ADVERTISEMENT

കോവിഡ് ഇത്രമാത്രം വ്യാപകമായിട്ടും കേരളത്തിൽ പ്രമുഖരായ ആരുംതന്നെ മരണത്തിനു കീഴടങ്ങേണ്ടിവന്നിരുന്നില്ല. ചെറുപ്പക്കാരായ ആളുകൾ കോവിഡ് മൂലം മരിക്കുന്നതുപോലും അത്യപൂർവമെന്നു പറയാം. പക്ഷേ, യുവജനക്ഷേമബോർഡ് ഉപാധ്യക്ഷൻ പി.ബിജുവിന്റെ കാര്യത്തിലെത്തിയപ്പോൾ അതൊക്കെ പിഴച്ചു. ആർക്കും എങ്ങനെയും എപ്പോൾ വേണമെങ്കിലും കോവിഡ് അപകടമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പു കൂടിയാണ് ബിജുവിന്റെ മരണം.  

ബിജുവിന്റെ മരണവാർത്ത അറിയുമ്പോൾ ഞാനും ആശുപത്രി കിടക്കയിലായിരുന്നു. അതും അറിയാതെപോയ കോവിഡ് മൂലം. ഇത്രകാലം കോവിഡുമായി യുദ്ധം ചെയ്ത് കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തുവന്ന വ്യക്തിയെന്ന നിലയിൽ രോഗം എനിക്കും ഒരു ഞെട്ടലായിരുന്നു. 

Dr-Santhosh
ഡോ.എസ്.എസ്.സന്തോഷ് കുമാർ (ലേഖകൻ)

ഒരു ദിവസം വൈകിട്ട് നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹൃദയാഘാതത്തിലേക്കാണ് അതു പോകുന്നതെന്നു കരുതിയിരുന്നില്ല. ഹൃദയാഘാത സമയങ്ങളിലേതുപോലെ ഇടതുവശത്തേക്കോ കയ്യിലേക്കോ വേദന പടരുകയോ വിയർക്കുകയോ ചെയ്തില്ല. എങ്കിലും ഒരു സംശയനിവാരണത്തിനായി അപ്പോൾതന്നെ ഞാൻ ജോലി ചെയ്യുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഇസിജി എടുത്തപ്പോഴാണു ഞെട്ടിയത്. വലിയൊരു ഹൃദയാഘാതത്തിന്റെ തുടക്കത്തിലാണു ഞാൻ നിൽക്കുന്നത്. ഒട്ടും വൈകാതെ ആൻജിയോപ്ലാസ്റ്റി ചെയ്ത് മൂന്ന് സ്റ്റെന്റ് ഇട്ടു. 

ഹൃദയാഘാതത്തിനു വഴിതെളിക്കുംവിധം രക്താതിസമ്മർദമോ വർധിച്ച കൊളസ്ട്രോളോ പ്രമേഹമോ ഒന്നും ഉണ്ടായിരുന്നില്ല. ആറുമാസം കൂടുമ്പോൾ പരിശോധനകൾ നടത്താറുള്ളതുമാണ്. ഇതൊന്നുമില്ലാതെ വന്ന ഹൃദ്രോഗമാണ് കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോടും മുംബൈയിലും രോഗികളെ ചികിത്സിച്ചു മടങ്ങിയെത്തിയ ശേഷം നടത്തിയ സ്രവപരിശോധനകളിലൊക്കെ റിസൽട്ട് നെഗറ്റീവായിരുന്നു.

ആൻജിയോപ്ലാസ്റ്റിക്കുശേഷം ഐസിയുവിൽ നിന്നു മുറിയിലേക്കു മാറ്റിയശേഷം മറ്റു ഡോക്ടർമാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആന്റിബോഡി പരിശോധന നടത്തി. കോവിഡ് വന്നുപോയി എന്നതിന്റെ വ്യക്തമായ വിവരങ്ങൾ ആ പരിശോധനയിൽ ലഭിച്ചു. അതായത്, ഞാൻപോലും അറിയാതെ എനിക്കു കോവിഡ് ബാധിച്ചിരുന്നുവെന്നറിയാൻ ഹൃദയാഘാതത്തിന്റെ വക്കത്തുവരെയെത്തേണ്ടിവന്നു! 

ആധുനിക വൈദ്യശാസ്ത്രം ഇതുവരെ കോവിഡ് ആക്ടീവ് രോഗികളെ ചികിത്സിക്കുന്നതിലാണ് ഊന്നൽ നൽകിയിരുന്നത്. രോഗാതുരതയ്ക്കും മരണത്തിനും വളരെയേറെ സാധ്യതയുള്ളതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകേണ്ടിയിരുന്നതും. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ നാലുലക്ഷത്തിനടുത്ത് ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്തിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിക്കാതിരിക്കുകയും എന്നാൽ രോഗം വന്നുപോകുകയും ചെയ്തവർ ഞാനുൾപ്പെടെ ഇതിന്റെ പതിന്മടങ്ങ് ഉണ്ടാകും. അതുകൊണ്ടുതന്നെ ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്നതു വളരെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട കാര്യമാണ്. കോവിഡ് വന്നുപോയ ആളുകളുടെ പ്രശ്നങ്ങൾ കഴിഞ്ഞ എട്ടൊൻപതു മാസമായി നാം നിരീക്ഷിച്ചുവരുന്നുമുണ്ട്.

ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾക്കു രോഗശേഷമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പക്ഷേ, അവയൊന്നും ജീവനെ ഹാനികരമായി ബാധിക്കുന്നവയല്ല. കോവിഡ് അങ്ങനെയല്ല. രക്തക്കുഴലുകളിൽ ചെറിയതോതിൽ രക്തം കട്ടപിടിക്കാൻ (Micro thrombi) കൊറോണ വൈറസുകൾ കാരണമാകുന്നുണ്ട്. വളരെ ചെറിയ തരികളാണ് രൂപംകൊള്ളുന്നതെങ്കിലും അവ രക്തക്കുഴലുകളിലൂടെ പല സ്ഥലങ്ങളിലെത്തി അടിഞ്ഞ് വലുതായി ആ ഭാഗത്തെ തകരാറിലാക്കുന്നു.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് ഇതു സംഭവിക്കുന്നതെങ്കിൽ പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കിൽ ഹൃദയാഘാതത്തിനും കാരണമാകും. ശ്വാസകോശം, വൃക്ക, കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെല്ലാം ഈ തരത്തിൽ അപകടത്തിലാകാം. രക്തക്കുഴലുകളിൽ അടിയുന്ന തരികൾ എത്രത്തോളമുണ്ടെന്നതും അത് എത്രനാൾ നിലനിൽക്കുന്നുവെന്നതും രോഗതീവ്രത നിശ്ചയിക്കുന്ന ഘടകങ്ങളാണ്. കൊറോണ വൈറസ് ശരീരത്തിൽ നിന്നു പോയാലും ഈ പ്രശ്നങ്ങൾ നിലനിന്നെന്നുവരാം.

നേരത്തേ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ആ അസുഖം മൂർഛിക്കാനായിരിക്കും കോവിഡ് കാരണമാകുക. പ്രമേഹമുള്ളവരിൽ അതുണ്ടാക്കുന്ന പ്രശ്നം അവയവങ്ങളിലേക്കു വ്യാപിക്കാൻ കോവിഡ് കാരണമാകും. രോഗം ഉണ്ടാകുന്ന രീതി (Pathophysiology) കോവിഡിന്റെ കാര്യത്തിൽ ഒരുപോലെയാണെങ്കിലും അത് വിവിധ അവയവങ്ങളെ ബാധിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും. 

കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ വളരെ നേരത്തേ കണ്ടുപിടിക്കുകയും നല്ലൊരു പങ്ക് ആളുകളും അതിനുള്ള ചികിത്സ ചെയ്യുന്നവരുമാണ്. കേരളത്തിലെ കോവിഡ് മരണനിരക്ക് താരതമ്യേന കുറഞ്ഞിരിക്കാനുള്ള ഒരു കാരണം ഇതാണ്. കൊളസ്ട്രോൾ കുറയാനുള്ള സ്റ്റാറ്റിൻസ്, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ക്ലോപ്പിഡോഗ്രിൽ, ആസ്പിരിൻ തുടങ്ങിയവയൊക്കെ രക്താതിസമ്മർദമോ കൊളസ്ട്രോളോ ഉള്ള എല്ലാവരുംതന്നെ കഴിച്ചുവരുന്ന സാധാരണ മരുന്നുകളാണ്.

ഈ മരുന്നുകൾ കോവിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഒരുപരിധിവരെ തടയുന്നുണ്ടെന്നുവേണം കരുതാൻ. അതേപ്പറ്റിയുള്ള പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ എന്നതിനാൽ ആധികാരികമായി ഇക്കാര്യം പറയാനാകില്ല. അതിന് ചിലപ്പോൾ ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കാം. എങ്കിലും കോവിഡ് വന്നുപോയ നാൽപതു വയസ്സു കഴിഞ്ഞവർ, മറ്റു രോഗങ്ങളില്ലെങ്കിൽപോലും തുടർ പരിശോധനകൾ നടത്തുകയും ആവശ്യമായ മരുന്നുകൾ കഴിക്കുകയും ചെയ്യണം. കോവിഡ് രോഗസമയത്ത് എന്തൊക്കെ മരുന്നുകളാണു കഴിച്ചതെന്നതിന്റെ കൃത്യമായ രേഖകൾ ചികിത്സ ലഭിച്ചിടത്തുനിന്നു വാങ്ങി സൂക്ഷിക്കുകയും വേണം. 

കോവിഡ് വന്നുപോയവർ അപകടത്തിൽപെടരുത് എന്ന ചിന്തയിൽ നിന്നാണ് കേരളത്തിൽ കോവിഡ് അനന്തര ചികിത്സാ സംവിധാനത്തിനു രൂപം കൊടുത്തിരിക്കുന്നത്. കേരളത്തിലെ എല്ലാ സാമൂഹിക, പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും റഫറൽ ക്ലിനിക്കുകളും തുറന്നിട്ടുണ്ട്. ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ ഒരു ഗുരുതരപ്രശ്നമായിക്കണ്ട്, രോഗം വന്നുമാറിയവരും കോവിഡ് വന്നിരിക്കാൻ സാധ്യതയുള്ളവരും ഈ കേന്ദ്രങ്ങളിലെത്തി ഡോക്ടർമാരുടെ ഉപദേശത്തോടെ തുടർ ചികിത്സയ്ക്കു വിധേയരാകേണ്ടത് അത്യാവശ്യമാണ്. 

(ദുരന്തസ്ഥലങ്ങളിലും മഹാമാരികൾ പടരുന്നിടത്തും സേവനം നടത്തുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. സന്തോഷ് കുമാർ കാസർകോട് കോവിഡ് ആശുപത്രിയുടെ ചുമതലക്കാരനും കേരളത്തിൽ നിന്നു മുംബൈയിൽ കോവിഡ് പ്രതിരോധ ദൗത്യവുമായി പോയ സംഘത്തിന്റെ തലവനുമായിരുന്നു) 

English Summary: Post covid health alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com