക്കു തൊഴിലില്ലെന്നാണു കണക്ക്. ജോലിയില്ലാത്തവർ എല്ലാ വീട്ടിലും കാണും. ഈ തിരഞ്ഞെടുപ്പിന്റെ ചാലകശക്തിയായി മാറി തേജസ്വിയുടെ വാഗ്ദാനം. ഒന്നാം റൗണ്ടിനു വിപരീതമായി രണ്ടാം റൗണ്ടിൽ, സ്ത്രീകൾ ധാരാളമായി പോളിങ് ബൂത്തുകളിൽ എത്തിയതിനു കാരണം നിതീഷ് കുമാർ ആയിരിക്കില്ല; അത് വീട്ടിലിരിക്കുന്ന തൊഴിലില്ലാത്തവർക്കു വേണ്ടി ഭരണമാറ്റം ആഗ്രഹിച്ചായിരിക്കും.

ഈ തിരഞ്ഞെടുപ്പിൽ, സഖ്യരൂപീകരണം മുതൽ എല്ലാ കാർഡുകളും തേജസ്വി വിദഗ്ധമായാണു കളിച്ചിട്ടുള്ളത്. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിനു പകരം, ‘കമായി, പഠായി, ദവായി, സിഞ്ചായി’ (വരുമാനം, വിദ്യാഭ്യാസം, മരുന്ന്, ജലസേചനം) എന്നീ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. വളരെക്കാലത്തിനു ശേഷമാണ് ഇതെല്ലാം ബിഹാർ തിരഞ്ഞെടുപ്പിൽ കേൾക്കുന്നത്. തേജസ്വി വലിയ ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്നു. അതിനു മറ്റൊരു കാരണം ചെറുപ്പക്കാരാണ്. മഹാസഖ്യത്തിന്റെ മുഖങ്ങളായി ഒരുപറ്റം ചെറുപ്പക്കാർ - തേജസ്വി യാദവ്, രാഹുൽ ഗാന്ധി, കനയ്യകുമാർ - അണിനിരക്കുമ്പോൾ, എൻഡിഎക്ക് അങ്ങനെ പകരംവയ്ക്കാൻ ആളുകളില്ല. ഇത്തവണ ‘ഹവാ’ തേജസ്വി യാദവിന്റെ കൂടെയാണെന്നു തോന്നുന്നു; ചെറു തെന്നലായിട്ടല്ല, ശക്തമായ കാറ്റായിത്തന്നെ.

അർണബിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത്

ഇന്ത്യയിലെ പത്രപ്രവർത്തനത്തിൽ പകരംവയ്ക്കാനില്ലാത്ത വിധം ജുഗുപ്സാവഹമായ ഉദാഹരണമാണ് അർണബ് ഗോസ്വാമിയുടേത്. രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യക്തികളെ വേട്ടയാടുന്നതിൽ അദ്ദേഹത്തെക്കാൾ മിടുക്കു കാണിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയുള്ള ഒരാളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിൽ ആഹ്ലാദിക്കുന്നതിനു പകരം, ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്നു പറഞ്ഞ് അപലപിക്കുന്നതിൽ എത്രത്തോളം ശരിയുണ്ട്?

അർണബ് ഗോസ്വാമിക്കെതിരായി, അദ്ദേഹത്തിന്റെ ചാനലുമായി ബന്ധപ്പെട്ടു മഹാരാഷ്ട്രയിൽത്തന്നെ ഒട്ടേറെ കേസുകളുണ്ട്. ഏറ്റവും അവസാനത്തേത് ടിആർപി തിരിമറിക്കേസായിരുന്നു. എന്നാൽ, ഈ കേസുകളിലൊന്നുമല്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനായി മഹാരാഷ്ട്ര പൊലീസ് ശ്രദ്ധാപൂർവം തിരഞ്ഞെടുത്തത് പ്രസും ആവിഷ്കാരസ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരു ആത്മഹത്യാ പ്രേരണക്കുറ്റമാണ്.

സ്വകാര്യ പരാതിയുടെ പേരിൽ പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുൻപ്, ആ കേസ് കൈകാര്യം ചെയ്ത രീതി പരിശോധിക്കേണ്ടിയിരിക്കുന്നു. മുൻപൊരിക്കൽ ഇതേ കേസ് തന്നെ, തെളിവില്ലെന്നു പറഞ്ഞ് കോടതിയിൽനിന്നു സമ്മതം വാങ്ങി പൊലീസ് അവസാനിപ്പിച്ചതാണ്. ശിവസേന എൻഡിഎ വിട്ട് കോൺഗ്രസും എൻസിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയതു മുതൽ തുടങ്ങിയതാണ് കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള യുദ്ധം. ആ യുദ്ധത്തിൽ ബിജെപിയുടെ പ്രധാന കരുക്കളിലൊന്നാണ് അർണബ് ഗോസ്വാമി (മറ്റൊരു കരു കങ്കണ റനൗട്ട്). താക്കറെ കുടുംബത്തെയും മഹാരാഷ്ട്ര സർക്കാരിനെയും സ്വതസിദ്ധമായ, നിലവാരമില്ലാത്ത ശൈലിയിൽ അർണബ് ആക്രമിച്ചിട്ടുണ്ട്. തീർപ്പാക്കിയ കേസ് പൊടിതട്ടിയെടുത്ത് അർണബിനെ അറസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തെ ലാക്കാക്കിത്തന്നെയാണ്.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിശാലമായ നിർവചനത്തിൽ അർണബിന്റെ ‘മാധ്യമപ്രവർത്തനത്തിന്റെ ബ്രാൻഡും’ ഉൾപ്പെടുന്നു. അതു സീമ വിടുമ്പോൾ അതിനെതിരെ നിയമനടപടികളുമായി വ്യക്തികളും സ്ഥാപനങ്ങളും നീങ്ങിയിട്ടുമുണ്ട്. വരുംനാളുകളിൽ, സത്യസന്ധമായ ജോലിയിലൂടെ സർക്കാരുകളെ ‘ബുദ്ധിമുട്ടിക്കുന്ന’ മാധ്യമപ്രവർത്തകർക്കെതിരെയും ആവിഷ്കാരസ്വാതന്ത്ര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങളിൽ കേസെടുത്തേക്കാം. തീർച്ചയായും ഇതൊരു നല്ല തുടക്കമല്ല.

സ്കോർപ്പിയൺ കിക്ക്: മുല്ലപ്പള്ളി രാമചന്ദ്രനു വീണ്ടും നാക്കുപിഴ; ഇത്തവണയും സ്ത്രീനിന്ദ. ഗാന്ധിജി കാണിച്ച മാർഗത്തിലൂടെ  കുറച്ചുനാൾ നീങ്ങുന്നതു നന്നായിരിക്കും; അതായത് മൗനവ്രതം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com