കോവിഡിനിടയിലും മികവോടെ തിരഞ്ഞെടുപ്പ്, കയ്യടി നേടി കമ്മിഷൻ

sunil-arora
സുനിൽ അറോറ
SHARE

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ കോവിഡ് പ്രതിസന്ധിക്കിടയിലും വിജയകരമായി തിരഞ്ഞെടുപ്പു നടത്തിയതിനു പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന ഭരണകൂടവും. നേരിയ വ്യത്യാസത്തിൽ വിജയം നഷ്ടമായ ഏതാനും മണ്ഡലങ്ങളിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ക്രമക്കേട് ആരോപിച്ചുവെങ്കിലും അതിന്റെ പേരിൽ തെരുവിൽ പ്രതിഷേധമൊന്നും ഉയർന്നില്ല.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണു നിയമസഭാ തിരഞ്ഞെടുപ്പു കണിശമായി ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയപ്പോൾ യുഎസിലായിരുന്ന അറോറ അവിടെ കുടുങ്ങിപ്പോയി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നുവന്നേക്കാവുന്ന എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തു നീങ്ങാൻ മേയിൽ അദ്ദേഹം തന്റെ ടീമിനു നിർദേശം നൽകി. ഉത്തരേന്ത്യയിൽ അതിഥിത്തൊഴിലാളികളുടെ പലായന പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്നു അപ്പോൾ. റോഡ്, റെയിൽ ഗതാഗതം നിരോധിക്കപ്പെട്ടതോടെ ബിഹാറിത്തൊഴിലാളികളും വലിയ കഷ്ടത്തിലായി.

മഹാമാരിയും ലോക്ഡൗണും ഉയർത്തിയ വെല്ലുവിളികൾക്കിടെ തിരഞ്ഞെടുപ്പു നടത്താൻ ഏഴു ബദൽ പദ്ധതികളാണു കമ്മിഷൻ പരിഗണിച്ചത്. അവസാനമാർഗമെന്ന നിലയിൽ മാത്രം തിരഞ്ഞെടുപ്പു നീട്ടിവച്ചാൽ മതിയെന്നും നിശ്ചയിച്ചു. ദേശീയ ദുരന്തങ്ങളോ യുദ്ധം പോലുള്ള അടിയന്തരാവസ്ഥകളോ ഉണ്ടാകുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നീട്ടിവച്ച കീഴ്‌വഴക്കം നേരത്തേ ഉണ്ടെന്ന് നിയമവിദഗ്ധർ പറഞ്ഞു.

പ്രചാരണ ദിവസങ്ങളിലോ വോട്ടെടുപ്പിന്റെ അന്നോ കോവിഡ് വ്യാപനം രൂക്ഷമായാൽ അതു നേരിടാനുള്ള മതിയായ ആരോഗ്യസംവിധാനങ്ങൾ ബിഹാറിൽ ഇല്ലെന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കിയ റിപ്പോർട്ട്. ബൂത്തിലെത്തുന്ന വോട്ടർമാരെ പരിശോധിക്കാൻ പ്രത്യേക സൗകര്യമൊരുക്കുക അസാധ്യമാണെന്നു സംസ്ഥാന സർക്കാരും സമ്മതിച്ചു. മൊബൈൽ മെഡിക്കൽ സ്ക്വാഡുകളെ രംഗത്തിറക്കാമെന്നു വച്ചാൽ, അത്രയും ആരോഗ്യപ്രവർത്തകരുടെ സേവനവും സംസ്ഥാനത്തു ലഭ്യമല്ല. യുപി, ബംഗാൾ, ജാർഖണ്ഡ് എന്നീ അയൽസംസ്ഥാനങ്ങളും ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി. അതേസമയം, ഓരോ ബൂത്തിലും വോട്ടർമാരുടെ എണ്ണം കുറച്ച് തിരക്കു നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ജില്ലാ ഭരണകൂടങ്ങൾ പ്രകടിപ്പിച്ചു.

യുഎസിൽനിന്നു പ്രത്യേക വിമാനങ്ങൾ അനുവദിച്ചതോടെ സുനിൽ അറോറ ഡൽഹിയിൽ തിരിച്ചെത്തി. ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു കോവിഡ് സുരക്ഷാ കിറ്റുകൾ നൽകിയാൽ വോട്ടെടുപ്പു സുഗമമായി നടത്താനാകുമെന്നു വിശദീകരിക്കുന്ന വിഡിയോകൾ ഇതിനകം കമ്മിഷൻ ടീം തയാറാക്കിയിരുന്നു.

സെപ്റ്റംബറിൽ തിരഞ്ഞെടുപ്പു ഷെഡ്യൂൾ തയാറാക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും ബിഹാറിൽ സ്ഥിതി മെച്ചപ്പെട്ടു. പ്രചാരണ നടപടികൾ ഊർജിതമാക്കിയ വിവിധ രാഷ്ട്രീയകക്ഷികൾ തിരഞ്ഞെടുപ്പു യഥാസമയം നടത്തണമെന്നു കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. പോളിങ്, കൗണ്ടിങ് ഉദ്യോഗസ്ഥർക്കു പിപിഇ കിറ്റുകൾ ആവശ്യമില്ലെന്നും പകരം അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മുൻകരുതലുകൾ മതിയെന്നും ജില്ലാ കലക്ടർമാർ നിലപാടെടുത്തു.

കായികമത്സരങ്ങൾ കാണികളില്ലാതെ നടത്താമെങ്കിലും തിരഞ്ഞെടുപ്പിന് ഓൺലൈൻ പ്രചാരണം എന്ന ആശയം രാഷ്ട്രീയനേതാക്കൾ തള്ളിക്കളഞ്ഞു. മഴക്കാലത്ത് അമിത് ഷാ അടക്കമുള്ള നേതാക്കളുടെ ടിവി പ്രസംഗങ്ങൾക്ക് ഒരു ലക്ഷത്തിലേറെ സ്ക്രീനുകൾ ഒരുക്കിയിരുന്ന ബിജെപി, ഈ രീതിക്കു രണ്ടു പ്രധാന പോരായ്മകളുണ്ടെന്നു മനസ്സിലാക്കി. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒരു യോഗത്തിനു 50 – 100 പേർക്കു മാത്രമാണ് അനുമതി. പ്രധാന ടിവി ചാനലുകൾക്കാകട്ടെ, ഇത്തരം പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യാനും താൽപര്യമില്ല. ഈ സാഹചര്യത്തിൽ പൊതുയോഗങ്ങളിൽ വൻ ജനക്കൂട്ടം അനുവദിക്കാൻ കമ്മിഷൻ നിർബന്ധിതമായിത്തീർന്നു. കോവിഡ് മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികളിൽ മാത്രമേ, അവ കർശനമായി നടപ്പാക്കപ്പെട്ടുള്ളൂ. മറ്റെല്ലാ റാലികളും പഴയപടി തന്നെ നടന്നു. ഉത്സവകാലത്താണു തിരഞ്ഞെടുപ്പു പ്രചാരണം നടന്നതെങ്കിലും ഈ മൂന്നാഴ്ചക്കാലത്തു രോഗവ്യാപനത്തോത് കാര്യമായി ഉയർന്നില്ലെന്നതു ഭാഗ്യമായി. അതേസമയം, കൗണ്ടിങ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ മൂലം ഫലം വൈകിയതു സസ്പെൻസ് കൂട്ടി.

വരുന്ന വർഷം കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. ബിഹാർ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാനടപടികൾ കൂടുതൽ ഫലപ്രദമാക്കാനുള്ള പദ്ധതികൾ ഒരുക്കുകയാണ് അറോറയും സംഘവും. 2016ലെ അതേ തിരഞ്ഞെടുപ്പു കലണ്ടറാണ് 2021ലെ തിരഞ്ഞെടുപ്പുകളിലും പിന്തുടരുന്നതെങ്കിൽ ഫലപ്രഖ്യാപനം നടത്താൻ അറോറ ചുമതലയിൽ ഉണ്ടാകില്ല; ഏപ്രിൽ 13ന് അദ്ദേഹം വിരമിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA