ADVERTISEMENT

കോവിഡിനെതിരെ ഫലപ്രദമായ വാക്സീനുവേണ്ട‌ി കാത്തിരിക്കുകയാണ് ലോകം. മനുഷ്യരിൽ പരീക്ഷണം നടത്തുന്നതുൾപ്പെടെ, ഒട്ടേറെ വാക്സീനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണിപ്പോൾ. ആദ്യമെത്തുന്ന വാക്സീനുകൾ എല്ലാവർക്കും സുഗമമായി ലഭ്യമാകുന്നതിനെക്കുറിച്ചും അതിന്റെ വില സംബന്ധിച്ചും ലോകമെങ്ങും ചർച്ചകൾ നടക്കുകയാണ്. വാക്സീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആധിയും ഇതോടൊപ്പമുണ്ട്.

ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്കു തുടക്കം മുതൽ ഏറെ പ്രതീക്ഷ നൽകുന്ന ഓക്സ്ഫഡ് വാക്സീന്റെ (കോവിഷീൽഡ്) ഇന്ത്യയിലെ പരീക്ഷണം അതിന്റെ നിർണായക ഘട്ടം പിന്നിട്ടതാണ് ഇന്നലെ പുറത്തുവന്ന ശുഭവാർത്ത. ട്രയലിൽ പങ്കെടുക്കുന്ന മുഴുവൻ വൊളന്റിയർമാർക്കും വാക്സീൻ ഡോസുകൾ നൽകിക്കഴിഞ്ഞു. 25 ദിവസത്തിനുള്ളിൽ ഫലമറിയാനായേക്കും. യുഎസ് കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന പ്രത്യാശ നൽകുന്ന വാർത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

വാക്സീൻ വിതരണത്തിൽ ശ്രദ്ധിക്കേണ്ട ഗൗരവതരമായ ഭാവിപ്രശ്നങ്ങളിലേക്കുകൂടി ഫൈസർ വാക്സീന്റെ ഫലപ്രാപ്തി വിരൽചൂണ്ടുന്നുണ്ട്. ഫൈസർ വാക്സീന്റെ വിലയും സൂക്ഷിപ്പുസംവിധാനങ്ങളുടെ കുറവും ഇന്ത്യയ്ക്കു വെല്ലുവിളിയാകുന്നു. നിലവിൽ പരീക്ഷണത്തിലിരിക്കുന്നതിൽ ഏറ്റവും ഉയർന്ന വിലയുള്ള (ഏകദേശം 1500 രൂപ) വാക്സീനാകും ഫൈസറിന്റേത്. എന്നാൽ, ഓക്സ്ഫഡ് വാക്സീൻ ഡോസ് ഒന്നിന് 250 രൂപയിൽ താഴെ ലഭ്യമാക്കാമെന്ന് ഉൽപാദനക്കരാറുള്ള പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഫൈസറിന്റെ അവകാശവാദത്തിനു പിന്നാലെ, തങ്ങളുടെ സ്പുട്നിക് 5 വാക്സീന് 92% ഫലപ്രാപ്തിയുണ്ടെന്നു പ്രഖ്യാപിച്ച് റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.

വാക്സീൻ സംഭരണത്തിനും വിതരണത്തിനും ശീതീകരിച്ച സംവിധാനം ഉറപ്പാക്കുകയാണു മറ്റൊരു വെല്ലുവിളി. ഓരോ വാക്സീനും വ്യത്യസ്ത താപനിലയിലാണു സൂക്ഷിക്കേണ്ടത്. ഓക്സ്ഫഡ് വാക്സീന് 2 മുതൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ വേണമെങ്കിൽ, റഷ്യയുടെ സ്പുട്നിക് വാക്സീന് മൈനസ് 15 ഡിഗ്രി സെൽഷ്യസ് എങ്കിലും വേണം. ഫൈസറിന്റെ വാക്സീൻ സൂക്ഷിക്കേണ്ടത് മൈനസ് 70 ഡിഗ്രി സെൽഷ്യസിലാണ്. നിലവിൽ ഇതിനുള്ള സംവിധാനം ഇന്ത്യയിലില്ല. 27,000 കോൾഡ് സ്റ്റോറേജുകൾ ഉണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നുവെങ്കിലും ഇതിൽ ഭൂരിഭാഗത്തിനും 2 മുതൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പാണുള്ളത്. മൈനസ് 30 ഡിഗ്രി വരെയുള്ള കോൾഡ് സ്റ്റോറേജുകളും കുറച്ചുണ്ട്. എന്നാൽ, ഇതിലും കൂടുതൽ തണുപ്പുള്ളവ ഒരുക്കാൻ സമയമെടുക്കും. അത്തരം മുന്നൊരുക്കങ്ങളിലേക്കു സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണം.

ഫൈസർ വാക്സീന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്തേണ്ടി വരുമെന്നതും മറ്റൊരു വെല്ലുവിളിയായി നമുക്കു മുന്നിലുണ്ട്. ഫൈസറുമായി നിലവിൽ ഇന്ത്യൻ കമ്പനികൾക്കു കരാറില്ല. ലോകാരോഗ്യ സംഘടനയുടെ വാക്സീൻ പദ്ധതിയായ കോവാക്സീന്റെ ഭാഗമല്ല ഫൈസറെന്നതും സാഹചര്യം സങ്കീർണമാക്കും. ഫൈസർ, സ്പുട്നിക് വാക്സീനുകളുടെ ഫലപ്രാപ്തി ശക്തമെന്ന റിപ്പോർട്ടുകൾക്കിടയിലും ഇന്ത്യയുടെ ആദ്യ പരിഗണന ഭാരത് ബയോടെക്കിന്റെ കോവാക്സീനും ഓക്സ്ഫഡിന്റെ കോവിഷീൽഡിനുമാണെന്നാണ് റിപ്പോർട്ടുകൾ. ട്രയൽ നടപടികൾ അവസാന ഘട്ടത്തിലെത്തിയവയ്ക്കാണു മുൻഗണനയെന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചിട്ടുള്ളത്. 2021ന്റെ തുടക്കത്തിൽത്തന്നെ ഇവ ലഭ്യമാകുമെന്നാണു പ്രതീക്ഷ. ഇരു വാക്സീനുകളുടെയും സംഭരണത്തിനും വിതരണത്തിനും ഇന്ത്യയുടെ കോൾഡ് സ്റ്റോറേജ് സംവിധാനം (2 മുതൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ്) പര്യാപ്തമാണെന്നതും അനുകൂലഘടകമാണ്.

മാനവരാശി ഒന്നടങ്കം കാത്തിരിക്കുന്ന വാക്സീൻ എത്രയും വേഗം ലക്ഷ്യത്തിലെത്തുകയാണു മറ്റെന്തിനെയുംകാൾ പ്രധാനം. അതേസമയം, സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കുകയും വേണം. എത്രയും വേഗം വാക്സീൻ വിപണിയിലെത്തിക്കാൻ വേണ്ടി ഉൽപാദന കമ്പനികൾ തമ്മിലുള്ള മത്സരം ജനങ്ങൾക്ക് അനുകൂലമാവുന്നതിനുകൂടി സർക്കാർ ഇടപെടൽ ഉണ്ടാവണം. എത്രയും വിലക്കുറവിൽ, എല്ലാവരിലേക്കും വാക്സീൻ എത്തിക്കാനുള്ള നടപടികൾക്കു പരമപ്രധാനമായ ശ്രദ്ധ നൽകുകയും വേണം.

Content highlights: Covid 19 Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com