ADVERTISEMENT

ചുമടിന്റെ ഭാരത്തെക്കാൾ പ്രസക്തമാണ് ചുമടിന്റെ പ്രാധാന്യം. എന്താണു ചുമക്കുന്നത് എന്നറിയാൻ ചുമടെടുക്കുന്നവന് അവകാശമില്ലേ? കൂലി കിട്ടുന്നു എന്നതിന്റെ പേരിൽ എന്തും ചുമക്കാൻ പറ്റുമോ? ചുമടെടുക്കുന്നതിനു മുൻപ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട് – എന്താണു ചുമക്കുന്നത്; എന്തിനാണു ചുമക്കുന്നത്? 

ഒരു ചോദ്യംപോലും ചോദിക്കാതെ പിന്തുടരുന്നവർ ഉള്ളതുകൊണ്ടാണ് അർഥരഹിത പ്രവൃത്തികൾ നിർബാധം തുടരുന്നത്. കാലങ്ങളായി തുടരുന്നു എന്നതുകൊണ്ട് കാലികപ്രസക്തി ഉണ്ടാകണമെന്നില്ല; അധികമാളുകൾ അനുകരിക്കുന്നു എന്നതുകൊണ്ട് അർഥമുണ്ടാകണമെന്നുമില്ല. ഒന്നും ചോദിക്കാതെയും പറയാതെയും ചെയ്യുന്ന പ്രവൃത്തികൾ, അതു പഠനമായാലും പാരമ്പര്യമായാലും, അനർഥങ്ങൾ വരുത്തിവയ്ക്കുകയേയുള്ളൂ. 

ഒരു ചോദ്യവും പ്രതികരണവുമില്ലാതെ പഠിക്കുന്നവരും പണിയെടുക്കുന്നവരും കഥയില്ലാത്തവരായി അവശേഷിക്കും. പ്രതികരിക്കുന്നവരോടുള്ള പ്രതികാര നടപടികളാണു പ്രസ്ഥാനങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നതും പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്നതും. സന്ദേഹമുയർത്തുന്നവരെ ഒറ്റപ്പെടുത്താൻ പല കാരണങ്ങളും കണ്ടെത്തും – ഇന്നുവരെ ആരും ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല, ഇവിടെ തുടരണമെങ്കിൽ ചോദ്യങ്ങൾ ഇല്ലാതിരിക്കുന്നതാണു നല്ലത്, ഏൽപിച്ച ജോലി ചെയ്താൽ മതി, അഭിപ്രായങ്ങൾ വേണ്ട എന്നിങ്ങനെ. 

ഓരോ പ്രവൃത്തിയുടെയും ഗുണം തീരുമാനിക്കപ്പെടുന്നത് അവ എന്തു സമ്മാനിച്ചു എന്നതു നോക്കിയാണ്. ഒരു ദിവസത്തെ അധ്വാനം മുഴുവൻ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ഒന്നുമില്ലെങ്കിൽ ആ ദിവസവും കർമവും പിന്നെന്തിനായിരുന്നു! സാമർഥ്യവും സാമാന്യബോധവും പണയം വച്ചിട്ടുള്ള കർമങ്ങൾ വേതനം സമ്മാനിച്ചേക്കാം; പക്ഷേ, വ്യക്തിത്വം നഷ്ടപ്പെടുത്തും. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com