ADVERTISEMENT

ജോ ബൈഡന്റെ വിദേശനയം ലിബറൽ സാർവദേശീയതയിൽ വേരൂന്നിയതാണ് – സമാധാനവും സഹകരണവും ഉറപ്പാക്കി ലോകമൊന്നിച്ചു വളരുക, രാജ്യാന്തര സംഘടനകളെയും നീതിന്യായവ്യവസ്ഥയെയും ശക്തിപ്പെടുത്തുക എന്നതൊക്കെ അതിന്റെ അടിസ്ഥാനമായി വരുന്നു. ‘അമേരിക്ക ആദ്യം’ എന്ന അടഞ്ഞ നയമാണ് ഡോണൾഡ് ട്രംപിനെ നയിച്ചതെങ്കിൽ സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും പാതയാണു ബൈഡന്റേത്. ‘അമേരിക്ക ആദ്യം’ എന്ന ട്രംപ് നയം ‘അമേരിക്കയെ ഒറ്റയ്ക്കാക്കി’ എന്നു ബൈഡൻ പറഞ്ഞത് അതുകൊണ്ടാണ്.

ട്രംപിന്റെ വിദേശനയത്തിൽനിന്ന് ഒറ്റയടിക്കുള്ള സമൂലമാറ്റം ബൈഡനിൽനിന്നു പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ് കൂടിയാകുമ്പോൾ, യു ടേൺ ഒട്ടും എളുപ്പമാകില്ല വാഷിങ്ടനിൽ. നയംമാറ്റത്തിനു 2 മുതൽ 4 വരെ വർഷമെടുത്തേക്കാം. അതിന്റെ ഫലമറിയാൻ വീണ്ടുമൊരു 2– 4 വർഷവും.സാമ്പത്തികമാന്ദ്യത്താൽ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ക്ഷേമമാണു തന്റെ മുൻഗണനയെന്ന് ബൈഡന് അമേരിക്കക്കാരെ ബോധ്യപ്പെടുത്തേണ്ടി വരും. അവരുടെ ഹൃദയത്തിൽ ട്രംപ് വിത്തുപാകി മുളപ്പിച്ച ‘അമേരിക്ക ആദ്യം’ ബോധത്തെ പാടേ അവഗണിക്കാൻ ബൈഡനാകില്ലെന്നർഥം. അഥവാ ബൈഡൻ അതു ചെയ്താൽ 2024ലെ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾക്കു വീണ്ടും തിരിച്ചടിയുണ്ടാകും.

തന്റെ മുൻഗാമി ബറാക് ഒബാമയുടെ നയങ്ങൾ റദ്ദാക്കാനാണു ഡോണൾഡ് ട്രംപ് പ്രസിഡന്റെന്ന നിലയിൽ ഒരുപാടു സമയം ചെലവഴിച്ചത്. ഒബാമയുടെ വൈസ് പ്രഡിഡന്റായിരുന്ന ബൈഡൻ, ട്രംപ് ഒഴിവാക്കിയ ചിലതെങ്കിലും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നുറപ്പാണ്.പക്ഷേ, ഈ നയചാഞ്ചല്യങ്ങൾ ലോകവേദിയിൽ അമേരിക്കയുടെ സ്ഥാനത്തെ ബാധിക്കാം, സഖ്യരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കാം. ലോകത്തിനു മുന്നിലുള്ള വലിയ വെല്ലുവിളികളെ നേരിടുന്നതിലുള്ള അമേരിക്കയുടെ ആത്മാർഥത സംശയനിഴലിലാകാം.

എന്തായാലും, ആഭ്യന്തര അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടല്ലാതെ വിദേശനയം രൂപപ്പെടുത്താൻ ബൈഡനു കഴിയുമെന്നു കരുതാനാകില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം, തൊഴിൽ, കോവിഡ്, സാമൂഹിക അശാന്തി പോലുള്ള കാര്യങ്ങളിലെ അമേരിക്കൻ പൊതുജനാഭിപ്രായം ബൈഡന്റെ വിദേശനയത്തെയും സ്വാധീനിക്കാതെ നിവൃത്തിയില്ല. അതുതന്നെയാണ് ബൈഡനു മുന്നിലെ വലിയ വെല്ലുവിളിയും.

Election 2020 Harris India
കമല വാഴ്ക: യുഎസിൽ ഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ വിജയം ആഘോഷിക്കാൻ തയാറായിരിക്കുന്ന പൈങ്കനാട് ഗ്രാമത്തിൽ നിന്നുള്ള കാഴ്ച. കമലയുടെ കുടുംബവീടുള്ള തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തിനു സമീപമുള്ള ഗ്രാമമാണ് പൈങ്കനാട്. ചിത്രം: എപി.

ഇന്ത്യയുമായി ഹൃദയബന്ധം

ഇന്ത്യയും യുഎസും തമ്മിൽ കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ശക്തമായ സൗഹൃദത്തിന്റെ ഇഴകൾ ബൈഡൻ ഭരണത്തിലും മാറില്ല. ജനാധിപത്യത്തിന്റെ മഹത്തായ മൂല്യങ്ങളാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ അടിത്തറ. ഈ മൂല്യങ്ങൾക്കു വലിയ വിലകൊടുക്കുന്നയാളാണ് ജോ ബൈഡൻ. കേവല കൈമാറ്റങ്ങൾക്കും കരാറുകൾക്കുമപ്പുറം ഇന്ത്യയുമായുള്ളത് ഹൃദയബന്ധമാണെന്നു കരുതുന്നു, ബൈഡൻ. അതുപോലെ, കമല ഹാരിസിന്റെ സാന്നിധ്യവും ഇന്ത്യാബന്ധത്തിൽ പ്രതിഫലിക്കും. ഇന്ത്യ നേരിടുന്ന ഭീഷണികളെ ചെറുക്കാൻ യുഎസ് ഒപ്പം നിൽക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര, വാണിജ്യ സഹകരണവും ശക്തിപ്രാപിക്കും.

ഉദാരമാകും കുടിയേറ്റ നയം

രാജ്യത്തിന്റെ വാതിലുകൾ കൊട്ടിയടച്ച ട്രംപിന്റെ കാലത്തുനിന്നുള്ള കാതലായ മാറ്റമാണ് ബൈഡന്റെ കുടിയേറ്റ നയത്തിൽ പ്രതീക്ഷിക്കുന്നത്. കുടിയേറ്റം അമേരിക്കയുടെ മത്സരക്ഷമതയെയും സംരംഭകത്വത്തെയുമൊക്കെ ഗുണപരമായി സ്വാധീനിച്ചുവെന്നു കരുതുന്നയാളാണ് ബൈഡൻ. കുടിയേറ്റ നയം ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ട്രംപിന്റെ എച്ച്1ബി വീസ നിയന്ത്രണവും ഗ്രീൻ കാർഡ് നിർത്തിവയ്ക്കലും മൂലം ദുരിതത്തിലായ ആയിരക്കണക്കിന് ഇന്ത്യൻ – അമേരിക്കക്കാർക്ക് ആശ്വാസമാകും ഇത്. വിദഗ്ധതൊഴിൽ വീസകളുടെ എണ്ണം വർധിപ്പിക്കുകയും രാജ്യാടിസ്ഥാനത്തിലുള്ള തൊഴിൽ വീസകളുടെ നിയന്ത്രണം നീക്കുകയും ചെയ്യുന്നത് നമുക്കു ഏറെ ഗുണകരമാകും. ഇന്ത്യക്കാർക്കുള്ള വാർഷിക ഗ്രീൻ കാർഡ് പരിധി നിലവിൽ 20,000 എണ്ണമാണ്. പതിറ്റാണ്ടുകൾ നീളുന്ന കാത്തിരിപ്പിനു കാരണമാകുന്നു ഇത്. തൊഴിലടിസ്ഥാനത്തിലുള്ള സ്ഥിരവീസകളുടെ എണ്ണം വർധിപ്പിക്കാൻ ബൈഡൻ യുഎസ് കോൺഗ്രസുമായി ചേർന്നു ശ്രമിക്കും.

ചൈന, പാക്ക് നയം

ചൈനയുമായുള്ള ബന്ധങ്ങളിൽ കാതലായ മാറങ്ങളുണ്ടാകുമെന്നു കരുതാനാകില്ലെന്നു മാത്രമല്ല, കൂടുതൽ സങ്കീർണമാകാനുമിടയുണ്ട്. കിഴക്കനേഷ്യയിൽ ശാക്തിക, വ്യാപാര, സാങ്കേതികവിദ്യ മേഖലകളിൽ ചൈനയുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. മറ്റു രാജ്യങ്ങളുമായി ചേർന്ന് ഒരു ചൈനാനയം രൂപീകരിക്കാൻ പുതിയ പ്രസിഡന്റിന് ഇത് അവസരം നൽകും. കുറെക്കാലമായി യുഎസിന്റെ പാക്കിസ്ഥാൻ ബന്ധം ഊഷ്മളമല്ല. എന്നാൽ, അഫ്ഗാനിലും പാക്കിസ്ഥാനിലും യുഎസ് കൂടി ഉൾപ്പെട്ടുള്ള സമാധാനശ്രമങ്ങൾ, പ്രത്യേകിച്ചും അഫ്ഗാനിലെ യുഎസ് സേനയുടെ പിന്മാറ്റ നീക്കം, മുന്നോട്ടുപോകുമ്പോൾ ഇസ്‍ലാമാബാദുമായുള്ള സജീവ ബന്ധം ബൈഡനും തുടർന്നേ കഴിയൂ. മാത്രമല്ല, ഭീകരത, ആണവായുധം, ചൈനയുടെ സാന്നിധ്യം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മേഖലയിൽ ശാക്തിക തുലനത്തിന് യുഎസിനു പാക്കിസ്ഥാനെ ആവശ്യവുമാണ്.

കൈകൊടുക്കും ലോകത്തിന്

പാരിസ് കാലാവസ്ഥാ ഉടമ്പടയിൽ തിരികെച്ചേരുമെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടന,  യുനെസ്കോ എന്നിവയുമായുള്ള ബന്ധങ്ങളിലും പുനർവിചിന്തനമുണ്ടാകും. ടെഹ്റാൻ വഴങ്ങാൻ തയാറായാൽ ഇറാൻ ആണവക്കരാർ പുനഃസ്ഥാപിച്ചേക്കാം. ഫെബ്രുവരി 5ന് അവസാനിക്കുന്ന, റഷ്യയുമായുള്ള ആണവായുധ നിയന്ത്രണ കരാറിനു പുതുതുടക്കം കുറിച്ചേക്കാം. സൗദി അറേബ്യയുമായി മെച്ചപ്പെട്ട ബന്ധത്തിനു തയാറായേക്കും. ഇതേസമയം, ട്രംപിന്റെ ചില നയങ്ങൾ ബൈഡനും തുടർന്നേക്കും. ജറുസലമിൽ യുഎസ് എംബസി നിലനിർത്താം, ഇസ്രയേലും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾ യാഥാർഥ്യമാക്കാം. അങ്ങനെ, ആഗോള നേതൃസ്ഥാനം തിരികെപ്പിടിക്കാൻ അമേരിക്ക ശ്രമിക്കുമെങ്കിലും, ഡോണൾഡ് ട്രംപിനെ ജയിപ്പിച്ച രാജ്യം എന്ന മുദ്ര അതിനുമേൽ എക്കാലത്തേക്കും പതിഞ്ഞുകിടക്കും.

ഒറ്റമൂലിയല്ലെങ്കിലും പ്രതീക്ഷയാണ്

അമേരിക്കയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ബൈഡൻ എന്നു കരുതിക്കൂടാ. എന്നാൽ, വൈറ്റ്ഹൗസിൽ സ്ഥിരതയും മര്യാദയും പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരു നല്ല മനുഷ്യനാണ് അദ്ദേഹം; മുറിവേറ്റ ഒരു രാജ്യത്തെ ആശ്വാസത്തിലേക്കു തിരികെക്കൊണ്ടുവരാനുള്ള സുദീർഘവും ദുർഘടവുമായ ദൗത്യമേറ്റെടുക്കാൻ സർവസജ്ജനായ ആൾ. ഡമോക്രാറ്റ് സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ട് ബൈഡൻ ഇങ്ങനെ പറഞ്ഞു: ‘ഇരുട്ടുമായല്ല, വെളിച്ചവുമായാണ് എന്റെ സഖ്യം.’ പ്രചാരണത്തിനിടെ ബൈഡൻ തന്നെപ്പോലെ തന്നെ വിക്കുള്ള ഒരു കുട്ടിയുമായി കൂട്ടായി. ആ കുട്ടി ബൈഡനെക്കുറിച്ചു പറഞ്ഞത് ‘കരുതലുള്ളയാൾ’ എന്നായിരുന്നു. ഞാൻ അതു വിശ്വസിക്കുന്നു.

(യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫിസിൽ ഗവൺമെന്റ് – വൈഡ് പോളിസി വിഭാഗത്തിൽ സീനിയർ എക്സിക്യൂട്ടീവും ഡപ്യൂട്ടി അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ & എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ലേഖകൻ) 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്ങനെ?

ഇലക്‌ടറൽ കോളജ്?

യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അങ്ങനെയല്ല. ഓരോ സ്റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇലക്ടറൽ കോളജ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതനുസരിച്ച് ഓരോ സ്റ്റേറ്റിനും നിശ്ചിത എണ്ണം ഇലക്ടർമാരെ ലഭിക്കും. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടൻ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറൽ വോട്ടുകൾ ചേർന്നതാണ് ഇലക്ടറർ കോളജ്

ഇന്ത്യയുടെ പാർലമെന്റിനു സമാനമായി യുഎസിൽ കോൺഗ്രസ് ആണ്. നമ്മുടെ ലോക്‌സഭയും രാജ്യസഭയും പോലെ അവിടെ ജനപ്രതിനിധി സഭയും സെനറ്റും. സെനറ്റ്, ജനപ്രതിനിധി സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും നവംബർ മൂന്നിനാണ്.

270 വോട്ടുകളാണ് ജയിക്കാനുള്ള ഭൂരിപക്ഷം. നവംബർ മൂന്നിനാണ് പ്രധാന തിരഞ്ഞെടുപ്പ്. അതിനു മുന്നോടിയായി ചില സ്റ്റേറ്റുകളിൽ പോളിങ് ബൂത്തുകൾ സജ്ജമാക്കി വോട്ടിന് അവസരമൊരുക്കാറുണ്ട്. ഇന്ത്യയിലേതു പോലെയല്ല. ബാലറ്റ് സംവിധാനമാണ് യുഎസിൽ. ഇത് പോസ്റ്റല്‍ വോട്ടായും ചെയ്യാം. ഓരോ സ്റ്റേറ്റിലും ജയിച്ച പാർട്ടിയുടെ ഇലക്ടറൽ കോളജ് പ്രതിനിധികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ഡിസംബർ 14ന് വോട്ടു ചെയ്യും. അതിനു മുൻപുതന്നെ ആരാണു വിജയിയെന്നതിന്റെ ഏകദേശ രൂപം ആദ്യഫലങ്ങളിലൂടെയും സർവേകളിലൂടെയും മറ്റും പുറത്തുവന്നിട്ടുണ്ടാകും.

ജനപ്രതിനിധി സഭയും സെനറ്റും ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് സംയുക്ത സമ്മേളനം നടത്തി ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും

2020ൽ ആരെല്ലാമാണ് മത്സരക്കളത്തിൽ?

യുഎസിൽ പ്രധാനമായും രണ്ടു പാർട്ടികളാണ്– റിപ്പബ്ലിക്കൻ പാർട്ടിയും (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ ജിഒപിയെന്നു വിളിപ്പേര്) ഡമോക്രാറ്റിക് പാർട്ടിയും. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇത്തവണയും റിപ്പബ്ലിക്കൻ സ്ഥാനാർഥി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് മൈക്ക് പെൻസും. ജോ ബൈഡനാണ് ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥി. ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിനു പിന്നാലെ ആദ്യഫല സൂചനകൾ അറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com